Sunday, January 8, 2012

കാലിവളര്‍ത്തലുകാര്‍ക്കു തുണയായി കറവയന്ത്രം

By Hakeem Cherushola
പശുക്കളെ സ്നേഹിച്ചും പരിപാലിച്ചും കഠിനാധ്വാനത്തിലൂടെ മുന്നേറുന്ന കര്‍ഷകന് പശുവിന്‍ പാല്‍ നല്ല വരുമാനമാകണം. പശുവിനെ കറക്കുമ്പോള്‍ ഒരു തുള്ളി പാലുപോലും പാഴായിപ്പോകരുത്. സമയലാഭം ലഭിക്കണം. കറക്കുന്ന വ്യക്തിക്കും പശുവിനും ബുദ്ധിമുട്ട് അനുഭവപ്പെടരുത്. അതുകൊണ്ടാണ് ജോണി വിതയത്തില്‍ എന്ന സാധാരണ ക്ഷീര കര്‍ഷകന്‍ തന്റെ മനസ്സില്‍ ചിലവു കുറഞ്ഞ ഒരു കറവയന്ത്രത്തെക്കുറിച്ച് ചിന്തിച്ചതുതന്നെ. സ്വന്തം നിരീക്ഷണ പരീക്ഷണങ്ങളും സാങ്കേതിക തനിമയും ജോണിയെ കുറ്റമറ്റ വൈദ്യുതി ആവശ്യമില്ലാത്ത കറവയന്ത്രത്തിന് നേതൃത്വം നല്‍കുവാന്‍ പ്രേരിപ്പിച്ചു. ജോണീസ് മില്‍ക്കര്‍ എന്നറിയപ്പെടുന്ന കറവയന്ത്രം വളരെ വേഗം കാലിവളര്‍ത്തുകാര്‍ക്ക് തുണയാവുകയാണ്. നിരവധി ഗുണമേ•കള്‍ ഈ യന്ത്രത്തിനുണ്ട്. വൈദ്യുതി വേണ്ട, മെക്കാനിക് വേണ്ട, ലളിതവും നൂതനവുമായ പ്രവര്‍ത്തനരീതി, ഭാരം കുറവായതുമൂലം കൊണ്ടു നടക്കുവാന്‍ പരസഹായം ആവശ്യമില്ല. കറവകഴിഞ്ഞാലുടന്‍ പാത്രവും അനുബന്ധ ഉപകരണങ്ങളും കഴുകി വെടിപ്പാക്കുവാന്‍ എളുപ്പമാണ്.

പശുക്കറവ സാധാരണ മുതിര്‍ന്നവരുടെ ജോലിയാണ്. അതിനാല്‍ തന്നെ പശുവിനെ കറന്നശേഷം എഴുന്നേല്‍ക്കുമ്പോള്‍ നടുവിനു വേദന, കൈകഴപ്പ് എന്നിവ അനുഭവപ്പെടുന്നു. എന്നാല്‍, കറവയന്ത്രം ഉപയോഗിച്ച് പശുവിനെ കറക്കുമ്പോള്‍ ഈ വക പരാതികളൊന്നും ഇല്ല. കുട്ടികള്‍ക്കുപോലും അനായാസം ഈ കറവയന്ത്രം ഉപയോഗിച്ച് വളരെ വേഗം വൃത്തിയായി പാല്‍ കറന്നെടുക്കാം.

കൊച്ചുമോന്‍ കൊല്ലറാട്ട് എന്ന ക്ഷീര കര്‍ഷകനാണ് ഇതിന്റെ പ്രചാരകന്‍. അതിരാവിലെ ഈ കറവയന്ത്രം ഉപയോഗിച്ച് അദ്ദേഹത്തിന്റെ പശുവിനെ കറന്നെടുക്കുന്നു. പശുവിന്റെ ആരോഗ്യത്തിന് സുരക്ഷിതത്വം നല്‍കുകയും കറവസമയത്ത് യാതൊരുവിധ അസ്വസ്ഥതയും പശു കാണിക്കുന്നില്ല എന്നുള്ളത് ഈ യന്ത്രത്തിന്റെ സവിശേഷതയാണ്. പശു വളര്‍ത്തലിലും പച്ചക്കറികൃഷിയിലും പച്ചക്കറികളുടെ വിത്തു വിതരണത്തിലും കഠിനാധ്വാനിയായ കൊച്ചുമോന്‍ ഇതിനോടകം നൂറുകണക്കിന് പശുവളര്‍ത്തലുകാര്‍ക്ക് ഈ യന്ത്രം വിതരണം ചെയ്തു. സ്വന്തം ബൈക്കില്‍ എവിടെയും കൊണ്ടുകൊടുക്കുകയും പ്രവര്‍ത്തനം വിശദീകരിക്കുകയും ചെയ്യും. ഈ യന്ത്രം ഉപയോഗിച്ച് പശുവിനെ കറക്കുന്നത് വാങ്ങുന്നവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യും. കറവയന്ത്രത്തിന് എന്തെങ്കിലും ചെറിയ തകരാറുകള്‍ ഉണ്ടായാല്‍പോലും അദ്ദേഹം ഉടന്‍ തന്നെ അത് പരിഹരിച്ചു കൊടുക്കുകയും ചെയ്യും.

നെടുമണ്ണി ആലുങ്കല്‍ വര്‍ഗീസ് എന്ന ക്ഷീര കര്‍ഷകന്‍ രണ്ടു പശുക്കളെ ഈ കറവയന്ത്രം ഉപയോഗിച്ച് പാല്‍ കറന്നെടുക്കുന്നു. അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്നും സഹോദരിയുടെ വീട്ടിലും ഈ കറവയന്ത്രം തന്നെവാങ്ങി ഏഴു പശുക്കളുടെ കറവയും നടത്തുന്നുണ്ട്. അതുപോലെ തന്നെ വലിയ ഫാമുകളിലും കോണ്‍വന്റുകളിലും വളരെ ഫലപ്രദമായി ഈ കറവയന്ത്രം ഉപയോഗിക്കുന്നു. ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍ കൊച്ചുമോന് പറയാനുണ്ട്.

കാലിവളര്‍ത്തല്‍ ക്ളേശകരമായ ഈ കാലത്ത് പുത്തന്‍ തലമുറ ഈ കൃഷിയിലേക്ക് കടന്നുവരുവാന്‍ ഈ കറവയന്ത്രം പ്രചോദനമായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9947608148, 0481 2479329.

വി. ഒ. ഔതക്കുട്ടി, നെടുമണ്ണി
deepika

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)