ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Showing posts with label മൃഗസംരക്ഷണം. Show all posts
Showing posts with label മൃഗസംരക്ഷണം. Show all posts

Saturday, December 22, 2012

കോഴികളുടെ ദുശ്ശീലങ്ങളും പ്രതിവിധിയും


തയ്യാറാക്കിയത് : ഡോ. പി.കെ. മൊഹ്‌സിന്‍



കോഴികളിലെ അനഭിലഷണീയ സ്വഭാവ വൈകല്യങ്ങളെ ദുശ്ശീലങ്ങളെന്ന് പറയാം. മുട്ടക്കോഴികളില്‍ സാധാരണ കണ്ടുവരുന്ന ദുശ്ശീലങ്ങള്‍ പരിശോധിക്കാം.

സ്വവര്‍ഗ ഭോജനവും തൂവല്‍ കൊത്തിവലിക്കലും

തീറ്റ, വെള്ളം എന്നിവ ആവശ്യാനുസരണം ലഭിക്കാനുള്ള സൗകര്യക്കുറവ്, ശരിയായ പോഷകങ്ങളുടെും ധാതുലവണങ്ങളുടെയും അഭാവം, തീറ്റയിലെ അമിതമായ ഊര്‍ജം, നിയന്ത്രിത ഭക്ഷണരീതി, ആവശ്യത്തിലേറെയുള്ള വെളിച്ചം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. കൂടെയുള്ള കോഴികളുടെ വിസര്‍ജനദ്വാരം, വയറിന്റെ അടിഭാഗം എന്നിവിടങ്ങളില്‍ കൊത്തി കുടല്‍മാല വലിച്ചെടുക്കുകയും അത് ജീവനാശത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഒരിക്കല്‍ കൊത്തുകൊണ്ട കോഴിയെ മറ്റ് കോഴികളെല്ലാം കൂടി കൊത്താനുള്ള പ്രവണത വളരെ കൂടുതലാണ്.

ചില കോഴികള്‍ അവയുടെ വാലിലും ചിറകിലുമുള്ള തൂവലുകള്‍ കൊത്തിവലിക്കുകയും തല, പുറം എന്നിവിടങ്ങളില്‍ കൊത്തി മുറിവുകളുണ്ടാക്കുകയും ചെയ്യുന്നു.

ഈ ദുഃസ്വഭാവങ്ങള്‍ക്കുള്ള പ്രതിവിധിയായി കോഴികളുടെ കൊക്ക് മുറിക്കാറുണ്ട്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആറാഴ്ച പ്രായമാകുമ്പോള്‍ കൊക്ക് മുറിക്കാം. മേല്‍കൊക്കിന്റെ നീളത്തില്‍ മൂന്നില്‍ ഒരു ഭാഗവും കീഴ്‌ക്കൊക്കിന്റെ അഗ്രവും ഡീ ബീക്കര്‍ ഉപയോഗിച്ച് മുറിക്കാം. കോഴികളെ മുട്ടയിടാനുള്ള കൂടുകളിലേക്ക് മാറ്റുന്ന അവസരങ്ങളിലും വീണ്ടും ഒരിക്കല്‍ക്കൂടി കൊക്കുമുറിക്കാം. കീഴ്‌ക്കൊക്ക് മേല്‍ക്കൊക്കിനേക്കാള്‍ നീളം കൂടിയതായിരിക്കാനും കോഴിയുടെ നാക്ക് മുറിയാതിരിക്കാനും ശ്രദ്ധിക്കണം. കുടിക്കുന്ന വെള്ളത്തില്‍ കുറച്ച് ഉപ്പുചേര്‍ത്ത് കൊടുക്കുന്നതും കൂട്ടില്‍ പച്ചിലകള്‍കെട്ടിത്തൂക്കിക്കൊടുക്കുന്നതും ഈ പ്രശ്‌നത്തിനുള്ള പരിഹാരങ്ങളില്‍ ചിലതാണ്.

മുട്ട കൊത്തിക്കുടിക്കല്‍

മുട്ടപ്പെട്ടികളുടെ അഭാവം, ഇടയ്ക്കിടെ കൂട്ടില്‍ നിന്ന് മുട്ട ശേഖരിക്കാതിരിക്കുക, മുട്ടക്കൂടുകളില്‍ ശരിയായ തോതില്‍ ലിറ്റര്‍ (അറക്കപ്പൊടി, ഉമി മുതലായവ) ഇല്ലാതിരിക്കല്‍ എന്നിവയാണ് ഈ ദുശ്ശീലത്തിനുള്ള കാരണം.

താഴെക്കൊടുത്ത കാര്യങ്ങളില്‍ കോഴിവളര്‍ത്തുകാര്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ കോഴികളുടെ ദുശ്ശീലങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം.

1.
കോഴികള്‍ക്ക് പ്രായാനുസൃതമായി ആവശ്യമായ തീറ്റപ്പാത്രങ്ങള്‍, വെള്ളപ്പാത്രങ്ങള്‍, കൂട്ടിനുള്ളിലെ സ്ഥലം എന്നിവ ലഭ്യമാക്കാന്‍ ശ്രദ്ധിക്കുക.
2.
വെള്ളവും തീറ്റയും കൂടിന്റെ പല ഭാഗങ്ങളിലായി സജ്ജീകരിക്കുക.
3.
കോഴിക്കൂട്ടിലെ പ്രകാശത്തിന്റെ ശക്തി എല്ലാ സ്ഥലങ്ങളിലും ഒരേ രീതിയിലും ആവശ്യാനുസൃത അളവിലും ലഭ്യമാക്കുക.
4.
പല പ്രായത്തിലുള്ള കോഴികളെ ഒന്നിച്ച് വളര്‍ത്താതിരിക്കുക.
5.
അഞ്ച് കോഴികള്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍ കോഴിക്കൂടിന് മുട്ടപ്പെട്ടി സജ്ജീകരിക്കുക.
6.
കൂടുകളില്‍ നിന്ന് ഇടയ്ക്കിടെ മുട്ടകള്‍ പെറുക്കുക.
7.
കോഴികള്‍ക്ക് സമീകൃതാഹാരം കൊടുക്കുക.
8.
കോഴിക്കുഞ്ഞുങ്ങളുടെ കൊക്കുമുറിക്കല്‍ പതിവാക്കുക.

ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഈ ദുശ്ശീലങ്ങള്‍ അകറ്റാം.

Wednesday, September 26, 2012

ഡയറിഫാമിങ്ങ് ലാഭകരമാക്കാന്‍ തീറ്റപ്പുല്‍കൃഷി

 CO4 Hybrid Napier grass from Tamil Nadu Agriculture University Coimbatore

തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയുടെ കോയമ്പത്തൂര്‍ കേന്ദ്രം വികസിപ്പിച്ചെടുത്ത Co-3 തീറ്റപ്പുല്ലിനം വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതാണ്. ദ്രുത ഗതിയിലുള്ള വളര്‍ച്ച, മാംസളമായ തണ്ടുകള്‍ എന്നിവ ഈ ഇനത്തിന്റെ പ്രത്യേകതകളാണ്. യഥേഷ്ടം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇത് നന്നായി വളരും. ഒരേക്കര്‍ സ്ഥലത്ത് തീറ്റപ്പുല്ല് കൃഷി ചെയ്താല്‍ പ്രതിവര്‍ഷം 67000 രൂപയോളം ലാഭം പ്രതീക്ഷിക്കാം. രണ്ടാമത്തെ വര്‍ഷം മുതല്‍ കൂടുതല്‍ ലാഭം ലഭിക്കും. വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളിലും ചതുപ്പു നിലങ്ങളിലും പാരഗ്രാസ് വളര്‍ത്താം.

ഡയറിഫാമിങ്ങ് ലാഭകരമാകണമെങ്കില്‍ തീറ്റച്ചെലവ് കുറയ്ക്കണം. പ്രസ്തുത സാഹചര്യത്തില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള തീറ്റപ്പുല്‍കൃഷിയ്ക്ക് സാധ്യതയേറെയാണ്.

സ്ഥലലഭ്യത വിലയിരുത്തി തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായോ തരിശായിക്കിടക്കുന്ന സ്ഥലങ്ങളിലോ കൃഷിയിറക്കാത്ത പാടങ്ങളിലോ തീറ്റപ്പുല്‍കൃഷി ചെയ്ത് വില്‍പന നടത്തിയാല്‍ മികച്ച ആദായം ലഭിക്കും. കേരളത്തില്‍ ഇന്ന് ആവശ്യത്തിന്റെ 1.7% മാത്രമേ തീറ്റപ്പുല്ല് കൃഷി ചെയ്തു വരുന്നുള്ളൂ. കാര്‍ഷികാവശിഷ്ടങ്ങള്‍, ഉപോത്പന്നങ്ങള്‍, വൈക്കോല്‍ എന്നിവ ആവശ്യകതയുടെ 12.2% ലഭ്യമാണ്. ആവശ്യമായി വരുന്ന മൊത്തം പരിഷാഹാരത്തിന്റെ 14% മാത്രമേ കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. കേരളത്തില്‍ ദിനംപ്രതി 3750 മെട്രിക്ടണ്‍ വൈക്കോല്‍ ഉത്പാദിപ്പിക്കപ്പെടുന്നതായാണ് കണക്ക്. ഏതാണ്ട് ഇത്രയും അളവ് വൈക്കോല്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും പ്രതിദിനം കേരളത്തിലെത്തുന്നു.

തീറ്റപ്പുല്‍കൃഷിയ്ക്ക് ജലസേചനസൗകര്യം അത്യാവശ്യമാണ.് Co-3, KKM-1 പുല്‍ പയര്‍ മിശ്രിതം, സുബാബുള്‍, ശീമക്കൊന്ന മുതലായവ കൃഷി ചെയ്യാം. വിപണനത്തിനുള്ള സൗകര്യം അടുത്തുതന്നെ ഉണ്ടായിരിക്കണം.

ചെറുകിടഫാമുകളില്‍ ഒരു കി.ഗ്രാം തീറ്റപ്പുല്ലിന്റെ ഉത്പാദനച്ചെലവ് 16-24 പൈസ വരുമ്പോള്‍ ഇന്ന് കേരളത്തില്‍ ഇത് വില്‍പന നടത്തുന്നത് കിലോയ്ക്ക് 1.1.9 രൂപ നിരക്കിലാണ്. കുറഞ്ഞ അദ്ധ്വാനം കൊണ്ട് കൂടുതല്‍ ആദായം പ്രധാനം ചെയ്യുന്ന മേഖലയാണിത്.

വ്യാവസായികാടിസ്ഥാനത്തില്‍ തീറ്റപ്പുല്ല് കൃഷി ചെയ്യുമ്പോള്‍ കിലോയ്ക്ക് 70-90 പൈസ ചെലവ് വരും. ഒരു ഹെക്ടര്‍ സ്ഥലത്തു നിന്ന് പ്രതിദിനം 835-1000 കി.ഗ്രാം തീറ്റപ്പുല്ല് ലഭിക്കും. കേരളത്തിലെ കന്നുകാലി വളര്‍ത്തല്‍ മേഖല കൂടുതല്‍ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ തീറ്റപ്പുല്‍കൃഷി അത്യാവശ്യമാണ്. വ്യാവസായികാടിസ്ഥാനത്തിലെ തീറ്റപ്പുല്‍കൃഷി ഫാമുകള്‍ സംസ്ഥാനത്ത് കന്നുകാലി വളര്‍ത്തലിനാവശ്യമായ പരുഷാഹാരങ്ങളുടെ കുറവ് നികത്തുന്നതോടൊപ്പം സ്ഥായിയായ ക്ഷീരോത്പാദനം സാധ്യമാക്കാന്‍ സഹായിക്കുകയും ചെയ്യും.



Article Courtesy :

thehindu.com

Download agri_vol2_1_2006_article3.pdf

mathrubhumi.com/agriculture/

Tuesday, September 18, 2012

ഹൈടെക് ഗോശാല


തയ്യാറാക്കിയത് : കെ.ആര്‍. സേതുരാമന്‍ krsiyyer@gmail.com

മൂന്നരയേക്കറില്‍ വിശാലമായി അടച്ചുകെട്ടിയ സ്ഥലം. അതിനുളളില്‍ സ്വതന്ത്രമായി വിഹരിക്കുന്ന പോത്തിന്‍കുഞ്ഞുങ്ങള്‍. പറമ്പിന് നടുവിലെ തൊഴുത്തില്‍ നിരനിരയായി സങ്കരയിനം കറവപ്പശുക്കള്‍. ആറുപേര്‍ ചേര്‍ന്ന് ഒന്‍പതുമാസം മുന്‍പ് ഒരു ഫാമിന് തുടക്കമിടുമ്പോള്‍ അവര്‍പോലും സ്വപ്നം കണ്ടില്ല ഇതൊരു ഹൈടെക്ക് ഗോശാലയാക്കാമെന്ന്. പക്ഷെ കൂട്ടായ്മയില്‍ അനുദിനം മുന്നേറുന്ന ഈ ക്ഷീരകര്‍ഷകര്‍ ഇപ്പോള്‍ തങ്ങളുടെ സ്വപ്നങ്ങളും കയറൂരിവിടുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണ കൂടി ലഭിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ തങ്ങളുടെ സംരഭം കൂടുതല്‍ വിപുലമാക്കാന്‍ ഒരുങ്ങുകയാണ്. പാണാവള്ളിയിലെ കല്പക ഫാമിന്റെ കാഴ്ചകളിലേക്ക്.....

2011
ജൂണ്‍ മാസം. ചേര്‍ത്തല താലൂക്കിലെ പാണാവള്ളി ഗ്രാമത്തില്‍ ഒത്തുചേര്‍ന്ന ഒരുസംഘം വൈകുന്നേരം വെടിവട്ടം പറയുകയായിരുന്നു. ഇതിനിടെയാണ് ഫാം ചര്‍ച്ചാവിഷയമായത്. വര്‍ഷങ്ങളായി വീട്ടില്‍ പശുകെട്ടുന്ന പുത്തന്‍വീട്ടില്‍ കൃഷ്ണന്‍ നായരായിരുന്നു നാല്‍ക്കാലി വിഷയമാക്കിയത്. കേട്ടപ്പോള്‍ ഹരംകേറിയ മറ്റുള്ളവര്‍ കാര്യം ഗൗരവത്തിലാക്കി. ചിറ്റയില്‍ സി.പി.ഹരിദാസ്, കെ.ജി.എസ്.നിലയത്തിലെ ശ്രീപതി, പൈനൂര്‍ വിജയന്‍, പാണാവള്ളിയില്‍ കൃഷ്ണ കേബിള്‍ നടത്തുന്ന ബൈജു ജി. നായര്‍ (ഉണ്ണി) എന്നിവരായിരുന്നു മറ്റുളളവര്‍.

ഫാമിന്റെ തുടക്കത്തിനായി പിന്നീടുളള ഓട്ടം. ഇതിനിടെ വിവരം വിദേശത്ത് ജോലിചെയ്യുന്ന പൈനൂര്‍ ജയദേവനും അറിഞ്ഞു. ഫാമിനൊപ്പം താനും ചേരുന്നു എന്ന് ദേവന്‍ പറഞ്ഞതോടെ ആറംഗസംഘമായി. മൃഗസംരക്ഷണവകുപ്പിനെ സമീപിച്ചപ്പോള്‍ ഏറെ അനുകൂലമായി പ്രതികരണം.

അംഗങ്ങളുടെ ഉടമസ്ഥതയിലുളള മൂന്നരയേക്കര്‍ സ്ഥലം ഫാമിനായി തയ്യാറാക്കിയപ്പോഴേക്കും സര്‍ക്കാറിന്റെ സഹായം ഇവര്‍ക്ക് ലഭിച്ചു. അഞ്ച് പശുക്കളുമായി 2011 ഡിസംബറില്‍ ഫാമിന് തുടക്കമായി. ആറംഗസംഘം തങ്ങളുടെ മുതല്‍മുടക്കുകൂടി ഇറക്കിയപ്പോള്‍ ഫാമിന്റെ വളര്‍ച്ച പെട്ടന്നായി. ഇന്ന് ഒന്‍പത് മാസത്തിനിപ്പുറം ഫാമിന്റെ സമൃദ്ധി ഇങ്ങനെ... ജേഴ്‌സിയുള്‍പ്പെടെ സങ്കരയിനത്തില്‍പ്പെട്ട 25 പശുക്കളും അതിന്റെ കിടാങ്ങളും. 20 പോത്തിന്‍കുഞ്ഞുങ്ങളും.

തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ദിവസങ്ങള്‍ ചുറ്റിയടിച്ചശേഷമാണ് ഇവര്‍ ഫാമിലേക്കുള്ള പശുക്കളെ കണ്ടെത്തിയത്. നല്ലയിനം നാല്‍ക്കാലിയെ കണ്ടെത്താന്‍ പാണാവള്ളി മൃഗാശുപത്രിയിലെ ഡോ.എ.മനോജും തൈക്കാട്ടുശ്ശേരി ഡയറി ഓഫീസര്‍ അക്ബര്‍ ഷായും ഉണ്ടായിരുന്നു. പശുക്കളെ എത്തിച്ചപ്പോള്‍ അതിന്റെ പരിചരണത്തെക്കുറിച്ചായി ചിന്ത. ഇതിനും വിദഗ്‌ധോപദേശം ലഭിച്ചപ്പോള്‍ ഫാം ഹൈടെക്കായി.

തൊഴുത്തില്‍ പശുക്കള്‍ക്ക് കാറ്റുകൊള്ളുന്നതിനായി ഫാന്‍ സ്ഥാപിച്ചു. പിന്നെ പാട്ടുകേള്‍ക്കുന്നതിനുളള സംവിധാനവും ഒരുക്കി. കുളമ്പുരോഗവും മറ്റും അകറ്റുന്നതിനായി തൊഴുത്തില്‍ കട്ടിയേറിയ റബ്ബര്‍ ഷീറ്റ് വിരിച്ചു. രാത്രിയില്‍ വെളിച്ചത്തിനായി ലൈറ്റും ഇട്ടു. എപ്പോഴും കുടിവെളളം കിട്ടുന്നതിനായി ഓരോ പശുവിനു മുന്നിലും പാത്രവും വച്ചു. ഇതില്‍ ശുദ്ധജലം ഒഴിയാതിരിക്കുന്നതിനായി വാട്ടര്‍ ലെവല്‍ അടിസ്ഥാനപ്പെടുത്തി പ്രത്യേക സംവിധാനവും ഒരുക്കി. ഇതിനാല്‍ നിശ്ചിതയളവില്‍ എപ്പോഴും പാത്രത്തില്‍ വെള്ളമുണ്ടാകും. ഇതോടെ ഗ്രാമത്തിലെ ഗോശാല അത്യാധുനികമായി.

പശുക്കളുടെ പരിചരണത്തിനൊപ്പം ഭക്ഷണവും പാല്‍ ഉത്പാദനത്തില്‍ പ്രധാനമാണെന്ന തിരിച്ചറിവിലാണ് സംഘം പുല്‍ക്കൃഷി ആരംഭിച്ചത്. ക്ഷീരവകുപ്പിന്റെ സഹായത്തോടെ ഒന്നരയേക്കര്‍ വരുന്ന സ്വന്തം ഭൂമിയില്‍ സി.ഒ.3 എന്ന പുല്ല് നട്ടു. ഇതോടെ പശുക്കള്‍ക്കാവശ്യമായ പച്ചപ്പുല്ല് തോട്ടത്തില്‍ നിന്നായി. എപ്പോഴെങ്കിലും തോട്ടത്തില്‍ പുല്ല് ഇല്ലാതെ വന്നാല്‍ പുറമെനിന്ന് വാങ്ങി നല്‍കും. നാട്ടില്‍ കച്ചി ആവശ്യത്തിന് കിട്ടാതായപ്പോഴാണ് ഇവര്‍വീണ്ടും തമിഴ്‌നാടിന് വണ്ടികയറിയത്. തെങ്കാശിയില്‍നിന്ന് കച്ചി കിട്ടി. കാലിത്തീറ്റ കമ്പനികളില്‍നിന്ന് നേരിട്ടാണ് ഇവര്‍ വാങ്ങുന്നത്.

ഫാമിലെ പശുക്കള്‍ പാട്ടുകേട്ട് പാല്‍ ചുരത്തിയതോടെ ഇത് കറന്നെടുക്കാന്‍ യന്ത്രവും ഇവര്‍ സ്വന്തമാക്കി. രണ്ടുനേരത്തെ കറവയിലൂടെ നിത്യേന ഇവിടെ 250 ലിറ്ററിന് മേല്‍ പാല്‍ കറക്കുന്നു. പാലില്‍ 75 ശതമാനവും നാട്ടിലെ വീടുകളിലാണ് വിറ്റഴിക്കുന്നത്. ബാക്കി ഡയറിയില്‍ നല്‍കും. രാവിലെ ഏഴുമണിക്ക് മുന്‍പ് വീടുകളില്‍ പാല്‍ എത്തിക്കുന്നതിന് വാഹനങ്ങളും ഫാമില്‍ വാങ്ങിയിട്ടുണ്ട്. ഒരുലിറ്റര്‍ പാലിന് 30 രൂപയാണ് ഈടാക്കുന്നത്

പശുവിനെ കൂടാതെ ഫാമില്‍ പോത്തിന്‍കുഞ്ഞുങ്ങളെയും വളര്‍ത്തുന്നു. ഇപ്പോള്‍ ആറുമാസം പ്രായമായ പോത്തിന്‍കുഞ്ഞുങ്ങളെ കൊണ്ടുവന്ന് ഫാമില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ വിട്ടിരിക്കുകയാണ്. വളര്‍ച്ചയെത്തുമ്പോള്‍ ഇവയെ വില്‍ക്കും. പശുക്കളുടെ പാല്‍ മാത്രമല്ല ചാണകവും ഗോമൂത്രവും ഇവിടെനിന്ന് ലഭിക്കും. ചാണകം വേണ്ടവര്‍ക്ക് അത് വീട്ടിലെത്തിച്ച് നല്‍കും. എന്നാല്‍ ഗോമൂത്രം വേണമെങ്കില്‍ അതിനുളള പാത്രവുമായി ഫാമിലെത്തണമെന്നു മാത്രം. തുച്ഛമായ വില ഇതിനും ഈടാക്കുന്നുണ്ട്.

തൊഴുത്ത് ശുചീകരിക്കല്‍, പശുക്കളുടെ പരിചരണം എന്നിവയ്ക്കായി തമിഴിനാട്ടിലെ ഒരുകുടുംബത്തിനെ ഫാമില്‍ നിര്‍ത്തിയിട്ടുണ്ട്. പോത്തിന്‍കുഞ്ഞുങ്ങളുടെ പരിചരണത്തിന് നാട്ടില്‍നിന്നുളള ആളുകളുമുണ്ട്. പാല്‍വിതരണത്തിന് എത്തുന്നവര്‍ വേറെയാണ്. മുതല്‍മുടക്കിയവരില്‍ വിദേശത്തുള്ള ദേവനൊഴികെ മറ്റെല്ലാവര്‍ക്കും ഫാം നടത്തിപ്പില്‍ നിര്‍ണായക പങ്കാണുളളത്. ഒരാള്‍ പശുവിന്റെ ആരോഗ്യകാര്യങ്ങള്‍ നോക്കുമെങ്കില്‍ മറ്റൊരാള്‍ തീറ്റ നോക്കും. കണക്കും കാലിത്തീറ്റവാങ്ങലും ഒക്കെയായി ജോലികള്‍ ഓരോരുത്തരുടെ നേതൃത്വത്തിലാണ്. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.വിനോദ് കുമാര്‍, പാണാവള്ളി ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ സഹായസഹകരണങ്ങള്‍ എപ്പോഴും ഫാമിന് ലഭ്യമാണെന്ന് ആറംഗസംഘം പറയുന്നു.

ഒന്‍പത് മാസം കൊണ്ട് മുതല്‍മുടക്ക് ലഭിച്ചെങ്കിലും അതെടുക്കാതെ ഫാം വിപുലീകരിക്കാനാണ് ഇവര്‍ ലക്ഷ്യംവെക്കുന്നത്. ഫാമിനുള്ളിലെ ചെറുതോടുകളില്‍ മത്സ്യം വളര്‍ത്തുക എന്നതാണ് ഇതില്‍ പ്രധാനം. ഇതിനായി 15 സെന്റ് വിസ്തീര്‍ണം വരുന്ന ജലാശയം തയ്യാറാക്കി. ഇനിയും ചെറിയതോടുകള്‍ ഇവിടെയുണ്ട്. കോഴി, ആട് ഫാമും കിടാരി വളര്‍ത്തലും പോളിഹൗസ് തയ്യാറാക്കി ഹൈടെക്ക് പച്ചക്കറിക്കൃഷി എന്നിവയും ചെയ്യാനാണ് ഇനി ഇവരുടെ പദ്ധതി. ഇതിനായി ത്രിതല പഞ്ചായത്തുകളുടെ സഹകരണവും
ഇവര്‍ തേടുന്നു.