കൂര്‍ക്കയുടെ കിഴങ്ങുകള്‍ മുളപ്പിച്ചുള്ള വള്ളികള്‍ ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളില്‍ കൃഷിസ്ഥലത്തു നട്ട് കൃഷിയിറക്കുന്നു. വെളളം കെട്ടിനില്‍ക്കാതെ വാര്‍ന്നുപോകാന്‍ സൌകര്യമുള്ളതും വളക്കൂറുള്ളതുമായ സ്ഥലം കൃഷിക്കായി തെരഞ്ഞെടുക്കാം. കൂര്‍ക്കയിലെ പ്രധാന ഇനങ്ങളാണ് ശ്രീധരയും നിധിയും.
വള്ളി മുറിച്ചെടുക്കുന്നതിന് ഒരു മാസം മുമ്പ് നഴ്സറി തയ്യാറാക്കണം. അടിസ്ഥാനവളമായി കാലിവളം ചേര്‍ക്കണം. 30 സെ.മീ. അകലത്തിലെടുത്തിട്ടുള്ള വരമ്പുകളില്‍ 15 സെ.മീ. അകലത്തില്‍ വിത്തുകള്‍ പാകാം. വിത്തിട്ടു മൂന്നാഴ്ച കഴിയുന്നതോടെ 10-15 സെ.മീ. നീളമുള്ള കഷ്ണങ്ങളായി വള്ളികള്‍ മുറിച്ചെടുക്കണം. കിളച്ചൊരുക്കിയ സ്ഥലത്ത് 30 സെ.മീ. അകലത്തില്‍ 60-90 സെ.മീ. വീതിയില്‍ വാരങ്ങളെടുത്ത് 30 x 15 സെ.മീ. അകലം നല്കി വള്ളികള്‍ നടാം.
വളപ്രയോഗം - കാലിവളം, യൂറിയ, രാജ്ഫേസ്, പൊട്ടാഷ് വളം എന്നിവ നിലമൊരുക്കുന്നതോടൊപ്പം ചേര്‍ക്കുക. നട്ട് 45-)0 ദിവസം മേല്‍വളമായി യൂറിയ, പൊട്ടാഷ് വളം, കൂടി ചേര്‍ക്കണം. കളയെടുപ്പും മണ്ണടുപ്പിക്കലുംആവശ്യമെങ്കില്‍ യഥാസമയം നടത്തണം. വള്ളി നട്ട് അഞ്ച് മാസമാകുന്നതോടെ വിളവെടുക്കാം
---------------------------------------------------------------------------------------------------------------------------------------------------------------------
പ്രചാരം തേടുന്ന കൂര്‍ക്ക - സീമ ദിവാകരന്‍
പാചകം ചെയ്യുമ്പോള്‍ വേറിട്ട സുഗന്ധം, വ്യത്യസ്തമായ സ്വാദ്, ഇലകള്‍ക്കും പ്രത്യേക ഗന്ധം, കൂര്‍ക്കയുടെ മുഖമുദ്രകളാണിതൊക്കെ. കിട്ടാന്‍ താരതമ്യേന ദുര്‍ലഭമെങ്കിലും കൂര്‍ക്ക വളര്‍ത്താന്‍ ഇറങ്ങുന്നവരെ മോഹിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. ചെലവു കുറഞ്ഞ കൃഷിരീതി, ഉയര്‍ന്ന ഉത്പാദനക്ഷമത, ഉപഭോക്താക്കള്‍ എന്നും നല്‍കുന്ന മുന്‍ഗണന, വിപണിക്ക് ഏറെ പ്രിയങ്കരം, കൃഷിയിറക്കിയാല്‍ തരക്കേടില്ലാത്ത ആദായം- ഇതില്‍പ്പരം ഒരു വിളയ്ക്ക് മറ്റെന്തു ഗുണങ്ങളാണ് വേണ്ടത്.
ഗുണങ്ങള്‍ ഇത്രയൊക്കെയുണ്ടെങ്കിലും കൂര്‍ക്ക വളര്‍ത്തല്‍ നമ്മുടെ നാട്ടില്‍ ഇനിയും പ്രചരിക്കേണ്ടതുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ അല്പം കാര്യമായും മറ്റിടങ്ങളില്‍ അങ്ങിങ്ങുപേരിനും മാത്രമേ കൂര്‍ക്ക കൃഷി ചെയ്യുന്നുള്ളൂ. അതുകൊണ്ടാണ് കൂര്‍ക്കയെ സാധ്യതകള്‍ ഇനിയും ചൂഷണം ചെയ്യപ്പെടാത്ത കിഴങ്ങുവിള എന്ന് വിശേഷിപ്പിക്കുന്നത്. എക്കാലവും നല്ല ഡിമാന്‍ഡുള്ളതും വില്പനയ്ക്ക് വൈഷമ്യമില്ലാത്ത തുമാണെങ്കിലും കൂര്‍ക്ക കൃഷി വ്യാപിച്ചിട്ടില്ല. ഉരുളക്കിഴങ്ങിനോട് രൂപസാമ്യവും സമാനമായ പോഷകഗുണങ്ങളുമുണ്ട് കൂര്‍ക്കയ്ക്ക്. അതുകൊണ്ടുതന്നെ ഇതിന് 'ചീനന്റെ ഉരുളക്കിഴങ്ങ്' എന്ന് ഓമനപ്പേരുമുണ്ട്.
ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കൃഷിയാണ് കൂര്‍ക്കയുടേത്. അന്നജവും മാംസ്യവും ധാതുക്കളും പഞ്ചസാരയും പുറമേ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന ഫ്ലേവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്. ചെളി അധികമുള്ള സ്ഥലമൊഴിച്ച് എവിടെയും കൂര്‍ക്ക വളര്‍ത്താം. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ പ്രിയം. വളരുമ്പോള്‍ മഴ കിട്ടിയാല്‍ നന്ന്. മഴയില്ലെങ്കില്‍ നനച്ചു വളര്‍ത്തണമെന്നേയുള്ളൂ. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ കൂര്‍ക്ക നടാം. സപ്തംബറില്‍ നട്ടാല്‍ നല്ല വലിപ്പമുള്ള കൂര്‍ക്ക വിളവെടുക്കാം. കൂര്‍ക്കച്ചെടിയുടെ തലപ്പ് തന്നെയാണ് നടുക. ഞാറ്റടിയൊരുക്കി അതില്‍ തൈകള്‍ വളര്‍ത്തുകയാണ് ആദ്യപടി. ഇത് നടുന്നതിന് ഒന്നരമാസം മുന്‍പുവേണം. ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ തൈകള്‍ കിട്ടാന്‍ ഏതാണ്ട് രണ്ടരസെന്റ് സ്ഥലത്ത് ഞാറ്റടിയിടണം. സെന്റിന് 10 കിലോ എന്ന അളവില്‍ ചാണകപ്പൊടി ഇട്ട് ഒരുക്കിയസ്ഥലത്ത് തടംകോരി അതില്‍ 15 സെ.മീ. ഇടയകലത്തില്‍ വിത്തുകിഴങ്ങ് പാകണം. പാകി ഒരു മാസം കഴിയുമ്പോള്‍ തലപ്പുകള്‍ മുറിക്കാം. ഈ തലപ്പുകള്‍ 30 സെ.മീ. അകലത്തില്‍ പ്രധാന കൃഷിയിടത്തിലെ തടങ്ങളില്‍ നടണം. ഇടയ്ക്ക് കളയെടുപ്പ് നടത്തണം. അടി വളമായി സെന്റൊന്നിന് 40 കിലോ ചാണകപ്പൊടി, 260 ഗ്രാം യൂറിയ, 1.5 കി.ലോ സൂപ്പര്‍ ഫോസ്‌ഫേറ്റ്, 335 ഗ്രാം പൊട്ടാഷ് വളം എന്നിവയാണ് ശുപാര്‍ശ. കൂടാതെ ആറാഴ്ച കഴിഞ്ഞ് ഇതേഅളവില്‍ യൂറിയയും പൊട്ടാഷും മേല്‍വളമായി നല്‍കാം. ഒപ്പം ചുവട്ടില്‍ മണ്ണിളക്കുകയും വേണം.
കൂര്‍ക്കയ്ക്ക് സാധാരണ രോഗ-കീട ശല്യമൊന്നും ഉണ്ടാകാറില്ല. ഇടയ്ക്ക് നിമാവിര ബാധ ഉണ്ടായേക്കാം. ഇതിന് നേരത്തേതന്നെ കൃഷിയിടം താഴ്ത്തിയിളക്കുകയും മുന്‍ കൃഷിയുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കത്തിക്കുകയും ചെയ്താല്‍ മതി. നട്ട് 5-ാം മാസം കൂര്‍ക്ക വിളവെടുക്കാം. ഉണങ്ങിയ വള്ളി നീക്കി കിഴങ്ങിന് മുറിവുപറ്റാതെ ശ്രദ്ധയോടെ ഇളക്കിയെടുക്കണം. നിധി, സുഫല, ശ്രീധര തുടങ്ങിയ മികച്ച ഇനങ്ങള്‍ ഇന്ന് കൂര്‍ക്കയിലുണ്ട്. ഇതില്‍ നിധിയും സുഫലയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും 'ശ്രീധര' കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെയും കണ്ടെത്തലുകളാണ്. കൂര്‍ക്ക നടും മുന്‍പ് മെയ്-ജൂണില്‍ കൂര്‍ക്കപ്പാടത്ത് മധുരക്കിഴങ്ങിന്റെ 'ശ്രീഭദ്ര' എന്ന ഇനം നട്ടുവളര്‍ത്തിയാല്‍ അത് നിമാവിരകള്‍ക്ക് ഒരു കെണിവിളയാകുകയും ചെയ്യും. കൂര്‍ക്ക മെഴുക്കുപുരട്ടിയും സവിശേഷമായ കൂര്‍ക്ക അച്ചാറുമൊക്കെ എന്നും എല്ലാവര്‍ക്കും പ്രിയ വിഭവങ്ങളാണ്
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)