Tuesday, January 10, 2012

ഒറ്റഞാര്‍ കൃഷിയില്‍ കര്‍ഷകരുടെ പ്രതീക്ഷ


vengad_krishi2.jpgഒറ്റഞാര്‍ അല്ലെങ്കില്‍ രണ്ടു ഞാര്‍ പറിച്ചു നട്ടുള്ള കൃഷിയിലാണ് കൃഷിചെലവ് കുറച്ചുകൊണ്ട് വേങ്ങാട് പഞ്ചായത്ത്  കൃഷിഭവന്‍ മാതൃക സൃഷ്ടിച്ചത് പഞ്ചായത്തിലെ 3 പാഠശേഖരങ്ങളില്‍ രണ്ട് ഹെക്ടര്‍ നിലത്താണ് മാതൃകാപരമായ ഒറ്റഞാര്‍ കൃഷിയിലൂടെ വിജയം കണ്ടെത്തിയത്.

vengad_krishi.jpg രണ്ടാം വിളകാലത്ത്  കൂടുതല്‍ പ്രദേശത്ത് ഈ മാതൃക വ്യാപിപ്പിക്കാമെന്നാണ് കര്‍ഷകരുടെ തീരുമാനം ഒരേക്കര്‍ നിലത്ത്  കൃഷിയിറക്കുന്നതിന് പറിച്ചു നടാനുള്ള ഞാറിന് 24 കിലോ നെല്‍വിത്തെങ്കിലും വേണ്ടി വരും  അത് 4 കിലോ ആയി കുറച്ചാലോ 40 തൊഴിലാളികളുടെ അദ്ധ്വാനം വേണ്ടിടത്ത് 10 തൊഴിലാളികളെ ഉപയോഗിച്ച് പ്രവൃത്തി നടത്താന്‍ സാധിക്കുന്നു.
മറ്റു നെല്‍കൃഷിക്കുള്ള പരിചരണങ്ങള്‍ തന്നെയാണ് ഒറ്റഞാറിനും ആവശ്യം. വേങ്ങാട് കൃഷിഭവന്‍ ഒറ്റഞാര്‍കൃഷിക്ക് ഉപയോഗിച്ചത് ഉമ, ജ്യോതി എന്നീയിനം വിത്തുകളാണ്. ഒരു മീറ്റര്‍ വീതിയുള്ള പ്ലാസ്റ്റിക്ക് ഷീറ്റില്‍ ചെളിനിരത്തി ചാണകപ്പൊടി വിതറി മുളപ്പിച്ച നെല്‍വിത്ത് പാകി വൈക്കോല്‍പുതയിട്ട് പായഞാറ്റടി ഉണ്ടാക്കിയാണ് ഞാര്‍ തയ്യാറാക്കിയത്.  4 കിലോ നെല്ലിന് 10 മീറ്റര്‍ഷീറ്റ് മതിയാകും.
രണ്ടാഴ്ച മൂപ്പുള്ള ഞാറാണ് പറിച്ചു നടുക. പറിച്ചെടുക്കാന്‍ തൊഴിലാളികളുടെ ആവശ്യമില്ല. ഒന്നോ രണ്ടോ ഞാറ് അല്‍പം മണ്ണോടുകൂടി 20 സെന്റീമീറ്റര്‍ അകലത്തിലാണ് നടുന്നത് പാടത്ത് വെള്ളം കുറഞ്ഞ നിലയിലായിരിക്കണമെന്നു മാത്രം. നടീല്‍ യന്ത്രം ഉപയോഗിച്ച് നടുന്നതിന് പായഞാറ്റാടി തന്നെയാണ്  തയ്യാറാക്കുന്നത്. യന്ത്രം ഉപയോഗിച്ച് നടുന്നതിനും ഏക്കറിന് 24 കിലോ വിത്തിന്റെ ഞാറ് വേണ്ടിവരുന്നുണ്ട്. യന്ത്രത്തിന്റെ ലഭ്യതകുറവും യന്ത്രം പ്രായോഗികമല്ലാത്ത വയലിലും ഒറ്റഞാര്‍ വിജയകരമാണെന്ന് കൃഷിഓഫീസര്‍ ഇ.കെ അജിമോള്‍ പറഞ്ഞു.

പറിച്ചു നടുമ്പോള്‍ സാധാരണയായി ഉല്‍പ്പാദനക്ഷമതയുള്ള പത്തോ പന്ത്രണ്ടോ ചിനപ്പുകള്‍ കാണുന്നിടത്ത് മുപ്പതിനു മുകളില്‍ ചിനപ്പുകള്‍ കാണപ്പെട്ടതായും കൃഷിഓഫീസര്‍ പറഞ്ഞു. ഏക്കറിന് 1300 കിലോ നെല്ല് എന്നതിനു പകരം 2600 കിലോ ആയി ഉല്‍പ്പാദനം വര്‍ദ്ധിച്ചതും ഈ രീതിയുടെ പ്രത്യേകതയായി അവര്‍ ചൂണ്ടിക്കാട്ടുന്നു. കൃഷിക്കാര്‍
അനുവര്‍ത്തിക്കുന്ന മറ്റു രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒറ്റഞാര്‍കൃഷിക്ക് ഏക്കറിന് 13000 രൂപയോളം ചെലവിട്ടാല്‍ 1300 കിലോ നെല്ലും ഒന്നര ഇരട്ടി വൈക്കോലും കൂട്ടിയാല്‍ 15000 രൂപയോളമേ ആദായം ലഭിക്കുന്നുള്ളു. ഒറ്റഞാര്‍കൃഷിയില്‍ വിത്തിന്റെയും കൂലിയുടെയും ഇനത്തില്‍ 3300 രൂപയോളം ചെലവ് കുറയുന്നുണ്ട്. വിളവ് ഇരട്ടിയാവുകയും ചെയ്യും. മൂപ്പുകുറഞ്ഞ ഞാര്‍ പറിച്ചുനടുന്നതിലുള്ള ശ്രദ്ധമാത്രമാണ് ഒറ്റ ഞാര്‍കൃഷിയില്‍ അധികമായി വേണ്ടിവരുന്നത്. എന്നതിനാല്‍ ഈ രീതിയിലേക്ക് തിരിയുന്നത് ആദായകരം തന്നെയാണെന്ന് കര്‍ഷകര്‍ പറയുന്നു.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)