ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Wednesday, March 28, 2012

തെങ്ങുകള്‍ക്ക് കേരകര്‍ഷകര്‍ എന്തു ചെയ്യണം?

മാര്‍ച്ച് : കേരകര്‍ഷകര്‍ എന്തു ചെയ്യണം?

കേരളം /ലക്ഷദ്വീപ്
തെങ്ങുകള്‍ക്ക് പ്രത്യേകിച്ച് എക്കല്‍മണ്ണിലും ചൊരിമണലിലും നില്‍ക്കുന്ന തെങ്ങുകള്‍ക്ക് ജലസേചനം തുടരണം. കായല്‍ വരമ്പുകളിലുള്ള തെങ്ങിന്റെ ചുവട്ടില്‍ മണലും മണല്‍ മണ്ണില്‍ നട്ടിട്ടുള്ള തെങ്ങിന്റെ ചുവട്ടില്‍ ചെളിയും ഇറക്കേണ്ടതാണ്. തിരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളില്‍ നിന്നും വിത്തുതേങ്ങ ശേഖരിച്ച് തണലില്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുക.

തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുവെങ്കില്‍ കീടാക്രമണം ഗുരുതരമായുള്ള ഓലകള്‍ വെട്ടി നീക്കി കത്തിച്ചു കളയുക. ഓലകളുടെ, പ്രത്യേകിച്ച് മധ്യനിരയിലുള്ള ഓലകളുടെ അടിഭാഗത്തുള്ള പുഴുക്കളോട് കൂടിയ അറകളില്‍ പതിക്കത്തക്കരീതിയില്‍ 0.05% വീര്യമുള്ള ക്വിനാല്‍ഫോസ് എന്ന കീടനാശിനി തളിച്ച് ഈ കീടത്തെ നിയന്ത്രിക്കാം. കൂടാതെ തെങ്ങോലപ്പുഴുവിന്റെ വിവിധ ദശകളെ ആക്രമിക്കുന്ന ഗോണിയോസസ് നിഫാന്റിഡീസ്, എലാസ്മസ്, നിഫാന്റിഡിസ്, ബ്രാക്കിമേറിയ നൊസട്ടോയ് തുടങ്ങിയ എതിര്‍പ്രാണികളെ വന്‍ തോതില്‍ തുറന്നുവിട്ട് തെങ്ങോലപ്പുഴുക്കളെ നശിപ്പിക്കാം. കീടനാശിനി തളിച്ച് 15-20 ദിവസത്തിനുശേഷം പരാദപ്രാണികളെ വിടാവുന്നതാണ്.

മണ്ഡരി ബാധിച്ചിട്ടുള്ള തോട്ടങ്ങളില്‍ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ - വെളുത്തുള്ളി - സോപ്പ് മിശ്രിതം തളിച്ച് മണ്ഡരി ബാധയെ നിയന്ത്രിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 മി.ലി.വേപ്പെണ്ണ, 20 ഗ്രാം വെളുത്തുള്ളി, 5 ഗ്രാം അലക്കുസോപ്പ് എന്നിവ കലര്‍ത്തി മിശ്രിതം തയ്യാറാക്കാം. ആദ്യമായി 5 ഗ്രാം സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അതില്‍ 20 മി.ലി. വേപ്പെണ്ണ ഒഴിച്ച് നന്നായി യോജിപ്പിക്കുക. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ബാക്കി അര ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തുക. ഇത് ഒരു തുണിയിലൂടെ അരിച്ചെടുത്ത് ആദ്യം തയ്യാറാക്കിയ സോപ്പ്-വേപ്പെണ്ണ മിശ്രിതവുമായി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം അതാതു ദിവസം തന്നെ ഉണ്ടാക്കി ഉപയോഗിക്കേണ്ടതാണ്. വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതത്തിനു പകരം അസാഡിറാക്ടിന്‍ (0.04ശതമാനം) അടങ്ങിയ ജൈവ കീടനാശിനി 4 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി കുലകളില്‍ തളിക്കാനായി ഉപയോഗിക്കാം. വേനല്‍ മഴ തുടങ്ങുന്ന ഏപ്രില്‍-മെയ് മാസങ്ങളില്‍, മഴക്കാലം കഴിഞ്ഞ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍, പിന്നീട് ജനവരി-ഫിബ്രവരി മാസങ്ങളില്‍ എന്നിങ്ങനെ മൂന്നു തവണകളിലായി തളിക്കേണ്ടതാണ്. മണ്ഡരികള്‍ മോടത്തിനുള്ളില്‍ വസിക്കുന്നതിനാല്‍ കീടനാശിനി പ്രധാനമായും മോടത്തിന് പുറമെയും മോടത്തിന്റെ ഇതളുകള്‍ക്ക് ചുറ്റും പ്രത്യേകിച്ച് മച്ചിങ്ങകളുടെയും 4-5 മാസം പ്രായമുള്ള ഇളം തേങ്ങകളുടെയും പുറത്തു തളിക്കാന്‍ ശ്രദ്ധിക്കണം. അഞ്ച് ശതമാനം അസാഡിറാക്ടിന്‍ അടങ്ങിയിട്ടുള്ള ഏഴര മി.ലി. ജൈവ കീടനാശിനി ഏഴര മി.ലി. വെള്ളത്തില്‍ ലയിപ്പിച്ച് വേരില്‍കൂടി നല്‍കുന്നതും ഫലപ്രദമാണ്.

ചെമ്പന്‍ചെല്ലിയെ നശിപ്പിക്കുന്നതിന് ഒരു ശതമാനം വീര്യമുള്ള കാര്‍ബാറില്‍ (20 ഗ്രാം കാര്‍ബാറില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ) തെങ്ങിന്‍ തടിയില്‍ കീടം ഉണ്ടാക്കിയ ദ്വാരങ്ങള്‍ അടച്ചതിനുശേഷം അല്പം മുകളിലായി താഴേക്ക് ചരിഞ്ഞ ഒരു ദ്വാരം ഉണ്ടാക്കി അതില്‍ ചോര്‍പ്പ് വെച്ച് ഒഴിച്ചു കൊടുത്ത ശേഷം ആ ദ്വാരം അടയ്ക്കുക. ചെമ്പന്‍ചെല്ലിക്കെതിരെ ഒരു പ്രദേശത്തൊട്ടാകെയുള്ള കര്‍ഷകര്‍ക്ക് ഒരുമിച്ച് ഫിറമോണ്‍ കെണി ഉപയോഗിക്കാവുന്നതാണ്.

പൂങ്കുലച്ചാഴിയുടെ ആക്രമണമുണ്ടെങ്കില്‍ ഇളംകുലയില്‍ (ഒന്നു മുതല്‍ അഞ്ചുമാസം വരെ പ്രായമുള്ളത്) കാര്‍ബാറില്‍ എന്ന കീടനാശിനി 0.1% വീര്യത്തില്‍(20 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി) തളിച്ച് ഈ കീടത്തെ നിയന്ത്രിക്കാം. വിരിഞ്ഞ് പരാഗണം നടക്കാത്ത പൂക്കുലകളില്‍ (ഒരു മാസം വരെ പ്രായമായത്) മരുന്നു തളിക്കരുത്.കുമിള്‍രോഗങ്ങള്‍ക്കെതിരെ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കാം.

നീരുറ്റിക്കുടിക്കുന്ന മീലിമുട്ടകള്‍, ശല്‍ക്കകീടങ്ങള്‍ എന്നിവ വേനല്‍ക്കാലങ്ങളില്‍ നാമ്പോലകളെയും കൊതുമ്പുകളെയും തേങ്ങാക്കുലകളെയും ആക്രമിക്കുന്നു. ശല്‍ക്കകീടങ്ങള്‍ ഓലകളിലും കാണാറുണ്ട്. ഇവയുടെ ആക്രമണഫലമായി ഓലകള്‍ മഞ്ഞനിറമായി ഉണങ്ങുന്നു. മീലിമുട്ടകളെ നിയന്ത്രിക്കുവാന്‍ 2 ശതമാനം വേപ്പെണ്ണ 20 ദിവസത്തെ ഇടവേളകളില്‍ രണ്ടു തവണ തളിച്ചാല്‍ മതിയാകും. ശല്‍ക്കകീടങ്ങള്‍ക്കെതിരെ ഡൈമെത്തൊയേറ്റ് ഫലപ്രദമായി ഉപയോഗിക്കാം.

കൊമ്പന്‍ചെല്ലിയെ ചെല്ലിക്കോല്‍കൊണ്ട് കുത്തിയെടുത്ത് നശിപ്പിക്കുക. കൊമ്പന്‍ചെല്ലിയുടെ ആക്രമണത്തിന് മുന്‍കരുതലെന്ന നിലയില്‍ തെങ്ങിന്റെ മണ്ട വൃത്തിയാക്കി കൂമ്പോലയ്ക്ക് ചുറ്റുമുള്ള രണ്ടോ മൂന്നോ ഓലക്കവിളുകളില്‍ പാറ്റഗുളിക 10 ഗ്രാം(4എണ്ണം) വെച്ച് മണല്‍ കൊണ്ടുമൂടുകയോ, വേപ്പിന്‍ പിണ്ണാക്ക് അല്ലെങ്കില്‍ മരോട്ടിപ്പിണ്ണാക്ക് (250ഗ്രാം) തുല്യ അളവില്‍ മണലുമായി ചേര്‍ത്ത് ഇടുകയോ ചെയ്യുക. 0.01 ശതമാനം വീര്യമുള്ള കാര്‍ബാറില്‍ (50 ശതമാനം വെള്ളത്തില്‍ കലക്കാവുന്ന പൊടി) എന്ന കീടനാശിനി 200 മി.ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി വണ്ടുകളുടെ പ്രജനനം നടക്കുന്ന ചാണക്കുഴികളിലും മറ്റും തളിയ്ക്കുക. പെരുവലം എന്ന ചെടി പറിച്ച് ചാണകക്കുഴിയില്‍ ചേര്‍ക്കുന്നതും നല്ലതാണ്. ബാക്കുലോവൈറസ് ഒറിക്ടസ് എന്ന വൈറസ് കൊമ്പന്‍ചെല്ലിയുടെ ജൈവിക നിയന്ത്രണത്തിന് ഉപയോഗിക്കാം. ഇതിനായി വൈറസ് രോഗബാധയേറ്റ ചെല്ലികളെ ഒരു ഹെക്ടറില്‍ 10-15 എണ്ണം എന്ന കണക്കില്‍ സന്ധ്യാസമയത്ത് തോട്ടത്തില്‍ തുറന്നുവിടുക. മഴക്കാലത്ത് മെറ്റാറൈസിയം അനിസോപ്പിയ എന്ന കുമിള്‍ തേങ്ങാവെള്ളത്തിലോ കപ്പകഷണങ്ങളും തവിടും ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തിലോ വന്‍തോതില്‍ വളര്‍ത്തിയെടുത്ത് ഒരു ക്യൂബിക് മീറ്ററിന് 250 മി.ഗ്രാം മെറ്റാറൈസിയം കള്‍ച്ചറല്‍ 750 മി.ലി. വെള്ളവുമായി കലര്‍ത്തിയ മിശ്രിതം എന്ന തോതില്‍ ചാണകക്കുഴികളിലും മറ്റും ഒഴിച്ച് പുഴുക്കളെ നശിപ്പിക്കുക.

തെങ്ങിന് ചെന്നീരൊലിപ്പു രോഗം ബാധിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുക. ചെന്നീരൊലിപ്പുള്ള തെങ്ങിന്റെ തടിയിലുണ്ടാകുന്ന വിള്ളലുകളിലൂടെ ചുവപ്പുകലര്‍ന്ന തവിട്ടു നിറത്തിലുള്ള കറ ഒളിച്ചിറങ്ങുന്നതു കാണാം. ഇത് ഉണക്കി കറുപ്പു നിറത്തിലുള്ള പാടുകളാകുന്നു. ചെന്നീരൊലിക്കുന്ന ഭാഗത്തെ പുറംതൊലി മൂര്‍ച്ചയുള്ള ഉളി കൊണ്ട് ചെത്തി മാറ്റിയ ശേഷം മുറിപ്പാടുകളില്‍ 5 മി.ലി. കാലിക്‌സിന്‍ 100 മി.ലി. വെള്ളത്തില്‍ എന്ന തോതില്‍ കലക്കി പുരട്ടുക. ഒന്നു രണ്ടു ദിവസത്തിനുശേഷം ചൂടുള്ള കോള്‍ടാര്‍ പുരട്ടുക. ചെത്തി മാറ്റിയ ഭാഗങ്ങള്‍ തീയിട്ട് നശിപ്പിക്കുക. മറ്റു വളങ്ങള്‍ക്കൊപ്പം തെങ്ങൊന്നിന് 5 കി.ഗ്രാം വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്തു കൊടുക്കുക. വേനല്‍ക്കാലത്ത് ജലസേചനം നല്‍കുകയും വര്‍ഷക്കാലത്ത് തോട്ടത്തില്‍ നീര്‍വാര്‍ച്ച സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുക. രോഗനിയന്ത്രണത്തിനായി 5 ശതമാനം വീര്യമുള്ള കാലിക്‌സിന്‍ വര്‍ഷത്തില്‍ മൂന്നു തവണ, അതായത് ഏപ്രില്‍-മെയ് , സെപ്തംബര്‍-ഒക്ടോബര്‍, ജനവരി-ഫിബ്രവരി മാസങ്ങളിലായി വേരില്‍കൂടി നല്‍കുക.

തെങ്ങിന്‍ തോപ്പില്‍ സൂര്യപ്രകാശത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് ഇടവിളകള്‍ കൃഷി ചെയ്യാവുന്നതാണ്. തെങ്ങിന്‍തൈ നടുന്നതുമുതല്‍ 8 വര്‍ഷം വരെ 30 മുതല്‍ 80 ശതമാനം വരെ സൂര്യപ്രകാശം ഇടവിളകള്‍ക്ക് ലഭിക്കും. ഇക്കാലത്ത് മരച്ചീനി, മധുരക്കിഴങ്ങ്, വാഴ, പച്ചക്കറി എന്നിവ കൃഷി ചെയ്യാം. 9 മുതല്‍ 25 വര്‍ഷം വരെയുള്ള രണ്ടാം ഘട്ടത്തില്‍ സൂര്യപ്രകാശലഭ്യത 20 ശതമാനമായിരിക്കും. അപ്പോള്‍ ചേന, ചേമ്പ്, വാഴ തുടങ്ങി തണലിനു യോജിച്ചവ ഇടവിളയായി വളര്‍ത്താം. തെങ്ങിന് 25 വര്‍ഷം പ്രായമാകുന്നതോടെ സൂര്യപ്രകാശലഭ്യത ക്രമേണ കൂടുന്നു. ഇക്കാലത്ത് തുറന്ന സൂര്യപ്രകാശം വേണ്ടാത്ത എല്ലാ വാര്‍ഷിക വിളകളും ദീര്‍ഘകാലവിളകളും ഇടവിളയായി വളര്‍ത്താം. കാര്‍ഷിക വിളകള്‍ കൂടാതെ തേനീച്ച,പശു, ആട്, കോഴി, മീന്‍, മുയല്‍ എന്നിവ തെങ്ങിന്‍തോട്ടത്തില്‍ വളര്‍ത്തിയും പട്ടുനൂല്‍കൃഷി, മണ്ണിരക്കമ്പോസ്റ്റ്, കൂണ്‍കൃഷി എന്നിവ വഴിയും ആദായം ഉണ്ടാക്കാം.

ആന്‍ഡമാന്‍ / നിക്കോബാര്‍ ദ്വീപുകള്‍


തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുവെങ്കില്‍ കീടാക്രമണം ഗുരുതരമായുള്ള ഓലകള്‍ വെട്ടി നീക്കി കത്തിച്ചു കളയുക. ഓലകളുടെ, പ്രത്യേകിച്ച് മധ്യനിരയിലുള്ള ഓലകളുടെ അടിഭാഗത്തുള്ള പുഴുക്കളോട് കൂടിയ അറകളില്‍ പതിക്കത്തക്കരീതിയില്‍ 0.05% വീര്യമുള്ള ക്വിനാല്‍ഫോസ് എന്ന കീടനാശിനി തളിച്ച് ഈ കീടത്തെ നിയന്ത്രിക്കാം. കൂടാതെ തെങ്ങോലപ്പുഴുവിനെതിരെ ജൈവിക നിയന്ത്രണം വളരെ ഫലപ്രദമാണ്. തെങ്ങോലപ്പുഴുവിന്റെ വിവിധ ദശകളെ ആക്രമിക്കുന്ന ഗോണിയോസസ് നിഫാന്റിഡിസ്, ബ്രാക്കിമേറിയ നൊസട്ടോയ് തുടങ്ങിയ എതിര്‍പ്രാണികളെ വന്‍തോതില്‍ തുറന്നുവിട്ട് തെങ്ങോലപ്പുഴുക്കളെ നശിപ്പിക്കാം. കീടനാശിനി തളിച്ച് 15-20 ദിവസത്തിനുശേഷം പരാദ പ്രാണികളെ വിടാവുന്നതാണ്.

തമിഴ്‌നാട് / പോണ്ടിച്ചേരി


നന തുടരുക. വളക്കുഴികളിലും ചെല്ലി മുട്ടയിടുന്ന സ്ഥലങ്ങലിലും 0.1 ശതമാനം കാര്‍ബാറില്‍ തളിച്ച് ചെല്ലിയുടെ പുഴുക്കളെ നശിപ്പിക്കുക. തിരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളില്‍ നിന്നും വിത്തുതോങ്ങ ശേഖരിച്ച് തണലില്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുക.

മണ്ഡരി ബാധിച്ചിട്ടുള്ള തോട്ടങ്ങളില്‍ അസാഡിറാക്ടിന്‍ (0.004ശതമാനം) അടങ്ങിയ ജൈവ കീടനാശിനി 4 മി.ലി.ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി കുലകളില്‍ തളിക്കുക.

കര്‍ണ്ണാടകം


തോട്ടത്തില്‍ ആടുകളെ കെട്ടിയിട്ട് അവയുടെ കാഷ്ഠം മണ്ണുമായി യോജിപ്പിച്ച് ഉഴുതുചേര്‍ക്കുക. തോട്ടത്തില്‍ നന തുടരുക. തിരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളില്‍ നിന്നും വിത്തുതേങ്ങ ശേഖരിക്കുക. പ്രതിവര്‍ഷം തെങ്ങൊന്നിന് 50 കി.ഗ്രാം. ജൈവവളവും 5 കി.ഗ്രാം വേപ്പിന്‍ പിണ്ണാക്കും രണ്ടു തുല്യ തവണകളായി രാസവളത്തിനൊപ്പം ചേര്‍ത്തു കൊടുത്ത് മണ്ണിന്റെ ഫലപുഷ്ടി മെച്ചപ്പെടുത്തുക.

മണ്ഡരി ബാധിച്ചിട്ടുള്ള തോട്ടങ്ങളില്‍ അസാഡിറാക്ടിന്‍ (0.0004ശതമാനം) അടങ്ങിയ ജൈവ കീടനാശിനി 4 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ ന്നെ തോതില്‍ കലക്കി കുലകളില്‍ തളിക്കുക.

തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുവെങ്കില്‍ കീടാക്രമണം ഗുരുതരമായുള്ള ഓലകള്‍ വെട്ടി നീക്കി കത്തിച്ചു കളയുക. ഓലകളുടെ, പ്രത്യേകിച്ച് മധ്യനിരയിലുള്ള ഓലകളുടെ അടിഭാഗത്തുള്ള പുഴുക്കളോട് കൂടിയ അറകളില്‍ പതിക്കത്തക്ക രീതിയില്‍ 0.05% വീര്യമുള്ളക്വിനാല്‍ഫോസ് ന്നെ കീടനാശിനി തളിച്ച് ഈ കീടത്തെ നിയന്ത്രിക്കാം. കൂടാതെ തെങ്ങോലപ്പുഴുവിനെതിരെ ജൈവിക നിയന്ത്രണം വളരെ ഫലപ്രദമാണ്. തെങ്ങോലപ്പുഴുവിന്റെ വിവിധ ദശകളെ ആക്രമിക്കുന്ന ഗോണിയോസസ് നിഫാന്റിഡിസ്, എലാസ്മസ് നിഫാന്റിഡിസ്, ബ്രാക്കിമേറിയ നൊസട്ടോയ് തുടങ്ങിയ എതിര്‍പ്രാണികളെ വന്‍തോതില്‍ തുറന്നുവിട്ട് തെങ്ങോലപ്പുഴുക്കളെ നശിപ്പിക്കാം. കീടനാശിനി തളിച്ച് 15-20 ദീവസത്തിനുശേഷം പരാദ പ്രാണികളെ വിടാവുന്നതാണ്.

അവലംബം: നാളികേര ജേര്‍ണല്‍