Monday, January 9, 2012

മണ്ണ് പരിശോധന



മണ്ണു പരിശോധനയെക്കുറിച്ചുള്ള ലഘു വിവരണത്തിന് ഇവിടെ ക്ലിക്കു ചെയ്യുക

1.  മൊബൈല്‍ മണ്ണു പരിശോധനാ ലബോറട്ടറി
സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ 2
2. ജില്ലാ മണ്ണു പരിശോധന ലബോറട്ടറി
കരിമ്പം, തളിപ്പറമ്പ്‌
മൊബൈല്‍ മണ്ണുപരിശോധനാ കേമ്പുകള്‍ സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ സ്ഥലം കൃഷി ഓഫീസര്‍ മുഖാന്തരം, മൊബെയില്‍ മണ്ണു പരിശോധനാ ലബോറട്ടറിയുമായി  ബന്ധപ്പെടേണ്ടതാണ്‌.

ബന്ധപ്പെടേണ്ട വിലാസം:
അസിസ്റ്റന്റ്‌ സോയില്‍ കെമിസ്റ്റ്‌
മൊബെയില്‍ മണ്ണു പരിശോധന ലബോറട്ടറി
സിവില്‍ സ്റ്റേഷന്‍
കണ്ണൂര്‍ 2



മണ്ണറിഞ്ഞ്‌  വളം  ചെയ്യുക
    ഓരോ പ്രദേശത്തും രൂപം കൊണ്ട പരിതസ്ഥിതികള്‍, കാലാവസ്ഥ, സ്ഥലത്തിന്റെ നിമ്നോന്നത, മാതൃശിലയുടെയും അടിസ്ഥാന വസ്തുവിന്റെയും രാസ സ്വഭാവം എന്നീ കാര്യങ്ങളെ ആശ്രയിച്ച്‌ മണ്ണിന്റെ ഫലപുഷ്ടി അഥവാ വിളവുല്‍പാദന ശേഷി വ്യത്യാസപ്പെട്ടിരിക്കും. അതു കൊണ്ടു തന്നെ മണ്ണറിഞ്ഞ്‌ വളം ചെയ്യുന്നതാണ്‌ ഉത്തമം.

മഴ, വെയില്‍, ജൈവാംശത്തിന്റെ ലഭ്യത എന്നിവയ്ക്കനുസരിച്ച്‌ കേരളത്തിലെ തന്നെ ഓരോ പ്രദേശത്തേക്കും പ്രധാന പോഷകാംശങ്ങളുടെ ആവശ്യകതയില്‍ വ്യത്യാസം ഉണ്ടായിരിക്കാം.
ഓരോ വിളക്കാലം, കാലവര്‍ഷം എന്നിവ കഴിയുമ്പോള്‍ മണ്ണില്‍ ലഭ്യമായ പോഷകാംശങ്ങളുടെ തോതില്‍ വ്യതിയാനം സംഭവിക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ട്‌ മണ്ണു പരിശോധിച്ച്‌ ലഭ്യമായ മൂലകങ്ങളുടെ തോത്‌ മനസ്സിലാക്കി വളപ്രയോഗം നടത്തുന്നതാണ്‌ ഉത്തമം.     

മണ്ണു  പരിശോധന  കൊണ്ടുള്ള  നേട്ടങ്ങള്‍

"
സന്തുലിത വള പ്രയോഗം സാധ്യമാകുന്നു
    അനാവശ്യമായ ചെലവ്‌ ഒഴിവാക്കാന്‍ സാധിക്കുന്നു
    അസന്തുലിത വള പ്രയോഗത്തിലൂടെ ഉണ്ടായേക്കാവുന്ന രോഗകീട ആക്രമണം ഒഴിവാക്കാന്‍ സാധിക്കുന്നു.
    മണ്ണിന്റെ രാസ, ജൈവ, ഭൗതിക ഘടന നിലനിര്‍ത്താനാകുന്നു
    പരിസ്ഥിതി മലിനീകരണം ഒഴിവാക്കാന്‍ സാധിക്കുന്നു "
 
പരിശോധനയ്ക്കായി  മണ്ണു സാമ്പിള്‍ എങ്ങിനെ ശേഖരിക്കാം?

    ഓരോ കൃഷിയിടത്തില്‍ നിന്നും പ്രത്യേകം പ്രത്യേകം സാമ്പിള്‍ എടുക്കണം
ഒരേ കൃഷിയിടത്തില്‍ തന്നെ വ്യത്യസ്ഥ നിരപ്പുള്ളതോ പലയിനം മണ്ണുള്ളതോ വിവിധ വിളയുള്ളതോ, വിവിധ നിറമുള്ളതോ ആയ സ്ഥലത്തുനിന്നെല്ലാം പ്രത്യേക സാമ്പിളെടുക്കണം.
    പഴയ വരമ്പുകള്‍, ചതുപ്പു കുഴികള്‍, കമ്പോസ്റ്റ്‌ കൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന്‌ സാമ്പിളുകള്‍ ശേഖരിക്കരുത്‌.
വളം, കുമ്മായം, ഇവയിട്ട്‌ മൂന്നു മാസക്കാലമെങ്കിലും കഴിയാത്ത പ്ലോട്ടുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കരുത്‌.
    മണ്ണു സാമ്പിള്‍ എടുക്കേണ്ട സ്ഥലം തീരുമാനിച്ചാല്‍ ഉപരിതലത്തിലുളള പുല്ല്‌, കരിയില, ചരല്‍മുതലായവ മാറ്റുക. അതിനു ശേഷം മണ്‍വെട്ടിയുടെ സഹായത്തോടെ  “ഢ” ആകൃതിയില്‍ ഒരു കുഴിയുണ്ടാക്കുക.
    നെല്ല്‌ കൃഷിയുള്ള സ്ഥലങ്ങളില്‍  15 സെ.മീ. ആഴത്തിലും തെങ്ങിനും അതുപോലുള്ള വിളകള്‍ക്കും 25 സെ.മീ. ആഴത്തിലുമാണ്‌ കുഴിയെടുക്കേണ്ടത്‌.
കുഴിയുടെ ഒരു വശത്തുനിന്നും ഉപരിതലം മുതല്‍ അടിവരെ 2 സെ.മീ. കനത്തില്‍ ഒരു പോലെ മണ്ണ്‌ അരിഞ്ഞെടുക്കുക.
    ഒരേ നിരപ്പുള്ള ഒരേക്കര്‍ സ്ഥലത്തുനിന്നും ഇപ്രകാരം 1015 സാമ്പിളുകള്‍ ശേഖരിക്കണം. ഇത്‌ ഒരു കടലാസ്സിലിട്ട്‌ കട്ടകള്‍ പൊടിച്ച്‌ നല്ലതുപോലെ കലര്‍ത്തുക. ഈര്‍പ്പമുണ്ടെങ്കില്‍ തണലില്‍ വെച്ച്‌ ഉണക്കുക
    കലര്‍ത്തിയ മണ്ണ്‌ സമചതുരാകൃതിയില്‍ പരത്തിയിട്ട്‌ നാലായി വിഭജിക്കുക. എതിര്‍വശത്തു വരുന്ന രണ്ട്‌ ഭാഗങ്ങളിലെ മണ്ണു മാത്രം എടുക്കുക. ഇതുവീണ്ടും കൂട്ടിക്കലര്‍ത്തി ഈ പ്രവര്‍ത്തനം ഏകദേശം 500 ഗ്രാം മണ്ണ്‌ സാമ്പിള്‍ കിട്ടുന്നതുവരെ ആവര്‍ത്തിക്കുക.
    ഇത്തരത്തില്‍ ശേഖരിച്ച മണ്ണ്‌, തുണിസഞ്ചിയിലോ പോളിത്തീന്‍  പായ്ക്കറ്റിലോ ഇട്ട്‌ സാമ്പിള്‍ തിരിച്ചറിയാനുള്ള നമ്പറും മറ്റു വിശദാംശങ്ങളോടെ മണ്ണു പരിശോധന ശാലയിലെത്തിക്കേണ്ടതാണ്‌.
    ഫോറം പൂരിപ്പിക്കുമ്പോള്‍ പെന്‍സിലോ, ബോള്‍ പേനയോ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.


സംയോജിത പോഷക പരിപാലനം മണ്ണു പരിശോധനയിലൂടെ ന്താണ്‌  സംയോജിത പോഷക പരിപാലനം?

ജൈവ വളങ്ങള്‍ക്കും, രാസവളങ്ങള്‍ക്കും അമിതപ്രാധാന്യം നല്‍കാതെ, അഥവാ തുല്യ പ്രാധാന്യം നല്‍കിക്കൊണ്ട്‌, മണ്ണിന്റെ ആരോഗ്യത്തിന്‌ ഊന്നല്‍ നല്‍കിക്കൊണ്ട്‌, സസ്യങ്ങള്‍ക്കാവശ്യമായ പോഷകമൂല്യങ്ങള്‍ ലഭ്യമാക്കുന്ന സമീപനത്തെ സംയോജിത പോഷകപരിപാലനം എന്ന്‌ പറയാം.

എന്താണ്‌ സംയോജിത പോഷകപരിപാലനം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ?
    അടിസ്ഥാനപരമായി സസ്യങ്ങള്‍ക്ക്‌ പോഷക മൂല്യങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ. ജൈവ വളമോ, രാസവളമോ ഒരു സസ്യവും ആവശ്യപ്പെടുന്നില്ല എന്ന്‌ സാരം. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒന്നിന്‌ അമിതപ്രാധാന്യം നല്‍കാതെയുള്ള സമീപനമാണ്‌  ആവശ്യം.
സസ്യങ്ങള്‍ക്ക്‌ ആവശ്യമുള്ള പോഷകമൂലകങ്ങള്‍ ആവശ്യമുള്ള സമയത്ത്‌, വേണ്ട അളവില്‍ ലഭ്യമാക്കുക എന്നതാണ്‌ സംയോജിത പോഷക പരിപാലനം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

സസ്യങ്ങള്‍ക്ക്‌ ആവശ്യമായ പോഷകമൂലകങ്ങള്‍ ഏതൊക്കെയാണ്‌ ?
    ഭൂമിയും ചരാചരങ്ങളും 92 മൂലകങ്ങളാല്‍ നിര്‍മിതമാണ്‌. ഇവയില്‍60 മൂലകങ്ങള്‍ സസ്യങ്ങളിലുണ്ട്‌. എന്നാല്‍ ഇതെല്ലാം അവയ്ക്ക്‌ വളരാന്‍ അത്യന്താപേക്ഷിതമല്ല. സസ്യങ്ങള്‍ക്ക്‌ വളരാനും വംശ വര്‍ദ്ധനവ്‌ നടത്താനും അവശ്യ മൂലകങ്ങള്‍ 17 ആണ്‌.  ഇതില്‍ കാര്‍ബണ്‍, ഓക്സിജന്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഫോസ്ഫറസ്‌, പൊട്ടാസ്യം, എന്നിവ പ്രാഥമിക സസ്യപോഷക മൂലകങ്ങള്‍ ആയും, കാല്‍സ്യം, മഗ്നീഷ്യം, സള്‍ഫര്‍ എന്നിവയെ ദ്വിതീയ പോഷകമൂലകങ്ങള്‍ ആയും മറ്റുള്ളവയെ സൂക്ഷ്മപോഷക മൂലകങ്ങള്‍ ആയും തരംതിരിച്ചിരിക്കുന്നു.

എന്താണ്‌  ഇത്തരം  തരംതിരിവിന്റെ അടിസ്ഥാനം?

    കൂടിയ അളവില്‍ ആഗിരണം ചെയ്യുന്ന പോഷകമൂലകങ്ങളെ, പ്രാഥമിക പോഷകമൂലകങ്ങളായും, പ്രാഥമിക പോഷകമൂലകങ്ങളെ അപേക്ഷിച്ച്‌ കുറഞ്ഞ അളവിലും എന്നാല്‍ സൂക്ഷ്മ പോഷക മൂലകങ്ങളെ അപേക്ഷിച്ച്‌ കൂടിയ അളവിലും ആഗിരണം ചെയ്യുന്ന പോഷകമൂലകങ്ങളെ ദ്വിതീയ പോഷകമൂലകങ്ങളായും, വളരെക്കുറഞ്ഞ അളവില്‍ മാത്രം ആഗിരണം ചെയ്യുന്ന മൂലകങ്ങളെ സൂക്ഷ്മ മൂലകങ്ങളായും തരംതിരിച്ചിരിക്കുന്നു.

അവയില്‍ മൂന്നെണ്ണം (കാര്‍ബണ്‍, ഓക്സിജന്‍, ഹൈഡ്രജന്‍ ) സസ്യങ്ങള്‍ക്ക്‌ കൂടിയ അളവില്‍ വേണം. ഇവ വായുവിലും ജലത്തില്‍ നിന്നുമാണ്  ലഭിക്കുന്നത്

ശേഷിച്ച 14 എണ്ണത്തിനും മണ്ണിനെത്തന്നെ ആശ്രയിക്കണം.

4) നൈട്രജന്‍

5) ഫോസ്ഫറസ്‌

പ്രാഥമിക സസ്യപോഷക മൂലകങ്ങള്‍
6) പൊട്ടാസ്യം

7) കാല്‍സ്യം

8) മഗ്നീഷ്യം
 
ദ്വിതീയ സസ്യ പോഷക മൂലകങ്ങള്‍
9     സള്‍ഫര്‍
10     ഇരുമ്പ്‌
11     മാംഗനീസ്‌
12     സിങ്ക്‌
13     ചെമ്പ്‌ 

സൂക്ഷ്മ സസ്യപോഷക മൂലകങ്ങള്‍
14     ബോറോണ്‍
15     മോളിബ്ഡിനം
16     ക്ലോറിന്‍
17     നിക്കല്‍

എന്താണ്‌  വള പ്രയോഗത്തിന്റെ അടിസ്ഥാന തത്വം?        ഉല്‍പാദന വര്‍ദ്ധനവിന്‌ കൂടുതല്‍ വിളവ്‌ തരുന്ന വിത്തുകളും പരിചരണ മുറകളും അവലംബിക്കുമ്പോള്‍ സസ്യങ്ങള്‍ വലിച്ചെടുക്കുന്ന സസ്യ പോഷക മൂലകങ്ങളുടെ അളവും വളരെ ക്കൂടുതല്‍ ആണ്‌. വിളവുകളുടെ അവശിഷ്ടങ്ങളില്‍ നിന്നും സൂക്ഷ്മാണു ജീവികളുടെ പ്രവര്‍ത്തനങ്ങളിലൂടെ ഇതിന്റെ ഒരംശം സസ്യങ്ങള്‍ക്ക്‌ ലഭ്യമാകുമെങ്കിലും, മണ്ണില്‍ നിന്നും നീക്കം ചെയ്യപ്പെടുന്ന മൂലകങ്ങളുടെ അളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ വ്യക്തമായ കുറവ്‌ കാണാം.
ഈ കുറവ്‌ പരിഹരിച്ച്‌ വലിച്ചെടുക്കുന്ന മൂലകങ്ങള്‍ തിരികെ മണ്ണിലെത്തിക്കാനാണ്‌ വളപ്രയോഗം നടത്തുന്നത്‌.

എന്തുകൊണ്ട്‌  രാസ വളങ്ങള്‍?

    മണ്ണില്‍ നിന്ന്‌ നഷ്ടമാകുന്ന പോഷകങ്ങള്‍ നല്‍കാന്‍ പണ്ട്‌ മുതല്‍ക്കേ നാം ജൈവ വളങ്ങളായ ചാണകം, പക്ഷി ക്കാഷ്ഠം, ചാരം, പച്ചില വളം, എല്ലുപൊടി, പിണ്ണാക്ക്‌ എന്നിവ മണ്ണില്‍ ചേര്‍ത്തിരുന്നു. നൈട്രജനുവേണ്ടി ചാണകവും പച്ചിലവളവും, പിണ്ണാക്കും, ഫോസ്ഫറസ്സിന്‌ എല്ല് പൊടി, പൊട്ടാസ്യത്തിന്‌ ചാരം എന്നതായിരുന്നു, ഇതിലെ തത്വം.

എന്നാല്‍ കടുംകൃഷി വ്യാപിച്ചപ്പോള്‍ മണ്ണിലെ പോഷക നഷ്ടം പരിഹരിക്കാന്‍ ജൈവ വളങ്ങള്‍ മാത്രം പോരാതായി. മറ്റു വിധത്തില്‍ പോഷക കമ്മി നികത്തിയില്ലെങ്കില്‍ കാര്‍ഷികോല്‍പാദനം വര്‍ദ്ധിക്കില്ലെന്ന്‌ മനസ്സിലാക്കി.
ഉദാഹരണത്തിന്‌ ഒരു ഹെക്ടര്‍ നിലത്തില്‍ നിന്നും കൊയ്തെടുക്കുന്ന നെല്‍വിളയുടെ പകുതിനെല്ലും പകുതി വൈക്കോലുമാണെന്നു കരുതുക. ഇവയില്‍ വൈക്കോല്‍ കാലികള്‍ക്ക്‌ ആഹാരമായി നല്‍കുകയും, നെല്ലില്‍ നിന്ന്‌ കിട്ടുന്ന അരി നമുക്ക്‌ ആഹാരമായിത്തീരുകയും ചെയ്യുന്നു. ഉമിയാകട്ടെ, മിക്കവാറും ചാരമായി മാറുമെന്നു കണക്കാക്കാം. ഈ അവസ്ഥയില്‍ മേല്‍പറഞ്ഞ നിലത്തിലെ മണ്ണിന്റെ ഫലപുഷ്ടി നിലനില്‍ക്കണമെങ്കില്‍ അതിലെ വൈക്കോല്‍ ആഹരിച്ച കാലികളുടെ ചാണകവും, മൂത്രവും, അരി ആഹരിച്ച മനുഷ്യരുടെ തത്തുല്യമായ വിസര്‍ജ്യങ്ങളും, ഉമിയില്‍ നിന്നുള്ള ചാരവും, തിരികെ വയലില്‍ തന്നെ ചെന്നെത്തുമെങ്കില്‍ പോലും, ആ മണ്ണില്‍ നിന്നും നീക്കം ചെയ്യപ്പെട്ട പോഷകമൂലകങ്ങള്‍ എല്ലാം തിരികെ ആ മണ്ണില്‍ എത്തിച്ചേരുന്നില്ല. കാരണം, മൃഗങ്ങള്‍ ആഹരിക്കുന്ന വസ്തുക്കളുടെ 3040% മാത്രമാണ്‌ വിസര്‍ജ്ജ്യമായിത്തീരുന്നത്‌.

ഈ അവസ്ഥയിലാണ്‌ മണ്ണിന്റെ ഫലപുഷ്ടി നിലനിര്‍ത്തുന്നതിനുവേണ്ടി രാസവസ്തുക്കള്‍ ഉപയോഗപ്പെടുത്തുന്ന രീതി നിലവില്‍ വന്നത്‌.


മണ്ണു പരിശോധനയുടെ വിശദാംശങ്ങള്‍
    അമ്ല ക്ഷാര സൂചിക: പിച്ച്‌ മീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ച്‌ മണ്ണില്‍ പുളി രസത്തിന്റെ ആധിക്യമാണോ, അല്ല ക്ഷാരാംശത്തിന്റെ ആധിക്യമാണോ എന്ന്‌ നിര്‍ണയിക്കുന്നു. പിച്ച്‌ മീറ്റര്‍ റീഡിംഗ്‌ പൂജ്യത്തിനും, ഏഴിനും ഇടയിലാണെങ്കില്‍ മണ്ണ്‌ പുളിരസമുള്ള മണ്ണായും, ഏഴരയ്ക്കും, പതിനാലിനും ഇടയിലാണെങ്കില്‍ ക്ഷാരാംശമുള്ള മണ്ണായും തരംതിരിക്കാം ഏഴിനും എട്ടരയ്ക്കും ഇടയിലാണെങ്കില്‍ ന്യൂട്രല്‍ മണ്ണായും തരംതിരിക്കാം.
    ലയിച്ചു ചേര്‍ന്നിട്ടുള്ള ലവണങ്ങളുടെ അളവ്‌: കണ്ടക്ടിവിറ്റി ബ്രിഡ്ജ്‌ എന്ന ഉപകരണം ഉപയോഗിച്ച്‌ മണ്ണിലുള്ള ലവണങ്ങളുടെ അളവ്‌ നിര്‍ണയിക്കുന്നു.
    ജൈവ കാര്‍ബണ്‍:  ലഭ്യമായ നൈട്രജന്‍, ജൈവ കാര്‍ബണ്‍ ശതമാനത്തിലൂടെ നിര്‍ണയിക്കുന്നു. കളറിമീടാര്‍ എന്ന ഉപകരണം ഉപയോഗിച്ചാണ്‌ ജൈവ കാര്‍ബണ്‍ ശതമാനം നിര്‍ണയിക്കുന്നത്‌.
ജൈവകാര്‍ബണ്‍ 0.5% താഴെ ആണെങ്കില്‍ ലഭ്യമായ നൈട്രജന്‍ വളരെ കുറഞ്ഞ അളവിലാണെന്നും, 0.5% മുതല്‍ 1.5% ആണെങ്കില്‍ മധ്യമത്തിലും, 1.5% ത്തില്‍ കൂടുതലാണെങ്കില്‍ കൂടിയ അളവിലാണെന്നും മനസ്സിലാക്കാം.
    ലഭ്യമായ ഫോസ്ഫറസ്‌: കളറിമീടാര്‍ എന്ന ഉപകരണം ഉപയോഗിച്ച്‌ നിര്‍ണയിക്കുന്നു. നിര്‍ണയിച്ച ഫോസ്ഫറസിന്റെ തോത്‌ 10 കി./ഹെ. താഴെയാണെങ്കില്‍ ലഭ്യമായ ഫോസ്ഫറസിന്റെ അളവ്‌ വളരെ കുറവായും, 10 മുതല്‍ 24 കി./ഹെ.ന്‌ ഇടയില്‍ ആണെങ്കില്‍ മധ്യമത്തിലും 24 കി./ഹെ. കൂടുതലാണെങ്കില്‍ കൂടിയ അളവില്‍ ആണെന്നും മനസ്സിലാക്കാം.
    ലഭ്യമായ പൊട്ടാസ്യം: ഫ്ലേം ഫോട്ടോമീടാര്‍ എന്ന ഉപകരണം ഉപയോഗിച്ച്‌ ലഭ്യമായ പൊട്ടാസ്യം നിര്‍ണയിക്കുന്നു. നിര്‍ണയിച്ച പൊട്ടാസ്യം 115 കി./ഹെക്ടര്‍ ആണെങ്കില്‍ മധ്യമത്തിലും, 275 കി./ഹെക്ടര്‍ കൂടുതലാണെങ്കില്‍ കൂടിയ അളവില്‍ ആണെന്നും മനസ്സിലാക്കാം.

കേരളത്തിലെ മണ്ണു പരിശോധനാ സൗകര്യങ്ങള്‍
    തിരുവനന്തപുരം ജില്ലയില്‍ പാറോട്ടുകോണത്ത്‌ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ സോയില്‍ ആന്റ്‌ പ്ലാന്റ്‌ ഹെല്‍ത്ത്‌ സെന്ററിന്റെ കീഴില്‍ സംസ്ഥാനത്തൊട്ടാകെ 14 ജില്ലാ മണ്ണുപരിശോധനാ ലബോറട്ടറികളും, 9 മൊബെയില്‍ മണ്ണു പരിശോധന ലബോറട്ടറികളും പ്രവര്‍ത്തിച്ച്‌ വരുന്നു.

കര്‍ഷകര്‍ ശേഖരിക്കുന്ന മണ്ണു സാമ്പിളുകള്‍ നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കൃഷിഭവനിലെത്തിക്കണം. കൃഷിഭവനില്‍ നിന്നും അവ ജില്ലാ മണ്ണ്‌ പരിശോധനാ ലബോറട്ടറിയില്‍ എത്തിച്ച്‌ പരിശോധിക്കുന്നു. തികച്ചും സൗജന്യമായിട്ടാണ്‌ മണ്ണ്‌ പരിശോധന നടത്തുന്നത്‌.

മൊബെയില്‍ മണ്ണു പരിശോധ ലബോറട്ടറികള്‍ കൃഷിഭവന്‍ മുഖേന മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി അനുസരിച്ച്‌ ഓരോ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും മണ്ണ്‌ സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ച്‌ അതേ ദിവസം തന്നെ റിപ്പോര്‍ട്ട്‌ കര്‍ഷകന്‌ നല്‍കുകയും ചെയ്യും.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)