വിലകൂടിയ സങ്കരവിത്തുകള്‍ എത്തിയതോടെ ഒന്നു പോലും നഷ്ടപ്പെടാതെ മുളപ്പിച്ചാല്‍ മാത്രമേ കൃഷി ലാഭകരമാകൂ. വിദേശരാജ്യങ്ങളിലെല്ലാം കൃഷിനടത്തുന്നത് തൈ വാങ്ങി വച്ചാണ്. ഓര്‍ഡര്‍ പ്രകാരം തൈകള്‍ ഉത്പാദിപ്പിച്ചു നല്‍കുകയാണ് രീതി. തൈകള്‍ ഉപയോഗിച്ചാല്‍ ഒരുപോലെ വളര്‍ത്തിയെടുക്കാനാവും. വിത്തു മുളച്ച് തൈയാകുന്ന സമയവും ലാഭിക്കാം. രണ്ടാഴ്ചയിലധികം നേരത്തെ കൃഷിയിറക്കാമെന്നത് മറ്റൊരു പ്രത്യേകത.
പ്രിസിഷന്‍ ഫാമിംഗിലും പോളിഹൗസിലും ഇത്തരത്തില്‍ വളര്‍ത്തി രോഗകീടബാധയില്ലെന്നു തെളിയിച്ച തൈകള്‍ നടുന്നതാണ് ഉത്തമം. ഇത്തരത്തിലുള്ള തൈകള്‍ ഹൈടെക്കായി തന്നെ നമുക്ക് ഉത്പാദിപ്പിക്കാം. ഇതിനായി പ്രോട്രേ തെരഞ്ഞെടുക്കുകയാണ് ആദ്യപടി. 21 ഇഞ്ച് നീളവും 11 ഇഞ്ച് വീതിയിലുമുള്ള പ്രോട്രേയാണ് സാധാരണ ഉപയോഗിക്കുന്നത്. 98, 144, 104 കുഴികളുള്ള പ്രോട്രേകളും പച്ചക്കറി തൈ ഉത്പാദനത്തിന് ഉപയോഗിക്കുന്നു. ഒരിഞ്ച് നീളവും വീതിയും ഒന്നര ഇഞ്ച് താഴ്ചയുമുള്ള കുഴികളുള്ള ട്രേകളാണ് ഉത്തമം. ട്രേയുടെ ഓരോകുഴിയിലും നീര്‍വാര്‍ച്ചയ്ക്കുള്ള സുഷിരങ്ങളുണ്ടാകണം.
വിത്തു പാകല്‍
മിശ്രിതം നിറച്ച ട്രേകളില്‍ ഒരു കുഴിയില്‍ ഒന്നെന്ന അനുപാതത്തില്‍ വേണം വിത്തു പാകാന്‍. വിത്തുകള്‍ നല്ല മുളശേഷിയുള്ളവയായിരിക്കണം. അനുയോജ്യ കാലാവസ്ഥ, ആവശ്യത്തിനു ജലസേചനം, വളപ്രയോഗം, സസ്യസംരക്ഷണം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. രോഗവിമുക്തമായ തൈകള്‍ വേണമെങ്കില്‍ മിശ്രിതം തയാറാക്കല്‍, ട്രേ നിറയ്ക്കല്‍, വിത്തുപാകല്‍ എന്നിവയെല്ലാം പോളിഹൗസിനുള്ളില്‍ ചെയ്യുന്നതാകും ഉത്തമം.
വളപ്രയോഗം
തൈകള്‍ മുളച്ച് രണ്ടില പ്രായമാകുമ്പോള്‍ വളപ്രയോഗം തുടങ്ങണം. ജലത്തില്‍ ലയിക്കുന്ന വളങ്ങളാണ് ആദ്യം നല്‍കേണ്ടത്. എന്‍പികെ 20:20:20, 19:19:19, എന്നീ രാസവളക്കൂട്ടുകള്‍ ഏതെങ്കിലും ഒന്ന് അഞ്ചു ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ എന്നതോതിലും അഞ്ചു ദിവസം കൂടുമ്പോള്‍ ചെടികളുടെ വളര്‍ച്ചയനുസരിച്ച് 15-20 ഗ്രാം വരെയും നല്‍കാം. തക്കാളി, കാബേജ്, കോളിഫ്‌ളവര്‍, മുളക്, കാപ്‌സിക്കം, വഴുതിന തുടങ്ങിയവയുടെ തൈകള്‍ 20-25 ദിവസം കൊണ്ടും പാവയ്ക്ക, പടവലം, വെള്ളരി, കുമ്പളം, തണ്ണിമത്തന്‍, ചുരയ്ക്ക, പയര്‍ തുടങ്ങിയവയുടെ തൈകള്‍ 15-20 ദിവസങ്ങള്‍ കൊണ്ടും തയാറാക്കാം. തൈകള്‍ പറിച്ചുനടാന്‍ പ്രായമായാല്‍ ജലസേചനവും വളപ്രയോഗവും കുറച്ച് പുറത്തെ കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ പര്യാപ്തമാക്കണം. പ്രോട്രേകള്‍ ഇരുമ്പു ടേബിളുകളില്‍ വ്യക്തമായ ഉയരത്തില്‍ സ്ഥാപിക്കാം.
പോട്ടിംഗ് മിശ്രിതത്തിനു പകരക്കാരന്‍
സാധാരണ തൈനടാന്‍ ഉപയോഗിക്കുന്ന മണ്ണുചേര്‍ന്ന പോട്ടിംഗ് മിശ്രിതമല്ല ഹൈടെക് രീതിയില്‍ ഉപയോഗിക്കുക. ഇതില്‍ രോഗകീട മുക്തമായ ചകിരിച്ചോര്‍ കമ്പോസ്റ്റ്, വെര്‍മിക്കുലേറ്റ്, പെര്‍ലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തിലാണ് ഉപയോഗിക്കുക. മിശ്രിതം വെള്ളം ചേര്‍ത്ത് പുട്ടുപൊടി പരുവത്തിലാക്കിയ ശേഷം ട്രേകളില്‍ നിറയ്ക്കുന്നു. ഈ മിശ്രിതത്തിന് പല ഗുണങ്ങളുണ്ട്. ഭാരം വളരെ കുറവ്്, ജലാംശം നിലനിര്‍ത്താനുള്ള ശേഷി, വെള്ളം വാര്‍ന്നുപോകുന്നതിനുള്ള സൗകര്യം, വേരുകളുടെ വളര്‍ച്ചയ്ക്ക് വായു സഞ്ചാരം, ആഴം, രോഗ കീട മുക്തം എന്നിവയാണ് പ്രധാനം.