ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Thursday, March 28, 2013

തേനീച്ച വളര്‍ത്തല്‍

1. തേനീച്ച വളര്‍ത്തലിന് ആവശ്യമായ വസ്തുക്കള്‍

A)കൂട്: മുകളില്‍ പല തട്ടുകള്‍കൊണ്ട് മൂടപ്പെട്ട ലളിതമായൊരു പെട്ടിയാണിത്. ഇതിന് ഏകദേശം 100 സെ.മീ. നീളം, 45 സെ.മീ. വീതി, 25 സെ.മീ. ഉയരവും വേണം. പെട്ടിക്ക് 2 സെ.മീ. ഘനം, 1 സെ.മീ. അകലമുള്ള പ്രവേശന ദ്വാരങ്ങള്‍ വേണം, നന്നായി സ്‌ക്രൂ ചെയ്ത് ഒട്ടിച്ചതാവണം. മുകളിലുള്ള തട്ടുകള്‍ കൂടുകളുടെ നീളത്തിലായിരിക്കണം. 1.5 സെ.മീ. ഘനത്തില്‍ പെട്ടിക്ക് കുറുകെ സ്ഥാപിക്കു...ന്ന ഇവ ഭാരിച്ച തേന്‍കൂട് തോണ്ടാന്‍ സാധിക്കണം. ഇവയ്ക്കിടയില്‍ 3.3 സെ.മീ. അകലം വേണം, ഓരോ തട്ടുകളുടെയിടയിലൂടെ സ്വതന്ത്രമായി പറന്ന് ഓരോ തട്ടിലും കൂട് മെനയാന്‍ അവയ്ക്ക് കഴിയണം.
B). സ്‌മോക്കര്‍: ഇത് അവശ്യം വേണ്ട മറ്റൊരു ഉപകരണമാണ്. ഒരു ചെറിയ ടിന്‍ ഉപയോഗിച്ച് ഇതുണ്ടാക്കാം. തേനീച്ചകളുടെ കടിയില്‍ നിന്നും രക്ഷപ്പെടാനാണിത്, തേനീച്ചകളെ നിയന്ത്രിക്കുകയും ചെയ്യാം.
C). കത്തി: മുകളിലത്തെ ബാറുകള്‍ പതുക്കെ ഇളക്കാനും, ഹണി ബാറുകള്‍ മുറിച്ചെടുക്കാനും ഉപയോഗിക്കുന്നു.
D). തുണി: കൂടിനടുത്തുനിന്നും ജോലിചെയ്യുമ്പോള്‍ തേനീച്ച കുത്തില്‍ നിന്നും മൂക്കിനെയും കണ്ണുകളെയും രക്ഷിക്കാന്‍
E). തൂവല്‍: കൂടില്‍ നിന്നും ഈച്ചകളെ ആട്ടിയകറ്റാന്‍.
റാണിയെ മാറ്റിനിര്‍ത്താനുള്ളത്
F). തീപ്പെട്ടി
2. തേനീച്ചയിനങ്ങള്‍.
ഇന്ത്യയില്‍ നാലുതരം തേനീച്ചകളുണ്ട്. അവ.
A).റോക്ക് ബീ (ഏപിസ് ഡോര്‍സാറ്റി) - ഇവ നന്നായി തേന്‍ ശേഖരിക്കും, കോളനി ഒന്നിന് 50 - 80 കിലോ ശരാശരി തേന്
B).ലിറ്റില്‍ ബീ (ഏപിസ് ഫ്‌ളോറിയ): ഇവ തേന അധികം നല്‍കാത്തവയാണ്. കോളനി 200-900 ഗ്രാം തേന്
C). ഇന്ത്യന്‍ ബീ (ഏപിസ് സെറാന ഇന്‍സിക്ക): ഇവ വര്‍ഷംതോറും കോളനി ഒന്നിന് 6-8 കിലോ തേന്‍ നല്‍കുന്നു.
D). യൂറോപ്യന്‍ ബീ (ഇറ്റാലിയന്‍ ബീ ഏപിസ് മെല്ലിഫെറ): കോളനി ഒന്നിന് ഇവയുടെ ശരാശരി ഉത്പാദനം 25 - 40 കിലോ.
കൊമ്പില്ലാത്ത തേനീച്ച (ട്രി ഗോണ്ട ഇറിഡിപ്പെന്നിസ്): മേല്‍പ്പറഞ്ഞവ കൂടാതെ കേരളത്തില്‍ മറ്റൊരിനം തേനീച്ചയുണ്ട്. കൊമ്പില്ലാത്തവ. ശരിക്കും കൊമ്പില്ലാത്തതല്ല, മറിച്ച് അതിനുള്ള കഴിവ് പൂര്‍ണ്ണമായി രൂപപ്പെടാത്തവയാണ്. ഇവ പരാഗണത്തിന് വിദഗ്ധരാണ്. വര്‍ഷംതോറും 300-400 ഗ്രാം തേന്‍ നല്‍കും.

3. കൂടുകള്‍ സ്ഥാപിക്കേണ്ടത് എങ്ങനെ ?

 നന്നായി ഉണങ്ങിയ തുറസായ സ്ഥലത്ത്, പ്രത്യേകിച്ച് ധാരാളം തേന്‍, പൂമ്പൊടി, വെള്ളം എന്നിവ ലഭിക്കുന്ന പൂന്തോട്ടങ്ങള്‍ക്കടുത്ത് കൂട് സ്ഥാപിക്കണം.
സൂര്യപ്രകാശത്തില്‍നിന്നും സംരക്ഷണം നല്‍കി കൂടിനുള്ളില്‍ അനുകൂലമായ താപം നിലനിര്‍ത്തണം.
കൂട് ഉറപ്പിച്ചിരിക്കുന്ന സ്റ്റാന്‍ഡിന് ചുറ്റും ആന്‍റ് വെല്ലുകള്‍ ഉറപ്പിക്കണം. കോളനികള്‍ കിഴക്ക് ദിശ നോക്കി വയ്ക്കുക, കൂടിന്‍റെ ദിശയില്‍ ചെറിയ വ്യതിയാനങ്ങള്‍ വരുത്തണം, ഇത് മഴയില്‍നിന്നും വെയിലില്‍ നിന്നും രക്ഷിക്കും.
കന്നുകാലികള്‍, മറ്റ് മൃഗങ്ങള്‍, തിരക്കേറിയ റോഡുകള്‍, തെരുവ് വിളക്കുകള്‍ എന്നിവയില്‍ നിന്നും അകലെ സ്ഥാപിക്കുക.

4. തേനീച്ച കോളനി സ്ഥാപിക്കല്

തേനീച്ച കോളനി സ്ഥാപിക്കാന്‍, കാട്ടില്‍ നിന്നും കൊണ്ടുവന്നോ അതോ തേനീച്ച കൂട്ടത്തെ ആകര്‍ഷിച്ചുകൊണ്ടുവന്നോ ചെയ്യാം.
തയ്യാറാക്കിയ കൂടിനുള്ളില്‍ തേനീച്ചകളെ വയ്ക്കുന്നതിനുമുമ്പ്, പഴയ കൂടിന്‍റെ അവശിഷ്ടമോ, മെഴുകോ ഉപയോഗിച്ച് മിനുക്കി പരിചിതമായ അന്തരീക്ഷം ഉണ്ടാക്കണം.
സാധ്യമെങ്കില്‍ റാണിയീച്ചയെ സ്വാഭാവിക കൂട്ടത്തില്‍ നിന്നും പിടിച്ച് കൂടിനുള്ളില്‍ ആക്കി മറ്റ് തേനീച്ചകളെ ആകര്‍ഷിക്കാം.
കുറച്ച് ആഴ്ചകള്‍, അരകപ്പ് ചൂടുവെള്ളത്തില്‍ അരകപ്പ് പഞ്ചസാര കലക്കി കൂടിനുള്ളില്‍ വയ്ക്കുക. ഇവ ആഹാരമായും തേനീച്ച കൂട് വേഗം നിര്‍മ്മിക്കാനുള്ള പ്രേരണ നല്‍കും.
എണ്ണം അധികമാകരുത്

5. കോളനികള്‍ നിയന്ത്രിക്കുന്ന വിധം
 തേനുല്‍പാദനം ഉള്ള സമയത്ത്, ആഴ്ചയിലൊരിക്കലെങ്കിലും കൂട് പരിശോധിക്കുക, പ്രത്യേകിച്ച് രാവിലെ
മേല്‍ക്കൂര, സൂപ്പര്‍/ സൂപ്പറുകള്‍, ബ്രൂഡ് അറകള്‍, ഫ്ലോര്‍ ബോഡ് എന്ന ക്രമത്തില്‍ കൂട് വൃത്തിയാക്കുക.
 ആരോഗ്യവതിയായ റാണിയീച്ച, വംശവര്‍ദ്ധനവ്, തേന്‍, പൂമ്പൊടി എന്നിവയുടെ ശേഖരണം, റാണി അറകളുടെ സാന്നിദ്ധ്യം, തേനീച്ച വര്‍ദ്ധന, മടിയന്‍മാരുടെ വളര്‍ച്ച എന്നിവ നിരീക്ഷിക്കാന്‍ കൃത്യമായി കൂട് പരിശോധിക്കുക.
 തേനീച്ച ശത്രുക്കളുടെ ഉപദ്രവമുണ്ടോ എന്ന് നോക്കുക. അവ
വാക്‌സ്‌മോത്ത് (ഗാലറിയ മെല്ലോണെല്ല) - തേനീച്ച കൂടിന്‍റെ മുക്കിനും മൂലകളിലും ഉള്ള പട്ടുപോലുള്ള കോശഘടനയെയും എല്ലാ ലാര്‍വകളെയും നശിപ്പിക്കുക.
വാക്‌സ്ബീറ്റിലുകള്‍ (പ്ലാറ്റിബോളിയം എസ്.പി.) – പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കരിവണ്ടുകളെ ശേഖരിച്ച് നശിപ്പിക്കുക.
ചെറുകീടങ്ങള്‍- പൊട്ടാസ്യം പെര്‍മാഗനേറ്റ് ലായനിയില്‍ മുക്കിയ പഞ്ഞികൊണ്ട് കൂടിനകം, ചട്ടക്കൂട്, തറ എല്ലാം നന്നായി തുടക്കുക. കീടങ്ങള്‍ പൂര്‍ണ്ണമായി കാണാതാവുന്നതുവരെ ഇത് ആവര്‍ത്തിക്കുക.
ഉത്പാദനക്കുറവുളള സീസണിലെ ക്രമീകരണം
 സൂപ്പറുകള്‍ മാറ്റുക, ലഭ്യമായ ആരോഗ്യമുള്ള ബ്രൂഡുകളെ ബ്രൂഡ് ചേമ്പറിനുള്ളില്‍ ഒതുക്കി ക്രമീകരിക്കുക.
വേണമെങ്കില്‍ വിഭജിക്കുന്ന മറവെക്കുക.
 കണ്ടെത്തിയാല്‍ ക്ലീന്‍ സെല്ലുകളെയും ഡ്രോണ്‍ സെല്ലുകളെയും നശിപ്പിക്കുക.
ഇന്ത്യന്‍ തേനീച്ചകള്‍ക്ക് ആഴ്ചയൊന്നിന്, ഒരു കോളനിക്ക് 200 ഗ്രാം പഞ്ചസാര ചേര്‍ത്ത ലായനി (1 : 1) നല്‍കുക
 മോഷണം ഒഴിവാക്കാന്‍ എല്ലാ കോളനിയിലും ഒരേസമയം ആഹാരം നല്‍കുക
തേനുല്‍പാദന കാലത്തിന് മുമ്പുതന്നെ കോളനിയില്‍ ആവശ്യമായ ഈച്ചയുടെ എണ്ണം സജ്ജീകരിക്കുക
ഒന്നാം സൂപ്പറിനും ബ്രൂഡ് ചേമ്പറിനുമിടയില്‍ പരമാവധി സ്ഥലം ലഭ്യമാക്കുക, എന്നാല്‍ ആദ്യ സൂപ്പറിനുമുകളില്‍ വേണ്ട.
റാണിയെ ബ്രൂഡ് ചേമ്പറിനുള്ളില്‍ തന്നെ നിര്‍ത്താന്‍ വിധത്തില്‍ ബ്രൂഡിനും സൂപ്പര്‍ ചേമ്പറിനുമിടയില്‍ ക്വീന്‍ എക്‌സ്‌ക്ലൂഡര്‍ ഷീറ്റുകള്‍ വയ്ക്കുക.
ആഴ്ചയിലൊരിക്കല്‍ കോളനി പരിശോധിക്കുക. തേന്‍ നിറഞ്ഞ തട്ടുകള്‍ സൂപ്പറിന്‍റെ വശങ്ങളിലേയ്ക്ക് മാറ്റുക. മുക്കാല്‍ ഭാഗം തേന്‍ അഥവാ പൂമ്പൊടിയും ഒരുഭാഗം സീല്‍ ചെയ്ത ബ്രൂഡും കൊണ്ട് നിറഞ്ഞ തട്ടുകള്‍ ചേമ്പറിനുള്ളില്‍ നിന്നും മാറ്റി പകരം ഒഴിഞ്ഞ തട്ടുകള്‍ അവിടെ വയ്ക്കുക.
പൂര്‍ണ്ണമായി സീല്‍ ചെയ്ത തേന്‍കൂട് അഥവാ മൂന്നില്‍ രണ്ട് ഭാഗം നിറഞ്ഞ കൂട് അടച്ച് തേന്‍ ശേഖരിച്ചശേഷം, സൂപ്പറുകളിലേക്ക് തിരിച്ച് വയ്ക്കുക.

6. തേന്‍ ശേഖരണം
 തേന്‍ എടുക്കാനുദ്ദേശിക്കുന്ന ഭാഗത്ത് പുകച്ച് തേനീച്ചകളെ അകറ്റിയശേഷം, ശ്രദ്ധയോടെ തേന്‍കൂട് ചെത്തിയെടുക്കുക.
ഒക്‌ടോബര്‍/ നവംബര്‍, ഫെബ്രുവരി-ജൂണ്‍ എന്നീ രണ്ട് പൂക്കാലങ്ങള്‍ക്ക് ശേഷമാണ് തേനെടുക്കുന്നത്.
തേന്‍ നിറഞ്ഞ് പാകമായ കൂട് ഇളംനിറത്തിലായിരിക്കും. ഇരുവശങ്ങളിലും ഉള്ള പകുതിയിലധികം തേനറകള്‍ മെഴുകിനാല്‍ അടച്ചിരിക്കും.
തേനീച്ച വളര്‍ത്തല്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട സംരംഭമാണ്, ആയതിനാല്‍ കൃഷിക്കാര്‍ക്ക് രണ്ടാമതൊരു വരുമാന മാര്‍ഗ്ഗമായി സ്വീകരിക്കാവുന്നതാണ്.
തേനീച്ചകള്‍ പൂവിലെ തേനിനെ (പൂന്തേന്‍-നെക്റ്റര്‍) മധുരമുള്ള തേന്‍ ആക്കി മാറ്റുകയും തങ്ങളുടെ കൂട്ടില്‍ സംഭരിച്ചു വയ്ക്കുകയും ചെയ്യുന്നു.
ഒരു സ്ഥിരവരുമാനം നല്കുന്നുവെന്ന തലത്തില്‍ തേനീച്ച വളര്‍ത്തലിന്‍റെ ആനുകൂല്യങ്ങള്‍ എന്തെല്ല മെന്നു നോക്കാം ----
 തേനീച്ച വളര്‍ത്തലിന് കുറഞ്ഞ സമയം, പണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ മതിയാകും.
കാര്‍ഷിക മൂല്യമുള്ള ചെറിയ പ്രദേശത്തുനിന്നുതന്നെ തേനും മെഴുകും ഉത്പാദിപ്പിക്കാം.
മറ്റേതെങ്കിലും കാര്‍ഷിക ഉദ്യമങ്ങളുമായി വിഭവങ്ങളുടെ കാര്യത്തില്‍ തേനീച്ച വളര്‍ത്തലിനെ താരതമ്യപ്പെടുത്താനാവില്ല
തേനീച്ച വളര്‍ത്തലിന് അനുകൂലമായ പാരിസ്ഥിതിക പരിണിതഫലങ്ങളുണ്ട്. പുഷ്പിക്കുന്ന ചെടികളില്‍ പരാഗണത്തില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് തേനീച്ചകള്‍, അതിനാല്‍ ചില പ്രത്യേകയിനം ഫലങ്ങള്‍, സൂര്യകാന്തി പോലുള്ള പൂക്കള്‍ എന്നിവയില്‍ മികച്ച ഫലം നല്‍കുന്നു.
തേന്‍ സ്വാദിഷ്ഠവും, ഉയര്‍ന്ന പോഷകമൂല്യമുള്ള ഭക്ഷണവുമാണ്. പാരമ്പര്യ രീതിയില്‍ തേന്‍ ശേഖരിക്കുമ്പോള്‍ തേനീച്ചകളുടെ കോളനികള്‍ക്ക് വലിയ നാശം ഉണ്ടാകുന്നു. ഇത് തടയുവാന്‍ തേനീച്ചകളെ പെട്ടികളില്‍ വളര്‍ത്തി, വീട്ടില്‍ വച്ചുതന്നെ തേന്‍ ഉത്പാദിപ്പിക്കാം.
വ്യക്തികള്‍ക്കോ സംഘങ്ങള്‍ ചേര്‍ന്ന് തേനീച്ചകളെ വളര്‍ത്താം.
തേനിനും, മെഴുകിനും വിപണിയില്‍ നല്ല വില ലഭിക്കും.
വിവരങ്ങള്‍ക്ക് കടപ്പാട് :-http://www.dainet.org/ , http://www.vuatkerala.org/,http://www.indg.in/.

Monday, March 25, 2013

വേനല്‍ച്ചൂടില്‍നിന്ന് റബ്ബര്‍ തൈകളെ രക്ഷിക്കാം

എം.എ.സുധീര്‍ബാബു, പട്ടാമ്പി


വേനല്‍ച്ചൂട് രൂക്ഷമാവുകയാണ്. ചൂടിന്റെ ആഘാതം റബ്ബര്‍ത്തൈകള്‍ക്കും തോട്ടത്തില്‍ നട്ടിരിക്കുന്ന ചെറിയ തൈകള്‍ക്കും പ്രശ്‌നമാണ്. ഇവ ഉണങ്ങി നശിക്കാന്‍ സാധ്യതയുണ്ട്. നഴ്‌സറിയിലെ ചെറുതൈകളില്‍ തണ്ട് മണ്ണുമായി യോജിക്കുന്ന ഭാഗത്താണ് ഉണക്ക് വരുന്നത്.
തണ്ടിനുചുറ്റും ഉണങ്ങുകയും തൈകള്‍ മുഴുവനായി നശിക്കുകയും ചെയ്യും. തൈകള്‍ക്ക് ചുറ്റിലുമുള്ള ഭാഗത്തെ മണ്ണ് ക്രമാതീതമായി ചൂടാകുന്നതിനാലാണ് ചെറിയ തൈകള്‍ ഉണങ്ങുന്നത്.
റബ്ബര്‍ത്തൈകള്‍ക്കുചുറ്റും തടങ്ങളില്‍ ഉണങ്ങിയ ചപ്പുചവറുകളും ഉണക്കയിലയും പുതയിട്ടാല്‍ ഇതിനാശ്വാസം കിട്ടും. തോട്ടപ്പയര്‍, ആഫ്രിക്കന്‍ പായല്‍ എന്നിവ ഇതിന് ഉപയോഗിക്കാം. തോട്ടത്തില്‍ നട്ടിട്ടുള്ള ചെറിയ റബ്ബര്‍ത്തൈകളില്‍ ചുവടുഭാഗത്ത് തെക്കുപടിഞ്ഞാറ് വശത്തോ തെക്കുഭാഗത്തോ ആണ് സാധാരണ ഉണക്കേല്‍ക്കുന്നത്. വെയിലേറ്റാല്‍ തൈകളുടെ അടിവശത്ത് തൊലി ഉണങ്ങുകയും ചിലയവസരത്തില്‍ കറ പൊട്ടിയൊഴുകുകയും ചെയ്യും. ഉണങ്ങിയ തൊലി ത്രികോണാകൃതിയില്‍ തടിയോട് ഒട്ടിയിരിക്കുന്നത് കാണാം.
വേനലാരംഭത്തില്‍ത്തന്നെ തോട്ടത്തിലെ ചെറുതൈകള്‍ക്കുചുവട്ടില്‍ പുതയിടണം. ഉണങ്ങിയ ഇലകള്‍, തോട്ടപ്പയര്‍ എന്നിവ ഉപയോഗിച്ച് പുതയിടുന്നതുവഴി മണ്ണിലെ നനവ് നിലനിര്‍ത്താം. ജൈവാംശംകൂടി മണ്ണിന്റെ വളക്കൂറ് വര്‍ധിക്കും. കളകള്‍ക്ക് വളരാന്‍ പറ്റില്ല. ചെറിയതൈകള്‍ക്ക് മുളയോ ഈറ്റയോ ഉപയോഗിച്ച് തണല്‍ നല്‍കാം. തെങ്ങോല മെടഞ്ഞതും നല്ലതാണ്.
ഒരുവര്‍ഷത്തിലേറെ പ്രായമായ തൈകളുള്ള തോട്ടങ്ങളിലും കൂടത്തൈകള്‍ നട്ടിരിക്കുന്ന തോട്ടങ്ങളിലും തൈകളില്‍ തറനിരപ്പില്‍നിന്ന് തൊലിയില്‍ തവിട്ടുനിറമെത്തിയ ഭാഗംവരെ വെള്ളപൂശുന്നത് ഉത്തമമാണ്. നല്ല കക്കനീറ്റിയ ചുണ്ണാമ്പുതന്നെയാണ് ഉത്തമം. ചുണ്ണാമ്പിനോടുകൂടി തുരിശ് ചേര്‍ക്കേണ്ടതില്ല.
സൂര്യാഘാതമേറ്റാല്‍ തെലിയുണങ്ങും. ഇത്തരം തൈകളില്‍ ഉണങ്ങിയ ഭാഗം നന്നായി ചെത്തി വൃത്തിയാക്കി കുമിള്‍നാശിനി ഉപയോഗിച്ച് നന്നായി കഴുകണം. നന്നായി ഉണങ്ങിയശേഷം വേഗത്തില്‍ റബ്ബര്‍തൊലി വളര്‍ന്നുവരാന്‍ 'റബ്ബര്‍കോട്ട്' പോലെയുള്ള പെട്രോളിയം ഉത്പന്നം പുരട്ടണം. പിന്നീട് വെയിലടിക്കാതിരിക്കാന്‍ ഇതിനുമുകളില്‍ നന്നായി വെള്ളപൂശുകയും വേണം.

കടപ്പാട് : മാതൃഭൂമി കൃഷി

Saturday, March 9, 2013

അപൂര്‍വനാടന്‍ നെല്‍വിത്തിനങ്ങളുമായി രാമന്‍


നാടന്‍ നെല്ലിനങ്ങളുടെ കലവറയായിരുന്നു വയനാട്. ചോറിനും പലഹാരത്തിനും ഔഷധത്തിനുമൊക്കെ യോജിച്ച 120-ഓളം നെല്ലിനങ്ങളാണ് ഇവിടെ കൃഷിചെയ്തിരുന്നത്. ഇവയില്‍ കുറേയെങ്കിലും ഇന്നും നിലനില്‍ക്കുന്നതിനു കാരണം പരമ്പരാഗതമായി നെല്ല് കൃഷിചെയ്യുന്ന ആദിവാസി ജനസമൂഹങ്ങളാണ്. കുറിച്യസമുദായത്തില്‍പ്പെട്ട ചെറുവയല്‍ രാമന്‍ 35 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നു.
നെല്ല്, റാഗി, കന്നുകാലികള്‍ എന്നിവ കുറിച്യരുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. ഭക്ഷണത്തിനും ആചാരത്തിനും നെല്ല് കൂടിയേ തീരൂ. ചെറുവയല്‍ രാമന്‍ മാനന്തവാടി ചെറുവയല്‍ സ്വദേശിയാണ്. തലയ്ക്കല്‍ ചന്തുവിന്റെ പിന്‍ഗാമികളായി കരുതപ്പെടുന്ന കുലങ്ങളില്‍പ്പെട്ട തലക്കര കുലത്തിന്റെ അംഗം. പത്താംവയസ്സില്‍ തുടങ്ങിയ കൃഷി, രാമന്‍ ഇന്നും തുടരുന്നു. കൃഷിപ്പണികള്‍ എല്ലാം ഇപ്പോഴും സ്വന്തമായിത്തന്നെയാണ് ചെയ്യുക.
ആദ്യകാലത്ത് ചോറിനുള്ള നെല്ല് വിളയിക്കുകയായിരുന്നു കൃഷിയുടെ ലക്ഷ്യം. അതിനപ്പുറം, നാടന്‍ നെല്‍വിത്തുകള്‍ വിലപ്പെട്ടതാണെന്നും അവ പരിരക്ഷിക്കപ്പെടണമെന്നുമുള്ള ചിന്തയുണ്ടായത് യാദൃച്ഛികമായാണ്. അമ്പതു വര്‍ഷം മുമ്പ് പഴയ രേഖകളും വസ്തുക്കളുമൊക്കെ അന്വേഷിച്ച് അപരിചിതനായ ഒരാള്‍ രാമനെ കാണാനെത്തി. അദ്ദേഹമാണ് നാടന്‍ വിത്തുകളുടെ മഹത്ത്വം പറഞ്ഞ് ബോധ്യപ്പെടുത്തുന്നത്. വിലപ്പെട്ട പാരമ്പര്യഗുണങ്ങളുടെ കലവറകളാണ് നാടന്‍ ഇനങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ ചെറുവയല്‍ രാമന്‍ നാടന്‍ നെല്‍വിത്തുകളുടെ കാവലാളായി.
 ഇന്ന് ഒന്നരയേക്കര്‍ വയലില്‍ 35 നാടന്‍ ഇനം നെല്ലുകള്‍ രാമന്‍ കൃഷിചെയ്ത് സംരക്ഷിക്കുന്നു. പരമ്പരാഗതമായി നാലിനമാണ് രാമന്‍ കൃഷിചെയ്തിരുന്നത്. കുറേയെണ്ണം ഊരിലെ പ്രായമായവരുടെ പക്കല്‍നിന്ന് ശേഖരിച്ചു. ക്ഷേത്രാചാരത്തിന് പലയിനം നെല്ലുകള്‍ കുറിച്യര്‍ ഉപയോഗിക്കുന്നുണ്ട്. ആ വഴിക്കും കുറേ ഇനങ്ങള്‍ കിട്ടി. സമാന മനസ്‌കരായ ചിലര്‍ രാമന് നാടന്‍ നെല്ലിനങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. വീട്ടിലെ ഭക്ഷണാവശ്യത്തിനു തൊണ്ടി എന്ന ഇനമാണ് കൃഷിചെയ്യുന്നത്. മറ്റുള്ളവ വിത്താവശ്യത്തിനായി കൃഷിചെയ്യുന്നു. മുണ്ടകന്‍, ചെന്താടി, ചെന്നെല്ല്, ചേറ്റുവെള്ളിയന്‍, വെളിയന്‍, ഓണമൊട്ടന്‍, ജീരകശാല, ഗന്ധകശാല, തൊണ്ണൂറാം പുഞ്ച, നവര, കയമ, കുറുമ്പാളി, കറുത്തന്‍ തുടങ്ങി വിശിഷ്ടമായ ഒട്ടേറെ ഇനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.
സമ്പൂര്‍ണ ജൈവകൃഷിയാണ് രാമന്‍ അനുവര്‍ത്തിക്കുന്നത്. മൂന്നു പശുക്കളുള്ളതിനാല്‍ ആവശ്യത്തിന് ചാണകം കിട്ടും. കൂടാതെ ചാരവും ചവറും ലോഭമില്ലാതെ നെല്ലിനു നല്‍കുന്നു. രാസകൃഷിയല്ലാത്തതിനാല്‍ തവള, തുമ്പി, ചിലന്തി തുടങ്ങിയ മിത്രജീവികള്‍ കൃഷിയിടത്തിലെ കീടങ്ങളെ തിന്നൊടുക്കും. കര്‍പ്പൂരച്ചെടിപോലുള്ള രൂക്ഷഗന്ധം വമിക്കുന്ന ചെടികള്‍ നാട്ടിവെക്കുന്നതും കൃഷിയിടത്തിലെ വെള്ളം വറ്റിക്കുന്നതുമാണ് കീടങ്ങളെ തുരത്താനുള്ള മറ്റു മാര്‍ഗങ്ങള്‍. ജൈവവളങ്ങള്‍ കരുത്തുനല്‍കുന്നതിനാലും പ്രതിരോധശേഷി കൂടിയതിനാലും നാടനിനങ്ങള്‍ക്ക് രോഗകീടബാധ കുറവാണെന്നാണ് രാമന്റെ അനുഭവം.
നെല്‍വിത്തിന്റെ സംഭരണത്തില്‍ പരമ്പരാഗതരീതിയാണ് രാമന്‍ അനുവര്‍ത്തിക്കുന്നത്. വിളവെടുത്ത നെല്ലിനെ ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിക്കുന്നു. തുടര്‍ന്ന് മുളങ്കുട്ട ചൂടാക്കി വെയിലിന്റെ ചൂടോടെ നെല്ലിനെ അതില്‍ സംഭരിക്കും. വൈക്കോല്‍, കൂടാരംപോലെ കെട്ടിയുണ്ടാക്കുന്ന വിത്തുകൂടയും നെല്‍സംഭരണത്തിന് ഉപയോഗിക്കുന്നുണ്ട്. പുഴുങ്ങിക്കുത്തിയ അരിയും ഈവിധം സംഭരിക്കാം. വിത്താകട്ടെ, രണ്ടു വര്‍ഷംവരെ മുളയ്ക്കല്‍ശേഷി നഷ്ടപ്പെടാതെ പരമ്പരാഗതരീതിയില്‍ സൂക്ഷിക്കാനാവും.
വിത്തിനായുള്ള കൃഷിയാണ് ഏറെയെന്നതിനാല്‍ പ്രതിവര്‍ഷം 15,000 രൂപയോളം ഈയിനത്തില്‍ രാമന് ചെലവാകുന്നു. ഭക്ഷണാവശ്യത്തിനു വിളയിക്കുന്ന നെല്ല് വീട്ടുകാരെയും അതിഥികളെയും ഊട്ടാനേ തികയുകയുള്ളൂ. ഒരു കൃഷി മാത്രമാണ് വര്‍ഷത്തില്‍ ചെയ്യുക. നെല്‍കൃഷി പോയിട്ടുള്ള മൂന്നേക്കര്‍ ഭൂമിയില്‍ കാപ്പി, കുരുമുളക്, ചേന, ചേമ്പ്, വാഴ എന്നിവ കൃഷിചെയ്ത് രാമന്‍ ഈ നഷ്ടം നികത്താന്‍ ശ്രമിക്കുന്നു. ജൈവ അരിക്കും ജൈവ ഭക്ഷ്യഉത്പന്നങ്ങള്‍ക്കും മെച്ചപ്പെട്ട വില ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ വയനാട്ടില്‍ നെല്‍കൃഷി നിലനില്‍ക്കുമെന്നാണ് രാമന്റെ പ്രതീക്ഷ.
ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍