Tuesday, April 3, 2012

ജലസേചനം


ഒരു വയലിലെ ജലസേചനം

സ്പ്രിങ്ക്ളർ ഉപയോഗിച്ചുള്ള ജലസേചനം
മണ്ണിലേക്ക് കൃത്രിമമായി വെള്ളമെത്തിക്കുന്ന പ്രക്രിയയാണ് ജലസേചനം (Irrigation).

ആവശ്യത്തിന് മഴ ലഭിക്കാത്തപ്പോൾ കാർഷികാവശ്യത്തിനായി വെള്ളമൊഴിക്കൽ ‍, വെള്ളം നനയ്ക്കൽ , വെള്ളം എത്തിക്കൽ എന്നിവ നടത്തിയാൽ അത് ജലസേചനമായി. കാർഷിക വിളകളുടെ വിളവു വർദ്ധിപ്പിക്കാനോ ഉദ്യാനഭംഗി കൂട്ടാനോ വരണ്ട നിലങ്ങളിൽ പുതിയതായി കൃഷി തുടങ്ങാനോ ജലസേചനം നടത്താം. മഞ്ഞുവീഴ്ചയുടെ പ്രശ്നങ്ങളിൽനിന്ന് ചെടികളെ രക്ഷിക്കാനോ അനിയന്ത്രിതമായി കളകൾ വളരുന്നത് നിയന്ത്രിക്കാനോ മണ്ണ് അടിച്ചുറപ്പിക്കാനോ ജലസേചനം നടത്താം.[1]

കിണറുകളിൽനിന്ന് വെള്ളമെടുത്ത് തൊട്ടികളിൽ നിറച്ച് നേരിട്ട് ചെടികളുടെ ചുവട്ടിലെത്തിക്കുന്നതാണ് ഏറ്റവും ലളിതവും പ്രാകൃതവുമായ ജലസേചനരീതി. തോടുകളോ പുഴകളോ വഴിതിരിച്ചുവിട്ട് കുറേയേറെ പ്രദേശങ്ങളിൽ വെള്ളമെത്തിക്കുന്നതാണ് മറ്റൊരു രീതി. നദികളിൽ അണകെട്ടി, വെള്ളം സംഭരിച്ചുവച്ചശേഷം ആവശ്യമുള്ള കാലത്ത് ആവശ്യമുള്ള അളവിൽ കനാലുകൾ വഴി എത്തിക്കുന്നതാണ് പരിഷ്കരിച്ച രീതി.

ശാസ്ത്രത്തിൻറെ വികാസമനുസരിച്ച് ജലസേചന രീതികളിലും പദ്ധതികളിലും നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. തുള്ളിനന രീതി (Drip Irrigation), ഉപരിതല നന രീതി (Surface Irrigation), സ്പ്രിങ്ക്ളർ നന രീതി (Sprinkler Irrigation) തുടങ്ങിയവയാണ് നൂതനമായ ജലസേചനരീതികൾ
------------
ജലസേചന ഉപകരണങ്ങൾ

ജലചക്രം

കായൽ നിലങ്ങളിലും (കുട്ടനാട്, കോൾ നിലങ്ങൾ) ആഴം കൂടിയ പാടങ്ങളിലും വെള്ളം വറ്റിക്കുന്നതിനായുള്ള കർഷികോപകരണമാണ്‌ ജലച്ചക്രം. ജലം തേവാനും ഇവ ഉപയോഗിച്ചിരുന്നു. മരം കൊണ്ടുണ്ടാക്കിയ ദളങ്ങളോടുകൂടിയ വൃത്താകൃതിയിലുള്ള (ടർബൈൻ) ഉപകരണമാണിവ. നെൽകൃഷിക്കായി മുൻ‌കാലങ്ങളിൽ ധാരാളം ഉപയോഗിച്ചിരുന്നതും, ഇപ്പോൾ വിരളമായിക്കോണ്ടിരിക്കുന്നതുമായ ഒരു ജലസേചന ഉപാധിയാണ് ചക്രം. അടുത്തകാലത്തഅയി വൈദ്യുത യന്ത്രം ഘടിപ്പിച്ച ചക്രങ്ങൾ ഉപയോഗിക്കുന്നു. തടിപ്പെട്ടിക്കുള്ളിൽ തിരശ്ചിനമായി വക്കുന്ന ചക്രത്തെ യന്ത്രസഹായത്തോടെ കറക്കിയാണിത് സദധ്യമാക്കുന്നത്.
.

ഉള്ളടക്കം
1 രൂപകൽപന
2 ചക്രക്കാരൻ
3 പേർഷ്യൻ ചക്രം
4 മറ്റു ജലസേചന ഉപകരണങ്ങൾ
5 അവലംബം


രൂപകൽപന

മരം കൊണ്ടാണ്‌ ചക്രം ഉണ്ടാക്കുന്നത്. (പ്രധാന ഭാഗം ദളങ്ങൾ അഥവാ ചക്രപ്പല്ലുകൾ/ഇലകൾ ആണ്‌. 4,മുതൽ 25വരെ എണ്ണം ദളങ്ങൾ ഉള്ള ചക്രങ്ങൾ ഉണ്ട്. ദളങ്ങളുടെ വലിപ്പമനുസരിച്ചും ചക്രങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. ഈ ദളങ്ങൾ മരത്തിൽ നിർമ്മിച്ച ചട്ടക്കൂടിനു വെളിയിലേക്ക് തള്ളി നിൽകുന്നു. ചക്രത്തിന്റെ വലിപ്പത്തിനു ആനുപാതികമായായിട്ടാണ്‌ ചക്രപ്പല്ലുകളുടെ എണ്ണം. 25 ചക്രപ്പല്ലുകൾ ഉള്ള ചക്രത്തിന്‌ 10 അടിയോളം വ്യാസമെങ്കിലും ഉണ്ടായിരിക്കും. ഭൂരിഭാഗം ചക്രങ്ങളും വൃത്താകൃതിയിലാണെങ്കിലും ചതുരഅകൃതിയിലും ഷഡ്‌ഭുജാകൃതിയിലും ചക്രങ്ങൾ ഉണ്ടാക്കാറുണ്ട്. ചതുരചക്രങ്ങൾക്ക് നാലും ഷഡ്ഭുജാകൃതിയിലുള്ളവക്ക് ആറും ദളങ്ങളാണുണ്ടാവുക.

അടിയിലെ പല്ലുകൾ വെള്ളത്തിൽ മുങ്ങത്തക്കവിധം ജലം ഒഴുക്കേണ്ട ചാലിന്റെ വീതിയിൽ‍ തടിയിൽ നിർമ്മിച്ച കൂട് ചെളിയിൽ ഉറപ്പിക്കുന്നു. അതിനുള്ളിലാണ് തേക്കിലോ വീട്ടിയിലോ നിർമ്മിച്ച ‍ചക്രം സ്ഥാപിക്കുന്നത്. ചക്രത്തിന്റെ പിന്നിൽ മുളയിൽ നിർമ്മിച്ച ചട്ടക്കൂടിനു മുകളിൽ ഇരുന്ന് കാലുകൾ വച്ച് ചവിട്ടുമ്പോൾ ചക്രം തിരിയുകയും അതേ ദിശയിൽ ജലം ഒഴുകുകയും ചെയ്യും.ജലസേചനം നടത്തേണ്ട പാടത്തിന്റെ വലിപ്പമനുസരിച്ച് ചക്രത്തിന്റെ വലിപ്പവും വ്യത്യാസപ്പെടുന്നു. വലിപ്പം കൂടുതലുള്ള ചക്രങ്ങൾ ചവിട്ടുവാൻ രണ്ടോ അതിൽ കൂടുതൽ ആളുകളോ വേണ്ടിവരും. വലിയ ചക്രങ്ങൾ മുഖ്യമായും വെള്ളം വറ്റിക്കാനാണുപയോഗിച്ചിരുന്നതെങ്കിൽ ചെറിയവ വെള്ളം തേവാനാണുപയോഗിച്ചിരുന്നത്.

ചക്രക്കാരൻ

ചക്രം ചവിട്ടുന്നവരെയാണ്‌ ചക്രക്കാരനെന്നു വിളിക്കുന്നത്. ചക്രത്തിന്റെ പിന്നിൽ മുളയിൽ നിർമ്മിച്ച ചട്ടക്കൂടിനു മുകളിൽ ഇരുന്ന് കാലുകൾ വച്ച് ചവിട്ടുകയാണ്‌ ചെയ്യുന്നത്. ചക്രത്തിന്റെ വലിപ്പം അനുസരിച്ച് ചവിട്ടുകാരുടെ എണ്ണവും വർദ്ധിക്കും 20-25 വരെ ദളമുള്ള ചക്രം ചവിട്ടണമെങ്കിൽ 25 ഓളം ചക്രക്കാർ വേണ്ടിവരും. വലിയ ചക്രങ്ങൾ ചവിട്ടാനായി പല തട്ടുകളായാണ്‌ പടികൾ ക്രമീകരിക്കുക. ഓരോ തട്ടിലും രണ്ടു പേർ വീതം ഇരുന്ന് ചക്രങ്ങൾ ചവിട്ടുന്നു. ചിലർ ഇരുന്നും ചിലർ നിന്നും ചക്രങ്ങൾ ചവിട്ടും. ഏറ്റവും പരിചയ സമ്പന്നനായ ആളായിരിക്കും ഏറ്റവും മുകളിൽ ഉണ്ടാവുക. ചവിട്ടു തുടങ്ങിയാൽ പാടത്തിലെ വെള്ളം വറ്റുന്നതു വരെ മൂന്നു നാലു ദിവസം നിർത്തതെ ചക്രം തിരിക്കാറുണ്ട്. ഇടക്കു വിശ്രമം വേണ്ടവർക്ക് പകരം പുതിയ ചക്രക്കാർ വന്നിരിക്കും. ആറാറു മണിക്കൂറ് ഇടവിട്ടാണ്‌ ചക്രക്കാര് മാറുക.

3 ചക്രങ്ങളൂം 36 ആളുകളുമുണ്ടെങ്കിൽ 10 പറ കണ്ടത്തിൽ നിന്നും മൂന്ൻ അടി വെളളം ഒരു ദിവസം കൊണ്ട് വറ്റിക്കാൻ സാധിക്കും. 174800 കുബിക് അടിയാണിത് എന്ന് ബുക്കാനൻ വിവരിച്ചിട്ടുണ്ട്.

പേർഷ്യൻ ചക്രം

ഉത്തരേന്ത്യയിൽ ഉപയോഗിക്കുന്ന ഒരു ജലസേചനോപാധിയാണ് പേർഷ്യൻ ചക്രം. തൊട്ടികൾ ഘടിപ്പിച്ച ഒരു ചക്രമാണ് ഈ യന്ത്രത്തിന്റെ പ്രധാനഭാഗം. കേരളത്തിൽ ഉപയോഗിക്കുന്ന ചക്രത്തിനു സമാനമായ പ്രവർത്തനരീതിയാണെങ്കിലും ഇത് പ്രവർത്തിപ്പിക്കുന്നത് കാള, ഒട്ടകം എന്നിവയെപ്പോലുള്ള മൃഗങ്ങളെക്കൊണ്ടാണ്. ജലവിതരണതോടൂകളിൽ നിന്ന് ജലം തങ്ങളുടേ പറമ്പുകളിലേക്ക്ക് തിരിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്.

ഒരു തണ്ടിൽ കെട്ടിയിരിക്കുന്ന മൃഗം, അതിനു ചുറ്റുമായി തിരിയുന്നു. ഈ തിരിച്ചിൽ ബലത്തെ ചക്രവുമായി ബന്ധിപ്പിച്ച് ചക്രത്തെ കറക്കുന്നു. ചക്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന തൊട്ടികൾ, താഴെ നിന്ന് വെള്ളം കോരിയെടുത്ത് മുകളിലെ വെള്ളച്ചാലിലേക്ക് ഒഴിക്കുന്നു. ഒരേ ദിശയിൽ കറങ്ങിക്കൊണ്ടീരിക്കുന്ന മൃഗത്തിന്റെ തല കറങ്ങാതിരിക്കുന്നതിന് അതിന്റെ കണ്ണ് മൂടിക്കെട്ടാറുണ്ട്[1]‌.
ചിത്രം

മറ്റു ജലസേചന ഉപകരണങ്ങൾ
കയറ്റുകുട്ട
വേത്ത്
പെട്ടിയും പറയും
കാളത്തേക്ക്
തുലാൻ
തോണിത്തേക്കം
-------------
കയറ്റുകുട്ട
പഴയകാലത്ത് വളരെയധികം ഉപയോഗിച്ചിരുന്ന ഒരു ജലസേചന ഉപകരണമാണ്‌ കയറ്റുകുട്ട. തേവുകുട്ട, തേക്കുകുട്ട, എറവട്ടി എന്നൊക്കെയും ഇതിനു പേരുണ്ട്[1]. കോണാകൃതിയിലുള്ള ഒരു വലിയ കുട്ടയാണിത്. കമഴ്ത്തിവച്ചാൽ ഒരു വൃത്തസ്തൂപികയുടെ ആകൃതി കൈവരുന്ന ഇതുപയോഗിച്ച് ആഴം കുറഞ്ഞ കുളങ്ങളിൽ നിന്നും ചാലുകളിൽ നിന്നും വെള്ളം തേവാനാണ്‌ ഇത് ഉപയോഗിക്കുന്നത്[1]. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവന്നിരുന്ന ഈ ഉപകരണം ഇന്ന് അന്യാദൃശ്യമായിരിക്കുന്നു.

നിർമ്മാണം

പനമ്പോള കോട്ടിയോ മുള അളികൾ കൊണ്ടോ ഈറ്റയുടെ അളികൾ കൊണ്ടോ സാധാരണ കുട്ട ഉണ്ടാക്കുന്നതു പോലെയാണ്‌ തേവുകുട്ടയും ഉണ്ടാക്കുന്നത്. എന്നാൽ വെള്ളം പോകാതിരിക്കാൻ പാകത്തിനു അടുപ്പിച്ചാണിവ നെയ്യുക. വൃത്തസ്തൂപികയുടെ അടിഭാഗത്ത് അരികുകളിൽ കനം കൂടിയ മുളവാരികൾ കൊണ്ട് താങ്ങു കൊടുത്തിരിക്കും. വളവു വച്ച രണ്ട് മുളവാരികളാണ്‌ കുട്ടയുടെ ആകൃതി നിലനിർത്തുന്നത്. കുട്ടയുടെ കൂർത്ത അടിഭാഗത്ത് രണ്ടു കയറുകളും മുകൾ ഭാഗത്ത് മുളവാരികൾ ചേരുന്നയിടത്ത് അഗ്രങ്ങളിൽ ഒരോ കയറും (മൊത്തം നാലെണ്ണം) ഉണ്ടായിരിക്കും. ഈ കയറുകളുടെയെല്ലാം മറ്റേ അറ്റത്ത് മരക്കഷണം കൊണ്ടോ മുളച്ചീളുകൊണ്ടൊ ഓരോ ചെറിയ പിടുത്തവും ഉണ്ടാകും. കരിമ്പനയുടെ പട്ടയുടെ ചീന്തിൽ നിന്നാണ്‌ കയറുകൾ ഉണ്ടാക്കിയിരുന്നത്. സാധാരണ കയറും ഉപയോഗിച്ചിരുന്നു[1].

---------
കാളത്തേക്ക്
കാളകളെ ഉപയോഗിച്ചു ജലസേചനം നടത്താനുതകുന്ന നാടൻ സമ്പ്രദായമാണ്‌ കാളത്തേക്ക് അഥവാ കബാലൈ[1]‌. കേരളത്തിലും ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കാളത്തേക്ക് ഉപയോഗിച്ചിരുന്നു എങ്കിലും ആധുനിക മോട്ടോർ പമ്പുകൾ ഇവയെ പിന്തള്ളിയിരിക്കുന്നു.

കബാലൈ എന്നു പേരുള്ള ഒരു ഗണിതജ്ഞനാണ്‌ ഇതിന്റെ ഉപജ്ഞാതാവ്. മോട്ടോർ പമ്പിനെ അപേക്ഷിച്ച് അല്പ്പം മാത്രമാണ്‌ ഇതിന്റെ ദക്ഷതയിൽ കുറവുള്ളത്. ഒരാളും ഒരു കാളയുമാണ്‌ കാളത്തേക്ക് പ്രവർത്തിപ്പിക്കുന്നതിന്‌ ആവശ്യമുള്ളത്. ഇതിന്റെ ഉത്തരേന്ത്യൻ പതിപ്പിന്‌ രണ്ടാളുടെ ആവശ്യമുണ്ട്[1].

ആഴമുള്ള ജലാശയങ്ങളിൽ നിന്ന് വെള്ളം എടുക്കാനാണ്‌ കാളത്തേക്ക് ഉപയോഗിച്ചിരുന്നത്. കാളകളേയോ പോത്തുകളേയോ ഉപയോഗിച്ചാണ്‌ വെള്ളം കോരുന്നത്. വേനലിൽ പറമ്പുകൾക്ക് ഈർപ്പം കൂട്ടുന്നതിനു ആഴമുള്ള കിണറുകളിൽ നിന്ന് ജലം എത്തിക്കാമെന്നതാണ്‌ പ്രത്യേകത. തേക്കു കുട്ട, തുമ്പി, വട്ട്, ഉരുൾ, കയർ എന്നിവയാണ്‌ പ്രധാന ഭാഗങ്ങൾ.

പ്രവർത്തനരീതി

ഒരു വലിയ ലോഹപ്പാത്രമാണ്‌ തേക്കുകുട്ട. ഇത് അരക്കുട്ട, കാൽക്കുട്ട, മുക്കാൽക്കുട്ട എന്നിങ്ങനെ പല വലിപ്പത്തിൽ ഉണ്ട്. ജലാശയത്തിന്റെ ആഴം, കാളകളുടെ കരുത്ത് എന്നിവ അനുസരിച്ചാണ്‌ ഇവ തിരഞ്ഞെടുക്കുന്നത്. ഈ കുട്ടക്ക് ലോഹത്തിൽ തീർത്ത പിടിയും അതിനൊരു കൊളുത്തുമുണ്ടായിരിക്കും. തുകലുകൊണ്ടുള്ള കുട്ടയും ഉപയോഗിച്ചിരുന്നു[1]. മൂന്നു നാലടി നീളം വരുന്ന ആനയുടെ തുമ്പിക്കൈയിന്റെ ആകൃതിയിലുള്ള ഒരു തുകല് (റബ്ബർ)‍ക്കുഴൽ ഇതനോട് ഘടിപ്പിക്കുന്നു. ഇതാണ്‌ തുമ്പി. തേക്കുകുട്ടയുടെ മൂട്ടിൽ നിന്നും തള്ളിനിൽകുന്ന ലോഹക്കുഴലിലാണ്‌ തുമ്പിയെ ഘടിപ്പിക്കുക. ഈ തുമ്പിയുറ്റെ അഗ്രത്തിൽ നിന്നും കുട്ടയുടെ മുകളിലെ പിടിയിൽ നിന്നും ഓരോ കയറുകൾ‍ വീതം കെട്ടിയിരിക്കും. തുമ്പിക്കയർ കുട്ടയുടെ കയറിനേക്കാൾ നീളം കുറഞ്ഞതായിരിക്കും. കുട്ടയെ കമ്പക്കയർ കൊണ്ടാണ്‌ ബന്ധിപ്പിക്കുക. വെള്ളം നിറഞ്ഞ തൊട്ടി, കാള വലിച്ചുയർത്തുമ്പോൾ തുകൽക്കുഴലിന്റെ തുറന്നഭാഗവും തൊട്ടിയും ഒരേ നിലയിൽ ആയിരിക്കത്തക്കവണ്ണമായിരിക്കും കയറുകളുടെ നീളം ക്രമീകരിച്ചിരിക്കുക[1].
കമ്പക്കയർ ഒരു മരത്തിന്റെ തുടിയിലണ്‌ (കപ്പി) തിരിയുക. ഈ തുടി കിണറിലേക്ക് ചാഞ്ഞ് നിൽക്കുന്ന രണ്ട് മരക്കാലുകളിൽ പിടിപ്പിച്ചിരിക്കും. തുമ്പിക്കയർ സമാനമായ മറ്റൊരു തുടിയിലിലുടെ ഇഴയുന്നു. ഈ തുടി കിണരിന്റെ വക്കിലായിരിക്കും ഘടിപ്പിച്ചിരിക്കുക. ഇതിന്റെ ഉരുൾ എന്നാണ്‌ വിളിക്കുന്നത്. തുമ്പിക്കയർ നിലത്തുകിടന്നിഴയാതിരിക്കാനാണ്‌ ഇത്. [2] കയറുകൾ രണ്ടും കാളകളെ പൂട്ടി നുകത്തിൽ ബന്ധിപ്പിക്കുന്നു. കമ്പക്കയറിൽ തേക്കുകാരൻ ഇരിക്കുന്നു. ഈ നുകവും കൊണ്ട് കാളകൾ മുന്നോട്ട് പോകുന്നതനുസരിച്ച് കുട്ട ഉയർന്ന് വരികയും തറനിരപ്പിലെത്തുമ്പോൾ തുമ്പിക്കയറിനു നീളം കുറവായതിനാൽ തൊട്ടിയും കുഴലും കിണറിന്റെ വക്കത്തെത്തുമ്പോൾ തൊട്ടി കൂടുതൽ മുകളിലേക്കുയരുകയും തുമ്പികുഴലിലൂടെ വെള്ളം പുറത്തേക്കൊഴുകുകയും ചെയ്യുന്നു.



----------
പെട്ടിയും പറയും


കേരളത്തിൽ നെൽക്കൃഷി ചെയുന്ന പാടശേഘരങ്ങളിൽ ജലസേചനത്തിനായി ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് പെട്ടിയും പറയും. കൃഷിയുടെ വിവിധ ഘട്ടങ്ങിൽ പാടശേഘരങ്ങളിൽ വെള്ളം കയറ്റിയും, ഇറക്കിയും ജല നിരപ്പ് നിയന്ത്രിച്ചു നിർത്താൻ പെട്ടിയും പറയും പൊതുവേ ഉപയോഗിച്ചു വരുന്നു.

ഉള്ളടക്കം
1 രൂപകൽപന
2 പ്രവർത്തനം
3 കാര്യക്ഷമത
4 മറ്റു ജലസേചന ഉപകരണങ്ങൾ
5 അവലംബം
6 പുറത്തേക്കുള്ള കണ്ണികൾ



രൂപകൽപന

പെട്ടിയും പറയും
മരത്തടി കൊണ്ടാണ് സാധാരണ രീതിയിൽ പെട്ടിയും പറയും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഒരു വശം തുറന്ന, ഉൾവശം പൊള്ളയായ ചതുര പെട്ടിയും, പെട്ടിയുടെ അടച്ച വശത്തു അതിനു കീഴിലായി, അകം പൊള്ളയായ പറയും പിടിപ്പിച്ചിരിക്കുന്നു. പറ പെട്ടിയോട് ചേരുന്ന ഭാഗത്ത് ഒരു വലിയ ദ്വാരം തീർത്തിരിക്കുന്നു. പറക്കുള്ളിൽ ഏറ്റവും താഴെ ഇലകളോടു കൂടിയ, കറങ്ങുന്ന ഒരു നീളൻ ദണ്ഡ് ഉണ്ട് (ചിലർ ഇതിനു ഇലവെട്ടു എന്ന് പറയുന്നു). പറയും, പെട്ടിയും കടന്നു മുകളിലേക്ക് തള്ളി നിൽക്കുന്ന ഈ ദണ്ഡിൽ പെട്ടിക്കു മുകളിലായി ഒരു വലിയ ചക്രം ഘടിപ്പിച്ചിരിക്കുന്നു. അതായത് പെട്ടിക്കു മുകളിലെ ചക്രം കറക്കിയാൽ, അതു ഘടിപ്പിച്ചിരിക്കുന്ന നീളൻ ദ്ണ്ഡും, ദണ്ഡിൽ പിടിപ്പിച്ചിരിക്കുന ഇലകളും കറങ്ങും. മുകളിലെ വലിയ ചക്രത്തോട് ഒരു വൈദ്യുത മോട്ടോറിൽ നിന്നുള്ള ബെൽറ്റ്‌ ബന്ധിപ്പിച്ചിരിക്കുന്നു. പറ വെള്ളത്തിൽ മുങ്ങി കിടക്കത്തക്ക രീതിയിൽ ഒരു കുഴി (പറക്കുഴി) നിർമ്മിച്ച്‌ അതിൽ പറ മുങ്ങുന്ന രീതിയിൽ പെട്ടിയും പറയും സ്ഥാപിക്കുന്നു.

പ്രവർത്തനം

വൈദ്യുത മോട്ടോർ പ്രവർത്തിക്കുമ്പോൾ അതുമായി ഘടിപ്പിച്ചിരിക്കുന്ന ബെൽറ്റ്‌ മുഖേന പെട്ടിക്കു മുകളിലെ ചക്രം തിരിയുകയും, അതോടൊപ്പം പറക്കുള്ളിലെ ദണണ്ടും, ഇലകളും തിരിയുന്നു. ജലത്തിൽ മുങ്ങി കിടക്കുന്ന ഇലകളുടെ അതി വേഗത്തിലുള്ള തിരിച്ചിൽ മൂലം പറക്കുള്ളിലൂടെ ജലം മുകളിലേക്ക് തള്ളപ്പെടുകയും, പറയുമായി ഘടിപ്പിച്ചിരിക്കുന്ന പെട്ടിയിൽ പ്രവേശിക്കുകയും ചെയുന്നു. തുടർച്ചയായ തള്ളൽ മൂലം പെട്ടിയിൽ പ്രേവശിച്ച ജലം പെട്ടിയുടെ മറു വശത്തെ തുറന്ന ഭാഗത്ത് കൂടി പുറത്തേക്ക് ഒഴുകുന്നു.

കാര്യക്ഷമത

സാധാരണയായി ഉപയോഗിക്കുന്ന വൈദ്യുത മോട്ടോർ പമ്പുമായി താരതമ്യം ചെയുമ്പോൾ വളരെ കാര്യക്ഷമത കൂടിയ സംവിധാനമാണ് പെട്ടിയും പറയും. തുല്യമായ വൈദ്യുത ഉപഭോഗവും, സമയവും കണക്കിലെടുത്താൽ പോലും മോട്ടോർ പമ്പിനേക്കാൾ അഞ്ചു മുതൽ പത്തു ഇരട്ടി അധികം വെള്ളം വരെ കടത്താൻ പെട്ടി-പറ സംവിധാനത്തിനാകും.


Related Posts:-


കാറ്റില്‍ നിന്ന് സസ്യങ്ങള്‍ക്ക് ജലസേചനം

തെങ്ങിൻ തോട്ടത്തിലെ ജലസേചനം


Kuttika's Special ജലസേചനം ഓട്ടോമാറ്റിക്കായി!

Karshika Keralam
Irrigation

കേരളത്തിലെ അണക്കെട്ടുകളുടെ പട്ടിക

ചിത്രങ്ങള്‍ക്ക് കടപ്പാട് : വിക്കിപീഡിയ , ഗൂഗിള്‍

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)