ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Monday, December 31, 2012

മാവ്


മാവ്(മാന്‍ജിഫെറ ഇന്‍ഡിക)
ഇന്ത്യയില്‍ മാത്രം ആയിരത്തിലേറെ ഇനം മാവുകള്‍ കണ്ടുവരുന്നു. കേരളത്തിലേക്ക്‌ പറ്റിയ ചില ഇനങ്ങളാണ് അല്‍ഫോണ്‍സോ, കാലപ്പാടി, നീലം, മുണ്ടപ്പ, പൈറി, ബെനിഷന്‍, ആലമ്പൂര്‍ ബെനിഷന്‍, മല്‍ഗോവ, സുവര്‍ണ്ണരേഖ തുടങ്ങിയവ.
ഹൈബ്രിഡ്‌ 45 (ബെനെറ്റ്‌ അല്‍ഫോന്‍സോ*ഹിമായുദ്ദീന്‍), ഹൈബ്രിഡ്‌-87 (കാലപ്പാടി*ആലമ്പൂര്‍ ബെനിഷാന്‍), ഹൈബ്രിഡ്‌ 151 (കാലപ്പാടി*നീലം) തുടങ്ങിയവ അത്യുല്പാദനശേഷിയുള്ള സങ്കരയിനങ്ങളാണ്.
ഒട്ടുമാവിന്‍ തൈകള്‍ വിജയകരമായി ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു രീതിയാണ് സ്റ്റോണ്‍ഗ്രാഫ്റ്റിങ്ങ്. രണ്ടോ മൂന്നോ ആഴ്ച മാത്രം പ്രായമുള്ള തൈകളിലാണ് ഒട്ടിക്കല്‍ നടത്തുന്നത്. തണ്ടിന്‍റേയും ഇലയുടെയും ചെമ്പുകലര്‍ന്ന നിറം മാറുന്നതിനു മുമ്പ് ഒട്ടിക്കല്‍ നടത്തുകയും വേണം. ഇളം തൈയ്യായതിനാല്‍ വളരെ സൂക്ഷമതയോടെ വേണം ഒട്ടിക്കാന്‍. സ്റ്റോക്ക് തൈയ്യുടെ തലപ്പ് ഏകദ്ദേശം 10 സെ.മീ. ഉയരത്തില്‍ വച്ച് മുറിച്ചു നീക്കുന്നു. മുറിച്ച ഭാഗത്തുനിന്ന് ഏതാണ്ട് 3-4 സെ.മീ. നീളത്തില്‍ തണ്ടിന്‍റെ മധ്യഭാഗത്തുകൂടെ നേരെ താഴേയ്ക്ക് ഒരു പിളര്‍പ്പുണ്ടാകുന്നു. ഇതേ കനത്തിലുള്ള ഒട്ടുകമ്പ്(സയോണ്‍) തന്നെ മാതൃ വൃക്ഷത്തില്‍ നിന്നു മുറിച്ചെടുക്കുകയും വേണം. ഈ കമ്പ് മുറിച്ചെടുക്കുന്നതിനുമുന്‍പ്‌ തലപ്പത്തുനിന്നു താഴേയ്ക്ക് 10 സെ.മീ. നീളത്തില്‍ ഇലകള്‍ മുറിച്ചു നീക്കണം. ഞെട്ടിന്‍റെ ചെറിയ കഷണം നിര്‍ത്തി വേണം ഇലകള്‍ മുറിക്കാന്‍. ഈ കമ്പിന്‍റെ ചുവടു ഭാഗത്തു രണ്ടു വശങ്ങളിലുമായി 3-4 സെ.മീ. നീളത്തില്‍ ചരിച്ച് ചെത്തി ആപ്പിന്‍റെ ആകൃതിയിലാക്കുന്നു. സ്റ്റോക്ക് തൈയ്യിലുണ്ടാക്കിയ പിളര്‍പ്പിലേക്ക് ആപ്പു പോലുള്ള ഭാഗം കടത്തിയതിനുശേഷം പോളിത്തീന്‍ നാട കൊണ്ട് ഒട്ടിച്ച ഭാഗം കെട്ടണം. ഇതു തണലത്തു വച്ച് നനയ്ക്കണം. ഒട്ടിക്കല്‍ വിജയിച്ചുവെങ്കില്‍ സയോണ്‍ കമ്പില്‍ മൂന്നാഴ്ച്ച കൊണ്ട് തളിരുകള്‍ വരും. അഞ്ചോ ആറോ മാസത്തെ വളര്‍ച്ച കൊണ്ട് ഇവ മാറ്റി നടുകയും ചെയ്യാം. വളരെ കുറച്ചു സമയം കൊണ്ട് വിജയകരമായി ചെയ്യാം എന്നതാണ് സ്റ്റോണ്‍ ഗ്രാഫ്റ്റിങ്ങിന്‍റെ സവിശേഷത.
മാവ്‌ ഒരു ദീര്‍ഘകാല വിളയാണ്. അതുകൊണ്ട് പുതിയ തൈ നടാന്‍ സ്ഥലം ഒരുക്കുമ്പോഴും, തൈ വാങ്ങുമ്പോഴും, അതു നടുമ്പോഴും, പരിച്ചരിക്കുമ്പോഴും എല്ലാം കാര്യമായ ശ്രദ്ധ ആവശ്യമാണ്.
ഒരു തനിവിളയായി മാത്രം നടുകയാന്നെങ്കില്‍ തൈകള്‍ തമ്മില്‍ 9 മീറ്റര്‍ ഇടയകലം നല്‍കണം. എന്നാല്‍ ഇടവിളയാകുമ്പോള്‍ ഇതു സാധിക്കുകയില്ല. സമചതുരത്തില്‍ നട്ടിരിക്കുന്ന നാലു തെങ്ങുകളുടെ ഒത്ത നടുവില്‍ ഒരു മാവിന്‍ തൈ നടാവുന്നതാണ്.
തൈക്കുഴി തയ്യാറാക്കുന്നത് മണ്ണിന്‍റെ സ്വഭാവം കൂടി കണക്കിലെടുത്തായിരിക്കും. കളിമണ്ണിന്‍റെ അംശം കൂടിതലുള്ള നല്ല ഉറപ്പുള്ള മണ്ണിലാണെങ്കില്‍ ഒരു മീറ്റര്‍ സമചതുരവും താഴ്ച്ചയുമുള്ള കുഴിയാണ് നല്ലത്. എന്നാല്‍ മണല്‍ മണ്ണില്‍ 50 മുതല്‍ 75 സെ.മീ. സമചതുരവും ആഴവുമുള്ള കുഴി മതിയാകും. മറ്റൊരു പ്രധാന കാര്യം തൈ നടുന്നതിന് ഒരു മാസം മുന്‍പെങ്കിലും കുഴി തയ്യാറായിരിക്കണം എന്നതാണ്. കാലാവര്‍ഷാരംഭാത്തോടെ മാവിന്‍ തൈ നടാം. തൈയ്ക്ക്‌ ശരിയായി വേരുപിടിച്ചു വളരാന്‍ യോജിച്ച കാലാവസ്ഥയാണിത്‌. മേയ് അവസാനത്തോടെ ആദ്യ മഴ ലഭിക്കുമ്പോഴാണ് സാധാരണയായി തൈ നടുക. ഇങ്ങനെയായാല്‍ ജൂണ്‍ - ജൂലൈയില്‍ മഴ ശക്തി പ്രാപിക്കുമ്പോഴേക്കും തൈ പിടിച്ചു കിട്ടും. ഇതു പൊതുതത്വമാണെങ്കിലും നനയ്ക്കാന്‍ സൗകര്യമുള്ളപ്പോള്‍ ഏതു മാസത്തിലും മാവ്‌ നടാം.
നല്ല തൈ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ നേരത്തെ തയ്യാറാക്കിയിട്ടിരിക്കുന്ന കുഴിയില്‍ നടാം. വളക്കൂറുള്ള മേല്‍മണ്ണിട്ട് കുഴി മൂടിയശേഷം മദ്ധ്യഭാഗത്തായി ഒരു ചെറിയ കുഴി ഉണ്ടാക്കുന്നു. വേരിനും അതിനെ പൊതിഞ്ഞിരിക്കുന്ന മണ്ണിനും ഉലച്ചില്‍ തട്ടാതെ തൈ മെല്ലെയിളക്കി ഈ കുഴിയില്‍ നടുന്നു. നടുമ്പോള്‍ തൈ ചെരിയരുത്. തൈ പോളിത്തീന്‍ കവറില്‍ എത്ര ആഴത്തിലായിരുന്നുവോ അത്രയും ആഴത്തില്‍ തന്നെ വേണം കുഴിയിലും നടാന്‍. ഏറെ താഴ്ത്തി നടരുത്; ഒട്ടുസന്ധി മണ്ണിനടിയിലായിപ്പോകുകയും അരുത്. തൈയ്ക്കു ചുറ്റും മണ്ണിട്ട് നന്നായി ഉറപ്പിക്കണം. നട്ട ഉടന്‍ മഴയില്ലെങ്കില്‍ നനയ്ക്കുകയും വേണം. കാറ്റുകൊണ്ട് തൈ ഉലയാനും അങ്ങനെ ഒട്ടുസന്ധി ഇളകാനും സാധ്യതയുണ്ട്. ഇങ്ങനെയുണ്ടാകാത്തിരിക്കാന്‍ നട്ടയുടന്‍ തന്നെ തൈയ്യുടെ അടുത്തു കുറ്റിനാട്ടി തൈ അതിനോട് ചേര്‍ത്തു കെട്ടണം. ഒട്ടുസന്ധിയുടെ താഴെ സ്റ്റോക്കില്‍ നിന്ന് ചിലപ്പോള്‍ മുളകള്‍ പൊട്ടി വളരുന്നതായി കാണാം. ഇത് അപ്പപ്പോള്‍ നുള്ളിക്കളയണം. ഒട്ടുതൈകള്‍ നട്ടയുടനെ ഒന്നോ രണ്ടോ വര്‍ഷം കൊണ്ടു പുഷ്പിക്കാന്‍ തുടങ്ങുന്നതായി കാണാം. ഈ പൂവുകള്‍ നശിപ്പിച്ചു കളയണം. ചുരുക്കത്തില്‍ മാവിന്‍ തൈയ്ക്ക്‌ നാലു വയസ്സെങ്കിലും ആകുന്നതുവരെ കായ്ക്കാന്‍ അനുവദിക്കരുത്‌.
വളപ്രയോഗം
ശാസ്ത്രീയമായ വളപ്രയോഗത്തിന്‍റെ തോത് ചുവടെ ചേര്‍ക്കുന്നു
ചെടിയുടെ പ്രായം ജൈവളം (കി.ഗ്രാം/ചെടി ഒന്നിന്) രാസവളം
N P K
1 വര്‍ഷം 10 20 18 50
2 വര്‍ഷം 15 50 27 75
3-5 വര്‍ഷം 25 100 36 100
6-7 വര്‍ഷം 40 250 72 200
8-10 വര്‍ഷം 50 400 144 400
10 വര്‍ഷത്തിനു മുകളില്‍ 75 500 360 750
മരമൊന്നിന് 25 കി.ഗ്രാം പച്ചിലവളവും 10-15 കി.ഗ്രാം വെണ്ണീറും കൂടി കൊടുക്കുന്നത് നല്ലതാണ്. ജൈവവളങ്ങള്‍ ആദ്യത്തെ ഇടവപ്പാതി മഴ ലഭിക്കുമ്പോള്‍തന്നെ കടയ്ക്കല്‍ ഇട്ടു കൊടുക്കേണ്ടതാണ്.
മരങ്ങള്‍ കായ്ച്ചു തുടങ്ങുന്നതിനു മുമ്പുള്ളവര്‍ഷങ്ങളില്‍ രാസവളങ്ങള്‍ ഒറ്റത്തവനയായി മെയ്‌-ജൂണ്‍ മാസങ്ങളില്‍ ഇട്ടു കൊടുക്കുന്നതാണ് ഉത്തമം. എന്നാല്‍ കായ്ച്ചു തുടങ്ങിയ മരങ്ങള്‍ക്ക് രാസവളങ്ങള്‍ രണ്ടു തുല്യ ഗഡുക്കളായി മെയ്‌-ജൂണിലും പിന്നീട് ആഗസ്റ്റ്‌-സെപ്റ്റംബറിലും ആയി കൊടുക്കുന്നത് നന്നായിരിക്കും. ചുറ്റും തൈകള്‍ക്ക് തടിയില്‍ നിന്ന് ഏകദ്ദേശം 30 സെ.മീറ്റര്‍ വിട്ട് ആഴം കുറഞ്ഞ ചാലുണ്ടാക്കി അതില്‍ വളം ഇട്ടു കൊടുക്കാം. വളര്‍ച്ചയനുസരിച്ചു തടിയില്‍ നിന്ന് 15-30 സെ.മീറ്റര്‍ അകലം വിട്ടു വേണം ഓരോവര്‍ഷവും ചാലെടുക്കാന്‍. കായ്ക്കുന്ന മരങ്ങള്‍ക്ക് തടിയില്‍ നിന്ന് 2.5-3 മീ. അകലത്തില്‍ 30 സെ.മീ. താഴ്ച്ചയുള്ള ചാല് കീറിയാണ് വളപ്രയോഗം നടത്തേണ്ടത്.
ഇടപ്പണികള്‍
4-5 വര്‍ഷം വരെ വേനല്‍ക്കാലത്ത്‌ ആഴ്ച്ചയില്‍ രണ്ടു ദിവസം നനയ്ക്കുക. പച്ചക്കറികള്‍, മുതിര, ഉഴുന്ന്, കൈതച്ചക്ക, വാഴ എന്നിവ ആദ്യകാലത്ത്‌ ഇടവിളയായി കൃഷി ചെയ്യാം. ജൂണിലും, ഒക്ടോബറിലും കിളച്ചോ, ഉഴുതോ കളനീക്കല്‍ പോലെയുള്ള ഇടപ്പണികള്‍ ചെയ്യാം. കായ്‌പൊഴിച്ചില്‍ കുറയ്ക്കുന്നതിനും ഉല്പാദനം കൂട്ടുന്നതിനും നാഫ്തലീന്‍ അസറ്റിക്ആസിഡ്‌(NAA) 10-30 പി.പി.എം. ഗാഢതയില്‍ കായ്‌പിടിച്ചുതുടങ്ങി രണ്ടാമത്തെ ആഴ്ച്ചയില്‍ പൂങ്കുലകളില്‍ നല്ലപോലെ വീഴത്തക്കവിധം തളിക്കുക.
സസ്യസംരക്ഷണം
മാവിന്‍റെ പ്രധാന കീടങ്ങള്‍ തുള്ളന്‍, തടിതുരപ്പന്‍, മീലിമൂട്ട, ഇലതീനിപ്രാണികള്‍, കായ്‌, പഴഈച്ചകള്‍, ഇലച്ചാടികള്‍ എന്നിവയാണ്. സാധാരണ കണ്ടുവരുന്ന രോഗങ്ങള്‍ ചൂര്‍ണ്ണപൂപ്പ്, ആന്ത്രാക്നോസ്, കൊമ്പുണക്കം തുടങ്ങിയവയും. മാവിലെ തുള്ളനെ നിയന്ത്രിക്കുന്നതിന് 0.1% കാര്‍ബാറിലോ 0.1% മാലത്തയോണോ പൂക്കുന്ന സമയത്തു തളിക്കുക. തണ്ടുതുരപ്പനെ നിയന്ത്രിക്കുന്നതിന് ക്രൂഡ്‌ കാര്‍ബോളിക് ആസിഡ്‌ (130 മി.ലി) മൃദുവായ സോപ്പ് (Soft Soap) (1 കി. ഗ്രാം) എന്നിവചൂടുവെള്ളത്തില്‍ (3.7 ലി) കലര്‍ത്തി കുഴമ്പാക്കി തടിയിലെ ദ്വാരങ്ങളിലൂടെ ഒഴിച്ച ശേഷം ദ്വാരങ്ങള്‍ അടയ്ക്കണം. ദ്വാരങ്ങള്‍ ചെത്തി വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചും തണ്ടുതുരപ്പനെ നിയന്ത്രിക്കാം. കായീച്ചയെ കെണികള്‍ ഉപയോഗിച്ച് ആകര്‍ഷിക്കാം. ഇതിന് 20 മില്ലീ മാലത്തയോണ്‍ എന്ന കീടനാശിനിയും 20 ഗ്രാം പഞ്ചസാരയും 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി മാവില്‍ നന്നായി തളിക്കണം.ന ഈ മരുന്ന് ലായനി കുടിക്കുന്ന ഈച്ചകള്‍ ചത്തൊടുങ്ങിക്കൊള്ളും. കൂടാതെ മാവിനുചുറ്റും കൊഴിഞ്ഞു വീഴുന്ന പഴങ്ങള്‍ കിടന്നു ചീയാന്‍ ഇടയാക്കാതെ അപ്പപ്പോള്‍ പെറുക്കിക്കളയുകയും വേണം. നാല് മരത്തിന് ഒന്ന് എന്ന തോതില്‍ തുളസിക്കെണി പൂക്കുന്നതു മുതല്‍ വിളവെടുപ്പുവരെ മാസത്തിലൊരിക്കല്‍ വെച്ചും കായീച്ചയെ നിയന്ത്രിക്കാം. 0.1% മാലത്തിയോണും 2% പഞ്ചസാരയും കലര്‍ത്തിയാണ് കെണി തയ്യാറാക്കേണ്ടത്. ഇലതീനിപ്പുഴുക്കളെ നശിപ്പിക്കുന്നതിന് 0.1% കാര്‍ബാറില്‍ തളിക്കുക. തളിര് തിന്നു നശിപ്പിക്കുന്ന പ്രാണികളെ നിയന്ത്രിക്കുന്നതിന് 0.1% കാര്‍ബാറിലോ 0.05% ഡൈമെത്തയേറ്റോ പ്രയോഗിക്കുക. ചൂര്‍ണ്ണപൂപ്പും ആന്ത്രക്നോസിനും എതിരെ ഗന്ധകപ്പൊടി വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതി. കൊമ്പുണക്കത്തിന്, ഉണങ്ങിയ കൊമ്പുകള്‍ മുറിച്ചുമാറ്റി മുറിപ്പാടില്‍ ബോര്‍ഡോ കുഴമ്പ് തേയ്ക്കുക.

Sunday, December 30, 2012

പോഷകസമൃദ്ധം പപ്പായപോഷകങ്ങളുടെ ഒരു വന്‍ കലവറയാണ് പപ്പായ . കുറഞ്ഞവിലക്ക് വളരെ മെച്ചപ്പെട്ട ഫലം എന്നതാണ് പപ്പായയെ സാധാരണക്കാരന്‍റെ ഇഷ്ടഭക്ഷണമാക്കിയത്. ആപ്പിള്‍ ‍, പേരക്ക , വാഴപ്പഴം എന്നീ ഫലങ്ങളെ അപേക്ഷിച്ച് പപ്പായയില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കരോട്ടിനും ബീറ്റാകരോട്ടീനും അടങ്ങിയിട്ടുള്ളതിനാല്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പപ്പായ നല്ലതാണ്. പോളിസാക്കറൈഡുകളും ധാതുലവണങ്ങളും എന്‍സൈമുകളും പ്രോട്ടീനും ആല്‍ക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫ്ലവനോയിഡുകളും കൂടാതെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇരുന്പിന്‍റെ അംശം, കാത്സ്യം, തയാമിന്‍ ‍, നിയാസിന്‍ ‍, പൊട്ടാസ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
പ്പളങ്ങ, കര്‍മൂസ, ഓമക്കാ എന്നീ പലപേരുകളിലും അറിയപ്പെടുന്ന പപ്പായ പോഷക മൂല്യങ്ങളുടെയും സ്വാദിന്റെയും കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇതിലടങ്ങിയിട്ടുള്ള ജീവകം റിബോഫ്‌ളാവിന്‍, അസ്‌കോര്‍ബിക്ക് ആസിഡ് എന്നിവയുടെ കാര്യത്തില്‍ മാമ്പഴത്തിനെയും വാഴപ്പഴത്തിനെയും ഇത് പിന്തള്ളും. ജീവകങ്ങള്‍, ധാധുലവണങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന പപ്പായ, കൊഴുപ്പും ഉര്‍ജ്ജവും കുറവായതിനാല്‍ ഹൃദ്‌രോഗികള്‍ക്കും പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍ എ പപ്പായയില്‍ സമൃദ്ധമായുണ്ട്. തന്മൂലം പപ്പായ നല്ലൊരു സൗന്ദര്യ വര്‍ധക വസ്തു കൂടിയാണ്. പഴുത്ത പപ്പായയുടെ മാംസളഭാഗം തൊലികളഞ്ഞ് ദിവസേന മുഖത്ത് തേച്ച് അധികം ഉണങ്ങുന്നതിന് മുമ്പ് കഴുകിക്കളഞ്ഞാല്‍ ചര്‍മത്തിന് ശോഭയേറും. മലബന്ധത്തെ ശമിപ്പിക്കുവാനും ഉത്തമ ഔഷധമാണ് പപ്പായ. പപ്പായയിലുള്ള പപ്പയിന്‍ എന്ന രാസ വസ്തു പ്രോട്ടീന്‍ അധികമായ ഭക്ഷണത്തിന്റെ ദഹനം എളുപ്പമാക്കും. പപ്പായ കറയിലുള്ള ഈ രാസാഗ്നിക്ക് ധാരാളം വ്യാവസായിക ഉപയോഗമുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ദന്തല്‍ പോസ്റ്റ് എന്നിവയുടെ നിര്‍മാണത്തിന് ഇത് ഉപയോഗിക്കുന്നു. ആര്‍ത്തവം ക്രമമല്ലാത്ത സ്ത്രീകള്‍ ഏഴ് ദിവസമെങ്കിലും പപ്പായ പച്ചയായി കഴിച്ചാല്‍ ആര്‍ത്തവം ക്രമമാകും. കുട്ടികള്‍ക്ക് പഴുത്ത പപ്പായ കൊടുത്താല്‍ അഴകും ആരോഗ്യവുമുണ്ടാകും.
നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായിട്ടും പഴമായിട്ടും ഉപയോഗിക്കാം. വിളയാത്ത പപ്പായ ഒഴിവാക്കുന്നതാവും നല്ലത്. വിവിധതരം എന്‍സൈമുകളായ പപ്പായിന്‍ ‍, വെജിറ്റബിള്‍ പെപ്‌സിന്‍ എന്നിവ ശരീരത്തിലെ ദഹനവ്യവസ്ഥ കാത്തുസൂക്ഷിക്കാനും ദഹനവ്യവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങളെ നേരേയാക്കാനും വിശപ്പുണ്ടാക്കാനും സഹായിക്കുന്നു. പുളിപ്പിച്ചെടുക്കല്‍ പ്രക്രിയയിലൂടെ പഴുത്ത പപ്പായയില്‍നിന്ന് ഉണ്ടാക്കിയെടുക്കുന്ന ഉത്പന്നം ആഹാര-ഔഷധഗുണമൂല്യങ്ങള്‍ ഒരുമിച്ചു ചേര്‍ന്നവയാണ്. ഇതിനു നല്ല ആന്‍റി ഓക്‌സീകരണ ഗുണമുള്ളതിനാല്‍ ഓക്‌സീകരണപ്രക്രിയയിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മലിനവസ്തുക്കളെ തടയാനും നിര്‍വീര്യമാക്കി പുറത്തുകളയാനും സഹായിക്കുന്നു
പപ്പായ കഫ, വാത ദോഷങ്ങളെ ശമിപ്പിക്കുന്നു. പഴുത്ത പപ്പായ പിത്തശമനമാണ്. പപ്പായയുടെ എല്ലാ ഭാഗങ്ങളും ഔഷധമൂല്യമുള്ളതാണ്. കറ തൊലിപ്പുറത്തുണ്ടാകുന്ന പുഴുക്കടി, മറ്റു ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണ്. പഴുത്ത പപ്പായ വായുക്ഷോഭത്തെ ദൂരീകരിക്കുന്നു. മൂത്രം ധാരാളമായി പോകാന്‍ സഹായിക്കും. അതിസാരം, പഴകിയ വയറിളക്കം, മൂത്രനാളികളിലുണ്ടാകുന്ന വ്രണങ്ങള്‍ ‍, വീക്കം, രക്താര്‍ശസ്സ് എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നു.
പഴുത്ത പപ്പായയുടെ ഉപയോഗം കരളിന്‍റെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു. ജീവാണു നാശകഗുണവും ഉണ്ട്. ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുന്ന ഇല ഇലക്കറിയായിട്ട് ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തരോഗികള്‍ക്കും മൂത്രാശയരോഗികള്‍ക്കും നല്ലതാണ്. കൃമിശല്യം , വയറു വേദന, പനി എന്നീ അവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ്.

കടപ്പാട് : അമൃത 

====================================================================

കപ്പക്കായ, ഓമക്കായ എന്നെല്ലാ പേരുകളിലറിയപ്പെടുന്ന പപ്പായ കാരിക്കേസി (Caricaceae)  സസ്യകുടുംബത്തില്‍ പെട്ടതാണ്.  ഇംഗ്ലീഷില്‍ പപ്പായ (Papaya) എന്നറിയപ്പെടുന്ന ഇതിനെ സംസ്കൃതത്തില്‍ ഏരണ്ഡ കര്‍കടി എന്നാണ് അറിയപ്പെടുന്നത്.   ദീപനത്തെ ത്വരിതപ്പെടുത്തുന്ന ഒരതരം ആല്‍ബുമിനോയ്ഡുണ്ട്.   ഇത് ഏറെക്കുറെ പെപ്സിനു സമാനമാണ്.  ഇതിനുപുറമെ കൊഴുപ്പ്, പഞ്ചസാര, മാലിക്, ടാര്‍ട്ടാറിക്, നൈട്രിക് അമ്ലങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.   പച്ചപപ്പായയില്‍ സോഡിയം, പൊട്ടാസ്യം, ഫോസ്ഫോറിക് അമ്ലം എന്നിവയും അടങ്ങിയിട്ടുണ്ട്.  കുരുവില്‍ അടങ്ങിയിട്ടുള്ള ഒരുതരം എണ്ണയെ കാരിമ്പന്‍ ഓയില്‍ എന്നു പറയുന്നു.    പപ്പായമരത്തിന്റെ ഇല, പഴം, കുരു എന്നീ ഭാഗങ്ങളിലെല്ലാം പപ്പയിനുണ്ട്.  മരത്തിന്മേല്‍ കൊത്തിയാലുണ്ടാകുന്ന കറ ഉണക്കിയാണ് പപ്പയിന്‍ ഉണ്ടാക്കുന്നത്.   3 ഗ്രാം പപ്പയിന്‍ നാഴി പാല്‍ ദഹിപ്പിക്കുന്നതിന് മതിയാകും.    പച്ചപപ്പായ ഇടിച്ചുപിഴിഞ്ഞുണ്ടാക്കുന്ന നീര് കഴിക്കുന്നത് ആര്‍ത്തവശുദ്ധിക്ക് നല്ലതാണ്.   ഇത് 3 ഔണ്‍സ് വീതം  പ്രസവിക്കാറായ സ്ത്രീകള്‍ ഉപയോഗിച്ചാല്‍ പ്രസവം ബുദ്ധിമുട്ടില്ലാതാവും.   പപ്പായ ഉണക്കി ഉപ്പിലിട്ട് ദിവസേന തിന്നാല്‍ കരള്‍വീക്കത്തിനും മഹോദരത്തിനും മഞ്ഞപ്പിത്തത്തിനും നല്ലതാണ്.  അര്‍ശസ് രോഗികള്‍ക്കും നല്ലതാണിത്.  പൊന്‍കാരം പൊടിച്ച് പപ്പായിന്‍ കൂട്ടി അരച്ച് കാലിലെ ആണിയിലും ശരീരത്തില്‍ അവിടവിടെയായിട്ടുണ്ടാകുന്ന അരിമ്പാറയിലും പുരട്ടിയാല്‍ അതെല്ലാം കൊഴിഞ്ഞുപോകുന്നതാണ്.  പപ്പായയുടെ ഇല ചൂടുവെള്ളത്തിലിട്ടോ തീയില്‍ കാണിച്ച് വാട്ടിയെടുത്തോ ചൂടുപിടിപ്പിച്ചാല്‍ ഞരമ്പുവേദനയ്ക്ക് ആശ്വാസം കിട്ടും.   ചൊറിക്കും കാലിലുണ്ടാകുന്ന എക്സിമയ്ക്കും പൊന്‍കാരം പൊടിച്ച് പച്ചപപ്പായയുടെ ഇടിച്ചുപിഴിഞ്ഞ നീര് ചേര്‍ത്ത് പുരട്ടിയാല്‍ ആശ്വാസം കിട്ടും.  വിട്ടുമാറാത്ത അതിസാരത്തിന് പച്ചപപ്പായ തിന്നുന്നത് നല്ലതാണ്.  സ്ഥൂലാന്ത്രപാകം എന്ന മാറാരോഗത്തിന് കപ്പക്കായ തിന്നാല്‍ നല്ല ഫലംകിട്ടും.  പപ്പായമരത്തിന്റെ ഇലയരച്ച് പുരട്ടിയാല്‍  മന്തുരോഗത്തിന് ശമനമുണ്ടാകും.   നീര് വറ്റിച്ച് ഗുളികയാക്കി നല്കുന്നതും ഫലപ്രദമാണ്.
കടപ്പാട് : കിഫ്

Tuesday, December 25, 2012

ചെറുവയല്‍ രാമനും മൊണ്ടേക് അലുവാലിയയും


ആദിവാസി വികസനപദ്ധതികളുടെ വീഴ്ചകള്‍ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ഞങ്ങളെ ഞെട്ടിച്ചു. അങ്ങനെയാണ് വയനാട് സന്ദര്‍ശിക്കാന്‍ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി തീരുമാനിച്ചത്. യാഥാര്‍ഥ്യം റിപ്പോര്‍ട്ടിനുമപ്പുറമാണ്: 1978-ല്‍ 7.4 കോടി രൂപയില്‍ തുടങ്ങിയതാണ് കാരാപ്പുഴ ജലസേചന പദ്ധതി. ഇതുവരെ 286 കോടി രൂപ മുടക്കി. എന്നിട്ടും തീര്‍ന്നിട്ടില്ല. പുതുക്കിയ മതിപ്പുകണക്ക് 441 കോടി രൂപയാണ്. പൂര്‍ത്തിയാക്കിയാലും കാര്യമൊന്നുമില്ല. ജലസേചനം നടത്താന്‍ വയല്‍ വല്ലതും അവശേഷിക്കേണ്ടേ. അപ്പോള്‍പ്പിന്നെ നീക്കിബാക്കിയെന്ത്? അഴിമതിയും വിവാദങ്ങളും ഇനിയും പുനരധിവസിപ്പിക്കപ്പെടാത്ത കുടിയിറക്കപ്പെട്ട ആദിവാസികളും. ഇവര്‍ക്കുപോലും വീടുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനുവദിച്ച വീടുകളില്‍ മഹാഭൂരിപക്ഷവും പണിതീരാതെ കിടക്കുകയാണ്. കിട്ടിയ ഗഡുക്കള്‍ കോണ്‍ട്രാക്ടര്‍മാര്‍ തട്ടിയെടുത്തു. ലഭിച്ച ഭൂമിയില്‍ നല്ലപങ്കിലും മറ്റുള്ളവര്‍ പാട്ടക്കൃഷി നടത്തുന്നു. ഡോക്ടറില്ലാത്ത ആദിവാസി ആസ്പത്രി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ കെട്ടിടത്തില്‍ താമസിക്കേണ്ടിവരുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. ഇതാണ് അവസ്ഥ. സങ്കടം തന്നെ.

പര്യടനത്തിന്റെ അവസാനം ചെറുവയല്‍ രാമന്റെ വീട്ടില്‍ ചെന്നപ്പോഴാണ് സന്തോഷം തോന്നിയത്. പുല്ലുമേഞ്ഞ, വൈക്കോല്‍ക്കരിയും കുളിര്‍മാവ് പേസ്റ്റും ചേര്‍ത്ത് മെഴുകിയ വീടിന്റെ മുറ്റത്തിരുന്നാണ് ഞങ്ങള്‍ ഊണുകഴിച്ചത്. വീട്ടുകാര്‍ മാത്രമല്ല, കുറച്ച് നാട്ടുകാരുമുണ്ടായിരുന്നു ഉത്സാഹക്കമ്മിറ്റിയില്‍. വിഭവങ്ങളുടെ വിശേഷങ്ങള്‍ വാതോരാതെ പറഞ്ഞ് കൂടെ രാമനും.

ഇത്തവണത്തെ പി.വി. തമ്പി അവാര്‍ഡ് ജേതാവാണ് ചെറുവയല്‍ രാമന്‍. അവാര്‍ഡുവിതരണച്ചടങ്ങില്‍ അദ്ദേഹത്തെ വി.ഡി. സതീശന്‍ എം.എല്‍.എ. സദസ്സിനു പരിചയപ്പെടുത്തിയത് ഇങ്ങനെയാണ് - ''അസാധാരണ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരിലൊരുവന്‍''. രാമന്‍ ചെയ്യുന്ന അസാധാരണ കാര്യങ്ങള്‍ എന്തെന്നറിയാന്‍ വീടിനുപിറകിലെ കുന്നില്‍ചരിവിലൂടെ ഞങ്ങള്‍ താഴേക്കിറങ്ങി. നെല്ലു നിറഞ്ഞുകിടക്കുന്ന ഏല. ജലസമൃദ്ധിയുടെ അഭിമാനം തിരതല്ലി കബനിനദി കിഴക്ക് ഒഴുകുന്നു. വയലിലേക്കിറങ്ങിയാല്‍ വിചിത്രമായൊരു കാഴ്ച കാണാം.

ചില കണ്ടങ്ങളില്‍ നെല്ല് സുവര്‍ണരാശിയില്‍ വിളഞ്ഞുകിടക്കുന്നു. മറ്റുചില കണ്ടങ്ങള്‍ക്ക് തത്തപ്പച്ച നിറമാണ്. ഇവയ്ക്കിടയില്‍ വിവിധ വിളപാകത്തിലുള്ള നെല്ലിനങ്ങള്‍. കാര്‍ഷികസര്‍വകലാശാലയിലെ പരീക്ഷണത്തോട്ടങ്ങളിലെന്നപോലെ ഓരോ കണ്ടത്തിലും നമ്പര്‍ എഴുതിയൊട്ടിച്ച ബോര്‍ഡുകള്‍ ഉയര്‍ന്നുനില്‍ക്കുന്നു. നമ്പറിട്ടേ പറ്റൂ. കാരണം, തന്റെ പൊതു കുടുംബസ്വത്തായ ആറേക്കര്‍ പാടത്ത് 36 ഇനം നെല്ലുകളാണ് രാമന്‍ കൃഷിചെയ്യുന്നത്. വിവിധ ഇനങ്ങള്‍ പരാഗണത്തിലൂടെ കലര്‍ന്നാലോ? അതു തടയാന്‍ കണ്ടത്തിന്റെ നടുഭാഗത്തുനിന്നുമാത്രമേ വിത്ത് ശേഖരിക്കൂ. വിവിധ മൂപ്പുള്ള നെല്ലുകളോരോന്നിനും പ്രത്യേക പരിചരണം വേണ്ടേ? ഒരു ചെറുചിരി മാത്രമായിരുന്നു രാമന്റെ ഉത്തരം.

വയനാടിന് നൂറില്‍പ്പരം പരമ്പരാഗത വിത്തിനങ്ങളുണ്ടായിരുന്നു. അവയില്‍ അവശേഷിക്കുന്നവ ചെറുവയല്‍ രാമന്റെ തോട്ടത്തില്‍ കാണാം. പലതും ഇവിടെമാത്രം. ഒരനുഷ്ഠാനകര്‍മംപോലെ എത്രയോ വര്‍ഷമായി രാമന്‍ ഈ തപസ്സുചെയ്യുന്നു. ''എന്തിന്? അധ്വാനത്തിന് അനുസരിച്ചുള്ള ലാഭമുണ്ടോ?'' എന്നൊരു ചോദ്യമുയര്‍ന്നു.

മൊണ്ടേക്‌സിങ് അലുവാലിയ കേരളത്തോടു ചോദിച്ചതും ഇതുതന്നെയല്ലേ. കേരളീയര്‍ എന്തിന് നെല്‍ക്കൃഷി ചെയ്യണം? പണംകൊണ്ട് വാങ്ങാന്‍ കഴിയാത്ത എന്തുണ്ട്? റബ്ബര്‍പോലെ കൂടുതല്‍ ആദായമുള്ള കൃഷി ചെയ്യുക. അല്ലെങ്കില്‍ റിയല്‍എസ്റ്റേറ്റ്. അതിലെന്താണ് തെറ്റ്?

ചെറുവയല്‍ രാമന്‍ വിശദീകരിച്ചു തുടങ്ങി - ''ഇത് അഞ്ചുമാസം മൂപ്പുള്ള മരത്തൊണ്ടി. ഇതാണ് ഞങ്ങളുടെ ചോറ്. വിഷുവിനും ഓണത്തിനും സാറിനെപ്പോലുള്ളവര്‍ വരുമ്പോഴും പായസത്തിന് ഗന്ധകശാലതന്നെ വേണം. ഞവരക്കഞ്ഞിയുടെ സ്വാദ് ഒന്നു വേറെത്തന്നെ. ജീരകശാലയുടെ നെയ്‌ച്ചോറ് തിന്നിട്ടുണ്ടോ? പൂജയ്ക്ക് വെളിയന്‍ നെല്ലുവേണം. പ്രസവാനന്തരശുശ്രൂഷയ്ക്ക് ചെന്നെല്ല് കൂടിയേ തീരൂ. എല്ലാറ്റിനും ലാഭവും നഷ്ടവും നോക്കാനൊക്കുമോ? എല്ലാറ്റിനും വിലയിടാനൊക്കുമോ?''.

നെല്‍ക്കൃഷി വേണോ എന്നു ശങ്കിക്കുന്ന മൊണ്ടേക്‌സിങ് അലുവാലിയയുടെ മുന്നിലാണ് 36 ഇനം നെല്ലുകളുമായി ചെറുവയല്‍ രാമന്‍ നില്‍ക്കുന്നത്. അലുവാലിയയ്ക്ക് മനസ്സിലാകാത്ത പലതുമുണ്ട്. ഒന്ന്, അരിയുടെ കാര്യത്തില്‍ സ്വാശ്രയത്വം കൈവരിക്കാനാവില്ല. ശരി തന്നെ. പക്ഷേ, നാലിലൊന്ന് അരിയെങ്കിലും ഇവിടെ ഉത്പാദിപ്പിച്ചില്ലെങ്കില്‍ ഭക്ഷ്യസുരക്ഷിതത്വം ഉണ്ടോ? 20 രൂപയ്ക്ക് വിറ്റിരുന്ന അരി 50 രൂപയിലേക്കുയര്‍ന്നപ്പോള്‍ പകച്ചുനില്‍ക്കാനല്ലേ സര്‍ക്കാറിനു കഴിഞ്ഞുള്ളൂ.

രണ്ട്, ഏലകളില്‍ സംഭരിക്കപ്പെടുന്ന മഴവെള്ളത്തിന്റെ കണക്ക് അലുവാലിയയ്ക്ക് ഊഹിക്കാമോ? എല്ലാ ഡാമുകളിലുംകൂടി സംഭരിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ മഴവെള്ളം കേരളത്തിലെ ഏലകളില്‍ സംഭരിക്കപ്പെടുന്നുണ്ട്. നമ്മുടെ ജലചക്രത്തില്‍ ഏലകളുടെ പരിസ്ഥിതിപ്രാധാന്യം നിര്‍ണായകമാണ്.

മൂന്ന്, നമുക്ക് ആവശ്യമില്ലാത്തതെല്ലാം കളയെന്നുവിളിച്ച് പറിച്ചുകളഞ്ഞിട്ടാണ് കൃഷിചെയ്യുക. എന്നാലും നമ്മുടെ വയേലലകള്‍ ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. രാമന്റെ വയലില്‍ത്തന്നെ 36 നെല്ലിനങ്ങളുണ്ടല്ലോ. പിന്നെ, വയലേലയുടെ സാംസ്‌കാരികവും സൗന്ദര്യപരവുമായ മാനങ്ങള്‍ക്ക് വിലയിടാനാവുമോ? ഇക്കാര്യങ്ങള്‍ പറഞ്ഞാണ് പാശ്ചാത്യരാജ്യങ്ങള്‍ കാര്‍ഷികവരുമാനത്തിന്റെ അമ്പതുശതമാനത്തോളം വരുന്ന തുക സബ്‌സിഡിയായി കൃഷിക്കാര്‍ക്ക് നല്‍കുന്നത്.

എന്തിന് ഇത്രയും നെല്ലിനങ്ങള്‍? അത്യുത്പാദനശേഷിയുള്ള പുത്തന്‍വിത്തിനങ്ങള്‍ പോരേ? പോര എന്നുതന്നെയാണ് ഉത്തരം. ഏകയിനം കൃഷിസമ്പ്രദായം വരുത്തിവെച്ച കാര്‍ഷികത്തകര്‍ച്ചകളുടെ ഒട്ടേറെ ദുരനുഭവങ്ങള്‍ ചരിത്രത്തില്‍ കാണാം. അത്യുത്പാദനശേഷിയുള്ള, അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷിയുള്ള, അല്ലെങ്കില്‍ പ്രത്യേക സ്വാദുള്ള നെല്‍വിത്തിനങ്ങള്‍ ഈ പരമ്പരാഗത വിത്തിനങ്ങളില്‍നിന്നാണ് സൃഷ്ടിക്കപ്പെടുന്നത്. ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ലാത്ത എന്തെന്ത് സവിശേഷതകളാണ് പരമ്പരാഗത വിത്തിനങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നത് എന്ന് ആര്‍ക്കറിയാം!

നമ്മുടെ ഏറ്റവുംവലിയ സമ്പത്താണ് ഈ നാട്ടിലെ ജൈവവൈവിധ്യം. മൂല്യത്തിന്റെ കാര്യത്തില്‍ ഭാവിയിലൊരുപക്ഷേ, പെട്രോളിനെയും പ്രകൃതിവാതകത്തെയും പിന്തള്ളുന്ന സമ്പത്ത്. പക്ഷേ, ഇതിന്റെ കലവറകളായ കാടിനെയും തണ്ണീര്‍ത്തടങ്ങളെയും നമ്മള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യന്ത്രസാങ്കേതികവിദ്യയും ആവിശക്തിയും കൂടിയാണല്ലോ വ്യവസായവിപ്ലവം സൃഷ്ടിച്ചത്. അതുപോലെ ഒരു എടുത്തുചാട്ടത്തിലാണ് ലോകം ഇന്ന്. വിവരസാങ്കേതികവിദ്യ, നാനോ ടെക്‌നോളജി, പുത്തന്‍ പദാര്‍ഥവിജ്ഞാനീയം, ബയോടെക്‌നോളജി എന്നു തുടങ്ങിയ രംഗങ്ങളില്‍ പുതിയൊരു ശാസ്ത്രസാങ്കേതിക വിപ്ലവം നടക്കുകയാണ്.

പക്ഷേ, ഒരു വൈരുദ്ധ്യമുണ്ട്. ജൈവവൈവിധ്യകേന്ദ്രങ്ങള്‍ മൂന്നാംലോകരാജ്യങ്ങളിലാണ്. അതേസമയം, ബയോ ടെക്‌നോളജി സമ്പന്നരാഷ്ട്രങ്ങളുടെ കുത്തകയാണ്. പുതിയ പേറ്റന്റ് നിയമത്തിലൂടെ തങ്ങളുടെ ബയോടെക്‌നോളജിയുടെ സ്വത്തവകാശം അവര്‍ ഉറപ്പാക്കിക്കഴിഞ്ഞു. പക്ഷേ, അതേസംരക്ഷണം നമ്മുടെ ജൈവസമ്പത്തിന് നല്‍കാന്‍ അവര്‍ തയ്യാറല്ല. അവയെ എങ്ങനെ മോഷ്ടിക്കാം എന്ന ഉപജാപത്തിലാണ് ബഹുരാഷ്ട്രക്കുത്തകകള്‍.

എത്രയോ തലമുറകളായി ചെറുവയല്‍ രാമനെപ്പോലുള്ള ആദിവാസികളും കൃഷിക്കാരുമെല്ലാം പരിപാലിച്ചുവന്ന വിത്തിനങ്ങളില്‍ ചില ജനിതകമാറ്റങ്ങള്‍ വരുത്തി പ്രചാരണത്തിലൂടെയും ചതികളിലൂടെയും അവര്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. അങ്ങനെ നമ്മെ കൊള്ളയടിക്കുന്നു. തര്‍ക്കംമൂത്താല്‍ അവര്‍ പറയുക, സസ്യജാലങ്ങളോ സൂക്ഷ്മജീവികളോ നിങ്ങളുടെ നാട്ടില്‍ പാരമ്പര്യവിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ പരിപാലിക്കപ്പെട്ടുപോന്നവയാണെന്ന് തെളിയിച്ചാല്‍ അവയ്ക്ക് റോയല്‍ട്ടിയുംമറ്റും തരാമെന്നാണ്. അങ്ങനെ ചെയ്യണമെങ്കില്‍, നമ്മുടെ പരമ്പരാഗത വിജ്ഞാനത്തെയും ജീവജാലങ്ങളെയും എവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്ത് സൂക്ഷിച്ചിട്ടുണ്ടാകണം. അങ്ങനെ നാം ചെയ്തിട്ടില്ല.

ജൈവവൈവിധ്യ രജിസ്റ്റര്‍ ഉണ്ടാക്കിയാലും രക്ഷപ്പെടാനുള്ള പഴുതുകള്‍ സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ അന്തര്‍ദേശീയ കരാറുകളില്‍ ചെയ്തുവെച്ചിട്ടുണ്ട്. രാമന്‍ 36 ഇനം നെല്‍വിത്തുകള്‍ പരിപാലിക്കുന്നു. ഇതുപോലെ ഇന്ത്യ മൊത്തത്തിലെടുത്താല്‍ ആയിരക്കണക്കിന് നെല്‍വിത്തുകളുണ്ടാകും. ഇതുപോലുള്ള ജനിതകശേഖരം സൂക്ഷിച്ചുവെക്കുന്ന ലബോറട്ടറികള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍ തുടങ്ങിയവയില്‍ മഹാഭൂരിപക്ഷവും സാമ്രാജ്യത്വരാഷ്ട്രങ്ങളിലാണ്. ഈ ജനിതകസമ്പത്ത് തന്നിഷ്ടംപോലെ ഉപയോഗിക്കാമെന്നാണ് അവര്‍ വാദിക്കുന്നത്.

തര്‍ക്കം മൂത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ, തോല്‍ക്കാന്‍ നമ്മള്‍ തീരുമാനിച്ച മട്ടിലാണ് കാര്യങ്ങള്‍. ഇന്ത്യയുടെ ശാസ്ത്രസാങ്കേതികവകുപ്പിനു കീഴിലുള്ള അതിസമ്പന്നമായ ജൈവശേഖരം ബഹുരാഷ്ട്രകുത്തകകള്‍ക്ക് ചെറിയൊരു തുക ഫീസ് വാങ്ങി തുറന്നു കൊടുക്കാന്‍ പോവുകയാണ്. അവരുടെ സഹകരണമില്ലാതെ ജനിതകസാങ്കേതികപുരോഗതി നേടാന്‍ കഴിയില്ലപോലും. കോഴിയെ കാക്കാന്‍ കുറുക്കനെത്തന്നെ ചുമതലപ്പെടുത്തണം.

അങ്ങനെ നമ്മുടെ മറ്റൊരു പൊതുസ്വത്തുകൂടി ചുളുവിലയ്ക്ക് കുത്തകകള്‍ കൈവശപ്പെടുത്താന്‍ പോവുകയാണ്. സ്വന്തം വരുതിയിലുള്ളവ സംരക്ഷിക്കാനേ കുത്തകകള്‍ക്ക് താത്പര്യമുള്ളൂ. പൊതുവായിട്ടുള്ളവയ്ക്ക് നാഥനില്ല. അങ്ങനെ ഇന്ന് നാമറിയുന്ന പക്ഷിമൃഗാദികളിലും ജലജീവികളിലും 10-30 ശതമാനം ആഗോളമായി നാശത്തിന്റെ വക്കിലാണ്. ദശലക്ഷക്കണക്കായുള്ള സൂക്ഷ്മജീവിവൈവിധ്യം ഇതിനേക്കാള്‍ വേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. സര്‍വനാശത്തിലേയ്ക്കുള്ള മനുഷ്യന്റെ കുതിപ്പിനിടയില്‍ ചെറുവയല്‍ രാമന്‍ തന്റെ കണ്ടങ്ങളില്‍ 36 ഇനം നെല്ലുകളെ ഓമനിക്കുന്നു. സ്ഥായിയായ വികസനത്തിന് വഴികാട്ടുന്നു.