നാരായണന്‍ നമ്പൂതിരിയുടെ സ്വപ്നങ്ങളില്‍ ക്ഷീരവൃത്തിയുടെ ഭാവി നറുംപാല്‍ പോലെ വെണ്‍മയുള്ളതും വൃന്ദാവനം പോലെ മനോഹരവുമാണ്. പാല്‍ അമൂല്യവസ്തുവാകുമെന്നും പാലുത്പാദകന്‍ വിപണിയിലെ താരമാകുമെന്നും ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ആത്മവിശ്വാസം തൃശൂര്‍ അന്തിക്കാട് പഴങ്ങാപറമ്പ് മനയിലെ ഈ നാല്‍പത്തിനാലുകാരന് നല്‍കിയത് പ്രതിസന്ധികളില്‍ കൈപിടിച്ചുയര്‍ത്തിയ തന്റെ ഗോക്കളിലുള്ള അചഞ്ചലവിശ്വാസം. പാലായും തൈരായും, വെണ്ണയും നെയ്യുമായും കൈപ്പുണ്യം നിറഞ്ഞ ഉത്പന്നങ്ങള്‍ 'ഓംകൃഷ്ണ' ഗോശാലയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഈ വിശ്വാസം തെറ്റിക്കാന്‍ ഉത്പാദകനും ഉപഭോക്താവിനുമാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
അച്ഛനും അമ്മയും ഭാര്യ ശ്രീലതയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണ് 'ഓംകൃഷ്ണ' ഗോശാലയുടെ മാനേജ്മെന്റ് കമ്മറ്റി. രണ്േടാ മൂന്നോ പശുക്കളെ സ്ഥിരം വളര്‍ത്തിയിരുന്ന മനയിലെ തൊഴുത്ത് ഒരു വലിയ ഗോശാലയായി മാറിയത് ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലൊന്നിലാണ്. ഉപജീവനം നടത്താന്‍ സഹായിച്ചിരുന്ന റൈസ്മില്ല് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ കൈത്താങ്ങായത് തൊഴുത്തിലേക്ക് പുതിയതായി എത്തിയ പത്തോളം പശുക്കള്‍. ഇന്ന് മുപ്പതോളം പശുക്കളും 200 ലിറ്ററോളം പ്രതിദിന പാലുത്പാദനവുമായി പഴങ്ങാപറമ്പ് മന തൃശൂര്‍ ജില്ലയിലെ മികച്ച ഡയറിഫാമുകളിലൊന്നായി മാറിയിരിക്കുന്നു.
പാലുത്പാദനത്തേക്കാള്‍ മൂല്യവര്‍ധനയുടെ വഴിയിലൂടെ പാലുത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന തന്ത്രമാണ് നാരായണന്‍ നമ്പൂതിരിയുടേത്. അതിനാല്‍തന്നെ തൊഴുത്തിലെ പശുക്കളുടെ തെരഞ്ഞെടുപ്പുപോലും പാലിന്റെ ഗുണമേന്മകൂടി കണ്ടറിഞ്ഞു മാത്രം. കൊഴുപ്പു കൂടിയ പാല്‍ ലഭിക്കാന്‍ വേണ്ടിയുള്ള തന്ത്രങ്ങള്‍. ഇതിനായി പ്രദേശിക വിപണിയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെ മികച്ചയിനം പശുക്കളെ മാത്രം കണ്െടത്തി ഇവിടെയെത്തിക്കുന്നു. ജേഴ്സി, ഹോള്‍സ്റീന്‍ സങ്കരയിനങ്ങള്‍ അടങ്ങിയ ഗോക്കളുടെ സംഘം പാലുത്പാദനത്തില്‍ പിശുക്ക് കാണിക്കാറില്ല. കൃത്യമായ പ്രത്യുത്പാദന പരിപാലനത്തിലൂടെ തൊഴുത്തിലെ എണ്‍പത് ശതമാനത്തിലധികം പശുക്കളേയും പാലുത്പാദനത്തിന്റെ വിവിധ ഘടങ്ങളില്‍ നിലനിര്‍ത്തുന്നതില്‍ നാരായണന്‍ നമ്പൂതിരിയും വിജയിക്കുകയാണ് പതിവ്. പ്രസവശേഷം മൂന്നു മാസത്തിനുള്ളില്‍ പശുക്കളെ ഗര്‍ഭം ധരിപ്പിക്കുക എന്നതാണ് പശുവളര്‍ത്തലിലെ അടിസ്ഥാന പ്രമാണങ്ങളിലൊന്നെന്നുനാരായണന്‍ വിശ്വസിക്കുന്നു.
പാലിന്റെ ഗുണമേന്മ ഉത്പന്നത്തിന്റെ മേന്മ തന്നെയാണ് അതിനാല്‍ തന്നെ പശുക്കളുടെ തീറ്റക്രമവും വിട്ടുവീഴ് ചകളില്ലാതാണിവിടെ. സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ മൂന്നേക്കറോളം സ്ഥലത്ത് വളര്‍ത്തുന്ന തീറ്റപ്പുല്ലിന്റെ സമൃദ്ധി ഘടനയൊത്ത ക്ഷീരസമൃദ്ധിയിലേക്ക് വഴി തുറക്കുന്നു. സി. ഒ-3, തുമ്പൂര്‍മുഴി, കിളികുളം തുടങ്ങിയ ഇനങ്ങളൊക്കെ ഇദ്ദേഹം വളര്‍ത്തുന്നു. കൂടാതെ കാലിത്തീറ്റയും പിണ്ണാക്കും തവിടുമൊക്കെ ചേര്‍ത്ത ഖരാഹാരം മൂന്നു നേരമായി ഉത്പാദനത്തിനനുസരിച്ച് നല്‍കുന്നു. പാലിന്റെ ഘടന, പ്രത്യേകിച്ച് കൊഴുപ്പിന്റെ അളവ് എന്നിവ നിലനിര്‍ത്തുന്നതായിരിക്കണം പശുക്കളുടെ തീറ്റക്രമമെന്നാണ് നമ്പൂതിരിയുടെ അഭിപ്രായം.
രണ്ടു പശുക്കളെ ഒരു സമയം കറക്കാന്‍ കഴിയുന്ന മില്‍ക്കിംഗ് മെഷീനാണ് ഇവിടെ ഉപയോഗിക്കുന്നത്. കറന്നെടുക്കുന്ന പാലില്‍ നൂറു ലിറ്ററോളം നേരിട്ട് പ്രാദേശികവിപണിയിലെത്തിക്കുന്നു. ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഏകദേശം 300 ലിറ്റര്‍ പാല്‍ ഇവിടെ പ്രതിദിനം ആവശ്യമുണ്ട്. കൂടുതലായി വേണ്ടിവരുന്ന പാല്‍ മറ്റു കര്‍ഷകരില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നും വാങ്ങിച്ച് മനയിലെത്തിക്കണം. പാലിന്റെ ഗുണമേന്മയിലും നമ്പൂതിരിയുടെ കൈപ്പുണ്യത്തിലും നാട്ടുകാര്‍ക്ക് 'തകര്‍ക്കാന്‍ പറ്റാത്ത' വിശ്വാസമാണെന്നതിന് തെളിവ് പുലര്‍ച്ചെ അഞ്ചുമണിമുതല്‍ വീട്ടിലെത്തുന്ന ഉപഭോക്താക്കളുടെ നിര തന്നെയാണ്.
ക്രീം സെപ്പറേറ്റര്‍, പാക്കിങ്ങ് മെഷീന്‍, പാത്രങ്ങള്‍ ഇവയൊക്കെ നിറയുന്ന വീടിനോടു ചേര്‍ന്നുള്ള ചെറിയ മുറിയാണ് മനയിലെ ഫാക്ടറി. ഭാര്യ ശ്രീകലയുടെ നിയന്ത്രണത്തില്‍ ഏതാനും വനിതകളാണ് പ്രതിദിനം മൂന്നൂറ് ലിറ്റര്‍ പാല്‍ വിവിധ ഉല്‍പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നത്. നാടന്‍ തൈര്, സംഭാരം, വെണ്ണ, നെയ്യ് എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. ഒരു ലിറ്റര്‍ തൈരിന് 30 രൂപയാണ് വില. വെണ്ണ, നെയ്യ് ഇവയ്ക്ക് യഥാക്രമം കിലോഗ്രാമിന് 300, 400 രൂപ നിരക്കുകളിലാണ് വിപണനം. തൈര് നിര്‍മിക്കാനാവശ്യമായ സൂക്ഷ്മജീവികളുടെ കള്‍ച്ചര്‍ (ഉറ) പൂനയിലെ സ്വകാര്യകമ്പനിയില്‍ നിന്ന് വാങ്ങുന്നു. ഉത്പന്നങ്ങള്‍ക്ക് കണ്െടത്തിയിരിക്കുന്ന ശക്തമായ പ്രാദേശികവിപണിതന്നെ വിജയ തന്ത്രം. ഗുണമേന്മയിലെ വിട്ടുവീഴ്ചയില്ലായ്മ ഈ ബ്രാഹ്മണന്റെ വിജയമന്ത്രവും.
തൊഴുത്തിലും ഉത്പന്നനിര്‍മാണത്തിലുമായി പത്തോളം തൊഴിലാളികളാണ് ഫാമിലുള്ളത് തൊഴുത്തിലെ ചാണകം ബയോഗ്യാസ് പ്ളാന്റിലുപയോഗിക്കുന്നതനു പുറമേ നേരിട്ട് വില്‍പന നടത്തിയും വരുമാനമാക്കി മാറ്റുന്നു. തീറ്റപ്പുല്‍കൃഷിക്കാവശ്യമായ വെള്ളവും ചാണകവും തൊഴുത്തില്‍ നിന്നു തന്നെ. പുലര്‍ച്ചെ രണ്ടു മണിയോടെ തൊഴുത്തില്‍ നേരം പുലരുന്നു. അഞ്ചുമണിയോടെ മനയുടെ മുമ്പില്‍ പാലിനായി ആളുകള്‍ എത്തിതുടങ്ങും. ജീവിതം തിരക്കിട്ടതെങ്കിലും സംതൃപ്തമെന്ന് നാരായണന്റെ സാക്ഷ്യം. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് നേടിയ നാരായണന്‍ ഡയറിഫാമിംഗിന് ഭാവിയില്‍ കാണുന്നത് അനന്തസാധ്യതകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പി. ആര്‍ നാരായണന്‍, പഴങ്ങാപറമ്പ് മന പി. ഒ., അന്തിക്കാട് , തൃശൂര്‍
By Hakeem Cherushola in Agriculture (കൃഷി )