Tuesday, January 31, 2012

അപൂര്‍വ വാഴയിനങ്ങള്‍.


അപൂര്‍വ വാഴയിനങ്ങള്‍.
കര്‍പ്പൂരവള്ളി: നല്ല ഉയരത്തില്‍ കരുത്തില്‍ വളരുന്ന ഇവയില്‍ ഇരുപതു കിലോഗ്രാം വരെയുള്ള കുലകള്‍ ലഭിക്കുന്നു. ഒരുവര്‍ഷംകൊണ്ട് വിളവെടുക്കാം. മധുരമുള്ള പഴങ്ങള്‍ ലഭിക്കും.

വരിക്കവാഴ: നല്ല രോഗപ്രതിരോധശേഷിയുള്ള വരിക്കവാഴയുടെ കായ്കള്‍ പഴുത്താലും ചീഞ്ഞുപോകാറില്ല. കാഠിന്യമേറിയ ഇവ പുഴുങ്ങിയും കഴിക്കാം.

കുടപ്പനില്ലാകുന്നന്‍: കുലകളില്‍ കായ് വിരിഞ്ഞശേഷം കുടപ്പന്‍ കാണാത്ത ഈ ഇനത്തില്‍ പഴങ്ങള്‍ സ്വാദിഷ്ഠമാണ്. കുറുനാമ്പ് രോഗത്തെ ചെറുക്കുന്നു. കാര്യമായ പരിചരണം നല്കാതെതന്നെ കൃഷി ചെയ്യാം.

കുന്നന്‍: ഇവയുടെ കായ്കള്‍ ഉണക്കിപ്പൊടിച്ച് കുട്ടികള്‍ക്ക് ആഹാരമായി നല്കുന്നു. ഇടത്തരം വലിപ്പമുള്ള കുലകള്‍ ലഭിക്കുന്ന കുന്നന്‍ വാഴകള്‍ വീട്ടുവളപ്പുകളില്‍ കുറ്റിവിളയായി നടാന്‍ യോജിച്ചവയാണ്. രോഗകീടബാധകള്‍ കുറവാണ്.

വിരൂപാക്ഷി: ഇടത്തരം ഉയരത്തില്‍ വളരുന്ന വിരൂപാക്ഷിയുടെ കായ്കള്‍ ക്രമമല്ലാത്ത രീതിയില്‍ ഉണ്ടാകുന്നു. നല്ല മധുരമുള്ള ഇവയുടെ കായ്കള്‍ എല്ലാവരും ഇഷ്ടപ്പെടുന്നു.

നാഗവാഴ: നല്ല ഉയരത്തില്‍ വളര്‍ന്ന് വലിയ കുലകള്‍ ലഭിക്കുന്ന നാഗവാഴ വിളവെടുക്കാന്‍ ഒന്നര വര്‍ഷമെടുക്കും. കായ്കള്‍ രുചികരമാണ്. കറിക്കായും ഉപയോഗിക്കും. നല്ല രോഗപ്രതിരോധശേഷിയുമുണ്ട്.

യംഗാബി: ചെറുപഴയിനമാണ് യംഗാബി. കായ്കള്‍ പഴുക്കുമ്പോള്‍ സ്വര്‍ണനിറത്തില്‍ ആകര്‍ഷണീയമായിത്തീരും. കുലകള്‍ക്ക് പത്തുകിലോ വരെ തൂക്കം ലഭിക്കുന്ന ഇവയുടെ പഴങ്ങള്‍ മാധുര്യമേറിയവയാണ്. തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാം.

ബോഡല്‍സ് അല്‍ട്ടാഫോര്‍ട്ട്: ഗ്രോമിഷലും പിസാംഗി ലിനിയും തമ്മില്‍ സങ്കരണം നടത്തി ഉരുത്തിരിച്ച ഈ വിദേശയിനം നല്ല ഉയരത്തില്‍ വളരും. ഗ്രോമിഷലിനോട് സാമ്യമുള്ള കുലകള്‍ ലഭിക്കുന്ന ബോഡല്‍സ് അല്‍ട്ടാഫോര്‍ട്ടിന് നല്ല പ്രതിരോധശേഷിയുണ്ട്.

ഗ്രോമിഷന്‍: നല്ല ഉയരത്തില്‍ വളരുന്ന വാഴയിനമാണിത്. പഴുക്കുമ്പോള്‍ മഞ്ഞനിറമാകുന്ന കായ്കള്‍ മാധുര്യം നിറഞ്ഞതാണ്. കേരളത്തിലെ വീട്ടുവളപ്പുകളില്‍ അപൂര്‍വമായ ഗ്രോമിഷന് ഇംഗ്ലീഷ് പൂവന്‍ എന്ന പേരുമുണ്ട്. വലിയ കുലകള്‍ ഇവയുടെ പ്രത്യേകതയാണ്.

ബിഗ് എബാംഗ്:നേന്ത്രവാഴയിനത്തില്‍ പെടുന്ന ബിഗ് എബാംഗ് വാഴകളുടെ കായ്കള്‍ വലുതാണ്. തീരെ ചെറിയ കുടപ്പനുണ്ടാകുന്ന ഇവയ്ക്ക് ഏഴു പടലവരെ ഉണ്ടാകാറുണ്ട്. പതിനൊന്നു മാസത്തിനുള്ളില്‍ ഇവയുടെ കായ്കള്‍ പാകമാകും.കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ ഫോണ്‍: 9947091208, 9495250655.

courtesy: http://www.mathrubhumi.com/agriculture/story-203704.html

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)