Tuesday, January 31, 2012

പത്തിരട്ടി വിളവ്; പതിനായിരങ്ങള്‍ക്കു പ്രചോദനം

ഒരുപക്ഷേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ പ്രിസിഷന്‍കൃഷിയില്‍ വിളവെടുത്ത വ്യക്തിയായിരിക്കും വയനാട് മാനന്തവാടി സ്വദേശി ഡിഗോള്‍. ഒരു വര്‍ഷം കൊണ്ട് എട്ടു വിളവിറക്കി പ്രതിമാസം ശരാശരി 40000 രൂപ വരുമാനം നേടാനായെന്നു ഈ യുവാവ് അവകാശപ്പെടുന്നു. എന്നാല്‍ അതിലുപരി തന്റെ മാതൃകയിലൂടെ നാല്പതോളം നവസംരംഭകരെ പ്രിസിഷന്‍ കൃഷിയിലേയ്ക്കു കൊണ്ടുവരാന്‍ കഴിഞ്ഞ ഇദ്ദേഹം നമ്മുടെ വിജ്ഞാനവ്യാപനപ്രവര്‍ത്തകര്‍ക്കു തന്നെ ഒരു ചൂണ്ടുപലകയാണ്. പറഞ്ഞു കൊടുക്കുന്നതിന്റെ പത്തിരട്ടി ഫലം ചെയ്തു കാണിക്കുന്നവനു നേടാനാകുമെന്ന് ഡിഗോള്‍ തെളിയിക്കുന്നു.


ഗള്‍ഫില്‍ ഇന്റീരിയര്‍ ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്ന ഡിഗോള്‍ നാട്ടിലൊരു ജീവിതം കൊതിച്ചാണ് രണ്ടു വര്‍ഷം മുമ്പ് വയനാട്ടിലേയ്ക്കു മടങ്ങിയത്. വിദേശങ്ങളിലെ ഹൈടെക് കൃഷിരീതികള്‍ കണ്ടിരുന്ന ഡിഗോള്‍ നാട്ടിലെത്തിയപ്പോള്‍ മുതല്‍ ഇങ്ങനൊരു സംരംഭത്തിനായി ശ്രമം തുടങ്ങി. ഇതിനാവശ്യമായ സാങ്കേതിക സഹായം തേടി കൃഷിവകുപ്പിലും കാര്‍ഷിക സര്‍വകലാശാലയിലും ചെന്നെങ്കിലും നിരാശയായിരുന്നു ഫലം. സര്‍വകലാശാലയുടെ പ്രിസിഷന്‍ഫാമിംഗ് സെന്ററില്‍ നിന്നു ചില വിവരങ്ങള്‍ കിട്ടിയെങ്കിലും അതൊന്നും താനാഗ്രഹിച്ച വിധത്തിലുള്ളതായിരുന്നില്ലെന്നു ഡിഗോള്‍ പറയുന്നു. അങ്ങനെയിരിക്കെ പാലക്കാട്ട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തില്‍ പ്രിസിഷന്‍കൃഷി ആരംഭിച്ചതായറിഞ്ഞ് അവിടം സന്ദര്‍ശിച്ചതോടെയാണ് ഈ രംഗത്ത് ഒരു തുടക്കമിടാന്‍ കഴിഞ്ഞതെന്നു ഇദ്ദേഹം അനുസ്മരിക്കുന്നു.


പെരുമാട്ടിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടുംകല്പിച്ച് ഒരു ഗ്രീന്‍ഹൌസ് നിര്‍മിക്കാന്‍ തീരുമാനിച്ചു. പക്ഷേ അപ്പോള്‍ പ്രശ്നങ്ങള്‍ തുടങ്ങുന്നതേയുള്ളായിരുന്നു. കാര്‍ഷികപ്രതിസന്ധിയുള്ള വയനാട്ടില്‍ ഇങ്ങനൊരു സംരംഭത്തിനു വായ്പ നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു താന്‍ കയറിയിറങ്ങിയ എല്ലാ ബാങ്കുമെന്ന് ഡിഗോള്‍ പറയുന്നു. ഒടുവില്‍ നിവൃത്തിയില്ലാതെ സ്വന്തം പേരിലുള്ള അല്പം സ്ഥലം വിറ്റാണ് താന്‍ പോളിഹൌസ് നിര്‍മാണത്തിനു പണം കണ്െടത്തിയതെന്നു ഡിഗോള്‍ ചൂണ്ടിക്കാട്ടി. അത്രയേറെയായിരുന്നു ഈ യുവാവിന്റെ മനസ്സില്‍ പ്രിസിഷന്‍ കൃഷിയോടുള്ള താത്പര്യവും ആവേശവും. നമ്മുടെ കൃഷിരീതികള്‍ പരിഷ്കരിക്കേണ്ടതുണ്െടന്നും ലോകത്ത് ഇത്തരം സാങ്കേതികവിദ്യകള്‍ ലഭ്യമാണെന്നും ബന്ധപ്പെട്ടവര്‍ക്കു കാണിച്ചുകൊടുക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്ന് ഡിഗോള്‍ പറഞ്ഞു.


രണ്ടു ഭാഗങ്ങളായി വിഭജിച്ചാണ് ആയിരം ചതുരശ്രമീറ്ററിന്റെ ഹരിതഗൃഹം ഇദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടുഭാഗങ്ങള്‍ക്കുമിടയില്‍ അണുനശീകരണസംവിധാനമുള്ള ചെറിയ അറയുമുണ്ട്. ആദ്യം കൃഷി ചെയ്തത് സാലഡ് വെള്ളരിയായിരുന്നു. അഞ്ഞൂറ് ചതുരശ്രമീറ്ററുള്ള ഒരു ഭാഗത്തായിരുന്നു ഇത്. മികച്ച വിളവ് നല്‍കിയ ആദ്യകൃഷിയെ തുടര്‍ന്ന് മറുഭാഗത്ത് കാപ്സിക്കവും അല്പം പച്ചമുളകും കൃഷി ചെയ്തു. തുടര്‍ന്ന് രണ്ട് ഭാഗങ്ങളിലുമായി പയര്‍, ചീര, മല്ലിയില തുടങ്ങിയവയും കൃഷി ചെയ്തു. പയര്‍ കൃഷി ചെയ്തപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടു വാരം പാവലും നട്ടു. ഇവയില്‍ ചീര മാത്രമാണ് ചെറിയൊരു പരാജയമായതെന്നു ഡിഗോള്‍ പറയുന്നു. കാര്‍ഷികസര്‍വകലാശാലയുടെ ചീരവിത്തായിരുന്നു പരാജയകാരണം. പാകിയ വിത്തുകളില്‍ പകുതി പോലും മുളച്ചില്ല. അതേസമയം പൊള്ളാച്ചിയില്‍ നിന്നു വാങ്ങിയ സ്വകാര്യകമ്പനികളുടെ ഹൈബ്രിഡ് പച്ചക്കറിവിത്തുകള്‍ പൂര്‍ണമായി മുളയ്ക്കുകയും മികച്ച ഫലം നല്‍കുകയും ചെയ്തു. ഇപ്പോള്‍ കൃഷി സംബന്ധമായ ഉപദേശങ്ങള്‍ക്ക് തിരുവനന്തപുരം ആസ്ഥാനമായുള്ള 'പ്രോവിന്‍സ് അഗ്രോ' എന്ന സ്ഥാപനത്തേയാണ് താന്‍ ആശ്രയിക്കുന്നതെന്നു ഇദ്ദേഹം പറഞ്ഞു. കൃഷിഭവനുകളില്‍നിന്നുള്ള പ്രയോജനരഹിതമായ സൌജന്യഉപദേശത്തേക്കാള്‍ ഫീസ് ഈടാക്കിയാണെങ്കിലും കിട്ടുന്ന വിദഗ്ധഉപദേശങ്ങള്‍ക്ക് ഇനി കൃഷിക്കാര്‍ കാതോര്‍ക്കുമെന്ന് ഡിഗോള്‍ അഭിപ്രായപ്പെട്ടു.


ഏകദേശം പന്ത്രണ്ടുലക്ഷം രൂപയാണ് ഇദ്ദേഹം പോളിഹൌസിനായി ചെലവഴിച്ചത്. എന്നാല്‍ പിന്നീട് തന്റെ സഹകര്‍ഷകന്‍ നിര്‍മിച്ച പോളിഹൌസിനു പത്തുലക്ഷം രൂപയേ വേണ്ടിവന്നുള്ളൂവെന്നു ഡിഗോള്‍ ചൂണ്ടിക്കാട്ടി. മണ്ണ് നന്നായിളക്കിയ ശേഷം സൌരതാപീകരണത്തിലൂടെ അണുനശീകരണം നടത്തുന്നതാണ് പ്രിസിഷന്‍ കൃഷിയിലെ ആദ്യചുവട്. തുടര്‍ന്ന് ഉയര്‍ന്ന വാരങ്ങള്‍ വെട്ടി വിത്തു പാകുന്നു. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗത്തിന്റെ അളവും ക്രമവും നിശ്ചയിക്കുന്നു. തുറസ്സായ സ്ഥലങ്ങളിലും പ്രിസിഷന്‍ രീതിയില്‍ കൃഷി നടത്താം. തന്റെ പോളിഹൌസിനു പുറത്ത് ഡിഗോള്‍ ഈ രീതിയില്‍ വാഴ കൃഷി ചെയ്യുന്നുണ്ട്.


അമിതോത്പാദനം മൂലം വിപണനപ്രതിസന്ധി ഉണ്ടാകുമെന്നു ഭയന്നായിരുന്നു ഡിഗോള്‍ ഗ്രീന്‍ഹൌസിനെ രണ്ടായി തിരിച്ചത്. അതുവഴി കൂടുതല്‍ ഇനങ്ങള്‍ നിശ്ചിത അളവില്‍ ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഒരു വര്‍ഷത്തെ കൃഷി കഴിഞ്ഞപ്പോള്‍ ഇനവൈവിധ്യത്തേക്കാള്‍ പ്രധാനം ഉയര്‍ന്ന അളവിലുള്ള ഉത്പാദനമാണെന്നു ഡിഗോള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. കൂടുതല്‍ ഉത്പാദനമുണ്െടങ്കില്‍ കൃഷിക്കാരന് അകലെയുള്ള വിപണികളില്‍ പോലും ഉത്പന്നമെത്തിച്ച് വിപണനം നടത്താം. ഇതൊക്കെയാണെങ്കിലും തനിക്ക് വിപണനം ഒരു ഘട്ടത്തില്‍ പോലും പ്രശ്നമായിട്ടില്ലെന്നു ഇദ്ദേഹം പറയുന്നു. മാനന്തവാടിയിലും കല്പറ്റയിലുമുള്ള രണ്േടാ മൂന്നോ കടകളിലൂടെ തന്റെ സാലഡ് വെള്ളരിയും കാപ്സിക്കവും ചീരയുമൊക്കെ അനായാസം വിറ്റഴിയുന്നു. കീടനാശിനി തളിക്കാത്ത 'ക്ളീന്‍ വെജിറ്റബിളി'നു വേണ്ടി കടക്കാര്‍ മത്സരിക്കുകയാണ്. ഇപ്പോള്‍ വിളവെടുക്കുന്ന സാലഡ് വെള്ളരി കിലോഗ്രാമിനു 20 -25 രൂപ നിരക്കിലാണ് നല്‍കുന്നത്.കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ തുടച്ചുവൃത്തിയാക്കി പായ്ക്ക് ചെയ്ത് ഇവ കടകളിലെത്തിക്കും. ഇതുമൂലം വില്പനയ്ക്കെത്തുന്ന ഉത്പന്നങ്ങള്‍ അല്പം പോലും പാഴാവുന്നില്ല. പായ്ക്കു ചെയ്യുന്ന വെള്ളരിയില്‍ നിന്നു അതിന്റെ പൂവ് പോലും അടര്‍ന്നുപോവാതെയാണ് കടയിലെത്തുന്നത്. ഇത്തരം നല്ല ശീലങ്ങള്‍ നമ്മുടെ കൃഷിക്കാര്‍ ഇനിയും വേണ്ടത്ര പരിചയിച്ചിട്ടില്ലെന്നു ഡിഗോള്‍ ചൂണ്ടിക്കാട്ടി.


അഞ്ഞൂറ് ചതുരശ്രമീറ്ററില്‍ നിന്നും ദിവസം തോറും ശരാശരി 50 കിലോഗ്രാം സാലഡ് വെള്ളരിയാണ് ഇദ്ദേഹത്തിനു കിട്ടുന്നത്. ഇതേ സ്ഥാനത്ത് പയര്‍ 100 കിലോഗ്രാം വീതം കിട്ടിയിരുന്നു. രണ്ടു ബഡുകളില്‍ മാത്രം പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തപ്പോള്‍ പത്തു കിലോഗ്രാം വീതം പാവയ്ക്ക കിട്ടുമായിരുന്നെന്നു ഡിഗോള്‍ പറഞ്ഞു. എന്നാല്‍ തമിഴ്നാട്ടിലെ ധര്‍മഗിരിയിലും മറ്റും പ്രിസിഷന്‍കൃഷിയിലൂടെ കിട്ടുന്ന ഉത്പാദനം ഇതിന്റെ പല മടങ്ങാണെന്നു അദ്ദേഹം സമ്മതിച്ചു. അഞ്ഞൂറ് ചതുരശ്രമീറ്ററില്‍ നിന്ന് 15 ടണ്‍ കാപ്സിക്കമാണ് അവര്‍ ഉത്പാദിപ്പിക്കുന്നത്. അവിടുത്തെ കൃഷിക്കാര്‍ക്ക് വിളകളുടെ പള്‍സ് അറിയാം. തമിഴ്നാട് കാര്‍ഷികസര്‍വകലാശാലയിലെ വിദഗ്ധര്‍ കൃഷിക്കാരുടെ കൂടെ താമസിച്ചാണ് കൃഷി പഠിപ്പിക്കുന്നത്. അവരുടെ കൃഷിരീതികള്‍ പൂര്‍ണമായി പകര്‍ത്താന്‍ കഴിഞ്ഞാല്‍ നമുക്കും അത്രയേറെ ഉത്പാദനം നേടാനാവും.


പ്രസിഷന്‍ കൃഷിയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സബ്സിഡി പോലും യഥാസമയം നല്‍കുന്നില്ലെന്നു ഡിഗോള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജനുവരിയില്‍ അപേക്ഷ നല്‍കിയ തനിക്ക് ഏറെ പരിശ്രമിച്ച ശേഷം നവംബറിലാണ് സബ്സിഡി കിട്ടിയത്. അതും ഭാഗികമായി മാത്രം. മധ്യനിരയിലുള്ള പല ഉദ്യോഗസ്ഥരുടേയും സമീപനം ശരിയല്ല. ഫണ്ടില്ലെന്ന പേരില്‍ തനിക്ക് പ്രസിഷന്‍കൃഷി സബ്സിഡിയുടെ ഒരു വിഹിതം നിഷേധിക്കുമ്പോള്‍ തന്നെ വയനാട്ടില്‍ കാര്‍ഷികവികസനത്തിനു കേന്ദ്രം അനുവദിച്ച കോടികള്‍ പാഴാകുകയായിരുന്നെന്നു ഡിഗോള്‍ ചൂണ്ടിക്കാട്ടി. അതേസമയം തമിഴ്നാട്ടില്‍ കൃഷിവകുപ്പിലേയും കെവികെകളിലേയും ഉദ്യോഗസ്ഥര്‍ പണവുമായി കൃഷിക്കാരുടെ പിന്നാലെ നടക്കുകയാണ്. എല്ലാവരും കൂട്ടായി പരിശ്രമിച്ചാല്‍ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ പ്രിസഷന്‍ കൃഷിയിലൂടെ കേരളത്തിനു കഴിയുമെന്ന് ഡിഗോള്‍ പറഞ്ഞു.

ജയിംസ് ജേക്കബ്
കര്‍ഷകന്‍ മാസിക

1 comment:

  1. സന്തോഷം. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവനാണ് കര്‍ഷകന്‍. ഈ മനസ്സ് കൈമോശം വരാതെ കാത്തു സൂക്ഷിക്കുക.ആശംസകള്‍

    ReplyDelete

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)