Monday, January 9, 2012

തെങ്ങ്

തെങ്ങ്

കേരളത്തിന്റെ കല്പവൃക്ഷം; പ്രധാന കാര്‍ഷികവിള. എണ്ണക്കുരു വിളയായ തെങ്ങ് ഏകബീജപത്രിയിലെ പാമേസി (Plamaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. കോക്കോസ് ന്യുസിഫെറ (Cocos nucifera) 'കോക്കോസ്' എന്ന പോര്‍ച്ചുഗീസ് പദത്തിന് 'വാനരന്‍' എന്നാണ് അര്‍ഥം. പുറത്തെ ചകിരി മാറ്റിയ തേങ്ങയ്ക്ക് (nut) കുരങ്ങിന്റെ തലയുമായുള്ള സാദൃശ്യമാണ് ഈ പേരിനാധാരം. 'ന്യുസിഫെറ' എന്ന പദത്തിന് 'തേങ്ങ വഹിക്കുന്നത്' എന്നര്‍ഥം. കേരവൃക്ഷം, കല്പവൃക്ഷം എന്നീ പേരുകളില്‍ അറിയപ്പെടുന്ന തെങ്ങിന് സംസ്കൃതത്തില്‍ നാളികേരഃ, നാരികേരഃ, നാരികേള എന്നീ പേരുകളാണുള്ളത്.
തെക്കേ അമേരിക്ക, മധ്യ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങള്‍, ദക്ഷിണേഷ്യ, ശാന്തസമുദ്രദ്വീപ് എന്നിവിടങ്ങളില്‍ എവിടെയെങ്കിലുമായിരിക്കാം തെങ്ങിന്റെ ജന്മദേശമെന്ന് പ്രശസ്ത ശാസ്ത്രകാരനായ ബര്‍ക്കില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (1935). ബി.സി. 3-ാം ശ.-ത്തിനുമുമ്പേ ശ്രീലങ്കയില്‍ തെങ്ങ് കൃഷി ചെയ്തിരുന്നതിന് രേഖകളുണ്ട്. മലയ, സുമാത്ര, ജാവ, ഫിലിപ്പീന്‍സ് എന്നീ ദ്വീപസമൂഹങ്ങള്‍ കേന്ദ്രീകരിച്ച് തെങ്ങ് കൃഷി ചെയ്തിരുന്നതിനാല്‍ തെക്കു കിഴക്കന്‍ ഏഷ്യയായിരിക്കാം തെങ്ങിന്റെ ഉത്ഭവസ്ഥാനമെന്നും അഭിപ്രായമുണ്ട്.
ഉഷ്ണമേഖലാ വിളയായ തെങ്ങ് എണ്‍പതിലധികം രാജ്യങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസ്, മധ്യഅമേരിക്ക, തെ.അമേരിക്ക, പ.ആഫ്രിക്ക, കിഴക്കന്‍ ആഫ്രിക്ക, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, ശ്രീലങ്ക, വിയറ്റ്നാം എന്നിവയാണ് തെങ്ങുകൃഷിയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍. ഇന്തോനേഷ്യയും ഫിലിപ്പീന്‍സും കഴിഞ്ഞാല്‍ ഏറ്റവുമധികം തെങ്ങുകൃഷിയുള്ളത് ഇന്ത്യയിലാണ്.
ഇന്ത്യയില്‍ കേരളം, തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, ഒറീസ്സ, ബംഗാള്‍, പോണ്ടിച്ചേരി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും ലക്ഷദ്വീപ്, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപസമൂഹം എന്നിവിടങ്ങളിലും തെങ്ങ് വ്യാപകമായി കൃഷി ചെയ്തുവരുന്നു. അസം, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തെങ്ങ് കൃഷി ചെയ്യുന്നുണ്ട്.
ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന നാളികേരത്തിന്റെ 92 ശതമാനവും ലഭിക്കുന്നത് കേരളം, തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇവിടങ്ങളില്‍ അധികവും രണ്ട് ഹെക്ടറില്‍ താഴെ മാത്രം തെങ്ങുകൃഷിയുള്ള കര്‍ഷകരാണുള്ളതെങ്കിലും ഉത്പാദനത്തില്‍ ഈ പ്രദേശങ്ങള്‍ മുന്‍പന്തിയില്‍ തന്നെയാണ്.
ഒറ്റത്തടിയായി വളരുന്ന തെങ്ങിന്റെ ചുവടുഭാഗത്തിന് താരതമ്യേന വണ്ണം കൂടുതലാണ്. തെങ്ങിന് ഒരു അഗ്രമുകുളം അഥവാ വളര്‍ച്ചാമുകുളം മാത്രമേയുള്ളൂ. അഗ്രമുകുളത്തിന് കേടു സംഭവിച്ചാല്‍ വളരെ അപൂര്‍വമായി മാത്രമേ മുകുളങ്ങളും ശാഖകളും ഉണ്ടാകാറുള്ളൂ. മുകളിലേയ്ക്കു വളരുംതോറും കാണ്ഡത്തിന്റെ വ്യാസം കുറഞ്ഞു വരും. തടിയുടെ വളര്‍ച്ച വളര്‍ച്ചാഘട്ടങ്ങളിലെ പ്രതികൂലാവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ഉയരം കൂടിയ ഇനം (Dwarf) എന്നും ഉയരം കുറഞ്ഞ ഇനം (Tall) എന്നും തെങ്ങുകളെ രണ്ടായി തരംതിരിക്കാം. ഉയരം കൂടിയ തെങ്ങിനങ്ങള്‍ 15-18 മീ. വരെ ഉയരത്തിലും, കുറുകിയ ഇനങ്ങള്‍ 5-8 മീ. വരെ ഉയരത്തിലും വളരുന്നു. തടിയുടെ അഗ്രഭാഗത്തായി ഇലകള്‍ (ഓലകള്‍) കൂട്ടമായി നില്‍ക്കുന്നു. സാധാരണ ഒരു തെങ്ങില്‍ 25-40 വിരിഞ്ഞ ഓലകളുണ്ടായിരിക്കും. മൂപ്പെത്തിയ ഓലകള്‍ കൊഴിഞ്ഞു പോകുമ്പോള്‍ തടിയില്‍ വടുക്കള്‍ അവശേഷിക്കുന്നു. ഓലകള്‍ രൂപംകൊണ്ട് വളര്‍ച്ചയെത്തി കൊഴിയുന്നതിന് ഏകദേശം രണ്ടരമുതല്‍ മൂന്നു വര്‍ഷം വരെ കാലദൈര്‍ഘ്യമെടുക്കും. മഴക്കാലങ്ങളിലാണ് കൂടുതല്‍ ഓലകളുണ്ടാകുന്നത്. സാധാരണ 30-35 ദിവസം കൂടുമ്പോഴേക്കും ഓരോ പുതിയ ഓലയുണ്ടാകും. ഓലകളുടെ ആകൃതിയും വലുപ്പവും തെങ്ങിന്റെ ഇനത്തേയും മണ്ണിലടങ്ങിയിരിക്കുന്ന ധാതുലവണങ്ങളേയും ആശ്രയിച്ചിരിക്കുന്നു.
തെങ്ങിന്റെ കടയ്ക്കല്‍ നിന്നാണ് വിരല്‍വണ്ണത്തിലുള്ള നീളം കൂടിയ വേരുകള്‍ ഉത്ഭവിക്കുന്നത്. സാധാരണ കടയ്ക്കല്‍ നിന്ന് മുകളിലേക്ക് ഒരു മീറ്റര്‍ വരെ വേരുകളുണ്ടാകാറുണ്ട്. 25 വര്‍ഷത്തോളം പ്രായമായ തെങ്ങിന് 2000-3000 വരെ വേരുകളുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. പ്രധാന വേരുകള്‍ക്ക് ധാരാളം ശാഖാ വേരുകളുമുണ്ടാകാറുണ്ട്. പ്രധാന വേരുകളിലും ശാഖാവേരുകളിലും വെള്ളനിറത്തിലുള്ള ചെറിയ വേരുകള്‍ കാണപ്പെടുന്നു. ഇവയിലൂടെയാണ് വാതകവിനിമയം സാധ്യമാകുന്നത്. ശാഖാവേരുകള്‍ക്ക് പടര്‍ന്നു വളരുന്നതിനും 6-7 മീ. വരെ താഴേയ്ക്ക് ചൂഴ്ന്നിറങ്ങുന്നതിനും കഴിവുണ്ട്. പ്രധാന വേരുകള്‍ ജലം ആഗിരണം ചെയ്യുന്നതിനുവേണ്ടിയാണ് താഴേയ്ക്ക് ആഴ്ന്നിറങ്ങുന്നത്. എന്നാല്‍ അധികം ആഴത്തിലല്ലാതെ ഭൂതലത്തിന് സമാന്തരമായി വളരുന്ന വേരുകളാണ് മണ്ണില്‍ നിന്നും ധാതുലവണങ്ങള്‍ വലിച്ചെടുക്കുന്നത്. വേരുകള്‍ക്ക് വളരെക്കാലം വെള്ളത്തില്‍ വളരാന്‍ കഴിയാത്തതിനാല്‍ ഇവയില്‍ അധികവും മേല്‍മണ്ണില്‍ ഭൂമിക്കു സമാന്തരമായാണ് വളരുന്നത്. തെങ്ങിന്‍ ചുവട്ടില്‍ വളരെക്കാലം വെള്ളം കെട്ടിനിന്നാല്‍ വേരുകള്‍ അധികവും ചീഞ്ഞു നശിക്കുന്നു. കായല്‍ പ്രദേശങ്ങള്‍ നികത്തി തെങ്ങുകൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ ജലവിതാനത്തില്‍ സ്പര്‍ശിക്കാതെ ജലോപരിതലത്തിനു മുകള്‍ഭാഗത്തെ തടിയില്‍ നിന്ന് വേരുകള്‍ പൊട്ടി വളരുക പതിവാണ്. വെള്ളക്കെട്ടുമൂലം വേരുകള്‍ ചീഞ്ഞുപോകുമ്പോള്‍ തടിയുടെ ചുവടുഭാഗത്തുനിന്ന് പുതിയ വേരുകളുണ്ടാകുന്നു. വളക്കുറവുള്ള പ്രദേശങ്ങളില്‍ വളരുന്ന തെങ്ങുകളുടെ വേരുകള്‍ ഭൂതലത്തിന് മുകളില്‍ കെട്ടുപിണഞ്ഞ് വളരുന്നതും സാധാരണയാണ്. ഇത്തരം വേരുപടലത്തോടുകൂടിയ തെങ്ങിന് വരള്‍ച്ചയെ അതിജീവിക്കാനുള്ള ശേഷി കുറവായിരിക്കും. ഇടയ്ക്കിടെ ഇടയിളക്കുന്നതും തടം തുറക്കുന്നതും വേരുകളെ കൂടുതല്‍ ആഴത്തില്‍ വളരാന്‍ സഹായിക്കുന്നു.
തെങ്ങ് ആദ്യമായി പുഷ്പിക്കുന്ന സമയം അതിന്റെ ജീവിതഘട്ടത്തിലെ സുപ്രധാന സമയമായി കണക്കാക്കപ്പെടുന്നു. പുഷ്പിച്ചു തുടങ്ങുന്നതോടെ തുടര്‍ച്ചയായി പൂങ്കുലകളുണ്ടാകും. തെങ്ങിന്റെ പുഷ്പകാലം മണ്ണിനം, മണ്ണിലെ പോഷകഘടകങ്ങള്‍, കാലാവസ്ഥ എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഉയരം കൂടിയവയെ അപേക്ഷിച്ച് കുറുകിയ ഇനം തെങ്ങുകളിലാണ് വേഗത്തില്‍ പൂങ്കുലകളുണ്ടാകുന്നത്. ഉയരം കൂടിയ ഇനങ്ങളില്‍ 7-10 വര്‍ഷങ്ങള്‍ക്കുശേഷം മാത്രമേ പൂങ്കുലകളുണ്ടാകുന്നുള്ളൂ. എന്നാല്‍ ഉയരം കുറഞ്ഞയിനങ്ങളില്‍ 3-4 വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂങ്കുലകളുണ്ടാകും.
തെങ്ങോലയുടെ കുരലില്‍ (axil-കവിളില്‍) നിന്നാണ് പൂങ്കുല (spadix) ഉണ്ടാകുന്നത്. അതിനാല്‍ പൂങ്കുലകളുടെ എണ്ണം തെങ്ങിന്റെ ഓലകളുടെ എണ്ണത്തിന് ആനുപാതികമായിരിക്കും. തെങ്ങിന്‍ പൂങ്കുല ഒരു സ്പാഡിക്സ് പുഷ്പമഞ്ജരിയാണ്. പൂങ്കുലയെ ആവരണം ചെയ്തിരിക്കുന്ന കൊതുമ്പ് (spath) പിളര്‍ന്ന് പുഷ്പങ്ങള്‍ പുറത്തുവരുന്നതിന് 32 മാസങ്ങള്‍ക്കു മുമ്പുതന്നെ ഓലമടലിന്റെ കവിളില്‍ (axil) പൂങ്കുലയുടെ മുകുളം രൂപംകൊണ്ടു തുടങ്ങുന്നു. ഓരോ പൂങ്കുലയിലും ആണ്‍പുഷ്പങ്ങളും പെണ്‍പുഷ്പങ്ങളും ഉണ്ടായിരിക്കും. ആണ്‍ പുഷ്പങ്ങളോ പെണ്‍പുഷ്പങ്ങളോ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന തെങ്ങുകളും വിരളമല്ല. കൊതുമ്പു വിടര്‍ന്നു പുറത്തു വരുന്ന ഓരോ പൂങ്കുലയ്ക്കും 30-40 വരെ ശാഖകളുണ്ടായിരിക്കും. ശാഖകളുടെ ചുവടുഭാഗത്താണ് പെണ്‍പുഷ്പങ്ങളധികവും കാണുക. സാമാന്യം വലുപ്പവും ഉരുണ്ട ആകൃതിയുമുള്ള പെണ്‍പുഷ്പങ്ങള്‍ ആണ്‍പുഷ്പങ്ങളെയപേക്ഷിച്ച് എണ്ണത്തില്‍ കുറവായിരിക്കും. ഓരോ ശാഖയിലും 200-300 വരെ ആണ്‍പുഷ്പങ്ങളുണ്ടാകാറുണ്ട്. ആണ്‍പുഷ്പങ്ങളാണ് ആദ്യം വിരിയുന്നത്. രാവിലെ എട്ടുമണിക്കും പത്തുമണിക്കും മധ്യേയാണ് പുഷ്പങ്ങള്‍ വിരിയുക. 18-25 ദിവസങ്ങള്‍ക്കകം ഒരു പൂങ്കുലയിലെ ആണ്‍പുഷ്പങ്ങളെല്ലാം വിരിഞ്ഞുതീരും. ആണ്‍ പുഷ്പങ്ങള്‍ക്ക് ആറ് പരിദളപുടങ്ങളും ആറ് കേസരങ്ങളുമുണ്ട്.
തെങ്ങിന്‍ പൂങ്കുലയിലെ പെണ്‍പുഷ്പങ്ങളുടെ എണ്ണം തെങ്ങിന്റെ ഇനത്തേയും കാലാവസ്ഥയേയും കൃഷിരീതികളേയും ആശ്രയിച്ചിരിക്കും. ഉയരം കൂടിയ ഇനങ്ങളിലുണ്ടാകുന്നതിനേക്കാള്‍ അധികം പെണ്‍പുഷ്പങ്ങളുണ്ടാകുന്നത് ഉയരം കുറഞ്ഞ ഇനങ്ങളിലാണ്. പെണ്‍പുഷ്പങ്ങളില്‍ മൂന്നുഅറകളുള്ള ഒരു അണ്ഡാശയവും അതിനെ പൊതിയുന്ന ആറ് (3+3) പരിദളപുട (perianth)ങ്ങളുമുണ്ട്. വര്‍ത്തിക ചെറുതും മൂന്ന് വര്‍ത്തികാഗ്രങ്ങളോടു കൂടിയതുമാണ്. ചെറിയ തേങ്ങയുടെ ആകൃതിയിലുള്ള ഇളം പെണ്‍പുഷ്പങ്ങള്‍ അച്ചങ്ങ, മൊച്ചിങ്ങ, കൊച്ചങ്ങ, വെള്ളയ്ക്ക എന്നീ പേരുകളില്‍ അറിയപ്പെടുന്നു. വിരിഞ്ഞ പുഷ്പങ്ങള്‍ക്ക് രണ്ടോ മൂന്നോ ദിവസങ്ങള്‍ മാത്രമേ പരാഗസ്വീകരണത്തിനു പ്രാപ്തിയുണ്ടായിരിക്കുകയുള്ളൂ. തെങ്ങിന്‍ പൂങ്കുലയില്‍ നിന്നും തേങ്ങ വിളഞ്ഞ് പാകമാകുന്നതിന് 14 മാസക്കാലം വേണ്ടിവരും.
തെങ്ങിന്‍ പുഷ്പങ്ങളില്‍ പരപരാഗണത്തിനാണ് കൂടുതല്‍ സാധ്യത; സ്വപരാഗണവും വിരളമല്ല. ആണ്‍ പെണ്‍ പുഷ്പങ്ങളുടെ സ്ഥാനം, പരാഗരേണുക്കളുടെ ബാഹുല്യം എന്നീ ഘടകങ്ങള്‍ കാറ്റുമുഖേനയും ചെറുപ്രാണികള്‍ വഴിയുമുള്ള പരപരാഗണത്തിന്റെ സാധ്യത വര്‍ധിക്കുന്നതിനിടയാക്കുന്നു. ഒന്നിലധികം പൂങ്കുലകള്‍ ഒരേസമയം വിരിയുന്നതും പൂങ്കുലകള്‍ തമ്മിലുള്ള അകലക്കുറവും സ്വപരാഗണത്തെ പോഷിപ്പിക്കുന്ന പ്രധാന ഘടകങ്ങളാകുന്നു. എന്നാല്‍ ആണ്‍ പുഷ്പങ്ങളെല്ലാം പെണ്‍പുഷ്പങ്ങള്‍ വിരിയുന്നതിനു വളരെ മുമ്പേ വിരിഞ്ഞു കൊഴിഞ്ഞു പോകുന്നത് പരപരാഗണത്തെ പ്രോത്സാഹിപ്പിക്കുന്നു. പരാഗണം കഴിഞ്ഞ് 11-12 മാസത്തിനുള്ളില്‍ പെണ്‍പുഷ്പങ്ങള്‍ മൂപ്പെത്തിയ തേങ്ങ (നാളികേരം)യായിത്തീരുന്നു. 45 ദിവസം കൂടുമ്പോള്‍ തേങ്ങ വിളവെടുക്കാം.
നാളികേരത്തിന് ബാഹ്യഫലഭിത്തി (epicrap), മധ്യഫലഭിത്തി (mesocarp- ചകിരി) അന്തഃഫലഭിത്തി (endocrap - ചിരട്ട) എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. അന്തഃഫലഭിത്തിക്കുള്ളിലാണ് കാമ്പും തേങ്ങാവെള്ളവും അടങ്ങിയിരിക്കുന്നത്. മൂപ്പെത്താത്ത തേങ്ങ കരിക്ക് (ഇളനീര്‍) എന്നറിയപ്പെടുന്നു.
ബീജസങ്കലനശേഷം തേങ്ങയുടെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ അവ കൊഴിഞ്ഞു പോവുക സാധാരണമാണ്. വെള്ളയ്ക്ക പ്രായത്തിലാണ് കൊഴിഞ്ഞുപോകല്‍ കൂടുതലുണ്ടാകുന്നത്. ബീജസങ്കലനം നടക്കുന്നതിനുമുമ്പോ, ശരിയായി ബീജസങ്കലനം നടക്കാത്തതുമൂലമോ പെണ്‍ പുഷ്പങ്ങള്‍ കൊഴിഞ്ഞു പോകാറുണ്ട്. കുമിള്‍ രോഗങ്ങളും കീടങ്ങളുടെ ആക്രമണവും, മണ്ണിലെ ജലാംശം പെട്ടെന്ന് കുറയുന്നതും വെള്ളയ്ക്ക കൊഴിച്ചിലിന് കാരണമാകാറുണ്ട്. 2,4. ഡൈക്ലോറോ ഫിനോക്സി അസറ്റിക് അമ്ലം, 2,4. ഡി. പാരാ ക്ലോറോ ഫിനോക്സി അസറ്റിക് അമ്ലം തുടങ്ങിയ ഹോര്‍മോണുകള്‍ തെങ്ങില്‍ തളിച്ച് വെള്ളയ്ക്ക കൊഴിച്ചില്‍ തടയാനാകും. ഉത്പാദിപ്പിക്കപ്പെടുന്ന തേങ്ങയുടെ മൂന്നു ശതമാനത്തോളം പേട്ടുതേങ്ങകളായിപ്പോവുക പതിവാണ്. ബീജസങ്കലനത്തിലെ തകരാറും മണ്ണിലെ വളാംശക്കുറവുമാണ് ഇതിനു കാരണം.
തെങ്ങിന്‍ തൈകള്‍
സങ്കരയിനം തെങ്ങുകള്‍. 1934-ല്‍ ഡോ. ജെ. എസ്. പട്ടേല്‍ എന്ന ഇന്ത്യന്‍ സസ്യശാസ്ത്രകാരനാണ് ലോകത്തിലാദ്യമായി സങ്കരയിനം തെങ്ങ് (hybrid coconut) വികസിപ്പിച്ചെടുത്തത്. തെങ്ങില്‍ സ്വയം പരാഗനിയന്ത്രണം നടത്തി സങ്കര നിര്‍ധാരണങ്ങള്‍ സാധ്യമാക്കിയാണ് പ്രജനനം നടത്തുന്നത്. തുടര്‍ച്ചയായ സ്വപരാഗണം തെങ്ങിന്റെ സന്തതി(തലമുറ)കള്‍ക്ക് വീര്യക്ഷയമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സങ്കരണ പരീക്ഷണങ്ങള്‍ വഴി ഓരോ തലമുറയിലും നല്ല ഫലങ്ങള്‍ ഉത്പാദിപ്പിക്കാനാകും. മെച്ചപ്പെട്ട സ്വഭാവസവിശേഷതകളുള്ള തെങ്ങിന്റെ പരാഗം ശേഖരിച്ച് തിരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളില്‍ പരാഗണം നടത്തിയുണ്ടാക്കുന്ന തേങ്ങകള്‍ വിത്തുതേങ്ങകളായുപയോഗിക്കുന്നു. തെങ്ങുകള്‍ പുഷ്പിക്കുന്നതിന് വളരെക്കാലം ആവശ്യമായതിനാല്‍ സങ്കരപ്രജനന രീതിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന തലമുറയുടെ സവിശേഷതകള്‍ മനസ്സിലാക്കാന്‍ ദീര്‍ഘകാലം വേണ്ടിവരുന്നു. സങ്കരണംമൂലം ഉത്പാദിപ്പിച്ചെടുക്കുന്ന വിത്തു തേങ്ങയില്‍നിന്ന് വളര്‍ത്തിയെടുത്ത തെങ്ങിന്‍നിന്നു ശേഖരിച്ച വിത്തു തേങ്ങകള്‍ക്ക് മാതൃവൃക്ഷത്തിന്റെ ഗുണങ്ങളെല്ലാം ഉണ്ടായിരിക്കണമെന്നില്ല. അതിനാല്‍ ഓരോ പ്രാവശ്യവും സങ്കരണം നടത്തി സങ്കരവിത്തു തേങ്ങകളുണ്ടാക്കിയാണ് തെങ്ങിന്‍ തൈകളുത്പാദിപ്പിക്കേണ്ടത്. പിതൃവൃക്ഷത്തിന്റേയും മാതൃവൃക്ഷത്തിന്റേയും മെച്ചപ്പെട്ട ഗുണങ്ങള്‍ സംയോജിപ്പിക്കുകയെന്നത് അത്ര എളുപ്പമല്ല. പലവിധത്തിലുള്ള സങ്കരണ പരീക്ഷണങ്ങളില്‍ നിന്ന് ഉയരം കൂടിയ ഇനങ്ങളും ഉയരം കുറഞ്ഞ ഇനങ്ങളും തമ്മിലുള്ള സങ്കരണമാണ് ഏറ്റവും ഗുണകരമെന്ന് കണ്ടെത്തുകയുണ്ടായി. ഉയരം കൂടിയ ഇനത്തിനെ മാതൃവൃക്ഷമാക്കി, ഉയരം കുറഞ്ഞ ഇനങ്ങളില്‍ നിന്ന് പരാഗ ശേഖരണം നടത്തി പെണ്‍പുഷ്പങ്ങളില്‍ നിക്ഷേപിക്കുന്ന രീതിയും പ്രാബല്യത്തിലുണ്ട്. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന തെങ്ങിന്‍ തൈകള്‍ക്ക് ഉയരം കൂടിയതും കുറഞ്ഞതുമായ ഇനങ്ങളുടെ മെച്ചപ്പെട്ട ഗുണങ്ങളുണ്ടായിരിക്കും. സങ്കരവര്‍ഗങ്ങളധികവും നാലഞ്ചുവര്‍ഷത്തിനുള്ളില്‍ പുഷ്പിക്കും. ഉയരം കുറഞ്ഞയിനത്തിനെ മാതൃവൃക്ഷമാക്കി നടത്തിയ സങ്കരണ പരീക്ഷണങ്ങളിലൂടെ സൃഷ്ടിച്ച ഇനം ഗുണമേന്മയില്‍ പിന്നിലാണെന്നാണ് നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. സങ്കരവര്‍ഗങ്ങളുണ്ടാക്കുമ്പോള്‍ ഉത്പാദനശേഷി, രോഗപ്രതിരോധ ശക്തി, ഏതു കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ ഇനം, ആയുര്‍ദൈര്‍ഘ്യം, ചുരുങ്ങിയ കാലയളവിനുള്ളില്‍ ഉത്പാദനം ആരംഭിക്കുന്നത്, തേങ്ങയിലെ കൊപ്ര(എണ്ണ)യുടെ ശതമാനം കൂടിയിരിക്കുന്നത് എന്നിവയെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. ഉയരം കൂടിയ ഇനങ്ങള്‍ക്ക് പൊതുവേ ആയുര്‍ദൈര്‍ഘ്യവും ചകിരിയുടെ തോതും കൂടുതലാണ്.
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്ത സങ്കര ഇനം തെങ്ങുകളാണ് അന്തഗംഗ, ലക്ഷഗംഗ, കേരഗംഗ, കേരശ്രീ, കേരസൗഭാഗ്യ എന്നിവ. ചന്ദ്രസങ്കര, കേരസങ്കര, ചന്ദ്രലക്ഷ എന്നിവയാണ് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തവയില്‍ പ്രധാനപ്പെട്ടവ.
സര്‍വസാധാരണയായി കൃഷി ചെയ്യുന്ന ടി × ഡി, ഡി × ടി എന്നീ സങ്കരയിനങ്ങളില്‍ ഡി × ടി ആണ് മെച്ചപ്പെട്ടത്. താരതമ്യേന ഉയര്‍ന്ന തോതില്‍ കൊപ്ര ലഭിക്കുന്നതും കരുത്തുറ്റതും വേരുചീയല്‍രോഗത്തെ ചെറുത്തു നില്‍ക്കാന്‍ കഴിവുള്ളതും അത്യുത്പാദനശേഷിയുള്ളതുമാണ് ഡി × ടി.
നാടന്‍ തെങ്ങിനേക്കാള്‍ ഉത്പാദനശേഷിയുള്ള മറ്റൊരു സങ്കരയിനമാണ് കോമാടന്‍. തിരുവല്ല, മല്ലപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളിലെ കേരകര്‍ഷകരാണ് ഈ തെങ്ങിനം വികസിപ്പിച്ചെടുത്തത്.
ഉഷ്ണമേഖലാ വിളയായ തെങ്ങിന്റെ വളര്‍ച്ചയെ കാലാവസ്ഥയിലെ ചെറിയ വ്യതിയാനങ്ങള്‍ കാര്യമായ പ്രതികൂലനം സൃഷ്ടിക്കാറില്ലെങ്കിലും മഴ, താപനില, അന്തരീക്ഷത്തിലെ ഈര്‍പ്പം തുടങ്ങിയ ഘടകങ്ങള്‍ സ്വാധീനിക്കാറുണ്ട്. 100-225 സെ.മീ. വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഒന്നാംകിട തെങ്ങിന്‍തോപ്പുകളധികവും കേന്ദ്രീകരിച്ചിരിക്കുന്നത്. ഏകബീജപത്രിയായ തെങ്ങിന്റെ വേരുകള്‍ക്ക് ജലസംഭരണ ശേഷി കുറവായതിനാല്‍ നീണ്ടുനില്‍ക്കുന്ന വരള്‍ച്ച തെങ്ങിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ശരിയായ വളര്‍ച്ചയ്ക്കും ഉത്പാദനത്തിനും വേനല്‍ക്കാലത്ത് തെങ്ങിന്‍ തോപ്പുകളില്‍ മതിയായ ജലസേചനം അത്യന്താപേക്ഷിതമാണ്. ഈര്‍പ്പഭരിതമായ കാലാവസ്ഥ തെങ്ങുകൃഷിക്ക് അനുയോജ്യമാണെങ്കിലും ഈ കാലാവസ്ഥ രോഗബാധയെ ത്വരിതപ്പെടുത്തുന്നു.
ചിരസ്ഥായിവൃക്ഷമായ തെങ്ങിന്റെ വിത്തുതേങ്ങയും തൈകളും തിരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധ അനിവാര്യമാണ്. ഏറെക്കാലം നില്‍ക്കുന്ന, ഉത്പാദനശേഷികുറഞ്ഞ തെങ്ങില്‍ നിന്നുണ്ടാകുന്ന നഷ്ടം വലുതായിരിക്കും. ഉത്പാദനക്ഷമത മനസ്സിലാക്കണമെങ്കില്‍ തെങ്ങ് പത്തുവര്‍ഷത്തോളം വളര്‍ച്ചയെത്തണം. ഉത്പാദനക്ഷമത കുറവാണെങ്കില്‍ ഇക്കാലമത്രയും നല്‍കുന്ന കൃഷിപ്പണികള്‍ പാഴാവും. ഏകബീജപത്രിയായ തെങ്ങിന് തേങ്ങകള്‍ ഉപയോഗിച്ചു മാത്രമേ പ്രവര്‍ധനം നടത്താനാവൂ.
തെങ്ങുകൃഷി ചെയ്യുന്ന എല്ലാരാജ്യങ്ങളിലും ചില പ്രത്യേക പ്രദേശങ്ങളില്‍ വളരുന്ന തെങ്ങുകള്‍ വളര്‍ച്ചയിലും ഉത്പാദനക്ഷമതയിലും മെച്ചപ്പെട്ടവയായിരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ നിന്ന് വിത്തുതേങ്ങ ശേഖരിച്ച് കൃഷിക്ക് ഉപയോഗിക്കുന്ന രീതി പലയിടങ്ങളിലും നിലവിലുണ്ട്. കേരളത്തില്‍ നാളികേര ബോര്‍ഡിന്റെ കീഴിലുള്ള നേരിയമംഗലം കൃഷിഫാമും വെള്ളായണി കാര്‍ഷിക സര്‍വകലാശാലാകേന്ദ്രവും സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിലുള്ള ഫാമുകളുമാണ് മുന്തിയ ഇനം വിത്തുതേങ്ങകള്‍ ശേഖരിച്ച് തൈകളുണ്ടാക്കി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്.
ഓല ചീയല്‍ രോഗം
സാധാരണഗതിയില്‍ സംരക്ഷിക്കപ്പെടുന്ന ഉത്പാദനശേഷി കൂടുതലുള്ള തെങ്ങിന്‍ തോപ്പുകളില്‍ നിന്നാണ് വിത്തുതേങ്ങ ശേഖരിക്കേണ്ടത്. എന്നാല്‍ ധാരാളം വളവും ജലസേചന സൗകര്യവും നല്‍കി കൃഷി ചെയ്യുന്ന തെങ്ങിന്‍ തോപ്പില്‍ നിന്ന് വിത്തു തേങ്ങ ശേഖരിക്കുന്നത് ഉചിതമല്ല. മാതൃവൃക്ഷം തിരഞ്ഞെടുക്കുമ്പോള്‍ വൃക്ഷത്തിന്റെ ഉത്പാദനശേഷി, തേങ്ങയുടെ വലുപ്പം, ആകൃതി, തേങ്ങയിലെ ചകിരിയുടേയും കൊപ്രയുടേയും തോത്, മണ്ടയുടെ സ്വഭാവം, ഓലകളുടെ എണ്ണം, പ്രായം, രോഗപ്രതിരോധശേഷി എന്നീ ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഓരോ മാതൃവൃക്ഷത്തിന്റേയും വിശദവിവരങ്ങള്‍ എഴുതി സൂക്ഷിക്കുകയും വേണം.
ഫെ.-മാ.-ഏ. മാസങ്ങളിലാണ് വിത്തു തേങ്ങ ശേഖരിക്കുന്നത്. വേനല്‍ക്കാലത്തു ശേഖരിക്കുന്ന തേങ്ങകള്‍ പെട്ടെന്ന് മുളയ്ക്കുന്നു. ഇവയുടെ തൈകള്‍ക്ക് പുഷ്ടിയും കൂടുതലാണ്. 12 മാസം മൂപ്പെത്തിയ തേങ്ങ കയറുകെട്ടി ഇറക്കി മെച്ചപ്പെട്ടവ തിരഞ്ഞെടുത്ത് ഒരു മാസത്തിലധികം തണലില്‍ സൂക്ഷിക്കുന്നു. തുടര്‍ന്ന് മണല്‍ കലര്‍ന്ന മണ്ണില്‍ തവാരണകളുണ്ടാക്കി തേങ്ങയുടെ ഞെടുപ്പുഭാഗം മുകളില്‍ വരത്തക്കവിധം നനവില്ലാത്ത മണലിട്ട് മൂടുന്നു. 10-15 ദിവസം വെള്ളത്തിലിട്ടശേഷം തേങ്ങകള്‍ പാകുന്നത് നല്ലതാണ്. തൈകള്‍ മുളച്ചു പൊങ്ങുമ്പോള്‍ കേടുള്ള തൈകള്‍ നീക്കം ചെയ്യുന്നു. മുളയ്ക്കാനിടയുള്ള തേങ്ങകള്‍ മൂന്നു മാസത്തിനകം മുളയ്ക്കും. 9-18 മാസമാകുമ്പോള്‍ തെങ്ങിന്‍ തൈകള്‍ പറിച്ചു നടുന്നു. നട്ടുകഴിഞ്ഞാല്‍ തെങ്ങിന്‍ തൈകള്‍ക്ക് നാലുവര്‍ഷത്തോളം ശരിയായ പരിരക്ഷണം ആവശ്യമാണ്.
കാറ്റുവീഴ്ച ബാധിച്ച തെങ്ങ്
വളപ്രയോഗം ആവശ്യമായ വിളയാണ് തെങ്ങ്. അമോണിയം സള്‍ഫേറ്റ്, കടലപ്പിണ്ണാക്ക്, എല്ലുപൊടി, ചാരം, ചാണകം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവയാണ് ഉത്തമ വളങ്ങള്‍. മണ്ണില്‍ ചേര്‍ക്കുന്ന വളത്തിന്റെ ഗുണം മൂന്ന് വര്‍ഷത്തിനു ശേഷമേ പൂര്‍ണമായി തെങ്ങിനു ലഭിക്കുകയുള്ളൂ. ഇതിനാല്‍ തുടര്‍ച്ചയായി വളം പ്രയോഗിക്കേണ്ടത് ആവശ്യമാണ്.
ഒരു തെങ്ങില്‍നിന്നും ലഭിക്കുന്ന തേങ്ങകളുടെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് തെങ്ങിന്റെ ഉത്പാദനത്തോത് നിശ്ചയിക്കുന്നത്. 5-7 വര്‍ഷംകൊണ്ട് ഫലം നല്‍കുന്ന ഉയരം കുറഞ്ഞ ഇനങ്ങളുടെ ഉത്പാദനകാലം 20-25 വര്‍ഷവും ഉയരം കൂടിയവയുടേത് 40-50 വര്‍ഷവുമാണ്.
ചെന്നീരൊലിപ്പ് രോഗം
കേരളത്തില്‍ വെസ്റ്റ് കോസ്റ്റ് ടോള്‍, ലക്ഷദ്വീപ് ഓര്‍ഡിനറി, ആന്‍ഡമാന്‍ ഓര്‍ഡിനറി, കൊച്ചിന്‍ ചൈന, ഫിലിപ്പീന്‍സ് തുടങ്ങിയ നാടന്‍ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. 7-8 വര്‍ഷം കൊണ്ട് മെച്ചപ്പെട്ട ഉത്പാദനക്ഷമതയിലെത്തുന്ന നാടന്‍ ഇനങ്ങള്‍ നല്ല വിളവ് നല്‍കുന്നവയുമാണ്. വെസ്റ്റ് കോസ്റ്റ് ടോള്‍, കപ്പാടം, കോമാടന്‍, ചന്ദ്രസങ്കര, കേരസങ്കര, ചന്ദ്രലക്ഷ, ലക്ഷഗംഗ, ആനന്ദഗംഗ, കേരഗംഗ എന്നിവയാണ് കേരളത്തില്‍ ഇപ്പോള്‍ വ്യാപകമായി കൃഷി ചെയ്യുന്നത്. ലക്ഷദ്വീപ് ഓര്‍ഡിനറി, ആന്‍ഡമാന്‍ ഓര്‍ഡിനറി, ലക്ഷദ്വീപ് മൈക്രോ, ഫിലിപ്പീന്‍സ് ഓര്‍ഡിനറി (കേരചന്ദ്ര) എന്നീ ഇനങ്ങളും വിദേശ നെടിയ ഇനങ്ങളായ ജാവാ, കൊച്ചിന്‍ ചൈന, ന്യുഗിനിയ, ജമൈക്ക ടോള്‍, ആപ്രിക്കോട്ട് ടോള്‍ എന്നിവയും കേരളത്തില്‍ കൃഷി ചെയ്തുവരുന്നുണ്ട്. ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ്, ചാവക്കാട് ഗ്രീന്‍ഡ്വാര്‍ഫ്, മലയന്‍ ഡ്വാര്‍ഫ്, ഗംഗാ ബോന്തം തുടങ്ങിയ ഉയരം കുറഞ്ഞ ഇനങ്ങളും കേരളത്തില്‍ കൃഷി ചെയ്യുന്നുണ്ട്. 40-50 വര്‍ഷമാണ് ഇവയുടെ ആയുസ്സ്.
തെങ്ങിനെ നിരവധി രോഗങ്ങളും കീടങ്ങളും ബാധിക്കാറുണ്ട്. കൂമ്പുചീയല്‍ (Bud rot), ഓലചീയല്‍ (Leaf rot), ചെന്നീരൊലിപ്പ് (Stem bleeding) വേരുരോഗം (Root wilt: കാറ്റുവീഴ്ച), മണ്ടശോഷിപ്പ് (Tapering stem wilt), മച്ചിങ്ങ പൊഴിയല്‍ (Immature nut fall), പുള്ളിക്കുത്തു രോഗം (Leaf spot), തഞ്ചാവൂര്‍ വാട്ടം (Tanjore wilt), മാഹാളി രോഗം തുടങ്ങിയവയാണ് തെങ്ങിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. മഗ്നീഷ്യത്തിന്റെ കുറവുമൂലമുണ്ടാകുന്ന ഓല മഞ്ഞളിപ്പു രോഗവും അപൂര്‍വമല്ല.
തെങ്ങിനെ ബാധിക്കുന്ന മാരകമായ ഒരു സാംക്രമിക രോഗമാണ് കാറ്റുവീഴ്ച. ഓലകള്‍ ചുരുണ്ടു തുടങ്ങുന്നതാണ് വളരെ വേഗം പടര്‍ന്നുപിടിക്കുന്ന ഈ രോഗത്തിന്റെ ആദ്യലക്ഷണം. ക്രമേണ പുതിയതായി ഉണ്ടാകുന്ന ഓലകളെല്ലാം വളര്‍ച്ച മുരടിച്ചു ചെറുതാകുന്നു. രോഗം മൂര്‍ച്ഛിക്കുന്നതോടെ ഓലകള്‍ വലുപ്പം കുറഞ്ഞു വരുകയും തെങ്ങിന്റെ മണ്ടതന്നെ ക്രമേണ ചെറുതാവുകയും ചെയ്യുന്നു. കാറ്റുവീഴ്ച ബാധിച്ച തെങ്ങിന്റെ ഓലയ്ക്ക് മഞ്ഞളിപ്പു ബാധിക്കുന്നതും സാധാരണമാണ്. പുഷ്പങ്ങളും മച്ചിങ്ങകളും കൊഴിഞ്ഞു പോകുന്നതാണ് മറ്റൊരു ലക്ഷണം. തേങ്ങകള്‍ക്ക് വലുപ്പവും ഗുണമേന്മയും കുറവായിരിക്കും. വൈറസുകളാണ് കാറ്റുവീഴ്ച രോഗത്തിന് ഹേതു എന്നാണ് അനുമാനം.
മീലിമൂട്ടയുടെ ആക്രമണം ബാധിച്ച തേങ്ങ
മണ്ഡരി ബാധിച്ച തേങ്ങ
കൊമ്പന്‍ചെല്ലി, ചെമ്പന്‍ ചെല്ലി, തെങ്ങോലപ്പുഴു, വേരുതീനിപ്പുഴുക്കള്‍, പൂങ്കുലച്ചാഴി, മണ്ഡരി, മീലിമൂട്ട, ചൊറിയന്‍ പുഴുക്കള്‍ തുടങ്ങിയ കീടങ്ങളാണ് പൊതുവേ തെങ്ങിനെ ആക്രമിക്കുന്നത്.
പുരാതനകാലം മുതല്‍ മനുഷ്യന്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്ന ഫലവൃക്ഷമാണ് തെങ്ങ്. തെങ്ങിന്റെ തടി, ഓല, മടല്‍, ചകിരി, ചിരട്ട, കൊതുമ്പ് തുടങ്ങിയ ഭാഗങ്ങളെല്ലാം ഇന്ധനമായി ഉപയോഗിക്കുന്നു. തെങ്ങിന്‍തടി കെട്ടിട നിര്‍മാണത്തിനും വീട്ടുപകരണ നിര്‍മാണത്തിനും ഉപയോഗപ്രദമാണ്. മൂപ്പെത്തിയ ഓല പുരമേയാനും കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാനും, കുരുത്തോല അലങ്കാരത്തിനും വിവിധ നൃത്തങ്ങള്‍ക്ക് മുടിയും മറ്റ് അലങ്കാര വസ്തുക്കള്‍ നിര്‍മിക്കുന്നതിനും ഉപയോഗിക്കുന്നു. ഓലയിലെ ഈര്‍ക്കിലി ഉപയോഗിച്ച് ചൂലുകളും കരകൌശല വസ്തുക്കളുമുണ്ടാക്കുന്നു. ചകിരിനാര് വേര്‍തിരിച്ച ശേഷമുള്ള ചകിരിച്ചോറ് (Coir pith) ഉത്തമ ജൈവവളമാണ്.
തേങ്ങയുടെ ചകിരിയില്‍ നിന്ന് കയറും കയറുത്പന്നങ്ങളുമുണ്ടാക്കുന്നു. കയറിന്റേയും കയറുത്പന്നങ്ങളുടേയും കയറ്റുമതിയിലൂടെ ഇന്ത്യ വന്‍തോതില്‍ വിദേശനാണ്യം നേടുന്നുണ്ട്. ചകിരി തെങ്ങിന്‍ചുവട്ടില്‍ നിരത്തുന്നത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായകമാണ്.
തേങ്ങ ചിരവിയെടുത്ത് ഭക്ഷ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ചിരവിയ തേങ്ങ നിശ്ചിത അളവില്‍ ഉണക്കി പൊടിയാക്കി കയറ്റുമതി ചെയ്യുന്നുണ്ട്. തേങ്ങ ചിരവി പിഴിഞ്ഞെടുക്കുന്ന പാല്‍ കറികള്‍, മധുര പലഹാരങ്ങള്‍, ശീതള പാനീയങ്ങള്‍ തുടങ്ങിയവ ഉണ്ടാക്കാനുപയോഗിക്കുന്നു.
തേങ്ങ ഉണക്കി കൊപ്രയാക്കി ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഒരു പ്രധാന ഭക്ഷ്യവസ്തുവാണ്. വനസ്പതി, മിഠായികള്‍, ബിസ്ക്കറ്റുകള്‍, കേശതൈലങ്ങള്‍, ഷാംപൂ, വിവിധയിനം ക്രീമുകള്‍ തുടങ്ങിയവ നിര്‍മിക്കാനും സോപ്പു വ്യവസായത്തിനും വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ പാടനീക്കിയ പാലില്‍ വെളിച്ചെണ്ണ ചേര്‍ത്ത് ഉപയോഗിക്കുന്നു. കുഞ്ഞുങ്ങള്‍ക്കു വേണ്ടി തയ്യാറാക്കുന്ന പാല്‍പ്പൊടിയിലും വെളിച്ചെണ്ണ ചേര്‍ക്കാറുണ്ട്.
ദേവാലയങ്ങളിലും അമ്പലങ്ങളിലും പൂജയ്ക്കും മറ്റാവശ്യങ്ങള്‍ക്കും വെളിച്ചെണ്ണ ഉപയോഗിച്ചുവരുന്നു.
കൊമ്പന്‍ ചെല്ലി
ചെമ്പന്‍ ചെല്ലി
തെങ്ങില്‍ നിന്നു ലഭിക്കുന്ന പാനീയമാണ് മധുരക്കള്ള്. തെങ്ങ് ചെത്തിയ ശേഷം കൂടുതല്‍ ഉത്പാദനശേഷി കൈവരിക്കുന്നതായി കണ്ടുവരുന്നു. എന്നാല്‍ തുടര്‍ച്ചയായി തെങ്ങു ചെത്തുന്നത് ഉത്പാദന ശേഷിയില്‍ ഗണ്യമായ കുറവു വരുത്തും. ലക്ഷദ്വീപ് ഓര്‍ഡിനറി എന്നയിനം തെങ്ങില്‍നിന്നാണ് ഏറ്റവുമധികം കള്ളു ലഭിക്കുന്നത്. ഈ ഇനത്തില്‍ നിന്ന് ദിനംപ്രതി ഒരു ലിറ്റര്‍ കള്ളു ലഭിക്കും. തേങ്ങാ വെളളത്തില്‍ നിന്ന് വിനാഗരിയുണ്ടാക്കുന്നു.
തെങ്ങ് ഗവേഷണ കേന്ദ്രം,കായംകുളം
കൊപ്രയെടുത്തശേഷം ചിരട്ട വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇത് ഇന്ധനമായും വ്യാവസായികാവശ്യങ്ങള്‍ക്കായും കരി ഉണ്ടാക്കുന്നതിനായും ഉപയോഗിച്ചുവരുന്നുണ്ട്. ചിരട്ട സ്വേദന പ്രക്രിയ വഴി വാറ്റിയെടുത്ത് വിനാഗിരി, മീതൈല്‍ ആല്‍ക്കഹോള്‍, മീതൈല്‍ അസറ്റോണ്‍, കാര്‍ബോളിക് അമ്ളം എന്നീ രാസപദാര്‍ഥങ്ങളുത്പാദിപ്പിക്കുന്നു. ചിരട്ടയില്‍ നിന്ന് ലഭിക്കുന്ന ഉത്തേജിത കരി മേന്മയേറിയതാണ്. സസ്യഎണ്ണകള്‍, പഞ്ചസാര, ഗ്ലിസറിന്‍ തുടങ്ങിയവ ശുദ്ധീകരിക്കുന്നതിന് ഉത്തേജിത കരി ഉപയോഗിക്കുന്നു. ചിരട്ട പൊടിച്ചെടുക്കുന്ന പൊടി വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് പലകകളുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. ചിരട്ടയ്ക്ക് കട്ടി കൂടുതലുള്ളതിനാല്‍ വേഗത്തില്‍ പൊട്ടിപ്പോകുന്നില്ല. അതിനാല്‍ വിവിധ അലങ്കാരപ്പണികളും പോളിഷിങ്ങും നടത്തി കൗതുകവസ്തുക്കളും പാത്രങ്ങളും തവികളും മറ്റും നിര്‍മിക്കുന്നു. നോ: കരിക്ക്, നാളികേരോത്പന്നങ്ങള്‍, കയര്‍, കയര്‍ വ്യവസായം, കള്ള്, തെങ്ങോലപ്പുഴു, തഞ്ചാവൂര്‍ വാട്ടം, ടിഷ്യുകള്‍ച്ചര്‍

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)