- എ ഡി ഷാജു
മഹാരാഷ്ട്രയുടെ പാടശേഖരങ്ങളില്‍ നൂറുമേനി വിളഞ്ഞുനില്‍ക്കുന്ന സവാള തൃശ്ശൂരിന്റെ മണ്ണിലും വിളവെടുത്തു. മണ്ണുത്തി കൃഷിവിജ്ഞാന കേന്ദ്രവും ജില്ലയിലെ അഞ്ച് കര്‍ഷകരും ചെയ്ത കൃഷി ഇതിനു തെളിവാണ്. ശീതകാല പച്ചക്കറി കൃഷി വഴി നടത്തി ഇനി ധാരളം സവാള ഉല്പാദിപ്പിക്കുമെന്ന് വെള്ളിയാഴ്ച നടന്ന വിളവെടുപ്പ് സാക്ഷ്യപ്പെടുത്തുന്നു. വെള്ളാനിക്കരയില്‍ ഒരു സെന്റില്‍ ഏകദേശം 200 ഓളം തൈകള്‍ നട്ടിരുന്നു. പൊരിഞ്ഞ വെയിലത്ത് 500 എണ്ണം തൈകള്‍ നട്ടു. രാവിലെ പെരിഞ്ഞനത്ത് നടത്തിയ വിളവെടുപ്പ് ആഘോഷമായിരുന്നു. 500 കടയില്‍ ഏകദേശം 50 കിലോ സവാളയാണ് ലഭിച്ചത്. വെള്ളാനിക്കരയില്‍ 200 കടയില്‍നിന്ന് 25 കിലോ സവാള കിട്ടി. ഒരുകടയില്‍നിന്ന് ശരാശരി 125 ഗ്രാം സവാളയാണ് വിളയുന്നത്. കൃഷി വിജയമയാ സാഹചര്യത്തില്‍ നാട്ടിലെ കര്‍ഷകര്‍ക്ക് സവാളകൃഷി ചെയ്യാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് കൃഷിവിജ്ഞാന കേന്ദ്രം തലവന്‍ കോശി എബ്രഹാം പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളില്‍ സവാള കൃഷി വ്യാപിപ്പിക്കാനാണ് ശ്രമം. കഴിഞ്ഞവര്‍ഷം നടത്തിയ പരീക്ഷണമാണ് ഇവരെ സവാളയില്‍ കൂടുതല്‍ ഗവേഷണത്തിന് പ്രോത്സാഹിപ്പിച്ചത്. കേന്ദ്രത്തിലെ മറ്റു സ്ഥലങ്ങളില്‍ നടത്തിയ സവാള കൃഷിയുടെ വിളവെടുപ്പ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും.
കൃഷി രീതി
'അലിയം സീപ്പ' എന്ന രാസനാമത്തിലുള്ള സവാളയാണ് നാട്ടിലെത്തിയിരിക്കുന്നത്. കറുത്ത് നനുത്ത വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. വിത്തുകള്‍ തവാരണകളില്‍ പാകുന്നതാണ് ഉചിതം. കോമ്പത്തൂരിലെ അഗ്രിഫൗണ്ട് ഡാര്‍ക്ക്‌റെഡ്, ബാംഗ്ലൂരിലെ അര്‍ക്കാകല്യാണ്‍, ഇന്റാം എന്നീ മൂന്നിനങ്ങളാണ് നട്ടത്. 8 ആഴ്ചകൊണ്ട് തൈകളായി. ഒരടി അകലത്തില്‍ എടുത്തിട്ടുള്ള ചാലുകളിലാണ് നട്ടുപിടിപ്പിച്ചത്. ജൈവവളങ്ങള്‍, ട്രൈക്കോസെര്‍ എന്നിവയിടണം. ഇവ മണ്ണുമായി കലര്‍ത്തിയാണ് ചേര്‍ക്കുന്നത്. ഞാറുപോലെ നടാം. ചെടികള്‍ തമ്മില്‍ പത്ത് സെന്റീമീറ്റര്‍ അകലം വേണം. വെള്ളം ആവശ്യമനുസരിച്ച് ഒഴിക്കണം. ആദ്യ ഘട്ടത്തില്‍ നനയ്ക്കുന്നത് വളരെ നല്ലതാണ്. 10 ദിവസം കൂടുമ്പോള്‍ ആദ്യ വളം ചെയ്യണം. രാസവളമോ, പുളിപ്പിച്ച് നേര്‍പ്പിച്ച പിണ്ണാക്ക് ലായനിയോ മറ്റ് ജൈവ വളമോ ഉപയോഗിക്കാം. 10 ദിവസം ഇടവിട്ട് വളം ചെയ്യണം. 10 മുതല്‍ 12 വരെ ഇലകള്‍ വളര്‍ന്നാല്‍ ഭൂകാണ്ഡം രൂപാന്തരപ്പെടും. 5 മുതല്‍ വിളവെടുപ്പ് തുടങ്ങാം. ഒരു തൈയില്‍ ഒരു സവാളയാണ് ഫലം ഉണ്ടാകുന്നത്. 125 ഗ്രാം തൂക്കം വരും. ഒരടി ഉയരത്തിലുള്ള തണ്ടും ഭക്ഷ്യയോഗ്യമാണ്. വിത്തുഉല്പാദനത്തിനും ഇവര്‍ ശ്രമം തുടങ്ങി.
സവാള കൃഷി വ്യാപകം
പെരിഞ്ഞനത്ത് സതീചന്ദ്രഗുപ്തന്‍, മതിലകത്ത് ലത ബാഹുലേയന്‍, കൊടകരയില്‍ ബീന, മാടക്കത്രയില്‍ കുട്ടന്‍, ബാലസുബ്രഹ്മണ്യന്‍, വാസന്തി, നടത്തറയില്‍ ജെസ്സി എന്നിവരും സവാള കൃഷി ചെയ്തു വിജയം കണ്ടവരാണ്. കൃഷിവിജ്ഞാനകേന്ദ്രം 500 തൈകള്‍ വീതമാണ്. കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. എല്ലാവരും ഒക്ടോബര്‍ 1ന് വിത്തിട്ടു. നവംബര്‍ അവസാനം തൈകള്‍ നട്ടു. മാര്‍ച്ച് 2 മുതലാണ് വിളവെടുപ്പ് തുടങ്ങിയത്. മഴമറയില്‍ തൈകള്‍ വളരും. സമതല പ്രദേശങ്ങളില്‍ സവാള ആദ്യമായിട്ടാണ് വിളഞ്ഞത്. തണ്ടുകള്‍ ഇലക്കറിയായി ഉപയോഗിക്കാന്‍ സാധിച്ചുവെന്നതാണ് മറ്റൊരു സവിശേഷത.
കൃഷിവിജ്ഞാന കേന്ദ്രം നേതൃത്വം
ഐ.സി.എ.ആര്‍. സാമ്പത്തിക സഹായം നല്‍കിയാണ് കൃഷി വിജ്ഞാന കേന്ദ്രം വിത്തു ഉല്പാദനവും കൃഷി പരീക്ഷണങ്ങളും നടത്തുന്നത്. കാബേജ്, ക്യാരറ്റ്, ബീറ്റ് റൂട്ട്, കോളിഫ്ലവര്‍, റാഡിഷ് എന്നീ വിളകള്‍ ഇവര്‍ കൃഷി ചെയ്തു വിജയിപ്പിച്ചു. തക്കാളി, വഴുതനങ്ങ, പാവല്‍, പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, തുടങ്ങിയവയെല്ലാം പരീക്ഷണാര്‍ത്ഥത്തില്‍ വിവിധതരം ഇനം വിത്തുകള്‍ കൃഷി ചെയ്തു വരുന്നു. കൃഷിവിജ്ഞാന കേന്ദ്രം തലവന്‍ ഡോ. കോശി എബ്രഹാം, ഡോ. ജലജ എസ്. മേനോന്‍, ഡോ. സീജ തോമാച്ചന്‍, ഡോ. മേരി റെജിന, ഡോ. സാവിത്രി കെ.ഇ., ഫാം മാനേജര്‍ കെ.വി. ബാബു എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. 2004ല്‍ പ്രവര്‍ത്തനം തുടങ്ങിയ കേന്ദ്രം 2008 മുതല്‍ ആറുലക്ഷം ടണ്‍ വിത്ത് ഉല്പാദിപ്പിച്ചു. ഹരിതശ്രീ, ഉദ്യാനശ്രീ എന്നീ 24 പേര്‍ അടങ്ങുന്ന വനിതകളുടെ രണ്ടു ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്.
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)