Thursday, July 5, 2012

കേമന്‍ ഈ 'ഹൈബ്രിഡ് ' വെണ്ട


http://www.mathrubhumi.com/agriculture/story-222598.html Posted on: 17 Oct 2011

വെണ്ട
'കുറഞ്ഞ കൃഷിച്ചെലവില്‍ കൂടിയ ഉത്പാദനം' അതാണ് കാസര്‍കോട് ജില്ലയിലെ വേട്രാഡിയില്‍ നാരായണന്‍ നായരുടെ ഹൈബ്രിഡ് വെണ്ട കൃഷിയിലെ പ്രത്യേകത. നല്ല മുഴുപ്പും സ്വാദുമുള്ള കായകള്‍, 'മൊസൈക്ക്' രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവ്. ഒരു ചെടിയില്‍ നിന്നും ഒരു കിലോയിലധികം ഉത്പാദനം - എങ്ങനെ നോക്കിയാലും ഹൈബ്രിഡ് വെണ്ട കേമന്‍ തന്നെ.

നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വരികള്‍ തമ്മില്‍ രണ്ടടിയും ചെടികള്‍ തമ്മില്‍ ഒന്നരയടിയും അകലം വരുന്ന തരത്തില്‍ കുഴിയെടുത്താണ് നാരായണന്‍നായര്‍ ഹൈബ്രിഡ് വെണ്ട വിത്ത് പാകുന്നത്. അരയടി താഴ്ചയുള്ള കുഴിയില്‍ കോഴിവളം ചേര്‍ത്ത് മേല്‍മണ്ണിട്ട് മൂടുന്നു. ഹൈബ്രിഡ് വെണ്ടവിത്ത് ഒരിഞ്ച് ആഴത്തിലധികം പോകരുതെന്നത് നാരായണന്‍നായരുടെ അനുഭവസാക്ഷ്യം. ഒരു കുഴിയില്‍ ഒരു വിത്ത് മതി. കുതിര്‍ക്കാതെ നടുന്ന ഹൈബ്രിഡ് വെണ്ട വിത്ത് നാലു ദിവസത്തിനുള്ളില്‍ തന്നെ മുളയ്ക്കും.

ചെടിയുടെ ചുവട്ടില്‍ നിന്ന് അരയടി അകലത്തില്‍ ഒരു പിടി കോഴിക്കാഷ്ഠം മേല്‍വളമായി നല്‍കണം. നട്ട് 15 ദിവസത്തിനു ശേഷവും 25 ദിവസത്തിനുശേഷവുമാണ് നാരായണന്‍നായര്‍ കോഴിക്കാഷ്ഠം ചേര്‍ക്കുന്നത്. ഇനി പൊട്ടാഷിന്റെ ഊഴമാണ്. ഓരോ ആഴ്ചത്തെ ഇടവേളയിലും 20 ഗ്രാം പൊട്ടാഷ് ചേര്‍ക്കും. വളം ചേര്‍ക്കുമ്പോള്‍ മണ്ണില്‍ നനവുണ്ടാകണമെന്നതും വളം ചേര്‍ത്ത ഉടനെ മണ്ണ് കൂട്ടണമെന്നതും നിര്‍ബന്ധം.

നട്ട് 25 ദിവസത്തിനുള്ളില്‍ ഹൈബ്രിഡ് വെണ്ട പൂവിടും. ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ആദ്യവെണ്ട പറിച്ചെടുക്കാം. ഇനിയുള്ള ഒന്നര മാസക്കാലം ഹൈബ്രിഡ് വെണ്ടകൃഷിയില്‍ വിളവെടുപ്പിന്റേതാണ്. ഓരോ മുരട്ടിലും ഒന്നുമുതല്‍ മൂന്നുവരെ കായകള്‍.

സങ്കരയിനത്തില്‍ അത്യുത്പാദനശേഷി മുഴുവന്‍ നാരായണന്‍നായരുടെ ഹൈബ്രിഡ് വെണ്ട കൃഷിയില്‍ കാണാം.
സങ്കരയിനം വിത്ത് ബുദ്ധിപൂര്‍വം തിരഞ്ഞെടുത്തതും കൃത്യമായി പരിചരണ മുറകളും വിപണനത്തിലെ ആസൂത്രണ പാടവവുമാണ് കീടനാശിനികളൊന്നും പ്രയോഗിക്കാതെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉത്പാദനമെന്ന ലക്ഷ്യം കൈവരിക്കാന്‍ നാരായണന്‍നായര്‍ക്ക് പിന്‍ബലമായത്. ഇതുതന്നെയാണ് പഞ്ചായത്തിലെ മികച്ച കര്‍ഷകനെന്ന ബഹുമതിക്ക് അദ്ദേഹത്തെ യോഗ്യനാക്കിയതും.

-
വീണാറാണി.ആര്‍.
കൃഷി ഓഫീസര്‍
കിനാനൂര്‍ - കരിന്തളം
veena4raghavan@gmail.com

1 comment:

  1. അറിവിന് നന്ദി , ഇത്തരം വെണ്ടക്രിഷി ചെയ്യണമെന്നുണ്ട് വിത്റ്റുകള്‍ എവിടെ നിന്ന് ലഭിക്കു എന്നറിയിക്കാമൊ.

    ReplyDelete

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)