Thursday, July 19, 2012

ഡോ. സാലിം അലി - പറവകളുടെ കാവല്‍ക്കാരന്‍



ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നമ്മോട് വിട പറഞ്ഞിട്ട് ഇരുപത്തി അഞ്ജു വര്‍ഷം തികയുകയാണ്. 1987 ജൂലൈ 27നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. 2008ല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവോടെ സമര്‍പ്പിച്ച്ചുകൊണ്ട  മഹാനായ പ്രകൃതി സ്നേഹി സാലിം അലിയുടെ ജീവിതത്തെ കുറിച്ചുള്ള വിവരണം നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു.

വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനീരീക്ഷണത്തിന്‌ ഇന്ത്യയില്‍  അടിസ്ഥാനമിട്ട ആളാണ് സാലിം അലി അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍, ഭാരതത്തിലെ ജനങ്ങളില്‍ പക്ഷി നിരീക്ഷണത്തിനും, പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ടു. 1896 നവംബര്‍ 12-ന് മുംബൈയില്‍ ജനിച്ചു. അഞ്ച്‌  ആണ്‍കുട്ടികളും നാല്‌ പെണ്‍കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തില്‍ ആയിരുന്നു സാലിം അലി ജനിച്ചത്‌. അച്ഛന്‍ മൊയ്സുദ്ദീന്‍, അമ്മ സീനത്തുന്നീസ. സാലിം ജനിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പിതാവും മൂന്നു വര്‍ഷം തികയുന്നതിനു മുന്‍പ്‌ മാതാവും മരിച്ചു പോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട്‌ വളര്‍ത്തിയത്‌. അക്കാലത്ത്‌ ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു, അവരെ അനുകരിച്ച്‌ നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തില്‍ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സില്‍ അവന്‌ അമ്മാവന്റെ കൈയില്‍ നിന്നും ഒരു ‘എയര്‍ ഗണ്‍’ ലഭിച്ചു. അതുകൊണ്ട്‌ കുരുവികളെ വെടി വെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം, വീട്ടില്‍ കുരുവിയിറച്ചി നിത്യവിഭവമായി. വീട്ടിലെ തൊഴുത്തില്‍ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയില്‍ ഒരു പെണ്‍ കുരുവി മുട്ടയിട്ട്‌ അടയിരിക്കുന്നതായും ഒരു ആണ്‍കുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആണ്‍കുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷെ മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍രുവി മറ്റൊരു ആണ്‍കുരുവിയെ സമ്പാദിച്ച്‌ തത്സ്ഥാനത്ത്‌ ഇരുത്തി, അങ്ങനെ എട്ട്‌ ആണ്‍ കുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെണ്‍കുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണ്  ഉണ്ടായത്‌. ഇതെല്ലാം സാലിം തന്റെ ഡയറിയില്‍ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണ രേഖകളാണവ.

തന്റെ പന്ത്രണ്ടാം വയസ്സില്‍ വെടിവെച്ചിട്ട മഞ്ഞത്താലി കുരുവിയുടെ കഴുത്തില്‍ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു ഇസ്ലാമിന്‌ തിന്നാന്‍ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പിന്റെ അടുത്തേക്ക്‌ പറഞ്ഞു വിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ്‌ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണ മുറികളിലേക്കു കൊണ്ടു പോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചു കൊടുത്തു, നിരവധി അറകള്‍ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോക പ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞന്‍ ജനിച്ചു വീണ നിമിഷങ്ങളായിരുന്നു അവ.

സാലിം അലിയുടെ ആദ്യകാല പഠനം മുംബൈയിലെ സെന്റ്‌. സേവിയഴ്സ്  കോളേജിലായിരുന്നു. ഒന്നാം വര്‍ഷത്തിനു ശേഷം പഠനം ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ അദ്ദേഹം ബര്‍മയിലെ താവോയിലേക്ക് മാറുകയായിരുന്നു. അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടങ്ങ്  ഖനികളില്‍ അദ്ദേഹം ജോലി ചെയ്തു. ബര്‍മയിലെ വാസ സ്ഥലത്തിനടുത്തുള്ള കാടുകളില്‍ അദ്ദേഹം തന്റെ ഒഴിവു സമയം ചിലവിട്ടു. അങ്ങനെ പ്രകൃതി ശാസ്ത്രത്തില്‍ അദ്ദേഹത്തിന് താല്പര്യമുണ്ടായി. ഈ സമയത്താണ് അദ്ദേഹം ജെ.സി. ഹോപ് വുഡിനെയും ബെര്‍ത്തോള്‍ഡ്‌ റിബെന്ട്രോപ്പിനെയും പരിചയപ്പെടുന്നത്. ഇവര്‍ രണ്ടു പേരും ആ സമയം ബര്‍മ ഗവണ്മെന്റ്നു കീഴില്‍ വനംവകുപ്പില്‍ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുനു. ഏഴു വര്‍ഷത്തിനു ശേഷം 1917-ല്‍ ഇന്ത്യയിലേക്ക് തിരിച്ചു വന്ന സാലിം, പഠനം പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയും, വ്യാവസായിക നിയമം പഠിക്കാന്‍ ദാവര്‍ കോളേജില്‍ ചേരുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രകൃതി ശാസ്ത്രത്തിലുള്ള താല്പര്യം തിരിച്ചറിഞ്ഞ സെന്റ്‌.സേവ്യര്‍ കോളേജിലെ ഫാദര്‍ എതെല്‍ബെറ്റ് ബ്ളാറ്റര്‍ അദ്ദേഹത്തെ ജന്തുശാസ്ത്രം പഠിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ സെന്റ്‌. സേവിയര്‍ കോളേജില്‍ നിന്നും അദ്ദേഹം ജന്തുശാസ്ത്രവും പഠിക്കുകയുണ്ടായി. ഭാരത ജന്തുശാസ്ത്ര സര്‍വേയില്‍ ([Zoological Survey of India) ഒരു പക്ഷി ശാസ്ത്രജ്ഞന്റെ ഒഴിവില്‍ ജോലിക്കുവേണ്ടി അപേക്ഷിച്ചിരുന്നെങ്കിലും ഒരു ഔപചാരിക യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തതിനാല്‍ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഈ ഒഴിവ് പിന്നീട് നികത്തിയത് എം.എല്‍. റൂണ്‍വാള്‍ ആണ്. 1926-ല്‍ അദ്ദേഹം മുംബയിലെ പ്രിന്‍സ് ഓഫ് വെയില്സ് മ്യൂസിയത്തിലെ പ്രകൃതിശാസ്ത്ര വിഭാഗത്തിലെ ഗൈഡ്‌ ലെച്ടറര്‍ ആയി നിയമിതനായി. പ്രതിമാസം 350 രൂപയായിരുന്നു ശമ്പളം. രണ്ടു വര്‍ഷത്തിനു ശേഷം ഉദ്യോഗം മടുത്ത അദ്ദേഹം പഠനം തുടരുന്നതിന് വേണ്ടി ജര്‍മനിയിലേക്ക് പോയി. അവിടെ ബെര്‍ലിന്‍ യൂണിവേഴ്സിറ്റിയുടെ ജന്തുശാസ്ത്ര മ്യുസിയത്തില്‍ പ്രൊഫ.ഇര്‍വിന്‍ സ്ട്രസ്സ്മാനു കീഴില്‍ ജോലി ചെയ്തു. ജോലിയുടെ ഭാഗമായി ജ.കെ.സ്ടാന്ഫോര്‍ഡ് സംഗ്രഹിച്ച മാതൃകകള്‍ പഠിക്കാനും അദ്ദേഹത്തിന് അവസരം കിട്ടി. ബെര്‍ലിനില്‍ താമസമാക്കിയിരുന്നത് കൊണ്ട് പല മുന്‍നിര ജര്‍മ്മന്‍ പക്ഷിശാസ്ത്രജ്ഞരുമായി ഇടപഴാകാന്‍ അദേഹത്തിന് അവസരം കിട്ടി. അതില്‍ പ്രമുഖര്‍ ബെര്‍നാണ്ട് റേന്‍ഷ(Bernhard Rensch), ഓസ്കര്‍ ഹീന്രോത് ( Oskar Heinroth ), എറണ്സ്റ്റ്റ്‌ മേയര്‍ (Ernst Mayr) എന്നിവരായിരുന്നു. ഹീഗോലാന്‍ഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങള്‍ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയില്‍ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉള്‍പ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിന്‍റെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തില്‍ നാഷണല്‍ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

1914-ല്‍ ബ്രിട്ടീഷ്‌ ഇന്ത്യയെക്കുറിച്ചുള്ള ഒരു ശാസ്ത്രലേഖനത്തിന്റെ നിരൂപണത്തില്‍ നിരൂപകന്‍ ആ പുസ്തകത്തില്‍ ഇന്ത്യക്കാരുടെ സംഭാവനയായി ഒന്നും തന്നെ ഇല്ല എന്ന് എടുത്തുപറഞ്ഞിരുന്നു ഇത്‌ സാലിം അലിയുടെ മനസ്സില്‍ തട്ടുകയും പക്ഷികളെ കുറിച്ച്‌ പഠിക്കാനായി ജീവിതം ഉഴിഞ്ഞു വെയ്ക്കുവാനും തീരുമാനിച്ചു. കുടുംബപ്രാരാബ്ധം മൂലം അതിനിടയില്‍ ബര്‍മ്മയില്‍ പണിയന്വേഷിച്ചുപോയെങ്കിലും ഇടവേളകളില്‍ പക്ഷിനിരീക്ഷണം നടത്തിയിരുന്നു. നാലുവര്‍ഷത്തിനു ശേഷം ഇന്ത്യയിലെത്തിയ സാലിം അലി ഒരു വ്യാപാരിയുടെ മകളായ തെഹ്‌മിനയെ വിവാഹം കഴിച്ചു. ഇതിനിടയിലും പക്ഷിനിരീക്ഷണത്തിനായി ജര്‍മ്മനിയിലും മറ്റും പോകുകയും ചെയ്തു. ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയില്‍ 1932-ല്‍ “ഹൈദരാബാദ്‌ സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ”ത്തില്‍(Hyderabad State Ornithology Survey) പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം.
1935-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ്‌ തിരുവിതാംകൂര്‍, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച്‌ പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എന്‍.എച്ച്‌.എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ്‌ പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ്‌ മറയൂര്‍ ഭാഗത്താണ്‌ പഠനം നടത്തിയത്‌ പിന്നീട്‌ ചാലക്കുടി, പറമ്പിക്കുളം,കുരിയാര്‍കുട്ടി മുതലായിടത്തും പോയി. കുരിയാര്‍കുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ്‌ കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്‌, അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങള്‍ രേഖപ്പെടുത്തിയത്‌. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച്‌ തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം(Collection center) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട്‌ മൂന്നാര്‍, കുമളി, ചെങ്കോട്ട, അച്ചന്‍കോവില്‍ മുതലായ സ്ഥലങ്ങളില്‍ പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങള്‍ ആദ്യം തിരുവിതാംകൂര്‍, കൊച്ചിയിലെ പക്ഷിശാസ്ത്രം എന്നും പിന്നീട്‌ സര്‍ സി. പി. രാമസ്വാമി അയ്യരുടെ ആവശ്യപ്രകാരം പരിഷ്കരിച്ച്‌ കേരളത്തിലെ പക്ഷികള്‍ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി. തട്ടേക്കാട് ഒരു പക്ഷിസങ്കേതമാണെന്ന് തിരിച്ചറിഞ്ഞത് സാലിംഅലിയാണ്. 160 ഇനം പക്ഷികളെ അദ്ദേഹം ഇവിടെ നിന്ന് തിരിച്ചറിഞ്ഞു. ഈ പഠനത്തിന്റെ ഉല്‍പ്പന്നമാണ് "ദി ബേര്‍ഡ്സ് ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍". ഇത് പിന്നീട് പരിഷ്കരിച്ച് "ബേര്‍ഡ്സ് ഓഫ് കേരള" എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. "ദി ബുക്ക് ഓഫ് ഇന്ത്യന്‍ ബേര്‍ഡ്സ്", "ഇന്ത്യന്‍ ഹില്‍ ബേര്‍ഡ്സ്" തുടങ്ങി 25ലേറെ ഗ്രന്ഥങ്ങള്‍ സാലിംഅലിയുടേതായുണ്ട്. കൂടാതെ നിരവധി ഗവേഷണ പ്രബന്ധങ്ങളും. "ദി ഫാള്‍ ഓഫ് എ സ്പാരോ" (ഒരു കുരുവിയുടെ പതനം) അദ്ദേഹത്തിന്റെ ആത്മകഥയാണ്. 1939-ല്‍ കേരളത്തിലെ പഠനം പൂര്‍ത്തിയായപ്പോഴേക്കും ഭാര്യ തെഹ്‌മിന എന്നെന്നേക്കുമായി വിടപറഞ്ഞു, അതോടെ സാലിം പരിപൂര്‍ണ്ണ പക്ഷിനിരീക്ഷകനായി.

പരിസ്ഥിതി എന്നാല്‍ കേവലം ജൈവപ്രക്ര്യതി മത്രമല്ല, സാമൂഹിക പ്രകൃതി കൂടിയാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ പരിസ്ഥിതി വാദം ഒരു വിശാല മണ്ഡലത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. ഈ ചിന്ത ഇന്ന് ലോകത്ത് വ്യാപിക്കുകയാണ്, ഇങ്ങനെ ചിന്തിക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടായി എന്ന് തിരുത്തുന്നതാവും ശരി. പ്രകൃതി സ്രോതസ്സുകള്‍ ചിലര്‍ക്കു മാത്രം അവകാശപെട്ട താണെന്ന വാദവും ലോകത്ത് മുറുകുകയാണ്. മുതലാളിത്ത ലാഭക്കണക്കില്‍ പ്രകൃതി വിഭവങ്ങള്‍ ആവശ്യതിലധികം എഴുതിച്ചേര്‍ത്തപ്പോള്‍ ചൂഷണം വര്‍ദ്ധിക്കുക യാണുണ്ടായത്. ഇന്ന് ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യ മന്വേഷി ച്ചിറങ്ങുന്ന നാം സ്വന്തം കാല്‍ കീഴിലെ മണ്ണൊലിച്ചു പോകുന്നത് കാണുന്നില്ല. സുന്ദരമായ ഭൂമിയെന്ന ജീവന്‍ന്റെ ഗോളം നാളെ ഒരു തീഗോളമായി ചുരുങ്ങുമെന്ന സത്യത്തെ ഇനിയെങ്കിലും നാം കണ്ടില്ലെങ്കില്‍ മനുഷ്യവംശം കത്തി ചാമ്പലായി ദിനോസറുകള്‍ക്ക് സമമാകും. ഇതിനു കാരണക്കാരനും മനുഷ്യനല്ലാതെ മറ്റാരുമല്ല, ഭൂമിയിലെ സര്‍വ്വ ജീവനേയും തീഗോളത്തി ലെറിഞ്ഞ് കൊടുത്തെന്ന ശാപവും മനുഷ്യകുലം പേറേണ്ടി വരും. ഈ പച്ചയറിവിലേക്ക് എത്തി ച്ചേരാനുള്ള വഴി തുറക്കലാണ് പരിസ്ഥിതി വിചാരത്തെ ഉണര്‍ത്തുക വഴി യുണ്ടാകുന്നത്. പരിസ്ഥിതിയെ കുറിച്ചുള്ള ബോധം എല്ലാവരിലു മെത്തിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്.

- ചുട്ടുപ്പൊള്ളുന്ന ഭൂമിയെ കാത്തിരിക്കാന്‍ നമുക്കാവുമോ?

- കടലുയര്‍ന്ന് കരയെത്തിന്നുന്നത് നമുക്ക് സഹിക്കാനാവുമൊ?

- ശുദ്ധവായു ശ്വസിക്കാന്‍ ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടു നടക്കേണ്ട ഗതികേട് നാം എങ്ങനെ സഹിക്കും?

- ദാഹമകറ്റാന്‍ കുടിവെള്ളത്തിനായി സധാരണക്കാരന്‍ പൊരുതുമ്പോള്‍ മറുവശത്ത് വെള്ളം വിറ്റ് കാശാക്കുന്ന കുത്തക കമ്പനികള്‍. പ്രകൃതി വിഭവങ്ങള്‍ സ്വന്തമാക്കി കുത്തക കമ്പനികള്‍ തടിച്ചു വീര്‍ക്കുമ്പോള്‍ സാധാരണക്കാരന്റെ ഭാവിയെന്ത്?

- വരും തലമുറക്ക് നാം എന്ത് നല്‍കും? വരണ്ടുണങ്ങിയ പുഴയോ? ചുട്ടുപഴുത്ത ഭൂമിയോ? മലിനമാക്കപ്പെട്ട വായുവോ?

- കഴിഞ്ഞ തലമുറ നമുക്കു കൈമാറിയ അതേ ഭൂമി നമുക്ക് വരും തലമുറക്ക് കൈമാറാനാകുമോ?

“ജീവന്റെ അതിബ്ര്യഹത്തായ ഒരു സിംഫണിയാണ് പ്രക്ര്യതിയൊരുക്കുന്നത്, ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവന്‍”



 ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌ : http://ml.wikipedia.org/wiki/തട്ടേക്കാട്‌_പക്ഷിസങ്കേതം
തട്ടേക്കാട് എറണാംകുളം ജില്ലയിലെ കോതമംഗലം താലൂക്കിലാണ്. കോതമംഗലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലം, ആലുവായില്‍ നിന്ന് 48 കിലോമീറ്റര്‍ ദൂരം. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 42 കിലോമീറ്റര്‍. ആലുവായില്‍ നിന്ന് കോതമംഗലത്തേക്ക് ബസ് സര്‍വീസുണ്ട്. പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തിന് ബസ് സര്‍വീസുണ്ട്. കോതമംഗലത്ത് നിന്ന് തട്ടേക്കാടിനു ബസ്സ് ലഭിക്കും
പക്ഷിനിരീക്ഷണത്തിന് വനംവകുപ്പ് തന്നെ ഗൈഡിനെ വിട്ടുതരും. താമസത്തിന് വനംവകുപ്പിന്റെ ഡോര്‍മെട്രികളുമുണ്ട്. സന്ദര്‍ശനത്തിന് മഴക്കാലം ഒഴിവാക്കുകയാണ് നന്ന്. രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് വരെയാണ് ഈ പക്ഷിസങ്കേതത്തില്‍ പ്രവേശനം അനുവദിക്കുക.
 http://entealbum.blogspot.com/2007/04/blog-post.html
കേരളത്തിലെ പക്ഷികളുടെ പട്ടിക : http://ml.wikipedia.org/wiki/കേരളത്തിലെ_പക്ഷികള്‍

സാലിം അലി താന്‍ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ ലളിതമായ ഭാഷയില്‍ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങള്‍ക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987 ജൂലൈ 27 ന് തൊണ്ണൂറ്റൊന്നാം വയസില്‍ അദ്ദേഹം അന്തരിച്ചു. സാലിം അലിയുടെ പിറന്നാളായ നവംബര്‍ 12 ദേശീയ പക്ഷി പക്ഷി നിരീക്ഷണദിനംആയി ആചരിക്കുന്നു



കടപ്പാട് : ഇപത്രം,ദേശാഭിമാനി, ഗൂഗിള്‍, ബ്ലോഗ്ഗേര്‍സ്

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)