Thursday, October 27, 2011

തെങ്ങുകൃഷിയില്‍ വിജയഗാഥയുമായി സഞ്ചു

എം.ബി.എ.യും വിദേശജോലിയും തടസ്സമായില്ല; തെങ്ങുകൃഷിയില്‍ വിജയഗാഥയുമായി സഞ്ചു

-ബി.രാജേഷ് കുമാര്‍


കൊച്ചി: കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാലയുടെ എം.ബി.എ. കോഴ്‌സില്‍ തെങ്ങുകൃഷി പഠനവിഷയമല്ല. ന്യൂസിലാന്‍ഡിലെ വൈക്കാറ്റോ യൂണിവേഴ്‌സിറ്റിയുടെ ഉന്നത ബിസിനസ് കോഴ്‌സിലും ഈ പണിയെക്കുറിച്ചൊന്നും പറയുന്നില്ല. എങ്കിലും ഇന്‍റര്‍നാഷണല്‍ ബിസിനസ്സില്‍ തിളക്കമാര്‍ന്ന വിജയം നേടിയ സഞ്ചു ജോസഫ് എന്ന മുപ്പത്തിമൂന്നുകാരന്‍ തിരഞ്ഞെടുത്തിരിക്കുന്നത് കേരകൃഷിയുടെ വഴികളാണ്. ന്യൂസിലാന്‍ഡിലെ വൈറ്റ്‌കോളര്‍ ജോലി വലിച്ചെറിഞ്ഞാണ് സഞ്ചു നാളികേരത്തിന്റെ നന്മ തേടിയെത്തിയത്.

ബിസിനസ്സിന്റെ ഗ്ലാമറിനെക്കാള്‍ താനിഷ്ടപ്പെടുന്നത് കല്ലും മുള്ളും നിറഞ്ഞ കൃഷിയുടെ വഴികളാണെന്ന് സഞ്ചു പറയും. കുമളിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ തമിഴ്‌നാട്ടിലെ കമ്പത്താണ് സഞ്ചുവിന്റെ നൂറേക്കറോളം വരുന്ന കൃഷിയിടം. ഇവിടെ 70 ഏക്കറോളം സ്ഥലത്താണ് തെങ്ങുകൃഷി വിജയം കൊയ്യുന്നത്. പാലാ കൊട്ടുകാപ്പള്ളി പുതുമന എം.സി. ജോസഫിന്റെയും എറണാകുളം വളവി കുടുംബാംഗമായ അച്ചാമ്മയുടെയും പതിനൊന്ന് മക്കളില്‍ മൂത്ത മകന് മണ്ണിനോടുള്ള സ്നേഹം പാരമ്പര്യമായി കിട്ടിയതാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അധ്യാപക ജോലി വേണ്ടെന്നുവെച്ചാണ് ജോസഫ് കൃഷിയിലും ബിസിനസ്സിലും നൂറുമേനി കൊയ്തത്.

''കേരളത്തില്‍ ന്യായവിലയ്ക്ക് കൃഷിക്കനുയോജ്യമായ ഭൂമി കിട്ടാനില്ലാത്ത സ്ഥിതി, തൊഴിലാളിക്ഷാമം, കൂടിയ ഉത്പാദന ചെലവ്.... ഇതൊക്കെ കാരണമാണ് കമ്പത്ത് തെങ്ങുകൃഷി ചെയ്തത്. പാലായിലും കൃഷിയുണ്ടെങ്കിലും ലാഭകരം കമ്പത്തേതാണ്. കൃഷി സാധാരണക്കാരന്റെ മാത്രം പണിയാണെന്നും കഷ്ടപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് അവരെന്നുമുള്ള ധാരണ തിരുത്തുകയാണ് എന്റെ ലക്ഷ്യം'' -സഞ്ചു പറയുന്നു.

എഴുപതേക്കറില്‍ നിന്ന് 50,000 മുതല്‍ 80,000 തേങ്ങവരെ ഉത്പാദിപ്പാക്കാന്‍ സഞ്ചുവിന് കഴിയുന്നുണ്ട്. എണ്ണിക്കൊടുക്കുന്നതിനെക്കാള്‍ ലാഭം പൊതിച്ച ശേഷം തൂക്കിക്കൊടുക്കുന്നതാണെന്ന് സഞ്ചു പറയുന്നു. കിലോയ്ക്ക് 17 രൂപയാണ് ഇപ്പോള്‍ വില. തൊണ്ട് 40 പൈസയ്ക്കും ഓല ഒരു രൂപയ്ക്കും വില്‍ക്കും. ഒന്നും പാഴാകാനില്ലാത്ത കൃഷിയെന്ന നിലയിലാണ് സഞ്ചു ഈ മേഖല തിരഞ്ഞെടുത്തത്. തെങ്ങിന് ഇടവിളയായി കൊക്കോ, വാഴ, റംബുട്ടാന്‍ എന്നിവ കൃഷി ചെയ്യുന്നു. ഈ കൃഷികളിലും വിളയുന്നത് ലാഭം തന്നെ. പല കൃഷികള്‍ ഒരുമിച്ച് ചെയ്താല്‍ ഒന്നിന് നഷ്ടം വന്നാലും കര്‍ഷകന് പിടിച്ചുനില്‍ക്കാനാവുമെന്നാണ് ബിസിനസ് പഠിച്ച സഞ്ചുവിന്റെ അനുഭവ പാഠം.

ചാണകത്തിനായി 80 പോത്തുകളേയും വളര്‍ത്തുന്നുണ്ട്. ഡ്രിപ്പ് ഇറിഗേഷന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ കൃഷിക്കായി ഉപയോഗിക്കുന്നു. കമ്പത്ത് തൊഴിലാളികളെ കിട്ടാന്‍ കേരളത്തിലേതുപോലെ പ്രയാസങ്ങളില്ല. തെങ്ങുകയറ്റ സംഘങ്ങളാണ് തേങ്ങ ഇടുന്നതും പൊതിക്കുന്നതും. കൃഷിക്ക് സര്‍ക്കാര്‍ വൈദ്യുതി സൗജന്യമായി നല്‍കുന്നുണ്ട്. ഇളനീരിന് ആവശ്യകത കൂടിയ സാഹചര്യത്തില്‍ ഈ മേഖലയിലെ ഉത്പാദനവും സഞ്ചു ലക്ഷ്യമിടുന്നു.

മികച്ച പ്ലാനിങ്ങും നവീന സാങ്കേതിക വിദ്യകളുടെ പ്രയോഗവും കൃഷി ലാഭകരമാക്കുമെന്നാണ് തന്റെ അനുഭവ പാഠമെന്ന് ഈ യുവാവ് പറയുന്നു. വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മാണം, കൊപ്ര നിര്‍മാണ യൂണിറ്റ്, ചിരട്ടക്കരി നിര്‍മാണം തുടങ്ങിയ പദ്ധതികളാണ് സഞ്ചുവിന്റെ മനസ്സിലിപ്പോള്‍.തേവര ഞാവള്ളില്‍ റോസ് മേരിയാണ് ഭാര്യ. മിഷേല്‍, റെയ്ച്ചല്‍ എന്നിവരാണ് മക്കള്‍.സഞ്ചുവിന്റെ ഫോണ്‍: 8086375375.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)