Thursday, October 27, 2011

ഉപ്പുകുന്നിലെ ഫാംഫ്രഷ് തൊഴുത്തുകള്‍

ഹൈടെക് തൊഴുത്തിലെ പാലിന്റെ അതേ മേന്മയുമായി ഇതാ ഉപ്പുകുന്നിലെ ഫാംടെക് തൊഴുത്തുകള്‍. ലളിതമായ കാര്‍ഷിക അറിവുകള്‍ പ്രയോജനപ്പെടുത്തി നിര്‍മിച്ച ഈ ഫാംഫ്രഷ് തൊഴുത്തുകളില്‍ നിന്നുള്ള പാലിന് ഹൈടെക് തൊഴുത്തിലെ പാലിന്റെ അതേ മേ•കളുണ്ട്. മാത്രമല്ല ഇവിടെ നിന്നുള്ള പാലിന് ഹൈടെക് പാലിനേക്കാള്‍ കൊഴുപ്പും ഗുണവും കൂടുതലായിരിക്കുമെന്നും ഉപ്പുകുന്നിലെ ക്ഷീരകര്‍ഷകരും വീട്ടമ്മമാരുമായ കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു. ഹൈടെക് പശുക്കളായ എച്ച് എഫിനു പകരം ജേഴ്സി സങ്കരഇനങ്ങളെ വളര്‍ത്തുന്നതിനാലാണിത്. ഇവിടെ പശുക്കളുടെ എണ്ണം മൂന്നോ നാലോ മാത്രം. അവയെ നിരീക്ഷിക്കുന്നത് കംപ്യൂട്ടറിനു പകരം വീട്ടമ്മമാര്‍; പശുക്കള്‍ക്ക് ആഹാരമായി മതിവരുവോളം പച്ചപ്പുല്ലും പാലിന്റെ അളവനുസരിച്ചുള്ള കാലിത്തീറ്റയും. ചാണകം തൊഴുത്തില്‍ നിന്നും തെല്ലകലേയ്ക്കു മാറ്റി സംസ്കരികപെടുകയോ ബയോഗ്യാസ് പ്ളാന്റിലേയ്ക്ക് നേരിട്ട് പോവുകയോ ചെയ്യുന്നു. ഈ തൊഴുത്തിലില്ലാത്ത എന്തു മേന്മയാണ്  ഹൈടെക് തൊഴുത്തിലുള്ളതെന്ന് ഇനിയും കണ്െടത്തേണ്ടിയിരിക്കുന്നു. മുടക്കുമുതലും ഉത്പാദനച്ചെലവും തീരെ കുറവ്. നന്നായി വിപണനം ചെയ്താല്‍ ലിറ്ററിനു 22 രൂപ വരെ അറ്റാദായം. മുപ്പത് ലിറ്റര്‍ പാല്‍ വിപണനത്തിനെത്തിക്കുന്ന കുടുംബത്തിനു സര്‍വചെലവും കഴിഞ്ഞ് ദിവസേന 600 രൂപ വരെ കിട്ടാം. എങ്കിലും പശു വളര്‍ത്താന്‍ മനസില്ലെന്നു ശാഠ്യം പിടിക്കുന്ന തലമുറയ്ക്കേ ഹൈടക് കാലിക്കൊട്ടാരങ്ങള്‍ വേണ്ടിവരികയുള്ളൂ എന്ന് ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കു സമീപം ഉപ്പുകുന്നിലെ ഈ പെണ്‍കൂട്ടായ്മ ഉറച്ച സ്വരത്തില്‍ പറയുന്നു.

കുരുമുളകുകൃഷിയുടെ നാശത്തെ തുടര്‍ന്ന് കന്നുകാലി വളര്‍ത്തലിലേയ്ക്കു തിരിഞ്ഞവരാണ് ഉപ്പുകുന്നിലെ കൃഷിക്കാര്‍. പക്ഷേ, പട്ടണത്തില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെ മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ പാല്‍വിപണനത്തിനു തീരെ സാധ്യതയില്ലായിരുന്നു. അതുകൊണ്ടുതന്നെ സ്വകാര്യവ്യക്തിയുടെ ചൂഷണത്തിനു വിധേയരാവുകയേ ഇവിടുത്തെ ക്ഷീരകര്‍ഷകര്‍ക്കു നിവൃത്തിയുണ്ടായിരുന്നുള്ളൂ.

2001ല്‍ ഉപ്പുകുന്നിലെ 16 സ്ത്രീകള്‍ സംഘടിച്ച് പുലരി സ്വാശ്രയസംഘം രൂപീകരിച്ചതോടെ സ്ഥിതിഗതികളില്‍ മാറ്റം വന്നു തുടങ്ങി. കപ്പ, വാഴ തുടങ്ങിയ കൃഷികള്‍ പരീക്ഷിച്ചശേഷമാണ് ഇവര്‍ സ്ഥിരവരുമാനത്തിനായി പശുവളര്‍ത്തല്‍ തുടങ്ങിയത്. ഏതു നിലവാരത്തിലുള്ള പാല്‍ കൊടുത്താലും ലിറ്ററിനു ഏഴു രൂപ നല്‍കിയിരുന്ന കച്ചവടക്കാരെ ഒഴിവാക്കി 2006ല്‍ കുടുംബശ്രീ സ്വാശ്രയസംഘത്തിനു കീഴില്‍ സമീപത്തെ സ്വകാര്യഡയറിയ്ക്ക് പാല്‍ നല്‍കി തുടങ്ങിയതോടെ വില ഏഴില്‍ നിന്നു പതിന്നാലിലേയ്ക്ക് ഉയര്‍ന്നു. വലിയ ചൂഷണം ഒഴിവായെങ്കിലും ഈ വിലയ്ക്കും പശുവളര്‍ത്തല്‍ ആദായകരമാവില്ലെന്ന തിരിച്ചറിവ് സംഘാംഗങ്ങള്‍ക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബശ്രീ ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ പത്ത് സ്ത്രീകള്‍ മാട്ടുപ്പെട്ടിയിലെ കെഎല്‍ഡി ബോര്‍ഡിന്റെ ഡയറിഫാമില്‍ പരിശീലനം നേടിയത്. പ്രസ്തുത പരിശീലനം നല്കിയ ആത്മവിശ്വാസത്തില്‍ പുലരി സംഘത്തിലുണ്ടായിരുന്നവര്‍ ചിലരെ കൂടി ചേര്‍ത്ത് പൊന്‍പുലരി സ്വാശ്രയസംഘമായി രൂപന്തരപ്പെട്ടു. അംഗങ്ങളായ സ്ത്രീകള്‍ തന്നെ കൂടി ആലോചിച്ചുണ്ടാക്കിയ ബൈലോയുടെ അടിസ്ഥാനത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. എല്ലാ പ്രവര്‍ത്തനങ്ങളും കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടായി നടപ്പാക്കുന്നുവെന്നതാണ് പൊന്‍പുലരിയുടെ വിജയരഹസ്യം. ഏതെങ്കിലും ഏജന്‍സി അടിച്ചേല്‍പിച്ച ചട്ടങ്ങളല്ല ഇവരുടേത്. പൊതു നന്മക്കായി  പത്ത് അംഗങ്ങളും സമ്മതിച്ചെടുത്ത തീരുമാനങ്ങള്‍ മാത്രമേ ഇവിടെയുള്ളൂ.

ഫാംഫ്രഷ് പാലിന്റെ ഉത്പാദനമാണ് പൊന്‍പുലരിയ്ക്ക്് നേട്ടങ്ങളുണ്ടാക്കിയത്. കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്ററായ ഡോ.ജി.എസ് മധുവാണ് നറുംപാല്‍ വൃത്തിയായി കുപ്പിയിലടച്ച് നഗരത്തിലെ വീടുകളിലെത്തിക്കുന്നതിലൂടെ ഉയര്‍ന്ന വരുമാനം നേടാമെന്ന ആശയം തങ്ങള്‍ക്കു നല്‍കിയതെന്ന് പൊന്‍പുലരി സെക്രട്ടറി കൂടിയായ ടിജി അനന്തന്‍ പറഞ്ഞു. സമീപപ്രദേശമായ ഇടവെട്ടിയില്‍ കുടുംബശ്രീ അംഗങ്ങള്‍ ഫാം ഫ്രഷ് പാലിന്റെ വില്പനയിലൂടെ നേട്ടമുണ്ടാക്കുന്നതു കാണാന്‍ ഡോക്ടര്‍ ഇവര്‍ക്ക് അവസരമൊരുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് 2010 മാര്‍ച്ച് 15 മുതലാണ് ഇവര്‍ തൊടുപുഴ പട്ടണത്തില്‍ ഫാം ഫ്രഷ് മില്‍ക്ക് സംഘടിതമായി വിപണനമാരംഭിച്ചത്. കേവലം 27 കുപ്പി പാല്‍ വിതരണം ചെയ്തു തുടങ്ങിയ പൊന്‍പുലരി അംഗങ്ങള്‍ ഇപ്പോള്‍ 297 കുപ്പി പാലാണ് ഇപ്രകാരം വില്‍ക്കുന്നത്. ഓരോ ദിവസവും ആവശ്യക്കാര്‍ വര്‍ധിച്ചുവരികയായിരുന്നുവെന്ന് ടിജി ചൂണ്ടിക്കാട്ടി. രാവിലെ കറന്നെടുക്കുന്ന പാല്‍ മാത്രമേ ഇപ്രകാരം വില്‍ക്കുന്നുള്ളൂ. ഉച്ചകഴിഞ്ഞു കിട്ടുന്ന പാല്‍ പ്രദേശികമായി വില്പന നടത്തിയശേഷം മിച്ചമുള്ളത് തൈരും നെയ്യുമാക്കി വില്‍ക്കുകയാണ് പതിവ്. ഇപ്രകാരം മൂല്യവര്‍ധന വരുത്തുന്നതിലൂടെ ഒരു ലിറ്ററിനു എട്ടു രൂപ അധികാദായം കിട്ടുമെന്ന് ടിജി പറഞ്ഞു.

അതിരാവിലെ നാലരയ്ക്ക് ആരംഭിക്കുന്ന അധ്വാനത്തിലൂടെയാണ് പൊന്‍പുലരി അംഗങ്ങള്‍ ഈ നേട്ടം കൊയ്യുന്നത്. നാലരയ്ക്കു തൊഴുത്ത് വൃത്തിയാക്കി കറന്നെടുക്കുന്ന പാലുമായി 5.15നു അംഗങ്ങള്‍ സൊസൈറ്റിയിലെത്തും. ഓരോ അംഗവും പാല്‍ ചില്ല് കുപ്പിയിലാക്കി സീല്‍ ചെയ്താണ് കൊണ്ടുവരുന്നത്. ഒരു കുപ്പിയില്‍ ഒരു പശുവിന്റെ പാല്‍ മാത്രമേ ഒഴിക്കുകയുള്ളൂ. രണ്ടളവുകളിലുള്ള ചില്ലുകുപ്പികളാണ് ഇവര്‍ വില്പനയ്ക്കുപയോഗിക്കുന്നത്- 650 മില്ലിയുടേയും 325 മില്ലിയുടേയും. ഒരു കുപ്പി പാലിന് 20 രൂപയാണ് ഈടാക്കുന്നത്. ജീപ്പില്‍ 30 കിലോമീറ്റര്‍ അകലെ വിപണനം നടത്തേണ്ടി വരുന്നതിനാല്‍ ദിവസവും 650 രൂപ വാഹനവാടകയായി നല്‍കേണ്ടിവരുന്നു. പ്രതിമാസം ഇരുപതിനായിരം രൂപയോളം ഇതുവഴി ആദായത്തില്‍ കുറവു വരുന്നുണ്ടെന്ന സങ്കടവും അവര്‍ പങ്കുവച്ചു. ഇതൊക്കെയാണെങ്കിലും സകല ചെലവുകളും കഴിഞ്ഞ് ലിറ്ററിനു 22 രൂപ അറ്റാദായം കിട്ടുന്നുണ്െടന്നു ടിജി പറഞ്ഞു. പശുവിന്റെ വിലയും അംഗങ്ങളുടെ ദിവസം മുഴുവന്‍ നീളുന്ന അധ്വാനവും പരിഗണിക്കാതെയാണിത്. കൊഴുപ്പ് കൂടിയ പാല്‍ കൃത്യസമയത്ത് വീട്ടുപടിക്കല്‍ കിട്ടുമെന്നായതോടെ അനുദിനം പൊന്‍പുലരിയുടെ ഫാം ഫ്രഷ് മില്‍ക്കിന് ആവശ്യക്കാരേറുകയാണ്. ഓരോ കുപ്പി പാലും ഏതു പശുവിന്റേതാണെന്നു തിരിച്ചറിയാന്‍ സാധിക്കുന്ന ട്രേസബിലിറ്റിയാണ് പൊന്‍പുലരി പാലിന്റെ മറ്റൊരു സവിശേഷത. കുപ്പികള്‍ സീല്‍ ചെയ്യുന്ന സ്റിക്കറില്‍ അതുത്പാദിപ്പിച്ച പശുവിന്റേയും ഉടമയായ അംഗത്തിന്റേയും നമ്പര്‍ രേഖപ്പെടുത്തിയിരിക്കും. ഏതെങ്കിലും കുപ്പിയിലെ പാലിനെക്കുറിച്ച് പരാതിയുയര്‍ന്നാല്‍ ഉത്തരവാദിത്വം നിശ്ചയിക്കുന്നതിനാണിത്.

ഫാം ഫ്രഷ് പാലിന്റെ ശുചിത്വവും നിലവാരവും വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടക്കം മുതലേ സ്വീകരിച്ചിരുന്നു. നാല്പതിനായിരം രൂപ വരെ മുടക്കി തൊഴുത്തുകള്‍ പുതുക്കിപ്പണിതു. പശുവിന്റെ ശരീരത്തില്‍ ചാണകം പുരളുന്നില്ലെന്നും പാലില്‍ തെറിച്ചുവീഴുന്നില്ലെന്നും ഉറപ്പാക്കുന്ന സംവിധാനമാണ് ഇതിലുള്ളത്. പശുക്കള്‍ക്ക് സ്വതന്ത്രമായി നില്‍ക്കുന്നതിനും കിടക്കുന്നതിനും വേണ്ട സ്ഥലം മാത്രം കൃത്യമായി അളന്നുനല്‍കിയിരിക്കുകയാണിവിടെ. തൊഴുത്തിനു നടുവിലായി മൂന്നടി അകലത്തില്‍ നാട്ടിയ കോണ്‍ക്രീറ്റ് കാലുകള്‍ക്ക് ഇടയിലാണ് ഓരോ പശുവിന്റെയും സ്ഥാനം. ഇതു മൂലം തൊഴുത്തിനുള്ളില്‍ ഒരു പരിധിയിലേറെ ചെരിഞ്ഞു നില്‍ക്കാന്‍ പശുക്കള്‍ക്ക് കഴിയില്ല. കൃത്യം അഞ്ചരയടി വീതിയുള്ള ഒരു തട്ടില്‍ പശു നില്‍ക്കുന്നതിനാല്‍ ചാണകം തൊട്ടുതാഴത്തെ തട്ടില്‍ മാത്രമേ വീഴുകയുള്ളൂ. ഒരടി താഴ്ചയുള്ള ഈ പിന്‍തട്ടില്‍ നിന്നു ചാണകം കോരിയോ വെള്ളമൊഴുക്കിയോ നീക്കം ചെയ്യാവുന്നതാണ്. ഇതിനോടു ചേര്‍ത്ത് ഗോമൂത്രമൊഴുകുന്നതിനായി ഒരു പ്രത്യേക ചാലുമുണ്ട്. ചാണകവും ഗോമൂത്രവും പിവിസി കുഴല്‍ വഴി തൊഴുത്തില്‍നിന്നും തെല്ലകലെ കൃഷിയിടത്തിലേയ്ക്ക് ഒഴുക്കാം. കറവയ്ക്കും പാല്‍ സംഭരണ- സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്റീല്‍ പാത്രങ്ങള്‍ പ്രത്യേകം വാങ്ങി ഉപയോഗിക്കുന്നുണ്ട്. തൊഴുത്തിന്റെ മുന്‍‘ഭാഗത്തും ഒമ്പതിഞ്ച് അകലത്തില്‍ കോണ്‍ക്രീറ്റ് തൂണുകളുണ്ട്്. ഇതിനിടയിലൂടെ തലയിട്ടുവേണം പശുക്കള്‍ പുല്‍ത്തൊട്ടിയില്‍ നിന്ന് പുല്ലും വൈക്കോലും തിന്നുന്നത്. എന്നാല്‍ ഈ തൂണുകള്‍ക്കിടയിലൂടെ പശുവിന് പുല്‍ത്തൊട്ടിയില്‍ കാല് വയ്ക്കാനാവില്ല താനും.

പാല്‍വിതരണത്തിനും മറ്റുമായി വേണ്ടിവരുന്ന പൊതുവായ ചെലവുകള്‍ തുല്യമായി പങ്കുവയ്ക്കാമെന്ന ധാരണയിലാണ് ഇവര്‍ സംഘത്തിന്റെ ചട്ടങ്ങള്‍ക്ക് രൂപം കൊടുത്തിരിക്കുന്നത്. പാലിന്റെ അളവനുസരിച്ച് ഈ തുക മാറില്ലെന്നതിനാല്‍ കൂടുതല്‍ ഉത്പാദിപ്പിക്കാനുള്ള താത്പര്യം അംഗങ്ങള്‍ക്കിടയിലുണ്ടാവുന്നു. വിവിധ ചുമതലകള്‍ പങ്കിടുന്ന കാര്യത്തിലും ഇവര്‍ക്ക് കൃത്യമായ വ്യവസ്ഥകളുണ്ട്. ഓരോ മാസത്തേയും പാല്‍ വിതരണത്തിന്റെ ചുമതല ഒരു അംഗത്തിനായിരിക്കും. മറ്റൊരാള്‍ക്ക് സൊസൈറ്റിയിലെ സംഭരണത്തിന്റേയും അനുബന്ധ കാര്യങ്ങളുടേയും ചുമതലയുണ്ട്. മാസം തോറും ഊഴമിട്ടു നിര്‍വഹിക്കുന്ന ഈ ചുമതലകള്‍ക്ക് വേതനവുമുണ്ട്. കൂടാതെ ബാക്കിയുള്ള അംഗങ്ങള്‍ ഓരോരുത്തരായി ദിവസവും പാല്‍വിതരണത്തില്‍ സഹായിക്കാനായി തൊടുപുഴയ്ക്കു പോകും. ഈ സഹായത്തിനു പ്രതിഫലമില്ല. നടത്തിപ്പുചെലവുകള്‍ പരമാവധി കുറയ്ക്കുകയും അനിവാര്യമായ ചെലവുകള്‍ അംഗങ്ങള്‍ക്കു തന്നെ കിട്ടുന്നതിനു അവസരമൊരുക്കുകയും ചെയ്യുന്ന മാതൃക ശ്രദ്ധേയമാണ്. ഉപ്പുകുന്ന് എന്ന വിദൂരമലയോരഗ്രാമത്തിലെ ഏതാനും സ്ത്രീകള്‍ ചേര്‍ന്നു സൃഷ്ടിക്കുന്ന ഈ മാതൃക കേരളത്തിലെ മറ്റു ക്ഷീരകര്‍ഷകരും അധികൃതരും കണ്ണുതുറന്നു കാണേണ്ടതു തന്നെ. ക്ഷീരകര്‍ഷകരെ സേവിക്കാനായി അഞ്ചക്കശമ്പളം വാങ്ങി ഫെഡറേഷന്റേയും മില്‍മയുടേയും തലപ്പത്തിരിക്കുന്നവര്‍ ലജ്ജിക്കട്ടെ. താരതമ്യേന മെച്ചപ്പെട്ട വില നേടിയെടുക്കുന്നതോടൊപ്പം മെച്ചപ്പെട്ട പാല്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കുകയെന്ന ഉപഭോക്തൃ സേവനവും ഇവര്‍ നിര്‍വഹിക്കുന്നു.

പത്തു ദിവസത്തിനുള്ളില്‍ ഈടില്ലാതെ വായ്പ തന്നെ ഇന്ത്യന്‍ ബാങ്കിനേയും മാട്ടുപ്പെട്ടിയിലും മണ്ണുത്തിയിലും പരിശീലനവും 3.56 ലക്ഷം രൂപ സബ്സിഡിയും മറ്റ് പിന്തുണകളും നല്‍കിയ കുടുംബശ്രീ നേതൃത്വത്തേയും ഇവര്‍ നന്ദിയോടെ സ്മരിക്കുന്നു. പുല്‍കൃഷിയ്ക്ക് സാമ്പത്തിക സഹായം നല്‍കിയ കെ.എല്‍ഡി ബോര്‍ഡ്, പതിനായിരം രൂപ സബ്സിഡി നല്‍കിയ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവര്‍ക്കും പൊന്‍പുലരിയുടെ വിജയശോഭയില്‍ ആഹ്ളാദിക്കാം.

കടപ്പാട് -കര്‍ഷകന്‍

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)