Thursday, October 27, 2011

ഇളനീര്‍ തേടി ബഹുരാഷ്ട്ര കമ്പനികള്‍ വരുന്നു


 
-ബി. രാജേഷ്‌കുമാര്‍

കൊച്ചി: കൃത്രിമ ശീതളപാനീയങ്ങളുടെ നിര്‍മാതാക്കളായ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് ഇളനീര്‍ തേടുന്നു. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ കൃത്രിമ പാനീയങ്ങളോടുള്ള പ്രിയം കുറയുകയും ഏറെ ഗുണങ്ങളുള്ള ഇളനീരിന് ആവശ്യംവര്‍ധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നും കാനുകളിലാക്കിയ ഇളനീര്‍ തേടുന്നത്. പക്ഷേ, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇവര്‍ ആവശ്യപ്പെടുന്ന അത്രയും ഇളനീര്‍ ഉത്പാദിപ്പിച്ച് കാനുകളിലാക്കി നല്‍കാനാവാത്ത സ്ഥിതിയാണുള്ളത്. ആഗോള തലത്തില്‍ കരിക്കിന്റെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ കേരകര്‍ഷകര്‍ അവസരം ഉപയോഗപ്പെടുത്തണമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്

അമേരിക്കയില്‍ നിന്നുള്ള പെപ്‌സി, കൊക്കകോള, വൈറ്റാ കൊക്കോ എന്നീ കമ്പനികളാണ് ഇന്ത്യയില്‍ നിന്ന് ഇളനീരിന് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കൊക്കകോള പ്രതിമാസം അഞ്ചുകോടിയും പെപ്‌സി മൂന്നുകോടിയും വൈറ്റാ കൊക്കോ 2.5 കോടിയും ലിറ്റര്‍ വീതമാണ് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്ന് നാളികേരവികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ജോസ് 'മാതൃഭൂമി'യോട് പറഞ്ഞു. ഇതില്‍ വൈറ്റാ കൊക്കോ പോപ് താരം മഡോണ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പങ്കാളിത്തമുള്ള കമ്പനിയാണ്. അതുകൊണ്ടുതന്നെ ഇളനീര്‍ വില്‍പ്പനയ്ക്ക് താരപ്പൊലിമ കൊഴുപ്പുപകരുകയും ചെയ്യുന്നുണ്ട്. ഫിലിപ്പൈന്‍സ്, തായ്‌ലന്‍ഡ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇപ്പോള്‍ വിവിധ കമ്പനികള്‍ ഇളനീര്‍ വാങ്ങുന്നത്. ഇളനീര്‍ സ്‌പോര്‍ട്‌സ് ഡ്രിങ്കായിപ്പോലും ഉപയോഗിക്കുന്നത് വ്യപകമാകുകയാണ്.

330 മില്ലീലിറ്റര്‍ ഇളനീര്‍ ഉള്‍ക്കൊള്ളുന്ന കാനുകളോടാണ് ഈ കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. വാഷിങ്ടണില്‍ നടന്ന ഫാന്‍സി ഫുഡ്‌ഷോയിലും മറ്റു പ്രദര്‍ശനങ്ങളിലും ഇളനീരടക്കമുള്ള നാളികേര ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇളനീര്‍ കാനുകളിലാക്കി വില്‍ക്കുന്ന നിര്‍മാണയൂണിറ്റുകള്‍ക്ക് ഇതുസംബന്ധിച്ച വ്യപാരാന്വേഷണം ഉണ്ടായത്. എന്നാല്‍ നിര്‍മാണയൂണിറ്റുകളുടെ അഭാവവും കരിക്ക് ഉത്പാദനത്തിലെ കുറവും കാരണം ഇവിടെ നിന്നും ഇത്രയും കരിക്കിന്‍വെള്ളം നല്‍കാന്‍ ആവില്ലെന്നാണ് നാളികേരവികസന ബോര്‍ഡ് അധികൃതര്‍ പറയുന്നത്. ബോര്‍ഡ് കരിക്കിന്‍വെള്ളം കാനുകളിലാക്കി വിപണിയിലെത്തിക്കുന്നില്ല. എന്നാല്‍ 25ശതമാനം സബ്‌സിഡിയും സാങ്കേതികസഹായങ്ങളും നിര്‍മാണയൂണിറ്റുകള്‍ക്ക് നല്‍കുന്നുണ്ട്.

തമിഴ്‌നാട്ടിലും ആന്ധ്രയിലും രണ്ടുവീതവും കര്‍ണാടകത്തിലും ഒറീസ്സയിലും ഒന്ന് വീതവും നിര്‍മാണയൂണിറ്റുകളാണുള്ളത്. തമിഴ്‌നാട്ടില്‍ പുതിയതായി തുടങ്ങുന്ന യൂണിറ്റും ഇതിലുള്‍പ്പെടും. ഈ യൂണിറ്റുകള്‍ നാമമാത്രമായാണ് ഇളനീര്‍ കയറ്റുമതി ചെയ്യുന്നത്. തെങ്ങിനെ കല്‍പവൃക്ഷമായി കരുതുന്ന കേരളത്തിലാവട്ടെ കരിക്ക് കാനുകളിലാക്കി വില്‍ക്കുന്ന ഒറ്റ യൂണിറ്റുമില്ല. കേരളത്തില്‍ വിപണിയിലെത്തുന്ന കരിക്കില്‍ നല്ലൊരു പങ്കും തമിഴ്‌നാട് , ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ്. 20 മുതല്‍ 25 വരെയാണ് ഇവിടെ കരിക്കിന് വില. കേരളത്തിനു പുറത്ത് 200 മില്ലീലിറ്റര്‍ കാനില്‍ കിട്ടുന്ന കരിക്കിന്‍വെള്ളത്തിന് 18 രൂപയാണ് വില. കേരളത്തില്‍ കാനിലുള്ള കരിക്കിന്‍വെള്ളം കിട്ടാനില്ല. കാനിലടച്ച പാനീയത്തിന് 12.5 ശതമാനം നികുതി നല്‍കണമെന്നതും ഈ രംഗത്തുനിന്നും പലരേയും പിന്‍തിരിപ്പിച്ചു.മൂന്നുമുതല്‍ അഞ്ചുവരെ കരിക്കുണ്ടെങ്കിലേ ഒരു ലിറ്റര്‍ ഇളനീര്‍ കിട്ടൂ.

സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ യൂണിറ്റുകളാരംഭിക്കാന്‍ അനുകൂലസ്ഥിതിയുണ്ടെന്നും ഇന്ത്യയില്‍ 100 യൂണിറ്റുകളെങ്കിലും ആരംഭിക്കേണ്ടതുണ്ടെന്നും നാളികേരവികസന ബോര്‍ഡ് അധികൃതര്‍ പറയുന്നു. കരിക്ക് ഉത്പാദനത്തിന് കേരളത്തില്‍ വേണ്ടത്ര പ്രാധാന്യം നല്‍കാത്തതും ഇതു വെട്ടിയിറക്കാന്‍ പ്രാവീണ്യമുള്ളവരുടെ അഭാവവും സംസ്ഥാനത്തിന് ഈ മേഖലയില്‍ മുന്നേറാന്‍ കഴിയാതിരുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നു. കരിക്ക് ഉത്പാദനം വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടായാല്‍ കേരളത്തിലെ കേരകര്‍ഷകര്‍ ഇന്നനുഭവിക്കുന്ന പ്രതിസന്ധി ഏറെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)