Thursday, October 27, 2011

“മാലിന്യത്തില്‍ നിന്നും ജൈവോര്‍ജ്ജം”


അനുദിനം വര്‍ദ്ധിച്ചു വരുന്ന മാലിന്യങ്ങളെ യഥാ സമയം സംസ്കരിക്കാതെ അലക്ഷ്യമായി വലിച്ചെറിയുമ്പോഴാണ് അത് മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി തീരുന്നത്. മാലിന്യത്തില്‍ നിന്നും ഉണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ ഹൃസ്വകാല പ്രതിഭാസമാണെങ്കില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ മാലിന്യങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തുന്ന ആഗോള താപ ഉയര്‍ച്ച പോലുള്ള പ്രതിഭാസങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മാലിന്യങ്ങളുടെ നേര്‍ക്ക് കണ്ണടയ്ക്കുന്ന നിസ്സംഗത നിറഞ്ഞ സമീപനം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലാത്ത പക്ഷം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അടുത്ത തലമുറയുടെ ജീവിതം ഇതിലും ദുസ്സഹമായിത്തീരും.
എന്തായിരിക്കണം മാലിന്യങ്ങളോടുള്ള സമീപനം. മാലിന്യങ്ങള്‍ എത്ര വേഗം സംസ്കരിക്കാന്‍ കഴിയുന്നോ അത്രയും ലഘുവായിരിക്കും മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെ പരിഹാരവും. അതിന് മാലിന്യങ്ങള്‍ ഉണ്ടാകുന്ന സ്ഥലത്ത് തന്നെ അവ സംസ്കരിക്കുന്നതിനുള്ള വികേന്ദ്രീകൃത സംസ്കരണ പദ്ധതികളായിരിക്കും ഏറെ ഗുണകരം. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ ഒരുമിച്ച് കൂട്ടിക്കലര്‍ത്തിയ ശേഷം അവയെ തരം തിരിക്കുന്നതിനു പകരം, വ്യത്യസ്ഥ ‘ബിന്നു‘ കളില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന സംസ്കാരം നാം വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. മാലിന്യങ്ങളില്‍ മുഖ്യ പങ്കുള്ള ജൈവ മാലിന്യങ്ങളെ പരിസ്ഥിതി മലിനീകരണം കൂടാതെ സംസ്കരിച്ച് ജൈവോര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ ജൈവ വാതക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താവുന്നതാണ്.
ജൈവോര്‍ജ്ജ പദ്ധതിയുടെ ഗവേഷണ വികസന പദ്ധതികള്‍ നടപ്പാക്കി വരുന്ന ബയോടെക്, വീടുകളിലെയും, പൊതു സ്ഥാപനങ്ങളിലെയും മാലിന്യങ്ങളും മലിന ജലവും സംസ്കരിച്ച് പാചക വാതകവും വൈദ്യുതിയുമാക്കി മറ്റാവുന്ന പദ്ധതികളും നടപ്പാക്കി വരുന്നു.
1998 ല്‍ ഗാര്‍ഹിക മാലിന്യത്തില്‍ നിന്നും പാചക വാതകം ഉല്പാദിപ്പിക്കാമെന്ന് കണ്ടുപിടിച്ചതും, ഇതിനോടകം 15000 ത്തോളം വീടുകളില്‍ പ്ലാന്റുകള്‍ സ്ഥാപിച്ചതും, 2003 - ല്‍ കേരളത്തിലെ ആദ്യ മാലിന്യ സംസ്കരണ വൈദ്യുതി ഉല്പാദന പ്ലാന്റ് സ്ഥാപിച്ചതും, 2006 - ല്‍ കേരളത്തിലെ ആദ്യ സംയോജിത മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചതും ബയോടെക്കിന്റെ എടുത്തു പറയാവുന്ന നേട്ടങ്ങളില്‍ ചിലത് മാത്രം.

“മാലിന്യത്തില്‍ നിന്നും ജൈവോര്‍ജ്ജം” എന്ന മുദ്രാവാക്യവുമായി മാലിന്യ സംസ്കരണ - ഊര്‍ജ്ജോല്പാദന പദ്ധതികളില്‍ ബയോടെക്കും ആത്മാര്‍ത്ഥമായി പങ്കുചേരുന്നു.
                _ഡയറക്ടര്‍, ഡോക്‌ടര്‍ എ. സജിദാസ്..

ഗാര്‍ഹിക മാലിന്യ സംസ്കരണം
വീടുകളിലെ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ സംസ്കരിച്ച് പാചക വാതകം ഉല്പാദിപ്പിക്കാം. വീടുകളില്‍ നിന്നുള്ള ജൈവ മാലിന്യങ്ങള്‍ വഴിവക്കിലും, മറ്റ് പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്ന പ്രവണത എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാന്‍ കഴിയും. ഓരോ വീട്ടിലും പാചക വാതക ഉല്പാദനം നടത്തുന്നതിലൂടെ എത്ര രൂക്ഷമായ പാചക ഇന്ധന പ്രതിസന്ധിയെയും വലിയൊരളവുവരെ അതിജീവിക്കുവാനും കഴിയും.
ബയോടെക്കിന്റെ സാങ്കേതിക സഹായത്തോടും, സബ്സിഡിയോടും കൂടി നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗാര്‍ഹിക ജൈവ മാലിന്യ സംസ്കരണ ജൈവവാതക പദ്ധതി നടപ്പാക്കുകയുണ്ടായി. ഈ പദ്ധതിക്ക് ബയോടെക്ക് നല്‍കിയ സബ്സിഡി കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമ്പത്തിക സഹായം നല്‍കിയപ്പോള്‍ ഗുണഭോക്താക്കള്‍ക്ക് വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാന്റ് സ്വന്തമാക്കാന്‍ കഴിഞ്ഞു.
ഗാര്‍ഹിക മാലിന്യ സംസ്കരണ പദ്ധതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാമ്പത്തിക സഹായം നല്‍കുമ്പോള്‍ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളുടെ ശേഖരണം, തരംതിരിക്കല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നിവയ്ക്ക് ഉണ്ടാകുന്ന തുടര്‍ചെലവുകള്‍ ലാഭിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നു.
ഗുണഭോകതാക്കളുടെ അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന തരത്തില്‍ വ്യത്യസ്ഥ മോഡലുകളില്‍ ഉള്ള ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാന്റുകള്‍ ബയോടെക്കിന്റെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥല സൌകര്യമില്ലാത്തവര്‍ക്ക് മട്ടുപ്പാവുകളിലും, മറ്റും യഥേഷ്ടം മറ്റിവച്ച് ഉപയോഗിക്കുവാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ പ്ലന്റുകളും‍ ലഭ്യമാണ്.
സാങ്കേതിക വിദ്യ:- പ്ലാന്റിനുള്ളില്‍ എത്തുന്ന ജൈവ മാലിന്യങ്ങളെ അന്തരീക്ഷ വായുവുമായി ബന്ധമില്ലാത്ത സാഹചര്യത്തില്‍ ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മാണു ജീവികള്‍ വിഘടിപ്പിച്ച് ജൈവ വാതകമായും ജൈവവളമായും മാറ്റുന്നു.
1 ഘന മീറ്റര്‍ ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം - 1 ചതുരശ്ര മീറ്റര്‍. പ്ലാന്റ് നിര്‍മ്മാണ സമയം - 4 മണിക്കൂര്‍. ദിവസേന 70% പാ‍ചകത്തിനുള്ള ജൈവവാതകം ലഭിക്കുന്നു.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)