Thursday, October 27, 2011

വീട്ടുമുറ്റത്ത് വെണ്ട വിളയിക്കാം


ഇംഗ്ലീഷില്‍ Okra,Lady's fingers എന്നീ പേരുകളില്‍ അറിയപ്പെടുന്ന വെണ്ടയുടെ ജന്മദേശം ആഫ്രിക്കയാണ്. വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് വെണ്ട കൃഷി ചെയ്യുന്നത്. മാല്‍വേസി കുലത്തില്‍പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം എബീല്‍ മൊസ്‌കസ് എസ്‌കുലന്റസ് (Abelmoschus esculentus) എന്നാണ്. വെണ്ട കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്.ഫിബ്രവരി-മാര്‍ച്ച്, ജൂണ്‍-ജൂലായ്, ഒക്ടോബര്‍-നവംബര്‍ എന്നീ മൂന്ന് സീസണുകളില്‍ കൃഷി ആരംഭിക്കാവുന്നതാണ്. കേരളത്തില്‍ അധികം ഉപയോഗിക്കുന്നത് നീളമുള്ള 'അര്‍ക്ക അനാമിക' (ശാഖകളില്ലാത്ത ഇനം,പച്ചനിറത്തില്‍ കായ്കള്‍)വിഭാഗത്തില്‍പ്പെട്ട വെണ്ടയാണ്.കിരണ്‍(മഞ്ഞകലര്‍ന്ന പച്ചനിറത്തോടുകൂടിയ നീളമുള്ള കായ്കള്‍), പഞ്ചാബ് പത്മിനി(കടും പച്ചനിറത്തില്‍ കായ്കള്‍),സല്‍കീര്‍ത്തി (ഇളം പച്ചനിറത്തിലുള്ള നീളം കൂടിയ കായ്കള്‍),അരുണ (ഇളം ചുവപ്പുനിറത്തില്‍ നീളംകൂടിയ കായ്കള്‍),സുസ്ഥിര (ദീര്‍ഘകാലം നിലനില്‍ക്കുന്ന ഇനം,നീണ്ട കായ്കള്‍) എന്നിവയാണ് മറ്റ് വെണ്ട ഇനങ്ങള്‍.

ഒരു സെന്റ് സ്ഥലത്ത് വെണ്ട കൃഷി ചെയ്യുവാന്‍ 30 മുതല്‍ 35 ഗ്രാം വരെ വിത്ത് മതി. ഇതില്‍ നിന്നും 200 ചെടിവരെ കിട്ടും. നടാനുള്ള സ്ഥലം നന്നായി കിളച്ചശേഷം അല്പം കുമ്മായം ഇട്ടുകൊടുക്കണം. ഇത് മണ്ണിന്റെ പുളിപ്പ് മാറാന്‍ സഹായിക്കും. അടിവളമായി 200 കിലോ ഗ്രാം ചാണകപ്പൊടി നല്‍കാം. അല്പം ഉയരത്തില്‍ വാരമെടുത്ത് വിത്ത് കുതിര്‍ത്തിയശേഷം മണ്ണില്‍ നേരിട്ട് നടാവുന്നതാണ്. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും അകലം വേണം.

ഒന്നേകാല്‍ കിലോ കപ്പലണ്ടിപ്പിണ്ണാക്ക് 200 ഗ്രാം എല്ലുപൊടി ഒരു കിലോ ചാരം എന്നിവ കൂട്ടിച്ചേര്‍ത്ത മിശ്രിതം ചെടിക്ക് നല്‍കാവുന്നതാണ്. വളം നല്‍കുന്നതിനു മുന്‍പ് ചെടിയും മണ്ണും നനയ്ക്കണം.വെണ്ട കൃഷിയെ ബാധിക്കുന്ന രോഗങ്ങള്‍ തുരപ്പന്‍, മഞ്ഞളിപ്പ് എന്നിവയാണ്. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. ഒരു സെന്റ് സ്ഥലത്ത് കൃഷിയില്‍ നിന്ന് മൂന്നുമാസം കൊണ്ട് 60 കിലോ വെണ്ട വിളവെടുക്കാന്‍ സാധിക്കും.
വെണ്ടയ്ക്കയുടെ ഔഷധഗുണം

വെണ്ടയ്ക്ക സ്‌നിഗ്ധവും ശീതകരവുമാണ്. ശുക്ലത്തെ ഉത്പാദിപ്പിക്കും. മൂത്രത്തെ വര്‍ധിപ്പിക്കും. ഗുരുവാണ്. ഇതില്‍ പെക്ടിനും സ്റ്റാര്‍ച്ചും അടങ്ങിയിരിക്കുന്നു. പാകമാകാത്ത വെണ്ടയ്ക്കയാണ് കൂടുതല്‍ പ്രയോജനകരമായി കാണുന്നത്. മൂക്കാത്ത വെണ്ടയ്ക്ക ദിവസവും രാവിലെ തിന്നാല്‍ ശരീരത്തെ പോഷിപ്പിക്കും. അതിസാരത്തിന് വെണ്ടയ്ക്ക സൂപ്പുവെച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.
ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവികൊണ്ടാല്‍ ചുമയ്ക്കും ഒച്ചയടപ്പിനും ജലദോഷത്തിനും ഫലം ചെയ്യുമെന്ന് മെറ്റീരിയ മെഡിക്കയില്‍ നാദ്കര്‍ണി രേഖപ്പെടുത്തിയിട്ടുണ്ട്. വെണ്ടയുടെ ഇലയും കായും ചതച്ച് നീരുള്ള ഭാഗത്ത് പുരട്ടിയാല്‍ നല്ല ഫലം പ്രതീക്ഷിക്കാം എന്ന് ഫാദര്‍ ബി.ജെ.പോനോന്‍ അഭിപ്രായപ്പെടുന്നു.

വെണ്ടയുടെ വേര് ഉണക്കിപ്പൊടിച്ചത് ഒരു ടേബിള്‍സ്പൂണ്‍ എടുത്ത് അതില്‍ ഓരോ ടീസ്പൂണ്‍വീതം തേനും നെയ്യും ചേര്‍ത്ത് രാത്രി സേവിച്ച് അതിനുമീതേ പാല്‍ കഴിച്ചാല്‍ ശരീരത്തിന് ധാതുപുഷ്ടിയുണ്ടാകുന്നു. ശുക്ലത്തിന് കട്ടി വര്‍ധിക്കും. മൂപ്പു കുറഞ്ഞ വെണ്ടയ്ക്ക പച്ചയായി കഴിച്ചാല്‍ ശുക്ലസ്ഖലനം, ശീഘ്രസ്ഖലനം എന്നിവയ്ക്ക് നിവാരണമുണ്ടാകും. മൂത്രത്തില്‍നിന്ന് പഴുപ്പ്‌പോവുക, മൂത്രം പോകുമ്പോള്‍ വേദന അനുഭവപ്പെടുക, മൂത്രച്ചൂട്, മൂത്രതടസ്സം എന്നിവയ്ക്ക് വെണ്ടയ്ക്ക കഷായംവെച്ച് കഴിച്ചാല്‍ ഫലം ലഭിക്കും.

വെണ്ടയ്ക്കയില്‍ അടങ്ങിയ പോഷകദ്രവ്യങ്ങള്‍ ഇവയാണ്: പ്രോട്ടീന്‍ 2.2 ശതമാനം, ധാതവങ്ങള്‍ 0.7 ശതമാനം, കൊഴുപ്പ് 0.2 ശതമാനം, കാര്‍ബോഹൈഡ്രേറ്റ് 7.7 ശതമാനം, കാത്സ്യം 0.01 ശതമാനം, ഇരുമ്പ് 1.5 ശതമാനം, ഫോസ്ഫറസ് 0.03 ശതമാനം, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ സി എന്നിവയും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)