Saturday, December 22, 2012

കോഴികളുടെ ദുശ്ശീലങ്ങളും പ്രതിവിധിയും


തയ്യാറാക്കിയത് : ഡോ. പി.കെ. മൊഹ്‌സിന്‍



കോഴികളിലെ അനഭിലഷണീയ സ്വഭാവ വൈകല്യങ്ങളെ ദുശ്ശീലങ്ങളെന്ന് പറയാം. മുട്ടക്കോഴികളില്‍ സാധാരണ കണ്ടുവരുന്ന ദുശ്ശീലങ്ങള്‍ പരിശോധിക്കാം.

സ്വവര്‍ഗ ഭോജനവും തൂവല്‍ കൊത്തിവലിക്കലും

തീറ്റ, വെള്ളം എന്നിവ ആവശ്യാനുസരണം ലഭിക്കാനുള്ള സൗകര്യക്കുറവ്, ശരിയായ പോഷകങ്ങളുടെും ധാതുലവണങ്ങളുടെയും അഭാവം, തീറ്റയിലെ അമിതമായ ഊര്‍ജം, നിയന്ത്രിത ഭക്ഷണരീതി, ആവശ്യത്തിലേറെയുള്ള വെളിച്ചം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. കൂടെയുള്ള കോഴികളുടെ വിസര്‍ജനദ്വാരം, വയറിന്റെ അടിഭാഗം എന്നിവിടങ്ങളില്‍ കൊത്തി കുടല്‍മാല വലിച്ചെടുക്കുകയും അത് ജീവനാശത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഒരിക്കല്‍ കൊത്തുകൊണ്ട കോഴിയെ മറ്റ് കോഴികളെല്ലാം കൂടി കൊത്താനുള്ള പ്രവണത വളരെ കൂടുതലാണ്.

ചില കോഴികള്‍ അവയുടെ വാലിലും ചിറകിലുമുള്ള തൂവലുകള്‍ കൊത്തിവലിക്കുകയും തല, പുറം എന്നിവിടങ്ങളില്‍ കൊത്തി മുറിവുകളുണ്ടാക്കുകയും ചെയ്യുന്നു.

ഈ ദുഃസ്വഭാവങ്ങള്‍ക്കുള്ള പ്രതിവിധിയായി കോഴികളുടെ കൊക്ക് മുറിക്കാറുണ്ട്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആറാഴ്ച പ്രായമാകുമ്പോള്‍ കൊക്ക് മുറിക്കാം. മേല്‍കൊക്കിന്റെ നീളത്തില്‍ മൂന്നില്‍ ഒരു ഭാഗവും കീഴ്‌ക്കൊക്കിന്റെ അഗ്രവും ഡീ ബീക്കര്‍ ഉപയോഗിച്ച് മുറിക്കാം. കോഴികളെ മുട്ടയിടാനുള്ള കൂടുകളിലേക്ക് മാറ്റുന്ന അവസരങ്ങളിലും വീണ്ടും ഒരിക്കല്‍ക്കൂടി കൊക്കുമുറിക്കാം. കീഴ്‌ക്കൊക്ക് മേല്‍ക്കൊക്കിനേക്കാള്‍ നീളം കൂടിയതായിരിക്കാനും കോഴിയുടെ നാക്ക് മുറിയാതിരിക്കാനും ശ്രദ്ധിക്കണം. കുടിക്കുന്ന വെള്ളത്തില്‍ കുറച്ച് ഉപ്പുചേര്‍ത്ത് കൊടുക്കുന്നതും കൂട്ടില്‍ പച്ചിലകള്‍കെട്ടിത്തൂക്കിക്കൊടുക്കുന്നതും ഈ പ്രശ്‌നത്തിനുള്ള പരിഹാരങ്ങളില്‍ ചിലതാണ്.

മുട്ട കൊത്തിക്കുടിക്കല്‍

മുട്ടപ്പെട്ടികളുടെ അഭാവം, ഇടയ്ക്കിടെ കൂട്ടില്‍ നിന്ന് മുട്ട ശേഖരിക്കാതിരിക്കുക, മുട്ടക്കൂടുകളില്‍ ശരിയായ തോതില്‍ ലിറ്റര്‍ (അറക്കപ്പൊടി, ഉമി മുതലായവ) ഇല്ലാതിരിക്കല്‍ എന്നിവയാണ് ഈ ദുശ്ശീലത്തിനുള്ള കാരണം.

താഴെക്കൊടുത്ത കാര്യങ്ങളില്‍ കോഴിവളര്‍ത്തുകാര്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ കോഴികളുടെ ദുശ്ശീലങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം.

1.
കോഴികള്‍ക്ക് പ്രായാനുസൃതമായി ആവശ്യമായ തീറ്റപ്പാത്രങ്ങള്‍, വെള്ളപ്പാത്രങ്ങള്‍, കൂട്ടിനുള്ളിലെ സ്ഥലം എന്നിവ ലഭ്യമാക്കാന്‍ ശ്രദ്ധിക്കുക.
2.
വെള്ളവും തീറ്റയും കൂടിന്റെ പല ഭാഗങ്ങളിലായി സജ്ജീകരിക്കുക.
3.
കോഴിക്കൂട്ടിലെ പ്രകാശത്തിന്റെ ശക്തി എല്ലാ സ്ഥലങ്ങളിലും ഒരേ രീതിയിലും ആവശ്യാനുസൃത അളവിലും ലഭ്യമാക്കുക.
4.
പല പ്രായത്തിലുള്ള കോഴികളെ ഒന്നിച്ച് വളര്‍ത്താതിരിക്കുക.
5.
അഞ്ച് കോഴികള്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍ കോഴിക്കൂടിന് മുട്ടപ്പെട്ടി സജ്ജീകരിക്കുക.
6.
കൂടുകളില്‍ നിന്ന് ഇടയ്ക്കിടെ മുട്ടകള്‍ പെറുക്കുക.
7.
കോഴികള്‍ക്ക് സമീകൃതാഹാരം കൊടുക്കുക.
8.
കോഴിക്കുഞ്ഞുങ്ങളുടെ കൊക്കുമുറിക്കല്‍ പതിവാക്കുക.

ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഈ ദുശ്ശീലങ്ങള്‍ അകറ്റാം.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)