Tuesday, December 25, 2012

ചെറുവയല്‍ രാമനും മൊണ്ടേക് അലുവാലിയയും


ആദിവാസി വികസനപദ്ധതികളുടെ വീഴ്ചകള്‍ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ഞങ്ങളെ ഞെട്ടിച്ചു. അങ്ങനെയാണ് വയനാട് സന്ദര്‍ശിക്കാന്‍ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി തീരുമാനിച്ചത്. യാഥാര്‍ഥ്യം റിപ്പോര്‍ട്ടിനുമപ്പുറമാണ്: 1978-ല്‍ 7.4 കോടി രൂപയില്‍ തുടങ്ങിയതാണ് കാരാപ്പുഴ ജലസേചന പദ്ധതി. ഇതുവരെ 286 കോടി രൂപ മുടക്കി. എന്നിട്ടും തീര്‍ന്നിട്ടില്ല. പുതുക്കിയ മതിപ്പുകണക്ക് 441 കോടി രൂപയാണ്. പൂര്‍ത്തിയാക്കിയാലും കാര്യമൊന്നുമില്ല. ജലസേചനം നടത്താന്‍ വയല്‍ വല്ലതും അവശേഷിക്കേണ്ടേ. അപ്പോള്‍പ്പിന്നെ നീക്കിബാക്കിയെന്ത്? അഴിമതിയും വിവാദങ്ങളും ഇനിയും പുനരധിവസിപ്പിക്കപ്പെടാത്ത കുടിയിറക്കപ്പെട്ട ആദിവാസികളും. ഇവര്‍ക്കുപോലും വീടുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനുവദിച്ച വീടുകളില്‍ മഹാഭൂരിപക്ഷവും പണിതീരാതെ കിടക്കുകയാണ്. കിട്ടിയ ഗഡുക്കള്‍ കോണ്‍ട്രാക്ടര്‍മാര്‍ തട്ടിയെടുത്തു. ലഭിച്ച ഭൂമിയില്‍ നല്ലപങ്കിലും മറ്റുള്ളവര്‍ പാട്ടക്കൃഷി നടത്തുന്നു. ഡോക്ടറില്ലാത്ത ആദിവാസി ആസ്പത്രി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ കെട്ടിടത്തില്‍ താമസിക്കേണ്ടിവരുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. ഇതാണ് അവസ്ഥ. സങ്കടം തന്നെ.

പര്യടനത്തിന്റെ അവസാനം ചെറുവയല്‍ രാമന്റെ വീട്ടില്‍ ചെന്നപ്പോഴാണ് സന്തോഷം തോന്നിയത്. പുല്ലുമേഞ്ഞ, വൈക്കോല്‍ക്കരിയും കുളിര്‍മാവ് പേസ്റ്റും ചേര്‍ത്ത് മെഴുകിയ വീടിന്റെ മുറ്റത്തിരുന്നാണ് ഞങ്ങള്‍ ഊണുകഴിച്ചത്. വീട്ടുകാര്‍ മാത്രമല്ല, കുറച്ച് നാട്ടുകാരുമുണ്ടായിരുന്നു ഉത്സാഹക്കമ്മിറ്റിയില്‍. വിഭവങ്ങളുടെ വിശേഷങ്ങള്‍ വാതോരാതെ പറഞ്ഞ് കൂടെ രാമനും.

ഇത്തവണത്തെ പി.വി. തമ്പി അവാര്‍ഡ് ജേതാവാണ് ചെറുവയല്‍ രാമന്‍. അവാര്‍ഡുവിതരണച്ചടങ്ങില്‍ അദ്ദേഹത്തെ വി.ഡി. സതീശന്‍ എം.എല്‍.എ. സദസ്സിനു പരിചയപ്പെടുത്തിയത് ഇങ്ങനെയാണ് - ''അസാധാരണ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരിലൊരുവന്‍''. രാമന്‍ ചെയ്യുന്ന അസാധാരണ കാര്യങ്ങള്‍ എന്തെന്നറിയാന്‍ വീടിനുപിറകിലെ കുന്നില്‍ചരിവിലൂടെ ഞങ്ങള്‍ താഴേക്കിറങ്ങി. നെല്ലു നിറഞ്ഞുകിടക്കുന്ന ഏല. ജലസമൃദ്ധിയുടെ അഭിമാനം തിരതല്ലി കബനിനദി കിഴക്ക് ഒഴുകുന്നു. വയലിലേക്കിറങ്ങിയാല്‍ വിചിത്രമായൊരു കാഴ്ച കാണാം.

ചില കണ്ടങ്ങളില്‍ നെല്ല് സുവര്‍ണരാശിയില്‍ വിളഞ്ഞുകിടക്കുന്നു. മറ്റുചില കണ്ടങ്ങള്‍ക്ക് തത്തപ്പച്ച നിറമാണ്. ഇവയ്ക്കിടയില്‍ വിവിധ വിളപാകത്തിലുള്ള നെല്ലിനങ്ങള്‍. കാര്‍ഷികസര്‍വകലാശാലയിലെ പരീക്ഷണത്തോട്ടങ്ങളിലെന്നപോലെ ഓരോ കണ്ടത്തിലും നമ്പര്‍ എഴുതിയൊട്ടിച്ച ബോര്‍ഡുകള്‍ ഉയര്‍ന്നുനില്‍ക്കുന്നു. നമ്പറിട്ടേ പറ്റൂ. കാരണം, തന്റെ പൊതു കുടുംബസ്വത്തായ ആറേക്കര്‍ പാടത്ത് 36 ഇനം നെല്ലുകളാണ് രാമന്‍ കൃഷിചെയ്യുന്നത്. വിവിധ ഇനങ്ങള്‍ പരാഗണത്തിലൂടെ കലര്‍ന്നാലോ? അതു തടയാന്‍ കണ്ടത്തിന്റെ നടുഭാഗത്തുനിന്നുമാത്രമേ വിത്ത് ശേഖരിക്കൂ. വിവിധ മൂപ്പുള്ള നെല്ലുകളോരോന്നിനും പ്രത്യേക പരിചരണം വേണ്ടേ? ഒരു ചെറുചിരി മാത്രമായിരുന്നു രാമന്റെ ഉത്തരം.

വയനാടിന് നൂറില്‍പ്പരം പരമ്പരാഗത വിത്തിനങ്ങളുണ്ടായിരുന്നു. അവയില്‍ അവശേഷിക്കുന്നവ ചെറുവയല്‍ രാമന്റെ തോട്ടത്തില്‍ കാണാം. പലതും ഇവിടെമാത്രം. ഒരനുഷ്ഠാനകര്‍മംപോലെ എത്രയോ വര്‍ഷമായി രാമന്‍ ഈ തപസ്സുചെയ്യുന്നു. ''എന്തിന്? അധ്വാനത്തിന് അനുസരിച്ചുള്ള ലാഭമുണ്ടോ?'' എന്നൊരു ചോദ്യമുയര്‍ന്നു.

മൊണ്ടേക്‌സിങ് അലുവാലിയ കേരളത്തോടു ചോദിച്ചതും ഇതുതന്നെയല്ലേ. കേരളീയര്‍ എന്തിന് നെല്‍ക്കൃഷി ചെയ്യണം? പണംകൊണ്ട് വാങ്ങാന്‍ കഴിയാത്ത എന്തുണ്ട്? റബ്ബര്‍പോലെ കൂടുതല്‍ ആദായമുള്ള കൃഷി ചെയ്യുക. അല്ലെങ്കില്‍ റിയല്‍എസ്റ്റേറ്റ്. അതിലെന്താണ് തെറ്റ്?

ചെറുവയല്‍ രാമന്‍ വിശദീകരിച്ചു തുടങ്ങി - ''ഇത് അഞ്ചുമാസം മൂപ്പുള്ള മരത്തൊണ്ടി. ഇതാണ് ഞങ്ങളുടെ ചോറ്. വിഷുവിനും ഓണത്തിനും സാറിനെപ്പോലുള്ളവര്‍ വരുമ്പോഴും പായസത്തിന് ഗന്ധകശാലതന്നെ വേണം. ഞവരക്കഞ്ഞിയുടെ സ്വാദ് ഒന്നു വേറെത്തന്നെ. ജീരകശാലയുടെ നെയ്‌ച്ചോറ് തിന്നിട്ടുണ്ടോ? പൂജയ്ക്ക് വെളിയന്‍ നെല്ലുവേണം. പ്രസവാനന്തരശുശ്രൂഷയ്ക്ക് ചെന്നെല്ല് കൂടിയേ തീരൂ. എല്ലാറ്റിനും ലാഭവും നഷ്ടവും നോക്കാനൊക്കുമോ? എല്ലാറ്റിനും വിലയിടാനൊക്കുമോ?''.

നെല്‍ക്കൃഷി വേണോ എന്നു ശങ്കിക്കുന്ന മൊണ്ടേക്‌സിങ് അലുവാലിയയുടെ മുന്നിലാണ് 36 ഇനം നെല്ലുകളുമായി ചെറുവയല്‍ രാമന്‍ നില്‍ക്കുന്നത്. അലുവാലിയയ്ക്ക് മനസ്സിലാകാത്ത പലതുമുണ്ട്. ഒന്ന്, അരിയുടെ കാര്യത്തില്‍ സ്വാശ്രയത്വം കൈവരിക്കാനാവില്ല. ശരി തന്നെ. പക്ഷേ, നാലിലൊന്ന് അരിയെങ്കിലും ഇവിടെ ഉത്പാദിപ്പിച്ചില്ലെങ്കില്‍ ഭക്ഷ്യസുരക്ഷിതത്വം ഉണ്ടോ? 20 രൂപയ്ക്ക് വിറ്റിരുന്ന അരി 50 രൂപയിലേക്കുയര്‍ന്നപ്പോള്‍ പകച്ചുനില്‍ക്കാനല്ലേ സര്‍ക്കാറിനു കഴിഞ്ഞുള്ളൂ.

രണ്ട്, ഏലകളില്‍ സംഭരിക്കപ്പെടുന്ന മഴവെള്ളത്തിന്റെ കണക്ക് അലുവാലിയയ്ക്ക് ഊഹിക്കാമോ? എല്ലാ ഡാമുകളിലുംകൂടി സംഭരിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ മഴവെള്ളം കേരളത്തിലെ ഏലകളില്‍ സംഭരിക്കപ്പെടുന്നുണ്ട്. നമ്മുടെ ജലചക്രത്തില്‍ ഏലകളുടെ പരിസ്ഥിതിപ്രാധാന്യം നിര്‍ണായകമാണ്.

മൂന്ന്, നമുക്ക് ആവശ്യമില്ലാത്തതെല്ലാം കളയെന്നുവിളിച്ച് പറിച്ചുകളഞ്ഞിട്ടാണ് കൃഷിചെയ്യുക. എന്നാലും നമ്മുടെ വയേലലകള്‍ ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. രാമന്റെ വയലില്‍ത്തന്നെ 36 നെല്ലിനങ്ങളുണ്ടല്ലോ. പിന്നെ, വയലേലയുടെ സാംസ്‌കാരികവും സൗന്ദര്യപരവുമായ മാനങ്ങള്‍ക്ക് വിലയിടാനാവുമോ? ഇക്കാര്യങ്ങള്‍ പറഞ്ഞാണ് പാശ്ചാത്യരാജ്യങ്ങള്‍ കാര്‍ഷികവരുമാനത്തിന്റെ അമ്പതുശതമാനത്തോളം വരുന്ന തുക സബ്‌സിഡിയായി കൃഷിക്കാര്‍ക്ക് നല്‍കുന്നത്.

എന്തിന് ഇത്രയും നെല്ലിനങ്ങള്‍? അത്യുത്പാദനശേഷിയുള്ള പുത്തന്‍വിത്തിനങ്ങള്‍ പോരേ? പോര എന്നുതന്നെയാണ് ഉത്തരം. ഏകയിനം കൃഷിസമ്പ്രദായം വരുത്തിവെച്ച കാര്‍ഷികത്തകര്‍ച്ചകളുടെ ഒട്ടേറെ ദുരനുഭവങ്ങള്‍ ചരിത്രത്തില്‍ കാണാം. അത്യുത്പാദനശേഷിയുള്ള, അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷിയുള്ള, അല്ലെങ്കില്‍ പ്രത്യേക സ്വാദുള്ള നെല്‍വിത്തിനങ്ങള്‍ ഈ പരമ്പരാഗത വിത്തിനങ്ങളില്‍നിന്നാണ് സൃഷ്ടിക്കപ്പെടുന്നത്. ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ലാത്ത എന്തെന്ത് സവിശേഷതകളാണ് പരമ്പരാഗത വിത്തിനങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നത് എന്ന് ആര്‍ക്കറിയാം!

നമ്മുടെ ഏറ്റവുംവലിയ സമ്പത്താണ് ഈ നാട്ടിലെ ജൈവവൈവിധ്യം. മൂല്യത്തിന്റെ കാര്യത്തില്‍ ഭാവിയിലൊരുപക്ഷേ, പെട്രോളിനെയും പ്രകൃതിവാതകത്തെയും പിന്തള്ളുന്ന സമ്പത്ത്. പക്ഷേ, ഇതിന്റെ കലവറകളായ കാടിനെയും തണ്ണീര്‍ത്തടങ്ങളെയും നമ്മള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യന്ത്രസാങ്കേതികവിദ്യയും ആവിശക്തിയും കൂടിയാണല്ലോ വ്യവസായവിപ്ലവം സൃഷ്ടിച്ചത്. അതുപോലെ ഒരു എടുത്തുചാട്ടത്തിലാണ് ലോകം ഇന്ന്. വിവരസാങ്കേതികവിദ്യ, നാനോ ടെക്‌നോളജി, പുത്തന്‍ പദാര്‍ഥവിജ്ഞാനീയം, ബയോടെക്‌നോളജി എന്നു തുടങ്ങിയ രംഗങ്ങളില്‍ പുതിയൊരു ശാസ്ത്രസാങ്കേതിക വിപ്ലവം നടക്കുകയാണ്.

പക്ഷേ, ഒരു വൈരുദ്ധ്യമുണ്ട്. ജൈവവൈവിധ്യകേന്ദ്രങ്ങള്‍ മൂന്നാംലോകരാജ്യങ്ങളിലാണ്. അതേസമയം, ബയോ ടെക്‌നോളജി സമ്പന്നരാഷ്ട്രങ്ങളുടെ കുത്തകയാണ്. പുതിയ പേറ്റന്റ് നിയമത്തിലൂടെ തങ്ങളുടെ ബയോടെക്‌നോളജിയുടെ സ്വത്തവകാശം അവര്‍ ഉറപ്പാക്കിക്കഴിഞ്ഞു. പക്ഷേ, അതേസംരക്ഷണം നമ്മുടെ ജൈവസമ്പത്തിന് നല്‍കാന്‍ അവര്‍ തയ്യാറല്ല. അവയെ എങ്ങനെ മോഷ്ടിക്കാം എന്ന ഉപജാപത്തിലാണ് ബഹുരാഷ്ട്രക്കുത്തകകള്‍.

എത്രയോ തലമുറകളായി ചെറുവയല്‍ രാമനെപ്പോലുള്ള ആദിവാസികളും കൃഷിക്കാരുമെല്ലാം പരിപാലിച്ചുവന്ന വിത്തിനങ്ങളില്‍ ചില ജനിതകമാറ്റങ്ങള്‍ വരുത്തി പ്രചാരണത്തിലൂടെയും ചതികളിലൂടെയും അവര്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. അങ്ങനെ നമ്മെ കൊള്ളയടിക്കുന്നു. തര്‍ക്കംമൂത്താല്‍ അവര്‍ പറയുക, സസ്യജാലങ്ങളോ സൂക്ഷ്മജീവികളോ നിങ്ങളുടെ നാട്ടില്‍ പാരമ്പര്യവിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ പരിപാലിക്കപ്പെട്ടുപോന്നവയാണെന്ന് തെളിയിച്ചാല്‍ അവയ്ക്ക് റോയല്‍ട്ടിയുംമറ്റും തരാമെന്നാണ്. അങ്ങനെ ചെയ്യണമെങ്കില്‍, നമ്മുടെ പരമ്പരാഗത വിജ്ഞാനത്തെയും ജീവജാലങ്ങളെയും എവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്ത് സൂക്ഷിച്ചിട്ടുണ്ടാകണം. അങ്ങനെ നാം ചെയ്തിട്ടില്ല.

ജൈവവൈവിധ്യ രജിസ്റ്റര്‍ ഉണ്ടാക്കിയാലും രക്ഷപ്പെടാനുള്ള പഴുതുകള്‍ സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ അന്തര്‍ദേശീയ കരാറുകളില്‍ ചെയ്തുവെച്ചിട്ടുണ്ട്. രാമന്‍ 36 ഇനം നെല്‍വിത്തുകള്‍ പരിപാലിക്കുന്നു. ഇതുപോലെ ഇന്ത്യ മൊത്തത്തിലെടുത്താല്‍ ആയിരക്കണക്കിന് നെല്‍വിത്തുകളുണ്ടാകും. ഇതുപോലുള്ള ജനിതകശേഖരം സൂക്ഷിച്ചുവെക്കുന്ന ലബോറട്ടറികള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍ തുടങ്ങിയവയില്‍ മഹാഭൂരിപക്ഷവും സാമ്രാജ്യത്വരാഷ്ട്രങ്ങളിലാണ്. ഈ ജനിതകസമ്പത്ത് തന്നിഷ്ടംപോലെ ഉപയോഗിക്കാമെന്നാണ് അവര്‍ വാദിക്കുന്നത്.

തര്‍ക്കം മൂത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ, തോല്‍ക്കാന്‍ നമ്മള്‍ തീരുമാനിച്ച മട്ടിലാണ് കാര്യങ്ങള്‍. ഇന്ത്യയുടെ ശാസ്ത്രസാങ്കേതികവകുപ്പിനു കീഴിലുള്ള അതിസമ്പന്നമായ ജൈവശേഖരം ബഹുരാഷ്ട്രകുത്തകകള്‍ക്ക് ചെറിയൊരു തുക ഫീസ് വാങ്ങി തുറന്നു കൊടുക്കാന്‍ പോവുകയാണ്. അവരുടെ സഹകരണമില്ലാതെ ജനിതകസാങ്കേതികപുരോഗതി നേടാന്‍ കഴിയില്ലപോലും. കോഴിയെ കാക്കാന്‍ കുറുക്കനെത്തന്നെ ചുമതലപ്പെടുത്തണം.

അങ്ങനെ നമ്മുടെ മറ്റൊരു പൊതുസ്വത്തുകൂടി ചുളുവിലയ്ക്ക് കുത്തകകള്‍ കൈവശപ്പെടുത്താന്‍ പോവുകയാണ്. സ്വന്തം വരുതിയിലുള്ളവ സംരക്ഷിക്കാനേ കുത്തകകള്‍ക്ക് താത്പര്യമുള്ളൂ. പൊതുവായിട്ടുള്ളവയ്ക്ക് നാഥനില്ല. അങ്ങനെ ഇന്ന് നാമറിയുന്ന പക്ഷിമൃഗാദികളിലും ജലജീവികളിലും 10-30 ശതമാനം ആഗോളമായി നാശത്തിന്റെ വക്കിലാണ്. ദശലക്ഷക്കണക്കായുള്ള സൂക്ഷ്മജീവിവൈവിധ്യം ഇതിനേക്കാള്‍ വേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. സര്‍വനാശത്തിലേയ്ക്കുള്ള മനുഷ്യന്റെ കുതിപ്പിനിടയില്‍ ചെറുവയല്‍ രാമന്‍ തന്റെ കണ്ടങ്ങളില്‍ 36 ഇനം നെല്ലുകളെ ഓമനിക്കുന്നു. സ്ഥായിയായ വികസനത്തിന് വഴികാട്ടുന്നു.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)