Wednesday, February 15, 2012

പയര്‍ കൃഷി

Check out Mathrubhumi - പയര്‍ കൃഷി -

പയര്‍ കൃഷി
Posted on: 25 Aug 2011

എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (Snake bean). വിഗ്ന അംഗ്വിക്കുലേറ്റ (Vigna unguiculata) എന്നാണ് പയറിന്റെ ശാസ്ത്രീയ നാമം. വള്ളിപ്പയര്‍, കുറ്റിപ്പയര്‍,തടപ്പയര്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്നത്.

വള്ളിപ്പയറില്‍ ലോല, വൈജയന്തി, ശാരിക, മാലിക. കെ. എം. വി 1, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍. കുറ്റിപ്പയറില്‍ അനശ്വര, കൈരളി, വരുണ്‍,കനകമണി (പി.ടി.ബി.1), അര്‍ക്ക് ഗരിമ. തടപ്പയറില്‍ ഭാഗ്യലക്ഷ്മി,പൂസ ബര്‍സാത്തി, പൂസ കോമള്‍ എന്നീ ഇനങ്ങളിലുള്ള വിത്തുകളാണ് നടാന്‍ ഉപയോഗിക്കുന്നത്.

ഏതു സീസണിലും പയര്‍ കൃഷിചെയ്യാം. മഴയെ ആശ്രയിച്ചുളള ക്യഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം.ക്യത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം.

ഒരു സെന്റ് സ്ഥലത്ത് കൃഷിയിറക്കുന്നതിന് വള്ളിപ്പയര്‍ 16 ഗ്രാമും കുറ്റിപ്പയര്‍ 60 ഗ്രാമും മതി. വള്ളിപ്പയര്‍ നടുമ്പോള്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ പന്തല്‍ കെട്ടിക്കൊടുക്കണം. കിളച്ച് നിരപ്പാക്കി കുമ്മായവും അടിവളവും നല്‍കി തയ്യാറാക്കിയ മണ്ണില്‍ നേരിട്ട് വിത്ത് നടാവുന്നതാണ്. തലേദിവസം കുതിര്‍ത്ത വിത്താണ് നടാന്‍ ഉപയോഗിക്കുന്നത്.


പയര്‍ വിത്തില്‍ റൈസോബിയം കള്‍ച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ് എന്ന് കണ്ടിരിക്കുന്നു. ഇതിന് വേണ്ട റൈസോബിയം കള്‍ച്ചര്‍ അസിസ്റ്റന്റ് സോയില്‍ ടെസ്റ്റിങ്ങ് സെന്റര്‍, പട്ടാമ്പി 679 306, പാലക്കാട് ജില്ല എന്ന വിലാസത്തില്‍ ലഭിക്കും. കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത നമ്പര്‍ 11, 12 എന്നീ രണ്ടു തരം കള്‍ച്ചറുകളാണ് പട്ടാമ്പിയില്‍ ലഭിക്കുന്നത്.

റൈസോബിയം കള്‍ച്ചര്‍ പ്രയോഗ രീതി

കള്‍ച്ചര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പായ്ക്കറ്റിനു പുറത്ത് എഴുതിയിരിക്കുന്ന വിളയുടെ പേരും നിര്‍ദ്ദിഷ്ട തീയതിയും ശ്രദ്ധിക്കണം, നിശ്ചിത വിളയ്ക്ക് നിശ്ചിത കള്‍ച്ചര്‍ തന്നെ ഉപയോഗിക്കണം. നിര്‍ദ്ദിഷ്ട തീയതിക്ക് മുന്‍പ് തന്നെ ഉപയോഗിക്കുകയും വേണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 250 മുതല്‍ 375 ഗ്രാം വരെ കള്‍ച്ചര്‍ മതിയാകും. കള്‍ച്ചര്‍ ഒരിക്കലും നേരിട്ടുളള സൂര്യപ്രകാശത്തിലോ വെയിലത്തോ തുറക്കരുത്.

അത്യാവശ്യത്തിനും മാത്രം വെളളം ഉപയോഗിച്ച് കള്‍ച്ചര്‍, വിത്തുമായി ഒരോ പോലെ നന്നായി പുരട്ടിയെടുക്കുക. (വെറും വെളളത്തിന് പകരം 2.5% അന്നജ ലായനിയോ തലേ ദിവസത്തെ കഞ്ഞിവെളളമോ ആയാലും മതി. ഇവയാകുമ്പോള്‍ കള്‍ച്ചര്‍ വിത്തുമായി നന്നായി ഒട്ടിപ്പിടിക്കുകയും ചെയ്യും.). ഇങ്ങനെ പുരട്ടുമ്പോഴും വിത്തിന്റെ പുറം തോടിന് ക്ഷതം പറ്റാതെ നോക്കണം, കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് വിത്ത് വ്യത്തിയുളള ഒരു കടലാസിലോ മറ്റോ നിരത്തി തണലത്ത് ഉണക്കിയിട്ട് ഉടനെ പാകണം. റൈസോബിയം കള്‍ച്ചര്‍ പുരട്ടിയ വിത്ത് ഒരിയ്ക്കലും രാസവളങ്ങളുമായി ഇടകലര്‍ത്താന്‍ പാടില്ല.


കുമ്മായം പുരട്ടുന്ന വിധം

റൈസോബിയം കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് പയര്‍ വിത്തിലേക്ക് നന്നായി പൊടിച്ച കാല്‍സ്യം കാര്‍ബണേറ്റ് തൂകി 1 മുതല്‍ 3 മിനിട്ട് വരെ നേരം മെല്ലെ ഇളക്കുക. ഈ സമയം കഴിയുമ്പോള്‍ വിത്തിലെല്ലാം ഒരു പോലെ കുമ്മായം പുരണ്ടു കഴിയും.വിത്തിന്റെ വലിപ്പമനുസരിച്ച്, ഇനിപ്പറയുന്ന അളവില്‍ കുമ്മായം വേണ്ടി വരും.


നട്ട് 15 ദിവസത്തിന് ശേഷം 300 ഗ്രാം ചാരം, അര കിലോ കപ്പലണ്ടി പിണ്ണാക്ക്, അര കിലോ എല്ലുപൊടി എന്നിവ നല്‍കാം. ഒരുമാസത്തിനുശേഷം ചാണകം പുളിപ്പിച്ച ലായനിയും ഒഴിക്കാം. പൂവ് വരുന്ന സമയത്തും വളം നല്‍കാം. രണ്ടു തവണ നനയ്ക്കുന്നതിന് പയറിന് നല്ലതാണ്. ഒന്ന് നട്ട് 15 ദിവസം കഴിഞ്ഞും അടുത്തത് ചെടി പുഷ്പിക്കുന്ന സമയത്തും ചെടി പുഷ്പിക്കുമ്പോള്‍ ഉളള നനയ്ക്കല്‍ പുഷ്പിക്കലിനെയും കായ പിടിത്തത്തെയും പ്രോത്സാഹിപ്പിക്കും. പയറ് ചെടിയില്‍ നിന്ന് 50 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കും. ആഴ്ചയില്‍ മൂന്ന് തവണ വിളവെടുക്കാം. ഒരുസെന്റ് സ്ഥലത്തുനിന്ന് 50 കിലോ മുതല്‍ 80 കിലോ വരെ പയര്‍ ലഭിക്കും.


കീട നിയന്ത്രണം

പയറുചെടിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ കടവാട്ടം, തണ്ടില്‍ പുള്ളിക്കുത്ത്, ഇലവാട്ടം എന്നിവയാണ്.കൃഷി ചെയ്യുന്നതിനു മുമ്പ് ആ സ്ഥലത്ത് പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നതുവഴി ജൈവ കീടരോഗം നിയന്ത്രിക്കാം. പയറിലുണ്ടാകുന്ന ചാഴി, പുഴു, മുഞ്ഞ, കായ്തുരപ്പന്‍ പുഴു എന്നിവയ്‌ക്കെതിരെ വേപ്പിന്‍കുരു മിശ്രിതം, പുകയിലക്കഷായം എന്നിവ നല്‍കാം.

കായ്തുരപ്പന്‍ പുഴുക്കള്‍: തോട്ടം വൃത്തിയാക്കുക, കീടബാധയേറ്റ കായ്കള്‍ പറിച്ച് നശിപ്പിക്കുക. ഫെന്‍തയോണ്‍ 1 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി കളിക്കുക.

മുഞ്ഞ: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക.

ചിത്രകീടം: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക.


ചാഴി: 4 മി.ലി. മാലത്തിയോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ത്ത് അരിച്ചശേഷം തളിക്കുക.


രോഗ നിയന്ത്രണം

കടചീയല്‍, വള്ളിയുണക്കം, ചുവട് വീക്കം: വിത്ത് തടം ചവറ് കൂട്ടി ചുടുക. 1 കിലോ വിത്തിന് 2 ഗ്രാം ബാവിസ്റ്റിന്‍ ചേര്‍ത്ത് ഒരു ദിവസം കഴിഞ്ഞ് വിതയ്ക്കുക.


മൊസയ്ക്ക്: 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിക്കുക.


ജൈവ കീടരോഗ നിയന്ത്രണം

ജൈവ കീടരോഗ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് പുകയിലക്കഷായം. അര കിലോ പുകയിലയോ പുകയിലഞെട്ടോ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കിവച്ചശേഷം ചണ്ടി പിഴിഞ്ഞ് മാറ്റുക. 120 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഈ ലായനിയുമായി ചേര്‍ത്ത് ഇളക്കുക. ഇപ്രകാരം തയ്യാറാക്കിയ പുകയിലക്കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിച്ചാല്‍ ഏഫിഡുകള്‍, മുഞ്ഞ, മിലി മൂട്ട എന്നീ മൃദുശരീരമുള്ള കീടങ്ങളെ നിയന്ത്രിക്കാം.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)