Tuesday, June 16, 2015

മുറ്റത്തെ മുല്ലയില്‍ പണമുണ്ട്‌


ഡോ. ജോസ്‌ ജോസഫ്‌
  പൂവിപണിയില്‍ മുല്ലപ്പൂവിന്റെ വില റോക്കറ്റ്‌ കുതിക്കുംപോലെയാണ്‌ ഉയര്‍ന്നുപൊങ്ങിയത്‌.ഏപ്രില്‍, മെയ് മാസത്തിലാണ് ഏറ്റവുമധികം പൂക്കളുണ്ടാകുന്നത്. കോയമ്പത്തൂര്‍വിപണിയാണ്‌ മുല്ലപ്പൂവിനെ നിയന്ത്രിക്കുന്നത്‌. അവിടെ കിലോക്ക്‌ നൂറു രൂപയില്‍ നിന്നും ഒരാഴ്‌ച കൊണ്ട്‌ 3000 രൂപയായി കൂടി. പത്തു ചട്ടി കുറ്റിമുല്ല വളര്‍ത്തിയിരുന്നുവെങ്കില്‍ എന്ന്‌ ഏതു കര്‍ഷകനും ആഗ്രഹിച്ചുപോകുന്നവിധത്തിലാണ്‌ വില കയറിയത്‌. മുറ്റത്തെ മുല്ലയില്‍ മണം മാത്രമല്ല പണവുമുണ്ട്‌. ചെറുകിട കര്‍ഷകര്‍ക്ക്‌ ഒറ്റക്കും സംഘമായും നടത്താന്‍ പറ്റിയ മികച്ച കൃഷി സംരംഭങ്ങളിലൊന്നാണ്‌ കുറ്റിമുല്ല കൃഷി.
ഓഫ്‌ സീസണിലെ മോഹവില ലഭിച്ചില്ലെങ്കിലും ന്യായമായ ആദായം എപ്പോഴും പ്രതീക്ഷിക്കാം. പണ്ടു നമ്മുടെ വീട്ടുമുറ്റങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത പൂച്ചെടിയായിരുന്നു കുറ്റിമുല്ല.
നിലത്തും താങ്ങുകളിലും പടരുന്നതും കുറ്റിച്ചെടിയായി വളരുന്നതുമായ നിരവധി മുല്ല ഇനങ്ങള്‍ നാട്ടിലെ ഗൃഹോദ്യാനങ്ങളില്‍ കാണാം. ഹൃദയഹാരിയായ ഗന്ധമുള്ള മുല്ലപ്പൂക്കള്‍ മാലകെട്ടുന്നതിനും പുഷ്‌പാര്‍ച്ചനക്കും ആഘോഷവേളകള്‍ മനോഹരമാക്കുന്നതിനും സ്‌ത്രീകളുടെ മുടിക്കെട്ട്‌ അലങ്കരിക്കുന്നതിനുമെല്ലാം ഉപയോഗിച്ചു വരുന്നു. ഫിലിപ്പൈന്‍സിന്റെ ദേശീയ പുഷ്‌പമാണ്‌ മുല്ല. തമിഴ്‌നാടാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ മുല്ലപ്പൂ ഉല്‍പാദകര്‍. കോയമ്പത്തൂര്‍ രാജ്യത്തെ ഏറ്റവും വലിയ മുല്ലപ്പൂ വിപണിയും.
അടുത്ത കാലത്ത്‌ കേരളത്തിലും കര്‍ഷകരും കര്‍ഷകസ്വയം സഹായസംഘങ്ങളും കുടുംബശ്രീ യൂണിറ്റുകളും ചെറിയ തോതിലാണെങ്കിലും വാണിജ്യാടിസ്‌ഥാ നത്തിലുള്ള കുറ്റിമുല്ല കൃഷി ആരംഭിച്ചിട്ടുണ്ട്‌. മുല്ലപ്പൂവില്‍ നിന്നുമുള്ള പ്രധാന വാണിജ്യോല്‍പ്പന്നങ്ങളാണ്‌ ജാസ്‌മിന്‍ കോണ്‍ക്രീറ്റ്‌, ജാസ്‌മിന്‍ അബ്‌സൊല്യൂട്ട്‌ എന്നിവ. മുല്ലപ്പൂതൈലത്തിന്‌ കയറ്റുമതി സാധ്യതക്കു പുറമെ ഔഷധോപയോഗങ്ങളുമുണ്ട്‌. സ്വാഭാവികമായും കൃത്രിമവുമായ ഏതു സുഗന്ധതൈലത്തിനൊപ്പവും കൂട്ടികലര്‍ത്താമെന്നതാണ്‌ മുല്ലപ്പൂതൈലത്തിന്റെ പ്രത്യേകത.
അത്തര്‍, സോപ്പ്‌, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ ഉല്‍പാദനത്തിലും മുല്ലപ്പൂതൈലത്തിന്‌ പ്രാധാന്യമുണ്ട്‌. മുല്ലയുടെ നരിവധി സ്‌പീഷിസുകളില്‍ വാണിജ്യടിസ്‌ഥാനത്തില്‍ കൃഷി ചെയ്യുന്ന മൂന്ന്‌ പ്രധാന സ്‌പീഷിസുകളാണ്‌ ജാസ്‌മിനും ഗ്രാന്‍ഡിഫ്‌ളോറം, ജാസ്‌മിനം സാമ്പക്ക്‌, ജാസ്‌മിനം ഓറിക്കുലേറ്റം എന്നിവ. പിച്ചി അഥവാ പിച്ചകമാണ്‌ ജാസ്‌മിനം ഗ്രന്‍ഡിഫ്‌ളോറം. ഫ്രഞ്ച്‌ മുല്ല,. സ്‌പാനിഷ്‌ മുല്ല, ജാതിമല്ലി തുടങ്ങിയ പേരുകളിലും ഇതറിയപ്പെടുന്നു. നമ്മുടെ നാട്ടില്‍ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന കുറ്റിമുല്ലയാണ്‌ ജാസ്‌മിനം സാംബക്‌. കോയമ്പത്തൂര്‍ മല്ലി, കുടമുല്ല തുടങ്ങിയ പേരുകളും ഇതിനുണ്ട്‌. ജാസ്‌മിനം ഓരിക്കുലേറ്റം എന്ന സൂചിമുല്ലക്ക്‌ ജാസ്‌മിന്‍ കോണ്‍ക്രീറ്റ്‌ ഉല്‍പാദനത്തിലാണ്‌ കൂടുതല്‍ പ്രാധാന്യം. ഗുണ്ടുമല്ലി, സിംഗിള്‍ മോര്‍ഗ, ഡബിള്‍ മോര്‍ഗ, ഇരുപാച്ചി, രാമനാഥപുരം ലോക്കല്‍, അര്‍ക്ക ആരാധന തുടങ്ങിയവയാണ്‌ കുടമുല്ലയുടെ മികച്ച ഇനങ്ങള്‍. സി.ഒ- ഒന്ന്‌ പിച്ചി, സി.ഒ- രണ്ട്‌ പിച്ചി, അര്‍ക്കാ സുരഭി എന്നിവയാണ്‌ മികച്ച ജാതിമല്ലി ഇനങ്ങള്‍. സൂചിമുല്ലയുടെ മികച്ച ഇനങ്ങളാണ്‌ സിഒ- ഒന്ന്‌ മുല്ല, സിഒ- രണ്ട്‌ മുല്ല, പാരിമുല്ലൈ തുടങ്ങിയവ. മികച്ച ഇനങ്ങള്‍ തെരഞ്ഞെടുത്ത്‌ കൃഷിചെയ്യുന്നത്‌ ഉയര്‍ന്ന ഉല്‍പാദനം ഉറപ്പാക്കും.
ഈര്‍പ്പം കുറവും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതുമായ കാലാവസ്‌ഥയാണ്‌ മുല്ല കൃഷിക്കു നല്ലത്‌. അതിശൈത്യം പാടില്ല. ചൂടുള്ള വേനലും സൗമ്യമായ മഞ്ഞുകാലവും പൂവിടല്‍ ശതമാനം കൂട്ടും. നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ്‌ മുല്ല കൃഷിക്ക്‌ അനുയോജ്യം. വേരുപിടിപ്പിച്ച തൈകളോ മണ്ണില്‍ പതിവെച്ചുണ്ടാക്കുന്ന തൈകളോ മുറിച്ചെടുത്ത തണ്ടുകളോ നടീല്‍ വസ്‌തുവായി ഉപയോഗിക്കാം. മുറിച്ചെടുത്ത തണ്ടുകളില്‍ എളുപ്പം വേരുപിടിക്കുന്നതിന്‌ ഹോര്‍മോണ്‍ പ്രയോഗം നടത്താം. ജൂണ്‍ മുതല്‍ ഓഗസ്‌റ്റു വരെയുള്ള സമയമാണ്‌ തൈകള്‍ നടാന്‍ ഏറ്റവും നല്ലത്‌. സ്‌ഥലം നന്നായി ഉഴുതു ഒരുക്കണം. 40 സെന്റിമീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത്‌ തൈകള്‍ നടണം. മേല്‍മണ്ണ്‌ കുഴിയൊന്നിന്‌ 15 കിലോഗ്രാം ജൈവവളം എന്ന അളവില്‍ കൂട്ടികലര്‍ത്തി നിറച്ചതിനുശേഷം തൈകള്‍ നടണം. കുറ്റിമുല്ല 1.2 മീറ്റര്‍ -1.2 മീറ്റര്‍ അകലത്തിലും സൂചിമുല്ല 1.8 മീറ്റര്‍ 1.8 മീറ്റര്‍അകലത്തിലും പിച്ചിമുല്ല 2 മീറ്റര്‍ -1.5 മീറ്റര്‍ അകലത്തിലും നടണം. കളശല്യം പൂക്കളുണ്ടാകുന്നതിനെ ബാധിക്കുമെന്നതിനാല്‍ കളകള്‍ ഇടക്കിടെ നീക്കണം. കൂടുതല്‍ പൂക്കളുണ്ടാകുന്ന മാര്‍ച്ച്‌- ഒക്‌ടോബര്‍ സീസണില്‍ ഉയര്‍ന്ന ഉല്‍പാദനത്തിന്‌ സ്‌ഥിരമായി നന നല്‍കണം. വേനല്‍ക്കാലങ്ങളില്‍ ആഴ്‌ചയില്‍ രണ്ടുതവണയെങ്കിലും നനക്കണം. തുള്ളി നന ഏര്‍പ്പെടുത്തിയാല്‍ പൂ ഉല്‍പാദം ഗണ്യമായി വര്‍ധിക്കും.
ശാസ്‌ത്രീയമായ വളപ്രയോഗവും ജലസേചനവും പൂക്കളുണ്ടാകുന്നത്‌ കൂട്ടും. ചെടിയൊന്നിന്‌ മാസം തോറും 100 ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്കും കടലപിണ്ണാക്കും ജൈവവളമായി ചേര്‍ത്തു കൊടുക്കാം. ഒരു ചെടിക്ക്‌ ഒരു വര്‍ഷം 120 ഗ്രാം നൈട്രജന്‍, 240 ഗ്രാം ഫോസ്‌ഫറസ്‌, 240 ഗ്രാം പൊട്ടാസ്യം എന്നിവ ലഭിക്കത്തക്ക വിധം രാസവളങ്ങള്‍ നല്‍കണം. രാസവളം, ജൂലൈ, ജനുവരി മാസങ്ങളില്‍ രണ്ടു തവണയായി നല്‍കുക. മുല്ല നിറയെ പൂക്കുന്നതിന്‌ കൊമ്പുകോതല്‍ അഥവാ പ്രൂണിംഗ്‌ അനിവാര്യമാണ്‌. നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണ്‌ കൊമ്പുകോതല്‍. ഇതിനു മുമ്പ്‌ ജലസേചനം നിര്‍ത്തണം. തറനിരപ്പില്‍ നിന്നും അരമീറ്റര്‍ ഉയരത്തില്‍ ചെരിച്ചു മുറിക്കണം. വളര്‍ച്ച നിലച്ച കമ്പുകള്‍, ഉണങ്ങിയതും കേടുബാധിച്ചതുമായ കമ്പുകള്‍ എന്നിവ നീക്കം ചെയ്യണം. മുറിപ്പാടുകളില്‍ ബോര്‍ഡോ കുഴമ്പ്‌ പുരട്ടുക. പ്രൂണിംഗിന്‌ ശേഷം ജലസേചനം തുടരണം. രണ്ടാമത്തെ തവണ രാസവളപ്രയോഗവും നടത്തണം. ഇടയ്‌ക്കിടെ ചെടിയുടെ അടിയില്‍ നിന്നും വളരുന്ന വള്ളിപോലുള്ള ഭാഗങ്ങളും നീക്കണം. കുടമുല്ലയും സൂചിമുല്ലയും മാര്‍ച്ച്‌ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളിലാണ്‌ കൂടുതല്‍ പൂക്കുന്നത്‌. നട്ട്‌ അഞ്ചു മാസമാകുമ്പോഴേക്കും മുല്ല പൂത്തു തുടങ്ങും. രണ്ടാം വര്‍ഷത്തോടെ നിറയെ പൂക്കും. നല്ല വിളവു ലഭിക്കാന്‍ മൂന്നുവര്‍ഷം പ്രായമെത്തേണ്ടി വരും. 15 വര്‍ഷത്തോളം നല്ല വിളവ്‌ ലഭിക്കും. ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ്‌, വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തുടങ്ങിയവയുടെ പ്രയോഗം കൊണ്ട്‌ രോഗങ്ങളെയും കീടങ്ങളെയും ഒരു പരിധി വരെ നിയന്ത്രിക്കാം.
പ്രധാനമായും ജൈവവളമാണ് ഉപയോഗിക്കുന്നത്. ചീഞ്ഞ ശീമക്കൊന്ന ഇലയും പുളിപ്പിച്ച ഗോമൂത്രവും ചേര്‍ന്നൊരു പ്രയോഗവും ഇവര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഈ മിശ്രിതം വളമായും കീടനാശിനിയായും ഉപയോഗിക്കാം. മുല്ലമൊട്ടുകളിലുണ്ടാകുന്ന പുഴുബാധയും മണ്ഡരി രോഗവുമാണ് സാധാരണ കണ്ടുവരുന്നത്.

കൃത്യമായ പരിചരണത്തിലൂടെ ഇത് പരിഹരിക്കാം. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ചെടികള്‍ വെട്ടിനിര്‍ത്തണം. രണ്ടടി വലിപ്പത്തില്‍ കുഴിയെടുത്ത് അതില്‍ ജൈവവളം നിറച്ച് മേല്‍മണ്ണിട്ട് മൂടി ഒരാഴ്ചയ്ക്കുശേഷമാണ് തൈകള്‍ വെയ്ക്കുന്നത്. 6 മാസം മുതല്‍ വിളവെടുക്കാം. 15 വര്‍ഷം വരെ ചെടിയില്‍ നിന്ന് നല്ല വിളവ് പ്രതീക്ഷിക്കാമെന്നും കര്‍ഷകസുഹൃത്തുക്കള്‍ പറയുന്നു. 

3 comments:

  1. സുഗന്ധമുള്ള കൃഷി!!

    ReplyDelete
  2. Your blog seems interesting. I do have a similar website relating Organic Vegetables

    ReplyDelete
  3. Marketing നെ കുറിച്ച് ഒന്നും പറഞ്ഞില്ല.

    ReplyDelete

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)