Wednesday, March 14, 2012

ആദായത്തിന് ലെയറിങ്‌


Posted on: 18 Feb 2012
പി.ടി. സിറാജുദ്ദീന്‍




ചെടികളില്‍ തൈകളുണ്ടാക്കുന്നതിന് സൗകര്യപ്രദവും എളുപ്പവുമായ ലെയറിങ്‌രീതിയിലൂടെ ആദായം നേടുകയാണ് കോഴിക്കോട് ജില്ലയില്‍ കാരശ്ശേരിയിലെ ആറ്റുപുറത്ത് ഹുസ്സന്‍. ചെടികളിലെ അലൈംഗിക വംശവര്‍ധന രീതിയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. വിത്ത് ഉത്പാദിപ്പിക്കാത്തതും വിത്ത് മുളയ്ക്കാന്‍ പ്രയാസമുണ്ടാകുന്നതുമായ ചെടികളില്‍ ഈ രീതി ഏറ്റവും ഫലപ്രദമാണ്. കമ്പ് മുളപ്പിക്കലിന് തുല്യമെങ്കിലും ഗുണമേന്മയില്‍ വ്യത്യാസം കാണുന്നു.

ചെറുശാഖകളുടെ അഗ്രങ്ങളിലാണ് ലെയറിങ്ങിലൂടെ തൈ രൂപപ്പെടുത്തുന്നത്. അഗ്രഭാഗത്ത് 10-15 സെ.മീ.താഴെ രണ്ട് സെ.മീ. നീളത്തില്‍ തൊലി ചെത്തിനീക്കുന്നു. ഇരുഭാഗത്തെയും തൊലി വീണ്ടും കൂടിച്ചേരാതിരിക്കാന്‍ ചണനാര് ചുറ്റുന്നു. തുടര്‍ന്ന് ജലാംശം നിലനിര്‍ത്തുന്നതിന് ഉണങ്ങിയ പന്നല്‍ച്ചെടികൊണ്ട് പൊതിയുന്നു. പന്നലിനുപകരം മണ്ണ്, ചകിരിച്ചോറ്, അറക്കപ്പൊടി എന്നിവയും ആവാം. തുടര്‍ന്ന് ലെയര്‍ ചെയ്തഭാഗം പ്ലാസ്റ്റിക് കവറാല്‍ പൊതിയുകയും ഇടയ്ക്കിടെ നനച്ചുകൊടുക്കാനുള്ള സൗകര്യാര്‍ഥം ഒരു ദ്വാരം പ്ലാസ്റ്റിക് കവറില്‍ ഉണ്ടാക്കുകയും വേണം. തൊലി നീക്കിയഭാഗത്ത് വേര് വളരുന്നതോടെ ശിഖരം തൈയായി രൂപാന്തരപ്പെടും. കരുത്താര്‍ജിച്ചശേഷം മണ്ണിലേക്ക് മാറ്റിനടാം.

തൈ ആകുമ്പോള്‍ തന്നെ തള്ളച്ചെടിയില്‍നിന്ന് പോഷകഘടകങ്ങള്‍ ലഭിക്കുന്നതിനാല്‍ കരുത്തുറ്റ തൈകളാണ് ലെയറിങ്ങിലൂടെ ലഭിക്കുന്നത്. ഇത്തരം തൈകള്‍ കൂടിയ ഉത്പാദനക്ഷമത പ്രകടിപ്പിക്കും. പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ശിഖരങ്ങളില്‍നിന്നുള്ള തൈകളായതിനാല്‍ അടുത്തവര്‍ഷം തന്നെ പൂത്തുതുടങ്ങും. എല്ലാ തൈകളും നടാന്‍ യോഗ്യമായിരിക്കും. വനിതാസംഘങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും മികച്ച വരുമാനമാര്‍ഗമായി ഈ രീതി സ്വീകരിക്കാവുന്നതാണ്.

പഴച്ചെടികളിലാണ് ഹുസ്സന്‍ കൂടുതലായും ലെയറിങ് പ്രയോഗിക്കുന്നത്. റംബൂട്ടാന്‍, ഫിലോസാന്‍, മാംഗോസ്റ്റിന്‍, ജമൈക്കന്‍ സ്റ്റാര്‍ഫ്രൂട്ട്, ബാങ്കോക്ക് ചാമ്പ, വിവിധ ചാമ്പയിനങ്ങള്‍ തുടങ്ങി ഒട്ടേറെ പഴച്ചെടികളില്‍ ഈ രീതി ഏറെ പ്രയോജനകരമാണ്. വിത്തില്‍നിന്നുള്ള തൈകള്‍ പരാഗണം നടന്നുള്ളതായതിനാല്‍ തള്ളച്ചെടിയില്‍നിന്ന് കാര്യമായ മാറ്റങ്ങള്‍ പ്രകടിപ്പിക്കും. എന്നാല്‍, ലെയര്‍ ചെയ്ത തൈകള്‍ തള്ളച്ചെടിയില്‍നിന്ന് ഒട്ടും വ്യതിയാനമില്ലാത്തവയായിരിക്കും. ഹുസ്സന്‍ ഉത്പാദിപ്പിച്ച തൈകള്‍ സ്വന്തം നഴ്‌സറിയിലൂടെയും വില്പന നടത്തുന്നു. സംശയങ്ങള്‍ക്ക് വിളിക്കാം. ഫോണ്‍: 9745332055.
Courtesy : Mathrubhumi Agri

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)