Sunday, March 18, 2012

വളര്‍ച്ച കൂട്ടാന്‍ ജൈവമിശ്രിതങ്ങള്‍


Posted on: 18 Mar 2012
ജി.എസ്. ഉണ്ണികൃഷ്ണന്‍
കൃഷിപാഠം
 
പച്ചക്കറികളും പയറുവര്‍ഗങ്ങളുമൊക്കെ ജൈവമാര്‍ഗത്തില്‍ കൃഷിചെയ്യുമ്പോള്‍ വളര്‍ച്ചാ ഉത്തേജകമിശ്രിതങ്ങള്‍ പ്രയോഗിക്കുന്നതു നല്ലതാണ്. പഞ്ചഗവ്യം പോലെ പരിചിതമായവയ്ക്കുപുറമെ മറ്റുചിലതിനെക്കൂടി അറിയാം.

'ആര്‍.കെ. ബാക്ടീരിയ' എന്നുപേരിട്ട ഉത്തേജകമിശ്രിതം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചാരം നേടിവരുന്നുണ്ട്. ഇതുണ്ടാക്കാന്‍ 50 ലിറ്റര്‍ കൊള്ളുന്ന പ്ലാസ്റ്റിക് കാനില്‍ അഞ്ച് കിലോഗ്രാം പച്ചച്ചാണകം, ശര്‍ക്കര പൊടിച്ചത് മുക്കാല്‍ കിലോഗ്രാം, കടുക്കപ്പൊടി 25 ഗ്രാം എന്നിവ നന്നായി ഇളക്കിച്ചേര്‍ക്കുക. അഞ്ച് ഗ്രാം ഇരട്ടിമധുരം അരലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ചത് കാനിലെ മിശ്രിതത്തിലിട്ട് ഇളക്കണം. തുടര്‍ന്ന് വാവട്ടത്തില്‍നിന്ന് കുറച്ചുഭാഗം വിട്ട് കാനില്‍ വെള്ളം നിറച്ച് അടയ്ക്കുക. രണ്ടുദിവസം കഴിയുമ്പോള്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തിലൂടെ ഉള്ളില്‍ മീഥേന്‍ വാതകം ഉണ്ടാകും. അടപ്പു ചെറുതായി തുറന്ന് ഗ്യാസ് പുറത്തുപോകാന്‍ അനുവദിക്കുക. അല്ലാത്തപക്ഷം ഗ്യാസിന്റെ സമ്മര്‍ദംകൊണ്ട് കാന്‍ പൊട്ടാനിടയുണ്ട്. 10 ദിവസംകൂടി കഴിയുമ്പോള്‍ ഉത്തേജകമിശ്രിതം തയ്യാറാവും. ഇതിന്റെ ഒരു ലിറ്റര്‍, 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി വിളകളുടെ ഇലകളില്‍ തളിക്കുകയോ ചുവട്ടില്‍ ഒഴിക്കുകയോ ചെയ്യാം. ഇലയുടെ വലിപ്പം, പ്രകാശവിശ്ലേഷണത്തോത് എന്നിവ കൂട്ടുകവഴി വളര്‍ച്ചയും വിളവും മെച്ചപ്പെടുത്താനും കീടരോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.

'തിമോര്‍' എന്നറിയപ്പെടുന്ന മറ്റൊരു വളര്‍ച്ചാ ഉത്തേജകമുണ്ടാക്കാന്‍ അഞ്ചുലിറ്റര്‍ ഇളനീര്‍ ഒരു കാനിലെടുത്ത് 10 തേങ്ങയുടെ കാമ്പ് ചുരണ്ടിയത് ഇതിലിടുക. തുടര്‍ന്ന് ഒരു ചണസഞ്ചിയില്‍ (തുണിസഞ്ചിയില്‍) 10 കിലോഗ്രാം അഴുകിയപഴങ്ങള്‍ നിറച്ചുകെട്ടി നേരത്തേയുണ്ടാക്കിയ മിശ്രിതത്തില്‍ ഇട്ടുവെക്കണം. ഒരാഴ്ച കഴിയുമ്പോള്‍ ദുര്‍ഗന്ധമുണ്ടാകും. ഇതാണ് തിമോര്‍ ലായനി ഉപയോഗിക്കാനുള്ള പരുവം. അരലിറ്റര്‍ തിമോര്‍ ലായനി, ഒരു ലിറ്റര്‍ ആര്‍.കെ. ബാക്ടീരിയ മിശ്രിതവും 10 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് പ്രയോഗിച്ചാല്‍ ഗുണം പതിന്മടങ്ങാകും.

അരപ്പുമോര് മിശ്രിതമാണ് മറ്റൊന്ന്. കുലിവാക (വരച്ചി)യുടെ ഇല ഒരു ലിറ്റര്‍ കപ്പില്‍ കൊള്ളുംവിധമെടുത്ത് വെള്ളംചേര്‍ത്ത് അരയ്ക്കുകയും ഒരു ലിറ്റര്‍ ഇളനീര്‍, അഞ്ചുലിറ്റര്‍ മോര് എന്നിവയുടെ മിശ്രിതത്തില്‍ ഇതിട്ട് ഇളക്കുകയും ചെയ്യുക. മിശ്രിതത്തില്‍ തിമോര്‍ മിശ്രിതം ഉണ്ടാക്കുന്നരീതിയില്‍ത്തന്നെ അഴുകിയ പഴങ്ങളിട്ടുവെച്ച് ഒരാഴ്ച കഴിഞ്ഞ് തിമോറില്‍ പറഞ്ഞവിധത്തില്‍ത്തന്നെ ഉപയോഗിക്കാം.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)