- എലിസബത്ത് ജോസഫ്
പാലാക്കാര്‍ക്ക് റബര്‍ഷീറ്റ് സംസ്കരണം മാത്രമല്ല നാളികേരസംസ്കരണവും ഇണങ്ങുമെന്ന് തെളിയിക്കുകയാണ് പ്ളാശനാല്‍ സ്വദേശിനികളായ അഞ്ചു യുവതികള്‍. ശബരീസ് ഫുഡ് പ്രോഡക്ട്സ് എന്ന പേരില്‍ ഇവര്‍ നിര്‍മിച്ചു വിപണനം നടത്തുന്ന വെര്‍ജിന്‍ കോക്കനട്ട് ഓയിലിനും കോക്കനട്ട് ലഡുവിനുമൊക്കെ ആവശ്യക്കാരേറെ.കോട്ടയം ജില്ലയിലെ കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ദ്വിദിന ഭക്ഷ്യ സംസ്കരണ പരിശീലനമാണ് ശബരീസ് ഫുഡ് പ്രോഡക്സിന്റെ രൂപീകരണത്തിനിടയാക്കിയത്. ഇതിനോടനുബന്ധിച്ച് മറ്റു രണ്ടു പരിശീലനങ്ങളിലും ഇവര്‍ പങ്കെടുത്തു. പരിശീലനം കഴിഞ്ഞു മടങ്ങുമ്പോള്‍ ഇവരുടെ മനസ്സില്‍ മൊട്ടിട്ട ആഗ്രഹത്തിന്റെ സാഫല്യമാണ് ശബരീസ് .
അഞ്ച് കുടുംബശ്രീ അംഗങ്ങളുടെ സംയുക്തസംരംഭമാണിത്- ബിന്ദു, സുജിത, ശാന്തമ്മ, മിനി, ആശ . പരിശീലനക്ളാസില്‍ പഠിച്ച സംസ്കരണ പാഠങ്ങള്‍ വീടുകളില്‍ പരീക്ഷിച്ചുനേടിയ ആത്മ വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ അവര്‍ കൂട്ടായി പ്രവര്‍ത്തിക്കാന്‍ തൂടങ്ങി.
ശബരീസിന്റെ ഉത്പന്നങ്ങളില്‍ പ്രധാനം വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ആണ്.ശുദ്ധമായ തേങ്ങാപാലില്‍ നിന്നും നിര്‍മ്മിക്കുന്നതാണ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍. ഇത് ഔഷധമായി നേരിട്ടും അല്ലാതെയും ഉപയോഗിക്കുന്നു. നവജാത ശിശുക്കള്‍ക്ക് ഉപയോഗിക്കാന്‍ അത്യുത്തമമാണ് ഈ വെളിച്ചെണ്ണ. ചര്‍മരോഗങ്ങള്‍ക്കും അലര്‍ജികള്‍ക്കും ഈ ഓയില്‍ ഉത്തമ ഔഷധമാണ്. ഗര്‍ഭിണികള്‍ ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടങ്ങളില്‍ ഇത് സേവിച്ചാല്‍ സുഖപ്രസവത്തിനു സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 250എംഎല്‍ ബോട്ടിലിന് 150 രൂപയാണ് വില.
ശബരീസിന്റെ മറ്റൊരു രുചിയേറിയ ഉത്പന്നമാണ് കോക്കനട്ട് ലഡു. വെര്‍ജിന്‍ ഓയിലിന്റെ ഉത്പാദനത്തിനുശേഷം പാഴായി പോകുന്ന കല്‍ക്കനില്‍ നിന്നാണ് ഈ രുചിയേറിയ വിഭവം തയ്യാറാക്കുന്നത്. കൊഴുപ്പ് തീരെ കലരാത്ത ലഡുവിന് മോടി കൂട്ടാന്‍ നിലക്കടലയും ഈന്തപ്പഴവും ചേര്‍ക്കുന്നു. 10 എണ്ണം ഉള്‍പ്പെടുന്ന പായ്ക്കറ്റിന് വില 25 രൂപ.
ഔഷധഗുണമുള്ള നറുനീണ്ടി സ്ക്വാഷാണ് ഈ ഗ്രൂപ്പിന്റെ മറ്റൊരു ഉത്പന്നം. ദാഹശമനിയായും അതോടൊപ്പം ഔഷധ ഗുണമുള്ള പാനീയമായും ഇത് സേവിക്കാം. വാത സംബന്ധമായ രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍ എന്നിവയ്ക്കും, കിഡ്നിയുടെ ശരിയായ പ്രവര്‍ത്തനത്തിനും ഈ പാനീയം ഗുണകരമാണ്. ഇത് ഉപയോഗിച്ചാല്‍ രക്തം കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുമത്രേ. 250 എംഎല്‍ കുപ്പിക്ക് 75 രൂപയാണ് വില.
ശബരീസ് ഫുഡ് പ്രോഡക്റ്റ്സിന്റെ മുന്‍നിര പ്രവര്‍ത്തകയായ ബിന്ദു പ്രഭകുമാറിന്റെ ഭവനത്തിലാണ് ഈ വിഭവങ്ങള്‍ തയാറാക്കുന്നത്. യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തികൊണ്ടു പോകൂന്നതിനുള്ള സ്ഥലപരിമിതിയാണ് ഇപ്പോള്‍ ശബരീസിനെ അലട്ടുന്നത്. സ്വന്തമായി ഒരു കെട്ടിടവും മറ്റു സൌകര്യങ്ങളും ഇവരുടെ സ്വപ്നമാണ്. കെട്ടിടനിര്‍മാണത്തിനു ഇപ്പോള്‍ ലഭ്യമായ തുക മതിയാകില്ല. സ്ത്രീശാക്തീകരണത്തിന്റെ മകുടോദാഹരണമായി മാറേണ്ട ഈ യൂണിറ്റിനു വേണ്ട സാമ്പത്തിക പിന്തുണ നല്കാന്‍ വനിതാക്ഷേമ പ്രവര്‍ത്തനങ്ങല്‍ക്കായി കോടികള്‍ ചെലവഴിക്കുന്ന സ്ഥാപനങ്ങളിലൊന്നെങ്കിലും സന്നദ്ധമാവുമെന്ന പ്രതീക്ഷയാണിവര്‍ക്കുള്ളത്.
കടപ്പാട് : കര്‍ഷകന്‍ മാഗസിന്‍
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)