Wednesday, December 7, 2011

മുറ്റത്ത് അലങ്കാരമായി ഇളനീര്‍ തെങ്ങ്‌

കടപ്പാട് : പി.ടി. സിറാജുദ്ദീന്‍
ഇളനീരിനായി ദാഹിക്കുമ്പോള്‍ തെങ്ങില്‍ കയറാന്‍ ആളെ അന്വേഷിച്ച് നടന്നാല്‍ കുടിക്കാനുള്ള താത്പര്യം തന്നെ നഷ്ടപ്പെടും. ഇതിന് പരിഹാരമായി ഒരു ചെറുതെങ്ങ് മുറ്റത്ത് വളര്‍ത്തിയാല്‍ കുട്ടികള്‍ക്ക് പോലും അടര്‍ത്തിയെടുത്ത് ഉപയോഗിക്കാം.

വിവിധയിനം കുറിയ തെങ്ങുകള്‍ പല വീടുകളുടെ മുറ്റത്തും അലങ്കാരമായി കായ്ച്ചു നില്‍ക്കുന്നത് അനുഗ്രഹമാണ്. വേനല്‍ക്കാലത്തെ കൊടുംവെയിലില്‍ വീട്ടിലെത്തുന്ന അതിഥിക്ക് ഒരു ഇളനീരില്‍ കൂടിയ സല്‍ക്കാരം വേണ്ട. അത്രയ്ക്ക് ആനന്ദം അതിഥിക്കും ആതിഥേയനും ലഭിക്കും. കൃത്രിമമായതോ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തതോ അല്ല എന്നതും പോഷക സമ്പന്നമാണ് എന്നതുമാണ് ഇളനീരിന്റെ വലിയ ഗുണങ്ങള്‍. പുത്തനായി നല്‍കുന്നത് സ്‌നേഹം പതിന്‍മടങ്ങാക്കുന്നു.

സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നഴ്‌സറികളില്‍ മേന്മയേറിയ തൈകള്‍ ലഭിക്കും. നന്നായി ശ്രദ്ധിച്ചാല്‍ ഇത്തരം തെങ്ങുകള്‍ മൂന്നുവര്‍ഷം കൊണ്ട് കായ്ച്ച് തുടങ്ങും. കരുത്തുള്ള തൈകള്‍ വേണം നടുന്നത്. ഒരു മീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് 60 സെ.മീറ്റര്‍ ജൈവവളം നിക്ഷേപിച്ച ശേഷം 10 സെ.മീറ്റര്‍ മേല്‍മണ്ണ് മൂടി അതിലാണ് തൈ വെക്കേണ്ടത്. തണല്‍ ഇല്ലാത്ത സ്ഥലത്തായിരിക്കണം നടുന്നത്. മണ്ണിന്റെ പി.എച്ച്. ഏഴില്‍ ക്രമീകരിക്കാന്‍ ശ്രമിക്കണം. അടിവളമായി നല്‍കാന്‍ ചാണകപ്പൊടി, വെണ്ണീര്‍, കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം. മുറ്റത്താവുമ്പോള്‍ ആവശ്യത്തിന് നനച്ച് കൊടുക്കാനും എളുപ്പമാവും.

വീട്ടിലെ ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഒരിടമായി തെങ്ങിന്‍തടം മാറും. മാലിന്യങ്ങള്‍ നിക്ഷേപിച്ചശേഷം അതിനെ മറയ്ക്കാന്‍ മാത്രം അല്‍പ്പം മണ്ണിട്ടാല്‍ അവ ചീഞ്ഞളിഞ്ഞ് മണ്ണില്‍ ചേരും. അതിനാല്‍ പ്രത്യേകമായി വളം ചെയ്യേണ്ടിവരില്ല. ഉയരം കുറഞ്ഞ തെങ്ങായതിനാല്‍ രോഗ, കീട ബാധകള്‍ക്കെതിരെ എളുപ്പത്തില്‍ പ്രതിവിധികള്‍ ചെയ്യാനും സാധ്യമാകും.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)