Thursday, December 29, 2011

കാമധേനു. ഭാഗം ഒന്ന്

          മകരമഞ്ഞിന്റെ തണുപ്പുള്ള പ്രഭാതത്തില്‍ കയ്യിലൊരു കപ്പു ചൂടുപാല്‍ചായയും  ദിനപത്രവുമായി പൂമുഖത്തിരിക്കുന്ന ശരാശരി മലയാളി.  തൊഴുത്തില്‍ കെട്ടിയ നന്ദിനിപ്പശുവിന്റെ അകിട്ടില്‍ നിന്നു പാല്‍ കറന്നു ചായ വെച്ചു കുടിച്ചിരുന്ന ഒരു ഭൂതകാലം.ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മയാണിതോരോ മലയാളിക്കും.കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം ഒരു കാലത്ത് അത്ഭുതത്തോടെ മാത്രം കണ്ടിരുന്ന പായ്കറ്റ് പാല്‍ മലയാളിയുടെ ശീലങ്ങളിലും കയറിപ്പറ്റി  .മില്‍മ ജനങ്ങള്‍ക്കെത്തിച്ചു കൊടുക്കുന്ന പാലിന്റെ ഗുണനിലവാരത്തെപറ്റി അധികം പരാതി കേള്‍ ക്കാനില്ലെങ്കിലും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാലിന്റെ നിലവാരം ഡയറി ഡ്വലപ്മെന്റ് ഡിപ്പാര്‍റ്റ്മെന്റ് പരിശോധനക്കു വിധേയമാക്കുന്നില്ല.പെട്രോളിനെ വെല്ലുന്ന രീതിയിലാണു പാല്‍വില കുതിക്കുന്നതെങ്കിലും  കേരളക്കരയെ പാലും ചായയും കുടിപ്പിക്കാന്‍ മില്‍മ നടത്തുന്ന അഭ്യാസങ്ങള്‍ കണ്ടാലോ, സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല. കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പാലിന്റെ അളവു കുറയുന്ന വേനല്‍ക്കാലത്ത് അത്രത്തോളം ത്യാഗം സഹിച്ചാണു അന്യസംസ്ഥാനങ്ങളില്‍ നിന്നു പാല്‍ നമ്മുടെ മലയാള മണ്ണില്‍ എത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ പോയി അവിടുത്തെ ഡയറിഫാം കണ്ടു തൃപ്തിയടഞ്ഞവരുടെ വാക്കുകള്‍ കേട്ടാല്‍ പിന്നെ ജീവിതത്തിലൊരിക്കലും പാല്‍ കൈ കൊണ്ടു തൊടില്ല. അത്രയ്ക്കും വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് അവിടങ്ങളിലെ പാലുത്പാദനം. കണ്ടാലറയ്ക്കുന്ന ചുറ്റുപാടുകള്‍ , പഴകിപ്പുളിച്ച പാലിന്റെ തികട്ടി വരുന്ന മണം, അമോണിയം ചോരുന്ന ഐസ് പ്ലാന്റുകള്‍ . ഇതൊക്കെ മുഖമുദ്രയാക്കിയ അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന പാലാണു നമ്മള്‍ അമൃത് പോലെ കുടിക്കുന്നത്..ഇതൊക്കെ സഹിച്ചാലും കിട്ടുന്നത് പാലു പോലേയുള്ള ദ്രാവകവും. ഫുഡ് ഇന്‍സ്പെക്റ്റര്‍മാരെ കാണേണ്ട രീതിയില്‍ അവര്‍ കാണുന്നുണ്ടെന്നുള്ളതു ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.  എന്തുകൊണ്ടാണു നമ്മുടെ സംസ്ഥാനത്തില്‍ ഈയൊരവസ്ഥ സംജാതമായിരിക്കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ പിടിപ്പുകേടും, ആസൂത്രണമില്ലായ്മയും, വെള്ളാനകളായ ഉദ്യോഗസ്ഥന്മാരും. ഇതിനെല്ലാം പുറമേ സ്വകാര്യഡയറി ഫാം ഉടമകളോടുള്ള സര്‍ക്കാരിന്റെ ചിറ്റമ്മ നയവും. എന്നിട്ട് സര്‍ക്കാര്‍ അധീനതയിലുള്ള ഹൈടെക് ഫാമുകളില്‍ നടക്കുന്നതോ. കുളത്തൂര്‍പ്പുഴ ഹൈടെക് ഫാമിലേക്കു വാങ്ങിയ മുന്തിയ ഇനം 200 പശുക്കളില്‍ 50 എണ്ണവും ചത്തു. എച്ച് എഫ് ഇനത്തില്‍ പെട്ട ഈ മിണ്ടാപ്രാണികള്‍ക്കു വിനയായത് പ്രതികൂല കാലാവസ്ഥയും തീറ്റപ്പുല്ലിന്റെ കുറവുമെന്ന് സര്‍ക്കാര്‍ ഭാഷ്യം. കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്നതും ഭാവിയില്‍ അതിരൂക്ഷമായേക്കാവുന്നതുമായ പാല്‍ക്ഷാമത്തിനു  മാറ്റം വരുത്താന്‍ പുതിയ തലമുറക്കു കഴിയുമോ.  ഇനിയും നന്മ നശിച്ചിട്ടില്ലാത്ത ശ്രീ ഫ്രാന്‍സിസ് സേവ്യറെ പോലേയുള്ള ഉദ്യോഗസ്ഥരും ഡാനിഷ് മജീദിനെ പോലേയുള്ള ചെറുപ്പക്കാരും ശ്രീ ചന്ദ്രശേഖരന്‍ നായരെപ്പോലെയുള്ള തല മുതിര്‍ന്ന കര്‍ഷകരുമുള്ളപ്പോള്‍ നമുക്കു പ്രത്യാശിക്കാം, സ്വയം പര്യാപ്തമായ ക്ഷീരോത്പാദന സംസ്ഥാനമായി കേരളം മാറുമെന്ന്. ക്ഷീര കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണു,എങ്ങിനെ ഒരു നല്ല ഡയറിഫാം വികസിപ്പിച്ചെടുക്കാം എന്നു തുടങ്ങി  പശു വളര്‍ത്തലിന്റെ വിവിധ വശങ്ങളെക്കുറിച്ച്  ശ്രീ ദീപക് മേനോന്‍ നടത്തിയ വിശകലനങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുകയാണു. വരും ഭാഗങ്ങളില്‍ ...

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)