Tuesday, June 16, 2015

രണ്ടര വര്‍ഷംകൊണ്ട് കായ്ക്കുന്ന കുടമ്പുളി ഇനങ്ങള്‍-

രണ്ടര വര്‍ഷംകൊണ്ട് കായ്ക്കുന്ന കുടമ്പുളി ഇനങ്ങള്‍- അമ്യതം , ഹരിത കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചു
മലയാളിയുടെ നിത്യോപയോഗത്തിലുള്ള സുഗന്ധവ്യഞ്‌ജനമാണ്‌ കുടമ്പുളി. ഇംഗ്ലീഷില്‍ മലബാര്‍ ടാമറിന്റ്‌ എന്നും സംസ്‌കൃതത്തില്‍ ഹലാമ്ല എന്നും അറിയപ്പെടുന്ന കുടമ്പുളി മധ്യതിരുവിതാംകൂറിലെ മീന്‍കറികളിലും ചെമ്മീന്‍ കറയിലുമെല്ലാം പ്രത്യേക രുചിക്കൂട്ടാണ്‌. എരിവിനൊപ്പം പുളി നല്‍കുന്നതിന്‌ കുടമ്പുളിയാണ്‌ ഉപയോഗിക്കുന്നത്‌. ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്‌. പൊണ്ണത്തടിയും കൊളസ്‌ട്രോളും കുറയ്‌ക്കുമെന്ന പ്രചാണത്തെ തുടര്‍ന്ന്‌ പാശ്‌ചാത്യരാജ്യങ്ങളില്‍ കുടമ്പുളിക്ക്‌ ആവശ്യക്കാര്‍ ഏറുന്നു. നേരിയ മധുരമുള്ള പുളിരസമാണ്‌ കുടമ്പുളിക്ക്‌. ഇതില്‍ അടങ്ങിയിട്ടുള്ള വിവിധ അമ്ലങ്ങളാണ്‌ പുളിരസത്തിനു കാരണം. ഹൈഡ്രോക്‌സി സിട്രിക്‌ ആസിഡ്‌ (എച്ച്‌.സി.എ.), മാലിക്‌ ആസിഡ്‌, ടാര്‍ ടാറിക്‌ ആസിഡ്‌ എന്നിവയാണ്‌ കുടമ്പുളിയില്‍ അടങ്ങിയിട്ടുള്ളത്‌. ഹൈഡ്രോക്‌സി സിട്രിക്‌ ആസിഡിനാണ്‌ പൊണ്ണത്തടിയും കൊളസ്‌ട്രോളും കുറയ്‌ക്കാന്‍ ശേഷിയുള്ളത്‌. ഗാര്‍സിനോള്‍, ഐസോ ഗാര്‍സിനോള്‍ എന്നിവയാണ്‌ കുടമ്പുളിയിലെ മറ്റ്‌ രാസഘടകങ്ങള്‍.

തീരപ്രദേശങ്ങളിലും പുഴയോരങ്ങളിലും മലയോരങ്ങളിലും കുടമ്പുളി ദീര്‍ഘകാല വിളയായി കൃഷിചെയ്ുന്നുയ. നിത്യഹരിത വൃക്ഷമായ കുടമ്പുളിയില്‍ ആണ്‍-പെണ്‍ വൃക്ഷങ്ങള്‍ വെവ്വേറെ കാണപ്പെടുന്നു. പെണ്‍വൃക്ഷങ്ങളില്‍ നിന്നു മാത്രമേ ഫലം ലഭിക്കു. വിത്തു മുളപ്പിച്ചുണ്ടാകുന്ന തൈകള്‍ നടുമ്പോള്‍ 50-60 ശതമാനം തൈകള്‍ ആണ്‍ വൃക്ഷങ്ങളായി വളരും. പെണ്‍വൃക്ഷങ്ങള്‍ കായ്‌ക്കുവാന്‍ 10-12 വര്‍ഷങ്ങളെടുക്കും. ഒട്ടുതൈകള്‍ നട്ടാല്‍ മൂന്ന്‌ വര്‍ഷംകൊണ്ട്‌ കായ്‌ക്കും.

അടുത്തകാലത്ത്‌ വലിയ വാണിജ്യപ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന കുടമ്പുളിയുടെ ഉല്‌പാദനശേഷി കൂടിയ അമൃതം, ഹരിതം എന്നീ രണ്ട്‌ ഇനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കോട്ടയം കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം പുറത്തിറക്കി. 1990 മുതല്‍ വ്യാഴവട്ടകാലം നടത്തിയ ഗവേഷണത്തിന്റെ ഫലമാണ്‌ രണ്ട്‌ പുതിയ ഇനങ്ങള്‍.
വാണിജ്യാടിസ്‌ഥാനത്തില്‍.കൃഷി ചെയ്യാന്‍ യോജിച്ച ഇനമാണ്‌ അമൃതം. ഒരു വൃക്ഷത്തില്‍നിന്നും ഒരു വര്‍ഷം ശരാശരി 1127 കായ്‌കള്‍ ലഭിക്കും. ഒരു കായ്‌ക്ക് ശരാശരി 106 ഗ്രാം തൂക്കമുണ്ടാകും. ഉരുണ്ട ആകൃതിയുള്ള കായ്‌കള്‍ പഴുക്കുമ്പോള്‍ ആകര്‍ഷകമായ മഞ്ഞ നിറമാകും.

ഒരു വൃക്ഷത്തില്‍നിന്നും ശരാശരി 16 കിലോഗ്രാം ഉണങ്ങിയ കുടമ്പുളി പ്രതിവര്‍ഷം ലഭിക്കും. 10 വര്‍ഷം പ്രായമായ വൃക്ഷത്തില്‍നിന്നുമാണ്‌ ഈ വിളവ്‌. ഉണങ്ങിയ പുളിയില നീരിന്‌ 51.8 ശതമാനം പുളിരസമുണ്ട്‌. ഇതില്‍ 19.34 ശതമാനം ഹൈഡ്രോക്‌സി സിട്രിക്‌ ആസിഡും അടങ്ങിയിരിക്കുന്നു. വെള്ളകെട്ടുള്ള താഴ്‌ന്ന പ്രദേശങ്ങളില്‍ ഈ ഇനം കൃഷി ചെയ്യാം. തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാനും യോജിച്ച ഇനമാണ്‌. കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്‌ത്രജ്‌ഞന്‍ ഡോ. കെ.കെ. ഈനാസിയുടെ നേതൃത്വത്തിലാണ്‌ വികസിപ്പിച്ചെടുത്തത്‌.

പന്ത്രണ്ടര മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇനമാണ്‌ അമൃതം. ഉണങ്ങിയ കടമ്പുളി കൂടുതല്‍ കിട്ടുന്നതു കൊണ്ട്‌ വാണിജ്യാടിസ്‌ഥാനത്തില്‍ കൃഷി ചെയ്യാന്‍ ഉത്തമമാണ്‌.

അമൃതം ഇനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വീട്ടുവളപ്പുകളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ ഉയരം കുറഞ്ഞ കുടമ്പുളി ഇനമാണ്‌ ഹരിതം. ആറ്‌ മീറ്ററാണ്‌ ശരാശരി ഉയരം. ഗുണമേന്മ കൂടുതലുള്ള കടമ്പുളിയാണ്‌ ഈ ഇനത്തിന്റേത്‌. കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ ഡോ. ഈനാസി, പ്ര?ഫ. ഡോ. ആലിസ്‌ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ഗവേഷണ കേന്ദ്രത്തിലെ കുടമ്പുളി ജനിതക ശേഖരത്തില്‍ നിന്നും നിര്‍ധാരണത്തിലൂടെ വികസിപ്പിച്ചെടുത്തതാണ്‌ ഈ ഇനം. ഇതിന്റെ 10 വര്‍ഷം പ്രായമായ ഒരു ഗ്രാഫ്‌റ്റ് വൃക്ഷത്തില്‍നിന്ന്‌ പ്രതിവര്‍ഷം 480 ഓളം (55 കിലോഗ്രാം) കായ്‌കളും അതില്‍നിന്നും 9.91 കിലോ ഉണങ്ങിയ പുളിയും ലഭിക്കും. കുറച്ചു സ്‌ഥലം മതിയെന്നതാണ്‌ പ്രത്യേകത. തൊലിയിലെ നീരില്‍ 52.99 ശതമാനം അമ്ലത്വമുണ്ട്‌. ഇതില്‍ 16.47 ശതമാനം ഹൈഡ്രോക്‌സി സിട്രിക്‌ ആസിഡ്‌ അടങ്ങിയിരിക്കുന്നു. ആകര്‍ഷകമായ മഞ്ഞ നിറമാണ്‌ പഴുത്ത കായ്‌കള്‍ക്ക്‌. തൊലിക്ക്‌ 22 മില്ലിമീറ്റര്‍ കനമുണ്ടാകും.

ജനുവരി -മാര്‍ച്ച്‌ മാസക്കാലത്താണ്‌ കുടമ്പുളി പൂക്കുന്നത്‌. കാലവര്‍ഷാരംഭത്തോടെ കേരളത്തില്‍ കുടമ്പുളിയുടെ സീസണും തുടങ്ങും. പഴുത്ത കായ്‌കള്‍ ശേഖരിച്ച്‌ ഉള്ളിലെ മാംസള ഭാഗവും വിത്തുകളും നീക്കി പുറന്തോട്‌ വേര്‍തിരിച്ചെടുക്കുന്നു. ഇത്‌ വെയിലത്ത്‌ വെച്ചോ, പുകകൊള്ളിച്ചോ ഉണക്കിയെടുക്കാം. മഴക്കാലം ആരംഭിക്കുന്നതോടെ 7 - 7 മീറ്റര്‍ അകലത്തില്‍ കുഴികളെടുത്ത്‌ കുടമ്പുളിയുടെ ഗ്രാഫ്‌റ്റ് തൈകള്‍ നടാം.

1 comment:

  1. രണ്ടരവര്‍ഷം കൊണ്ട്--- അതിശയമായിരിക്കുന്നു

    ReplyDelete

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)