എം.എ.സുധീര്‍ബാബു, പട്ടാമ്പി
വേനല്‍ച്ചൂട് രൂക്ഷമാവുകയാണ്. ചൂടിന്റെ ആഘാതം റബ്ബര്‍ത്തൈകള്‍ക്കും തോട്ടത്തില്‍ നട്ടിരിക്കുന്ന ചെറിയ തൈകള്‍ക്കും പ്രശ്‌നമാണ്. ഇവ ഉണങ്ങി നശിക്കാന്‍ സാധ്യതയുണ്ട്. നഴ്‌സറിയിലെ ചെറുതൈകളില്‍ തണ്ട് മണ്ണുമായി യോജിക്കുന്ന ഭാഗത്താണ് ഉണക്ക് വരുന്നത്.
തണ്ടിനുചുറ്റും ഉണങ്ങുകയും തൈകള്‍ മുഴുവനായി നശിക്കുകയും ചെയ്യും. തൈകള്‍ക്ക് ചുറ്റിലുമുള്ള ഭാഗത്തെ മണ്ണ് ക്രമാതീതമായി ചൂടാകുന്നതിനാലാണ് ചെറിയ തൈകള്‍ ഉണങ്ങുന്നത്.
റബ്ബര്‍ത്തൈകള്‍ക്കുചുറ്റും തടങ്ങളില്‍ ഉണങ്ങിയ ചപ്പുചവറുകളും ഉണക്കയിലയും പുതയിട്ടാല്‍ ഇതിനാശ്വാസം കിട്ടും. തോട്ടപ്പയര്‍, ആഫ്രിക്കന്‍ പായല്‍ എന്നിവ ഇതിന് ഉപയോഗിക്കാം. തോട്ടത്തില്‍ നട്ടിട്ടുള്ള ചെറിയ റബ്ബര്‍ത്തൈകളില്‍ ചുവടുഭാഗത്ത് തെക്കുപടിഞ്ഞാറ് വശത്തോ തെക്കുഭാഗത്തോ ആണ് സാധാരണ ഉണക്കേല്‍ക്കുന്നത്. വെയിലേറ്റാല്‍ തൈകളുടെ അടിവശത്ത് തൊലി ഉണങ്ങുകയും ചിലയവസരത്തില്‍ കറ പൊട്ടിയൊഴുകുകയും ചെയ്യും. ഉണങ്ങിയ തൊലി ത്രികോണാകൃതിയില്‍ തടിയോട് ഒട്ടിയിരിക്കുന്നത് കാണാം.
വേനലാരംഭത്തില്‍ത്തന്നെ തോട്ടത്തിലെ ചെറുതൈകള്‍ക്കുചുവട്ടില്‍ പുതയിടണം. ഉണങ്ങിയ ഇലകള്‍, തോട്ടപ്പയര്‍ എന്നിവ ഉപയോഗിച്ച് പുതയിടുന്നതുവഴി മണ്ണിലെ നനവ് നിലനിര്‍ത്താം. ജൈവാംശംകൂടി മണ്ണിന്റെ വളക്കൂറ് വര്‍ധിക്കും. കളകള്‍ക്ക് വളരാന്‍ പറ്റില്ല. ചെറിയതൈകള്‍ക്ക് മുളയോ ഈറ്റയോ ഉപയോഗിച്ച് തണല്‍ നല്‍കാം. തെങ്ങോല മെടഞ്ഞതും നല്ലതാണ്.
ഒരുവര്‍ഷത്തിലേറെ പ്രായമായ തൈകളുള്ള തോട്ടങ്ങളിലും കൂടത്തൈകള്‍ നട്ടിരിക്കുന്ന തോട്ടങ്ങളിലും തൈകളില്‍ തറനിരപ്പില്‍നിന്ന് തൊലിയില്‍ തവിട്ടുനിറമെത്തിയ ഭാഗംവരെ വെള്ളപൂശുന്നത് ഉത്തമമാണ്. നല്ല കക്കനീറ്റിയ ചുണ്ണാമ്പുതന്നെയാണ് ഉത്തമം. ചുണ്ണാമ്പിനോടുകൂടി തുരിശ് ചേര്‍ക്കേണ്ടതില്ല.
സൂര്യാഘാതമേറ്റാല്‍ തെലിയുണങ്ങും. ഇത്തരം തൈകളില്‍ ഉണങ്ങിയ ഭാഗം നന്നായി ചെത്തി വൃത്തിയാക്കി കുമിള്‍നാശിനി ഉപയോഗിച്ച് നന്നായി കഴുകണം. നന്നായി ഉണങ്ങിയശേഷം വേഗത്തില്‍ റബ്ബര്‍തൊലി വളര്‍ന്നുവരാന്‍ 'റബ്ബര്‍കോട്ട്' പോലെയുള്ള പെട്രോളിയം ഉത്പന്നം പുരട്ടണം. പിന്നീട് വെയിലടിക്കാതിരിക്കാന്‍ ഇതിനുമുകളില്‍ നന്നായി വെള്ളപൂശുകയും വേണം.
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)