Tuesday, January 26, 2016

വേനല്‍ക്കാല പച്ചക്കറിക്കൃഷിക്ക് വിത്തൊരുക്കാം




വേനല്‍ക്കാല പച്ചക്കറിക്കൃഷിക്ക് വിത്തൊരുക്കാം


വേനല്‍ക്കാല പച്ചക്കറിക്ക് കേരളം ഒരുങ്ങുകയാണ്. ഏറ്റവും കൂടുതല്‍ പ്രദേശത്ത്കൃഷിചെയ്യുന്ന പ്രധാന സീസണും ഇതാണ്. അതുകൊണ്ടുതന്നെ ആവശ്യമായ വിത്തും നടീല്‍ വസ്തുക്കളും ലഭിക്കാനുള്ള പരിമിതിയും ഉണ്ട്. ആവശ്യമായതിന്റെ 20–25% മാത്രമേ അംഗീകൃത ഏജന്‍സിവഴി ഉണ്ടാക്കുന്നുള്ളു. ബാക്കി കര്‍ഷകര്‍ പരസ്പര കൈമാറ്റത്തിലൂടെയും മുന്‍ വിളയുടെ സൂക്ഷിപ്പിലൂടെയുമാണ് കണ്ടെത്തുന്നത്.
'വിത്തുഗുണം പത്ത് ഗുണം'' എന്ന പഴമൊഴി അന്വര്‍ഥമാണ്. വിത്തില്‍ പിഴച്ചാല്‍ 30% വരെ നഷ്ടംവരും. ചിലവ പൂര്‍ണമായ പരാജയമായും മാറും. അതുകൊണ്ട് പിന്നില്‍ കൂടുതല്‍ ശ്രദ്ധവേണം. മഴതീരെയില്ലാത്ത മാര്‍ച്ച് – ഏപ്രില്‍ മാസം വിളവെടുത്ത കായ്കളിലെ വിത്താണ് അനുയോജ്യം. മഴക്കാലത്ത് ഈര്‍പ്പം കൂടിയാല്‍ മുള ശേഷികുറയും.

ഇനിപറയുന്ന കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുക.

1. കലര്‍പ്പില്ലാത്ത വിത്താവണം: പലയിനങ്ങളും ഒരേസ്ഥലത്ത് കൃഷിചെയ്യുനോപള്‍ മറ്റിനങ്ങളുടെ കലര്‍പ്പുണ്ടാകം. ഇത് ശ്രദ്ധിക്കുക (ഉദാ: വെള്ളനിറത്തിലുള്ള പാവക്ക വേണമെന്നുണ്ടെങ്കില്‍ ഇതിനടുത്തുതന്നെ പച്ചനിറമുള്ള പാവല്‍കൃഷിചെയ്ത ഇടത്തെ വിത്താണെങ്കില്‍ ഇവ തമ്മില്‍ സങ്കരണം നടന്ന വ്യത്യസ്തമായ നിറമുള്ള കായയാവും ഉണ്ടാവുക. ഇതും ഒരു തരം കലര്‍പ്പാണ്).
2. നല്ല അങ്കുരണ ശേഷി ഉണ്ടാവണം.
3. രോഗകീടബാധ ഇല്ലാത്ത വിത്തായിരിക്കണം.
4. കായ്കള്‍ ശരിയായി മൂത്തുപഴുത്ത ശേഷമുള്ളവയില്‍ നിന്നു വേണം വിത്തെടുക്കാന്‍.
ഉദാ: തക്കാളി, മുളക്, വഴുതിന എന്നിവയുടെ കായ്കള്‍ മുഴുവനും നന്നായി പഴുത്തശേഷമേ വിളവെടുക്കാവൂ. പാവല്‍– പടവലം എന്നിവയുടെ മുക്കാല്‍ഭാഗം പഴുത്താല്‍ വിത്തിനായി എടുക്കാം.
വെള്ളരി– കുമ്പളം– മഞ്ഞള്‍ എന്നിവയുടെ കായ്കള്‍ പഴുത്ത് ഞെട്ട് വാടി ഉണങ്ങിയ ശേഷം വിത്തെടുക്കണം.
പയര്‍– വെണ്ട: ഉണങ്ങിയശേഷം വിത്തെടുക്കാം.
പീച്ചി – ചുരക്ക: കായ്കള്‍ ഉണങ്ങി കിലുങ്ങുമ്പോള്‍ വിത്തെതടുക്കാം.

സംസ്കരണത്തില്‍ ശ്രദ്ധിക്കുക
പാവല്‍– പടവലം– മഞ്ഞള്‍, വെള്ളരി എന്നിവയുടെ വിത്ത് ശേഖരിക്കുമ്പോള്‍ വിത്തുള്‍പ്പെടുന്ന മാംസള ഭാഗം ഒരു ദിവസം പുളിപ്പിച്ചശേഷം നന്നായി കഴുകി പിഴിഞ്ഞെടുത്ത് ഉണക്കിയശേഷം നടാം.
വെണ്ട– പയര്‍– വഴുതിന കായയോടെ സൂക്ഷിച്ച് അവശ്യസമയത്ത് പൊടിച്ച് വിത്തെടുക്കുന്ന രീതിയേക്കാള്‍ നല്ലത് വിത്ത് വേര്‍പെടുത്തി ഉണക്കി സൂക്ഷിക്കുന്നതാണ്.
വിത്ത് കടുത്ത വെയിലില്‍ ഇട്ട് പെട്ടെന്ന് ഉണക്കരുത്. തണലില്‍ ഉണക്കി സൂക്ഷിച്ചതാവണം.
ഉയര്‍ന്ന ഈര്‍പ്പം അങ്കുരണശേഷി കുറക്കും. 10–12% ജലാംശം എന്നാണ് കണക്ക്.
പഴയകാലത്ത് പാവല്‍, പടവലം, മത്തന്‍, കുമ്പളം വിത്തുകള്‍ പച്ചച്ചാണകത്തില്‍ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്. ഇത് തുടരാം.

സ്യൂഡൊമോണസ് പ്രയോഗം
വളര്‍ച്ചയെ ത്വരിതപ്പെടുത്താനും രോഗം വരുത്തുന്ന ബാക്ടീരിയ, കുമിള്‍ എന്നിവ തടയാനും കഴിയുന്ന ഒരു സ്യൂഡൊമോണസ് എന്ന ജൈവസാന്നിധ്യ വസ്തു ലഭ്യമാണ്. നടുന്നതിനുമുമ്പെ 20 ഗ്രാം സ്യൂഡൊമോണസ് 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ 15 മിനിട്ട് നേരം വിത്ത് കുതിര്‍ത്തശേഷം നടുന്നത് ഫലപ്രദമാണ്. തൈകളാണെങ്കില്‍ രണ്ട് മൂന്ന് ഇലവന്ന ശേഷം മേല്‍പറഞ്ഞ ലായനി സ്പ്രേ ചെയ്യാം. ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. പറിച്ചുനടുന്ന തൈകള്‍ക്ക് 250 ഗ്രാം മുക്കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനിയില്‍ 15 മിനിട്ട് വേരുകള്‍ മുക്കിയശേഷം നടാം.

വിത്തുകള്‍ നേരിട്ട് മണ്ണില്‍ നട്ട് മുളപ്പിച്ചെടുക്കുന്നതിനെക്കാള്‍ ഗുണം പോട് ട്രേയില്‍ വിത്ത് കിളുര്‍പ്പിച്ച് തൈകളാക്കി നടുന്നതാണ്. പ്രത്യേകിച്ചും മുളക്കാന്‍ കാലതാമസം വരുന്ന വെണ്ട, വഴുതിന, തക്കാളി, മുളക് തുടങ്ങിയ ഇനങ്ങള്‍. ചവടുകള്‍ പിടിച്ചുകിട്ടാനും, പ്രധാനകൃഷിയിടങ്ങളിലെ വളര്‍ച്ചാകാലയളവ് കുറകാനും ഇത് സഹായിക്കും.

മലപ്പട്ടം പ്രഭാകരന്‍

പച്ചക്കറി വിത്തുകള്‍ നടേണ്ട രീതി.



പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത് ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം.

നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി 'സ്‌പ്രേ ചെയ്ത്' നനക്കണം. ഈ വിത്തുകളെള്ളാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകള്‍ അടിച്ചുമാറ്റി കടത്തുന്നത് ശ്രദ്ധിച്ച് അവയെ തടയണം. ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.
     
      വിത്തില്‍ വേരു വരുന്നത് കൂര്‍ത്തവശത്തിനുള്ളില്‍ നിന്നും ആണ് അതിനാല്‍ വിത്തുകള്‍ നടുമ്പോള്‍ അവയുടെ കൂര്‍ത്തവശം താഴേക്ക് ആക്കി നടണം,വെള്ളത്തില്‍ കുതിര്‍ത്ത വിത്താണെങ്കില്‍ പെട്ടന്ന് മുളകും,പാവല്‍, പടവലം, പീച്ചില്‍,വിത്തുകളുടെ കൂര്‍ത്ത വശം പെട്ടന്നു മാറി പോവാന്‍ സാധ്യതയുണ്ട്. കണ്ഫ്യൂഷന് ഉള്ളവര്‍ ഇവ നടുമ്പോള്‍ അവയുടെ വിത്ത് 2മത്തെ ചിത്രത്തില്‍ കൊടുത്തിരിക്കുന്ന പോലെ മണ്ണിനു കുറുകെ horizontal ആയി പാകുക.വിത്ത് 1cm ആഴത്തില്‍ അധികം കുഴിച്ചിടരുത്,മുളക്കുനത് വരെ ഇപ്പോഴും ഈര്‍പ്പം,വെള്ളം അധികമായാല്‍ വിത്ത് ചീഞ്ഞു പോവും

മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതില്‍ പാവല്‍, പടവലം, താലോരി, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. അവക്ക് വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂര്‍ത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടര്‍ത്തിമാറ്റിയാല്‍ മതിയാവും. അങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വേര് വരും.

ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ അവ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്‍ക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.

ടെറസ്സ്‌കൃഷിയില്‍ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിര്‍ത്തിയാല്‍ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. . ചെടി നടുന്നത് ടെറസ്സിലാവുമ്പോള്‍ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട് നേരമെങ്കിലും കര്‍ഷകന്‍ ടെറസ്സില്‍ കയറണം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേര്‍ത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം


No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)