Sunday, February 24, 2013

പപ്പായ - സാധാരണക്കാരന്റെ ആപ്പിള്‍



പോഷകങ്ങളുടെ നിറകുടം


സാധാരണക്കാരന്റെ ആപ്പിള്‍ ആണ് പപ്പായ. ആപ്പിളിലുള്ള എല്ലാ പോഷകങ്ങളും മൂലകങ്ങളും പപ്പായ പഴത്തില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഔഷധഗുണങ്ങളും പോഷകഗുണങ്ങളും വേണ്ടുവോളമുള്ള ഫലം. ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ, പപ്പരങ്ങ, തോപ്പക്കായ, കൊപ്പക്കായ ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. സ്വാദിഷ്ടമായ ഭക്ഷണം. ഹണിഡ്യ, വാഷിങ്ടണ്‍ , മെഡഗാസ്കര്‍ , റാഞ്ചി, ബാംഗ്ലൂര്‍ , സിഒ-1, സിഒ-2 എന്നിങ്ങനെ വിവിധ ഇനങ്ങളുണ്ട്. വലിയ ഉയരം വയ്ക്കാത്തതാണ് ഹണിഡ്യ പഴം നീണ്ടിരിക്കും. കഴമ്പിന് നല്ല മാര്‍ദവമുള്ളതാണ്. പേരുപോലെ മധുരമുണ്ടിതിന്. നല്ല മണവുമുണ്ട്. പപ്പായയുടെ ജന്മദേശം മെക്സികോ ആണെന്ന് ചിലര്‍ പറയുന്നു. അമേരിക്കയുടെ ഉഷ്ണ മേഖലയിലോ വെസ്റ്റ് ഇന്‍ഡീസിലോ ആണ് ഉത്ഭവമെന്ന് കരുതുന്നവരുമുണ്ട്. 16-ാം നൂറ്റാണ്ടില്‍ തെക്കെ അമേരിക്കയില്‍നിന്നാണ് മലാക്ക വഴി ഇന്ത്യയിലെത്തിയതെന്ന് പറയപ്പെടുന്നു. ഇന്ത്യയില്‍നിന്നാണ് പപ്പായ ചൈനയില്‍ എത്തിയത്. തന്മൂലമായിരിക്കണം പപ്പായ ഒരു ഇന്ത്യന്‍ ഫലവൃക്ഷമായി ചൈനക്കാര്‍ കരുതുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ചെറിയ തോതില്‍ കൃഷി ചെയ്യുന്നു. ഏറ്റവും കൂടുതല്‍ പപ്പായയെ ഇഷ്ടപ്പെടുന്നത് ഹവായിയിലുള്ളവരാണ്. ഫലവര്‍ഗങ്ങളില്‍ ഇന്ത്യയില്‍ അഞ്ചാം സ്ഥാനമുണ്ട്. അസം, ബീഹാര്‍ , ഉത്തര്‍പ്രദേശ്, ആന്ധ്ര, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടകം, എന്നിവിടങ്ങളില്‍ കൃഷി ചെയ്തുവരുന്നു. അസമും ബീഹാറുമാണ് പപ്പായ കൃഷിയില്‍ മുന്നിട്ടുനില്‍ക്കുന്നത്. വെള്ളക്കെട്ടില്‍ ഇത് വളരില്ല. പച്ചക്കായയുടെ പുറം കീറിയാല്‍ പാലുപോലെ ഒലിച്ചുവരുന്ന ദ്രവം (എന്‍സൈം) മാംസത്തിലെ പ്രോട്ടീനെ (മാംസ്യം) ശിഥിലീഭവിപ്പിച്ച് മാര്‍ദവമുള്ളതാക്കിത്തീര്‍ക്കുന്നു. ഈ എന്‍സൈം പ്രവര്‍ത്തിക്കുന്നത് 140-175 ഫാരന്‍ഹീറ്റില്‍ വേവിക്കുമ്പോഴാണ്. മാംസം ഭക്ഷിച്ചതിനുശേഷമുണ്ടാകുന്ന അസുഖങ്ങള്‍ക്കും ദഹനമില്ലാത്തതിനും പപ്പായപ്പഴം തിന്നാല്‍ മതി. പച്ചക്കായ് രണ്ടു കഷണം ഇറച്ചിയിലിട്ടു വേവിച്ചാല്‍ നല്ലതായി വേകും. പപ്പായ മരത്തിന്റെ വേര് ഒരു നെര്‍വ് ടോണിക്കായും പ്രയോജനപ്പെടുത്തി വരുന്നു. പപ്പായ പഴമായും പച്ചക്കറിയായും ഉപയോഗിക്കുന്നു. ദഹനശക്തി വര്‍ധിപ്പിക്കും. പ്രാതലിന് പപ്പായ ഉള്‍പ്പെടുത്തിയാല്‍ ദഹനത്തേയും ശോധനയേയും സഹായിക്കും. പഴത്തില്‍നിന്നെടുക്കുന്ന സിറപ്പും വൈനും ദഹനത്തിന് ഒരു ശമന ഔഷധമായും ടോണിക്കായും ഉപയോഗിക്കുന്നു. മനുഷ്യശരീരത്തിന് ആവശ്യമായ ധാതുലവണങ്ങളുടെയും വിറ്റാമിനുകളുടെയും പോഷക പദാര്‍ഥങ്ങളുടെയും നിറകുടമെന്ന് വിശേഷിപ്പിക്കാം. പ്രോട്ടീന്‍ , കാര്‍ബോ ഹൈഡ്രേറ്റ്, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, ബി, ബി2, സി, ജി എന്നിവ പപ്പായയിലുണ്ട്. 88% വെള്ളമാണ്. പപ്പായയുടെ എല്ലാ ഭാഗങ്ങളും ഔഷധത്തിന് ഉപയോഗിക്കുന്നു. വിശപ്പില്ലാത്തവര്‍ക്ക് പപ്പായ ഉത്തമ സുഹൃത്താണ്. "കാപ്പസയിഡ്" എന്ന ആല്‍ക്കലോയിഡ് ഇലയിലുള്ളതിനാല്‍ സന്ധിവേദന, ഞരമ്പു വേദന, ഞരമ്പുതളര്‍ച്ച, എന്നിവയ്ക്ക് ഫലപ്രദമാണ്. ദീപനം, കാഴ്ചശക്തി, ബുദ്ധിശക്തി, രക്തവര്‍ധന, എല്ലിനും പല്ലിനും ബലം നല്‍കല്‍ , മാലിന്യവിസര്‍ജനം, പ്രമേഹം, മലബന്ധം, ദഹനക്കുറവ്, മൂലക്കുരു, പല്ലുവേദന, ആര്‍ത്തവശുദ്ധി, ആമാശയശുദ്ധി, എന്നിയ്ക്കെല്ലാം ഉത്തമം. ഗുണമേന്മയുടെ കാര്യത്തില്‍ അഗ്രഗണ്യന്‍ . പ്രത്യേക പരിചരണമില്ലാതെ തൊടികളിലെല്ലാം വളരുന്നു. മെഴുക്കുപുരട്ടിക്കു മുതല്‍ മീന്‍കറിക്കുവരെ ഉപയോഗിക്കാം. പപ്പായ ചേര്‍ത്തുണ്ടാക്കുന്ന ഉണക്കമീന്‍ കറിയുടെ സ്വാദ് വിശേഷപ്പെട്ടതാണ്. നല്ലപോലെ പഴുത്ത പപ്പായ കൊണ്ട് ജാം, ജെല്ലി, അച്ചാര്‍ , മര്‍മ്മലൈസ്, പഴസത്തുക്കള്‍ , എന്നിവ ഉണ്ടാക്കാം. ഈസ്റ്റിന്‍ഡീസില്‍ പാതി പഴുത്ത കായ് മുറിച്ച് പഞ്ചസാരയിലിട്ട് ജലാംശം വരുന്നതു വരെ വേവിച്ച് പായസവും (പുഡിങ്) ഉണ്ടാക്കാറുണ്ട്. പപ്പക്ക, ഓറഞ്ച്, കൈതച്ചക്ക എന്നിവകൊണ്ട് ഫ്രൂട്ട് സാലഡ് ഉണ്ടാക്കാറുണ്ട്. ഇലയിലും തണ്ടിലും കായ്കളിലും എല്ലാം ഒരുതരം കറയുണ്ട്. പാലുപോലുള്ള ഈ കറയില്‍ പപ്പെയിന്‍ എന്ന എന്‍സൈം അടങ്ങിയിരിക്കുന്നു. വളരെയേറെ ഉപയോഗമുണ്ടിതിന്. കുടല്‍ വൃണങ്ങള്‍ , ഡിഫ്ത്തീരിയ, ക്യാന്‍സര്‍ , എന്നിവയുടെ ശമനത്തിന് സഹായിക്കും. തൊലിക്കുള്ള രോഗങ്ങള്‍ക്കും നന്ന്. വ്യവസായപരമായ പ്രാധാന്യമുണ്ടിതിന്. മാംസം ടിന്നിലാക്കുന്ന വ്യവസായം, ബിയര്‍ നിര്‍മാണം, തുകല്‍ ഊറയ്ക്കിടുക, ഔഷധനിര്‍മാണം, കമ്പിളിത്തുണി നിര്‍മാണം, ചൂയിംഗം നിര്‍മാണം, തുടങ്ങിയ വ്യവസായങ്ങള്‍ക്ക് പപ്പെയിന്‍ ആവശ്യമാണ്. സിലോണ്‍ , വെസ്റ്റിന്‍ഡീസ്, കരീബിയന്‍ ദ്വീപുകള്‍ , ടാന്‍സാനിയ എന്നിവിടങ്ങളില്‍ വ്യവസായാടിസ്ഥാനത്തില്‍ പപ്പയിന്‍ നിര്‍മിക്കുന്നുണ്ട്. പൊടി രൂപത്തിലാണ് വിപണനം. ആഹാര പദാര്‍ഥങ്ങളുമായി ചേര്‍ത്ത് കഴിക്കാവുന്ന ഔഷധ പ്രയോഗങ്ങള്‍ താഴെ ചേര്‍ക്കുന്നു. അര്‍ശസ്: പപ്പായ ധാരാളം ഭക്ഷിച്ചാല്‍ അര്‍ശസിന് ആശ്വാസം ലഭിക്കും. അഴുക്കുകളയാന്‍ : പപ്പായ മരത്തിന്റെ ഇലയോ പച്ചക്കായയുടെ കഷണമോ തുണി കഴുകുമ്പോള്‍ വെള്ളത്തിലിട്ടാല്‍ അഴുക്ക് നല്ലതുപോലെ ഇളകി വരും. എന്നാല്‍ തുണിയിലെ ചായം ഇളകുകയുമില്ല. ആസ്തമ: ഉണങ്ങിയ ഇലകൊണ്ട് ചുരുട്ടുണ്ടാക്കി കത്തിച്ച് വലിച്ചാല്‍ ആശ്വാസം ലഭിക്കും. ആര്‍ത്തവം: പച്ചപപ്പായ കുരുവും കറയും കളയാതെ ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔണ്‍സ് വീതം ദിവസവും രണ്ടുനേരം കഴിച്ചാല്‍ ആര്‍ത്തവം സുഗമമാവും. മുടങ്ങിയും വേദനയോടുകൂടിയുള്ള ആര്‍ത്തവത്തിന് ഓമക്കായ് കുരു ഉള്‍പ്പെടെ ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔണ്‍സ് വീതം രണ്ടു നേരം കഴിക്കുക. പച്ചക്കായ് സൂപ്പുവച്ചു കുടിച്ചാല്‍ ആര്‍ത്തവ വേദനയ്ക്ക് ശമനം കിട്ടും. അധിക ആര്‍ത്തവത്തിനും ഇത് നന്ന്. കരള്‍ : പച്ചക്കായയുടെ സൂപ്പ് കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് നന്ന്. കാഴ്ചശക്തി: 100 ഗ്രാമില്‍ 2500 വിറ്റമിന്‍ "എ" ഉള്ളതിനാല്‍ ധാരാളം ഭക്ഷിച്ചാല്‍ കാഴ്ച ശക്തി അധികകാലം നിലനില്‍ക്കുന്നതാണ്. കണ്ണുകളുടെ ആരോഗ്യവും കാഴ്ച ശക്തിയും പപ്പായ സ്ഥിരമായി കഴിച്ചാല്‍ വര്‍ധിക്കും. കൃമി: മൂപ്പു കുറഞ്ഞ പപ്പായ 15 ദിവസം തുടര്‍ച്ചയായി വെറും വയറ്റില്‍ ഭക്ഷിച്ചാല്‍ കൃമി ശമിക്കും. വിത്ത് അരച്ചുകൊടുത്താല്‍ കൃമി നശിക്കും. ചിരങ്ങ്: പപ്പക്കായുടെ കുരുക്കള്‍ അരച്ച് തൊലിപുറത്ത് കുറച്ചുകാലം പുരട്ടിയാല്‍ ശമിക്കും. പല്ലുവേദന: ഇടയ്ക്കിടക്ക് പപ്പായ ഭക്ഷിച്ചുകൊണ്ടിരുന്നാല്‍ പല്ലു വേദന വരുകയില്ല. പ്രമേഹം: പപ്പായ തുടര്‍ച്ചയായി ഭക്ഷിച്ചാല്‍ ശമിക്കും. പ്രമേഹ രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ "സി"യുടെ കുറവ് പപ്പായ തിന്നാല്‍ പരിഹരിക്കും. മുഖസൗന്ദര്യം: പഴുത്ത പപ്പായ ഉടച്ച് മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് ആദ്യം ചൂടു വെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകുക. കുറച്ചുനാള്‍ പതിവാക്കിയാല്‍ മാര്‍ദവവും മിനുസവും ഭംഗിയും കിട്ടും. പൗഡര്‍ ഉപയോഗിക്കരുത്. മുഖത്തെ ചുളിവും മാറും. മുഖക്കുരുവും നശിക്കും. പച്ച പപ്പായയും മഞ്ഞളും അരച്ച് മുഖത്ത് പുരട്ടി അരമണിക്കുര്‍ കഴിഞ്ഞ് കഴുകുക. തുടര്‍ച്ചയായി ചെയ്താല്‍ മുഖസൗന്ദര്യം വര്‍ധിക്കും. പാല് (കറ) കൂടിയാല്‍ പൊള്ളാന്‍ സാധ്യതയുണ്ട്).

കടപ്പാട് : ലേഖനം തയ്യാറാക്കിയ സുഭദ്രാദേവി ചിദംബരന്‍

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)