Wednesday, October 24, 2012

രോഗശാന്തിയേകും കറ്റാര്‍വാഴ

കറ്റാര്‍വാഴ സൌന്ദര്യസംരക്ഷണത്തിനും ആരോഗ്യത്തിനും

വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ഇതിന്‍റെ ഇലകളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലില്‍ മ്യൂക്കോപോളിസാക്കറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ വിറ്റമിനുകള്‍ , അമിനോ ആസിഡുകള്‍ , ഇരുമ്പ് , മാംഗനീസ് , കാത്സ്യം , സിങ്ക് , എന്നിവയും അടങ്ങിയിട്ടുണ്ട്.

വിപണിയില്‍ ഇന്ന് ലഭ്യമായ മിക്ക ക്ലെന്‍സറുകളിലെയും മോയിസ്ചറൈസറുകളിലെയും മറ്റ് ലേപനങ്ങളിലെയും പ്രധാനഘടകമാണ് കറ്റാര്‍ വാഴ. ആന്‍റി ഓക്സിഡന്‍റ് കൂടിയാണ് ഇത്. രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുവാനും പൂപ്പല്‍ , ബാക്ടീരിയ എന്നിവയെ ചെറുക്കാനും ഇതിന് കഴിവുണ്ട്.

സൌന്ദര്യസംരക്ഷണത്തില്‍ കറ്റാര്‍വാഴ മുഖത്ത് അഭംഗിയായി മാറുന്ന ചെറിയ കറുത്ത പുള്ളികളാണോ നിങ്ങളുടെ പ്രശ്നം ? അല്‍പ്പം കറ്റാര്‍വാഴ നീര്, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് നേരത്തേക്ക് മുഖത്തു ലേപനം ചെയ്യുക. പാട നീക്കിയ പാല്‍ തടവി, അഞ്ചു മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ പാടെ ഇല്ലാതാക്കും.

കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ലി മസ്‌ലിന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കുക. കമ്പ്യൂട്ടര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതു നല്ലതാണ്.

കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍‍ദ്ധിപ്പിക്കാന്‍ സഹായിക്കും .

ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് സൂര്യതാപമേറ്റ ചര്‍മത്തിന് വളരെ നല്ലതാണ്.

കറ്റാര്‍ വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.

രോഗശാന്തിയേകും കറ്റാര്‍വാഴ

ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി പതിവായി വെറുംവയറ്റില്‍ കറ്റാര്‍വാഴനീരും തേനും യോജിപ്പിച്ചത് രണ്ട് സ്പൂണ്‍ വീതം കഴിച്ചാല്‍ മതി.

പച്ചമഞ്ഞള്‍ കറ്റാര്‍വാഴ നീരില്‍ അരച്ച് പുരട്ടുന്നത് വ്രണങ്ങള്‍ , കുഴിനഖം എന്നിവ ഇല്ലാതാക്കും.

ഷേവ് ചെയ്ത ശേഷം കറ്റാര്‍വാഴ ജെല്ലി തടവുന്നത് റേസര്‍ അലര്‍ജി, മുറിപ്പാടുകള്‍ ഇവ ഇല്ലാതാക്കും.
കടപ്പാട് : അമൃത് ടി‌വി
======================================================================
അലോവേര (Aloe Vera) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കറ്റാര്‍വാഴയെ ഇംഗ്ലീഷില്‍ ഇന്ത്യന്‍ അലോ (Indian Aloe) എന്നാണ് പറയുന്നത്. ഇതിന്റെ ഇലകള്‍ പൈനാപ്പിളിന്റെ ഇലയോട് രൂപസാദൃശ്യമുള്ളതും തടിച്ച് മാംസളവുമാണ്. ലില്ലി വര്‍ഗത്തില്‍‍ പെട്ട ഈ സസ്യത്തിന്റെ ഇലകളുടെ രണ്ടു വശങ്ങളിലും മുനയുള്ള കൂര്‍ത്ത മുള്ളുകള്‍ ‍ധാരാളം കാണാവുന്നതാണ്. കറ്റാര്‍‍വാഴ നീരിന് വളരെ വിപുലമായ തരത്തിലുള്ള ഗുണങ്ങള്‍‍ ഉള്ളതിനാല്‍‍ എരി
യുന്ന സസ്യം, പ്രമേഹ ശുശ്രൂഷച്ചെടി എന്നിങ്ങനെ വിശേഷിപ്പിക്കുന്നു.

ആയുര്‍വേദ വിധിപ്രകാരം സ്ത്രീരോഗങ്ങളില്‍ പലതിനുമുള്ള ഔഷധമാണ് കറ്റാര്‍വാഴ. സ്നിഗ്ദ്ധഗുണവും ശീതവീര്യവുമാണ് ഇതിനുള്ളത്. ത്രിദോഷഹരമായ ഇതില്‍ നിന്നാണ് ചെന്നിനായകം എന്ന ഔഷധം ഉണ്ടാക്കുന്നത്. ഇലച്ചാര്‍ ലേപനമായും എണ്ണകാച്ചുന്നതിലെ നീരായും ഉള്ളില്‍ കഴിക്കുന്ന ഔഷധമായും ഉപയോഗിച്ചു വരുന്നു. ഹോമിയോപ്പതിയില്‍ ശിരോരോഗങ്ങള്‍ക്കെതിരായി ധാരാളമായി ഉപയോഗിക്കുന്നു

ത്രിദോഷങ്ങളായ- വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമ ഔഷധമാണിത്. മുടി കൊഴിച്ചില്‍‍, കാതടപ്പ്, കോപം, തല ചൂടാകുന്നത്, എന്നിവ അകറ്റാന്‍‍ കറ്റാര്‍വാഴയുടെ ചാര്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. പിറ്റ്യൂറ്ററിഗ്രന്ഥി, തൈറോയിഡ് ഗ്രന്ഥി, ഓവറികള്‍‍ എന്നിവയുടെ പ്രവര്‍ത്തന ശേഷി ക്രമീകരിക്കുന്നതിനും ഈ ഔഷധം ഉത്തമമാണ്. ദഹനക്രിയ ക്രമീകരണം, വിശപ്പു വര്‍ദ്ധിപ്പിക്കല്‍‍, കരളിന് ഒരു ഉത്തമടോണിക്ക്, ആമാശയത്തിലെ കുരുക്കള്‍ ഇല്ലാതാക്കല്‍‍ എന്നിവ ഈ ഔഷധത്തിന്റെ ഒരു പ്രത്യേകതയാണ്.

സ്ത്രീകളുടെ ഒരു ഉറ്റ ചങ്ങാതിയാണെന്നു പറയാം. ‘കുമാരി’ എന്ന പേര് കറ്റാര്‍‍ വാഴയ്ക്ക് വളരെ അന്വര്‍ത്ഥമാണ്. ഗര്‍ഭാശയ സംബംന്ധമായ രോഗങ്ങള്‍ക്ക് കറ്റാര്‍വാഴ അടങ്ങിയ മരുന്ന് ഉത്തമ പ്രതിവിധിയാണ്. ആയുര്‍‍വേദത്തില്‍‍ കുമാരാസവം നടത്തുന്നു. കൂടാതെ അശോകാരിഷ്ടം അമിതമായ രക്തസ്രാവം തടയുന്നു.

ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാര്‍ വാഴയുടെ ദ്രവ രൂപത്തിലുള്ള ചാര്‍ ഉപയോഗിച്ചുവരുന്നു. ഇല അരച്ച് ശിരസ്സില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ തല തണുക്കുകയും താരന്‍ മാറിക്കിട്ടുകയും ചെയ്യും. കറ്റാര്‍വാഴ നീരും പച്ചമഞ്ഞളും അരച്ചു ചേര്‍ത്ത ലേപനം വ്രണങ്ങളും കുഴിനഖവും മാറാന്‍ വെച്ചുകെട്ടിയാല്‍ മതി. ഇലനീര് പശുവിന്‍ പാലിലോ ആട്ടിന്‍പാലിലോ ചേര്‍ത്ത് സേവിച്ചാല്‍ അസ്ഥിസ്രാവത്തിന് ശമനമുണ്ടാകും.

നല്ല തണുത്ത പ്രകൃതിയുള്ള കറ്റാര്‍വാഴയുടെ ഇലകളില്‍‍ ധാരാളം ജലം ഉള്ളതിനാലും പോഷകഗുണങ്ങള്‍‍, ഔഷധഗുണങ്ങള്‍‍ എന്നിവ വോണ്ടുവോളം ഉള്ളതിനാലും പല തരത്തിലുള്ള ത്വക്ക് രോഗങ്ങളും മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് ഫലപ്രദമാണ്. ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി, സ്വര്‍ഗ്ഗത്തിലെ മുത്ത് എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന സസ്യമാണ് കറ്റാര്‍വാഴ.

കടപ്പാട് : കേരള ഇന്നവേഷന്‍ ഫൌണ്ടേഷന്‍ (kif.gov.in)

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)