Wednesday, October 24, 2012

കാബേജും കോളിഫ്ലവറും കേരളത്തില്‍തയ്യാറാക്കിയത് : നിഷ എസ്.കെ., അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ്‌

ഹൈറേഞ്ചുകളിലെ മാത്രം കൃഷിയായിരുന്ന കാബേജും കോളിഫ്ലവറും ഇന്ന് കേരളത്തില്‍ എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യാന്‍ സാധിക്കും. ചൂടുകൂടിയ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ട്രോപ്പിക്കല്‍ ഇനങ്ങളുടെ ലഭ്യതയാണ് ഇത് സാധ്യമാക്കിയത്. താരതമ്യേന തണുപ്പ് കൂടുതല്‍ ലഭിക്കുന്ന നവംബര്‍ മുതല്‍ ഫിബ്രവരിവരെയുള്ള സമയത്ത് കൃഷി ചെയ്യണമെന്നതാണ് പരമപ്രധാനം.

ഒരു സെന്റില്‍ കൃഷിചെയ്യാന്‍ രണ്ടു ഗ്രാം വിത്ത് മതിയാകും. കടുക് മണിപോലുള്ള ചെറിയ വിത്തുകള്‍ പാകി, 20 -25 ദിവസം പ്രായമായ തൈകള്‍ പറിച്ചുനട്ടാണ് കൃഷി. പ്രോട്രേകളിലും പ്ലാസ്റ്റിക് കുപ്പികളിലും മറ്റും വളര്‍ത്തിയ നടാന്‍പാകമായ തൈകള്‍ കൃഷിവകുപ്പ്, വി.എഫ്.പി.സി.കെ., കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ ഗവേഷണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് നവംബര്‍ മുതല്‍ ലഭിക്കും.

നല്ല വെയിലും നീര്‍വാര്‍ച്ചയുമുള്ള സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. രണ്ടടി അകലത്തിലും ഒരടി വീതിയിലും ആഴത്തിലും സൗകര്യപ്രദമായ നീളത്തിലും ചാലുകളെടുക്കണം. ജൈവവളം മേല്‍മണ്ണുമായിച്ചേര്‍ത്ത് ചാലുകള്‍ മുക്കാല്‍ഭാഗത്തോളം മൂടണം. ഒരു സെന്റിന് 100 കിലോ ജൈവവളം ചേര്‍ക്കണം. ചാലുകളില്‍ ഒന്നരയടി അകലത്തില്‍ തൈകള്‍ നടാം. രണ്ടു മൂന്നു ദിവസത്തേക്ക് തണല്‍ കുത്തണം. നന്നായി നനയ്ക്കുകയും വേണം.

ചാക്കുകളിലും ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും നടീല്‍മിശ്രിതം നിറച്ച് തൈകള്‍ നടാം. മണ്ണും ആറ്റുമണലും കമ്പോസ്റ്റും തുല്യഅനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം വേണം നടാനായി ഉപയോഗിക്കാന്‍.

വളപ്രയോഗം

നട്ട് പത്തുദിവസമാകുമ്പോള്‍ സെന്റൊന്നിന് 650 ഗ്രാം യൂറിയ, 2 കിലോഗ്രാം മസ്സൂറിഫോസ്, 400 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കണം. ഒരു മാസം കഴിഞ്ഞ് 650 ഗ്രാം യൂറിയയും 400 ഗ്രാം പൊട്ടാഷും നല്‍കണം. മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയവ ഒരു തൈക്ക് 50 ഗ്രാം വീതം മൂന്നാഴ്ചയ്ക്കുശേഷം ചുവട്ടില്‍ ഇട്ട് മണ്ണ് കയറ്റിക്കൊടുക്കണം. ആവശ്യാനുസരണം നനയ്ക്കണം.

ഏകദേശം ഒന്ന് ഒന്നര മാസമാകുമ്പോള്‍ കോളിഫ്ലവര്‍ വിരിഞ്ഞുതുടങ്ങും. 55-60 ദിവസത്തിനുള്ളില്‍ കാബേജില്‍ ഹെഡ് ഉണ്ടായിത്തുടങ്ങും. 10-12 ദിവസത്തിനകം ഇവ വിളവെടുക്കാം. കോളിഫ്ലവര്‍ കാര്‍ഡുകള്‍ പകുതി മൂപ്പാകുമ്പോള്‍ ചെടിയുടെ ഇലകള്‍ കൊണ്ട് പൊതിഞ്ഞുകെട്ടുന്നത് നല്ല വെള്ളനിറം നല്‍കും.

രോഗകീടബാധ പൊതുവേ കുറവാണെങ്കിലും ഇലതീനിപ്പുഴുക്കളുടെ ആക്രമണം കാണാറുണ്ട്. വേപ്പധിഷ്ഠിത കീടനാശിനികള്‍ 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുന്നത് കീടങ്ങളെ നിയന്ത്രിക്കും. കുമിള്‍രോഗത്തിനെതിരെ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുന്നത് ഫലപ്രദമാണ്.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)