കടപ്പാട് : ഡോ. ടി.പി. സേതുമാധവന്‍
ജീവിതത്തില്‍ നല്ലൊരുഭാഗം വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ ചെലവഴിച്ച് നാട്ടില്‍ വരുന്നതിന് മുമ്പ് സ്വന്തം നാട്ടില്‍ പ്രാവര്‍ത്തികമാക്കാവുന്ന സംരംഭങ്ങളെ കുറിച്ചറിയാന്‍ ഏറെ പ്രവാസികള്‍ താത്പര്യപ്പെടുന്നുണ്ട്. ഏറെ കഷ്ടപ്പെട്ട് കൈമുതലാക്കിയ സാഹചര്യം ഫലപ്രദമായി വിനിയോഗിക്കാവുന്ന പദ്ധതികളെക്കുറിച്ചറിയാനാണ് ഏവര്‍ക്കും താല്‍പര്യം !
മൃഗസംരക്ഷണ മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്ന നിരവധി സംരംഭങ്ങളുണ്ട്. ഇന്നത്തെ ആഗോളവത്കൃതയുഗത്തില്‍ 'ആഗോളഗ്രാമം' എന്ന ആശയത്തിന് പ്രസക്തിയേറുമ്പോള്‍ ഭക്ഷ്യസുരക്ഷിതത്വ (Food Safety) ത്തിന്റെ ഭാഗമായി ജന്തുജന്യ ഉല്പന്നങ്ങള്‍ക്ക് മികച്ച വിപണന സാധ്യതകളിന്നുണ്ട്. ഡയറിഫാം, ആട് ഫാം, ഇറച്ചിക്കോഴി വളര്‍ത്തല്‍ യൂണിറ്റ്, പന്നിഫാമുകള്‍, കയറ്റുമതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍, മുയല്‍, കാട, താറാവ് വളര്‍ത്തല്‍ യൂണിറ്റുകള്‍, ഇറച്ചിയുല്പാദനത്തിനായി പോത്തിന്‍ കുട്ടികളെ വളര്‍ത്തുന്ന ഫാമുകള്‍ തുടങ്ങി വൈവിധ്യങ്ങളായ നിരവധി സംരംഭങ്ങള്‍ മൃഗസംരക്ഷണ മേഖലയില്‍ തുടങ്ങാവുന്നതാണ്. ഈ സാധ്യത മുന്നില്‍ക്കണ്ടുകൊണ്ട് അടുത്തയിടെ കേരളത്തില്‍ ആരംഭിച്ച വെറ്റിനറി സര്‍വ്വകലാശാല സംരംഭക്ത്വത്തിന് ഊന്നല്‍ നല്‍കികൊണ്ട് എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം ആരംഭിച്ചു കഴിഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും വ്യാവസായികാടിസ്ഥാനത്തിലുള്ള തൊഴില്‍ സംരംഭങ്ങള്‍ കേരളത്തിനാവശ്യമാണെന്ന തിരിച്ചറിവാണ് ഈ കേന്ദ്രത്തിന്റെ തുടക്കത്തിന് കാരണം.
ഡയറിഫാമുകള്‍ തുടങ്ങുമ്പോള്‍
കേരളത്തില്‍ പാലിന്റെ ലഭ്യതയും ആവശ്യകതയും തമ്മില്‍ വന്‍ അന്തരം നിലനില്‍ക്കുന്നു. ശുദ്ധമായ പാലിന് ആവശ്യക്കാര്‍ ഏറെയാണ്. പാലുല്പന്ന വിപണിയില്‍ ഉല്പന്നങ്ങള്‍ കുറവാണ്. ഈ സാധ്യത ഡയറിഫാമുകളുടെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ വിവരസാങ്കേതിക വിദ്യാരംഗത്തുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
സ്ഥലം
ഡയറിഫാം തുടങ്ങുമ്പോള്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയാണ് ആദ്യ കടമ്പ. വെള്ളം കെട്ടിനില്‍ക്കാത്തതും ഭൂനിരപ്പില്‍ നിന്നും ഉയര്‍ന്നതും, നല്ല നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലം കണ്ടെത്തണം. ചതുപ്പുപ്രദേശങ്ങള്‍, വെള്ളക്കെട്ടുള്ള പാടങ്ങള്‍ എന്നിവ ഇതിന് യോജിച്ചതല്ല. ഫാമിന് എത്ര സ്ഥലം ആവശ്യമാണെന്ന് പലരും ചോദിക്കാറുണ്ട്. എത്ര സ്ഥല വിസ്തൃതി കൂടുന്നുവോ അത്രയും ഫാം ലാഭകരമായി പ്രവര്‍ത്തിപ്പിക്കാം !
ഡയറിഫാമിന്റെ ചെലവില്‍ 75 ശതമാനവും തീറ്റയ്ക്ക് വേണ്ടിയാണ്. തീറ്റച്ചെലവ് കുറയ്ക്കാനുള്ള എളുപ്പമാര്‍ഗ്ഗം തീറ്റപ്പുല്ല് കൃഷിചെയ്യുകയാണ്. സ്ഥലവിസ്തൃതി കൂടുമ്പോള്‍ തീറ്റപ്പുല്‍കൃഷി വിപുലപ്പെടുത്താനും ഡയറിഫാം ലാഭകരമായി പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.സ്ഥലം ഗതാഗതയോഗ്യമായിരിക്കണം. വൈദ്യുതി, ശുദ്ധമായ വെള്ളം ചികിത്സാ സൗകര്യം, വിപണന സൗകര്യം എന്നിവ അടുത്തു തന്നെ വേണം.
തൊഴുത്ത്
തൊഴുത്ത് പണിയുമ്പോള്‍ വലിയ മുതല്‍ മുടക്ക് വരുത്തരുത്. മേല്‍ക്കൂരയ്ക്ക് പകരം ഓല, ലൈറ്റ് റൂഫിംഗ് മുതലായവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാം. ഹൈടെക് ഫാമുകള്‍ തുടങ്ങാനാണ് താല്‍പര്യമെങ്കില്‍ കോണ്‍ക്രീറ്റ്, ഫെറോസിമന്റ് കെട്ടിടങ്ങള്‍ വേണ്ടിവരും. മേല്‍ക്കൂരയ്ക്ക് കൂടുതല്‍ ഉയരം വേണം. തൊഴുത്തില്‍ യഥേഷ്ടം വായു സഞ്ചാരത്തിനുള്ള സൗകര്യം വേണം. തൊഴുത്തിനടുത്ത് സ്റ്റോര്‍ റൂം, തൊഴിലാളികള്‍ക്കുള്ള താമസ സൗകര്യം, എന്നിവ ഒരുക്കണം. തൊഴുത്തില്‍ പശുക്കള്‍ക്ക് സുഖപ്രദമായ അവസ്ഥ (Cow comfort) സംജാതമാകുന്ന രീതി പ്രാവര്‍ത്തികമാക്കണം. തൊഴുത്തിന്റെ തറ ഭൂനിരപ്പില്‍ നിന്നും ഒരടിയെങ്കിലും ഉയരത്തിലായിരിക്കണം. നിലം അധികം ചെരിവില്ലാതെ കോണ്‍ക്രീറ്റ് ചെയ്യണം. വളക്കുഴി അടുത്തു തന്നെ നിര്‍മ്മിക്കണം. മൂത്രച്ചാല്‍, തീറ്റത്തൊട്ടി എന്നിവ ശാസ്ത്രീയ രീതിയില്‍ നിര്‍മ്മിക്കണം.
പശുക്കള്‍ കിടക്കുമ്പോള്‍ അന്യോന്യം കൂട്ടിമുട്ടാന്‍ പാടില്ല. തൊഴുത്തില്‍ പശുവൊന്നിന് കൂടുതല്‍ സ്ഥലവസ്തൃതി ഉറപ്പുവരുത്തണം. സാധാരണയായി ശുപാര്‍ശ ചെയ്യുന്ന പശുവൊന്നിനുള്ള 1.7 മീറ്റര്‍ നീളവും, 1.2 മീറ്റര്‍ വീതിയും ഇീം രീാളീൃ േഉറപ്പുവരുത്താറില്ല. അതിനാല്‍ വിദേശരാജ്യങ്ങളില്‍ അനുവര്‍ത്തിക്കുന്നതുപോലെ പശുവൊന്നിന് കുറഞ്ഞത് മൂന്ന് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയും തൊഴുത്തില്‍ ലഭ്യമാക്കണം. തൊഴുത്തിന്റെ തറയില്‍ റബ്ബര്‍ മാറ്റിടുന്നത് കുളമ്പ് പാദരോഗങ്ങള്‍ കുറയ്ക്കാനിടവരുത്തും. തൊഴുത്തിനകത്തെ ചൂടു കുറയ്ക്കാന്‍ മിസ്റ്റ് (Mist) സംവിധാനം ഘടിപ്പിയ്ക്കാം.
കന്നുകാലികള്‍
ഫാം തുടങ്ങുമ്പോള്‍ സംരംഭകനുള്ള പ്രധാനപ്പെട്ട സംശയം ഡയറി ഫാമില്‍ പശുക്കളാണോ, എരുമകളാണോ നല്ലത് ?
പ്രതിദിനം ഒമ്പത് ലിറ്ററില്‍ കൂടുതല്‍ പാല്‍ ഒരു കറവമാടില്‍ നിന്നും ലഭിച്ചാല്‍ മാത്രമെ ഫാം ലാഭകരമാക്കാന്‍ സാധിക്കൂ. നീണ്ട 305 ദിവസക്കാല കറവ പശുക്കളില്‍ നിന്ന് ലഭിക്കുമ്പോള്‍ എരുമകളില്‍ നിന്നും 200 ദിവസത്തില്‍ കൂടുതല്‍ കറവ ഏറെ ശ്രമകരമാണ്. എരുമപ്പാലില്‍ കൊഴുപ്പിന്റെ അളവ് കൂടുമെങ്കിലും, എരുമകളില്‍ നിന്നുള്ള പാലുല്പാദനം കുറവാണ്. കറവ, പരിചരണം എന്നിവ പശുക്കളെ അപേക്ഷിച്ച് അത്ര എളുപ്പമല്ല !
അടുത്തയിടെ ഞാന്‍ ഹൈദരബാദിലെ സ്വകാര്യ എരുമ ഫാം സന്ദര്‍ശിച്ചപ്പോള്‍ ഒരു ലിറ്റര്‍ എരുമപ്പാല്‍ 47 രൂപയ്ക്കാണ് വില്‍പന നടത്തുന്നത് എന്നറിയാന്‍ കഴിഞ്ഞു. അതിനാല്‍ അയല്‍ സംസ്ഥാന വിപണി ലക്ഷ്യമിടുന്നുണ്ടെങ്കില്‍ മാത്രമേ എരുമ വളര്‍ത്തലിലേക്ക് തിരിയാവൂ.പശുക്കളാണെങ്കില്‍ സങ്കരയിനം ജേഴ്‌സി, ഹോള്‍സ്റ്റീന്‍, ഫ്രീഷ്യന്‍ ഇനങ്ങളെ വളര്‍ത്താം. ജേഴ്‌സിക്ക് ഹോള്‍സ്റ്റീനെ അപേക്ഷിച്ച് കൊഴുപ്പ് കൂടുതലും പാലിന്റെ അളവ് കുറവുമാണ്.
രണ്ട് പ്രസവങ്ങള്‍ തമ്മിലുമുള്ള ഇടവേള 15-16 മാസങ്ങളായിരിക്കണം. ആദ്യപ്രസവം രണ്ടര വയസ്സിനുള്ളില്‍ നടക്കണം. മൂന്നില്‍ കൂടുതല്‍ തവണ പ്രസവിച്ച പശുക്കളെ ഫാമിലേക്ക് വാങ്ങരുത്. ഫാമിലെ പശുക്കളില്‍ 80% കറവയിലും ബാക്കി ചെനയിലുമായിരിക്കണം. പ്രായകൂടുതലുള്ളവയെ ഒഴിവാക്കണം.
തീറ്റ, തീറ്റക്രമം
ശാസ്ത്രീയ തീറ്റക്രമം അനുവര്‍ത്തിക്കണം. ആവശ്യമായ തീറ്റയുടെ പകുതിയെങ്കിലും തീറ്റപ്പുല്ല് (ഒരുഗ്രാം തീറ്റയ്ക്ക് 10 കി. ഗ്രാം.) എന്ന തോതില്‍ നല്‍കണം. ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ നല്‍കണം. തീറ്റ അല്പം വെള്ളത്തില്‍ കുഴച്ച് വെള്ളം പ്രത്യേകമായി യഥേഷ്ടം നല്‍കണം. ശുദ്ധമായ വെള്ളം മാത്രമെ പശുക്കള്‍ക്ക് നല്‍കാവൂ. രാത്രിയില്‍ വെള്ളം യഥേഷ്ടം കുടിക്കാന്‍ നല്‍കുന്നത് പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
പരിചരണം
ശാസ്ത്രീയമായ കറവരീതി അനുവര്‍ത്തിക്കണം. തൊഴുത്ത് ദിവസേന കഴുകി വൃത്തിയാക്കണം. നിലം രോഗാണു വിമുക്തമാക്കാന്‍ കുമ്മായം, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ഉപയോഗിക്കാം. കറവയ്ക്ക് ശേഷം പോവിഡോണ്‍ അയഡിന്‍ ലായനി ഉപയോഗിച്ച് ടീറ്റ് ഡിപ്പിംഗ് പ്രാവര്‍ത്തികമാക്കാം. ഇത് അകിടുവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും. പശുക്കളെ ദിവസേന കുളിപ്പിക്കണം. അവയ്ക്ക് 14 മണിക്കൂര്‍ കിടന്ന് വിശ്രമിക്കാനുള്ള സൌകര്യം തൊഴുത്തില്‍ ആവശ്യമാണ്.
മുഴുവന്‍ പാലും കറന്നെടുക്കണം. അകിടിലുണ്ടാകുന്ന എത്ര നിസ്സാരമായ മുറിവുകളും പോറലുകളും ചികിത്സിപ്പിയ്ക്കണം. പ്രസവാനന്തരം, ചെനയുള്ളപ്പോള്‍, കറവ വറ്റുമ്പോള്‍ എന്നീ കാലയളവില്‍ പരിചരണ രീതിയില്‍ കാലാനുസൃതമായ മാറ്റം വരുത്തണം. പ്രസവിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷം കൃത്രിമ ബീജാധാനം നടത്തണം.
രോഗനിയന്ത്രണം
കുളമ്പു രോഗം, കുരലടപ്പന്‍ എന്നീ സാംക്രമിക രോഗങ്ങള്‍ക്കെതിരായി പശുക്കളെ കുത്തിവെപ്പിയ്ക്കണം. പ്രസവിച്ച് ആദ്യത്തെ രണ്ടാഴ്ചകള്‍ക്കുള്ളില്‍ വിരമരുന്ന് നല്‍കണം. വിറ്റാമിന്‍ ധാതുലവണ മിശ്രിതം എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തണം. പൂപ്പലുള്ളതോ പഴകിയതോ ആയ തീറ്റ പശുക്കള്‍ക്ക് നല്‍കരുത്.
അകിടുവീക്കം നിയന്ത്രിക്കാന്‍ മുഴുവന്‍ പാലും കറന്നെടുക്കണം. തൊഴുത്ത് രോഗാണുവിമുക്തമാക്കണം. കറവയ്ക്ക് ശേഷം ടീറ്റ് ഡിപ്പിംഗ് പ്രക്രിയ അനുവര്‍ത്തിക്കണം. അടുത്ത പ്രസവനത്തിനു മുമ്പ് ക്രമമായി മാത്രമെ കറവ വറ്റിക്കാവൂ. കറവവറ്റിയ്ക്കുമ്പോള്‍ മുലക്കാമ്പില്‍ മൂന്നാഴ്ച ഇടവിട്ട് ആന്റിബയോട്ടിക്ക് മരുന്നുകള്‍ കയറ്റുന്ന വറ്റുകാല ചികിത്സ അനുവര്‍ത്തിക്കണം.
വിപണനം
വിപണന സാധ്യതയ്ക്കനുസരിച്ച് പാല്‍ നേരിട്ടോ, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കിയോ വില്‍പന നടത്താം. ശുദ്ധമായ പാല്‍ 'Fresh milk' ആയി വില്‍പന നടത്താം. അധികമുള്ള പാല്‍, തൈര്, മോര്, നെയ്യ് എന്നിവയായി മാറ്റാം. വ്യാവസായികാടിസ്ഥാനത്തില്‍ യൂണിറ്റുകള്‍ക്ക് ഐസ്‌ക്രീം, പേഡ, മറ്റു പാലുല്പന്നങ്ങള്‍ എന്നിവയ്ക്കായി വില്‍പന നടത്താം.
ചാണകം ഉണക്കിപ്പൊടിച്ച് പച്ചക്കറി കൃഷി, ഉദ്യാനകഷി എന്നിവയ്ക്കുള്ള Vegetable Manure, Garden manure എന്നിവയാക്കി വില്‍പന നടത്താം. കുടുംബശ്രീ യൂണിറ്റുകളെ വിപണനവുമായി ബന്ധപ്പെടുത്താം. (തുടരും)
---------------------------------------------------------------------------------------------------------------
പ്രവാസികള്‍ക്ക് പുത്തന്‍ സംരംഭങ്ങള്‍-2
Posted on: 11 Nov 2011
ജനുസ്സ്, യന്ത്രവല്‍ക്കരണം, തീറ്റക്രമം
ഡയറിഫാം തുടങ്ങുമ്പോള്‍ സ്ഥല ലഭ്യതയ്ക്കനുസരിച്ച് ജനുസ്സുകളെ തിരഞ്ഞെടുക്കണം. താരതമ്യേന അന്തരീക്ഷോഷ്മാവ് കുറഞ്ഞ, ദീര്‍ഘനാള്‍ പച്ചപ്പുല്ല് ലഭിക്കുന്ന ഇടുക്കി, വയനാട് ജില്ലകളിലും, മലയോര മേഖലകളിലും അത്യുത്പാദനശേഷിയുള്ള ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനങ്ങളെ വളര്‍ത്താം. അന്തരീക്ഷോഷ്മാവ് കൂടിയ ഈജിപ്തിലും ഗള്‍ഫ് രാജ്യങ്ങളിലും ഹോള്‍സ്റ്റീന്‍ ഇനങ്ങളെ വളര്‍ത്തുന്നുണ്ടെങ്കിലും കൂടിയ അന്തരീക്ഷ ആര്‍ദ്രത നമ്മുടെ നാട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മറ്റുമേഖലകളില്‍ ജേഴ്‌സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യനെ അപേക്ഷിച്ച് വലിപ്പം കുറവാണ്. ശാന്തസ്വഭാവക്കാരായതിനാല്‍ പരിപാലനവും എളുപ്പമാണ്. പാലില്‍ കൊഴുപ്പിന്റെ അളവും കൂടുതലാണ്. ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന് പാലുല്പാദനം കൂടുതലാണെങ്കിലും വലിപ്പകൂടുതല്‍ കാരണം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. പാലില്‍ കൊഴുപ്പിന്റെ അളവ് കുറവാണ്.
ജനുസ്സു തീരുമാനിച്ചു കഴിഞ്ഞാല്‍ പശുക്കളുടെ ലഭ്യത ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കര്‍ണ്ണാടകയിലെ കോലാറിലെ ചന്തയില്‍ നിന്നും ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനം പശുക്കളെ ലഭിക്കും. കോലാര്‍ പാലിനും, സ്വര്‍ണ്ണത്തിനും കീര്‍ത്തികേട്ട സ്ഥലമാണ് ! കൂടാതെ പൊള്ളാച്ചി, സേലം, കോയമ്പത്തൂര്‍ മേഖലകളില്‍ നിന്നും സങ്കരയിനം പശുക്കളെ ലഭിക്കും. 5-10 പശുക്കളെ നാട്ടില്‍ നിന്നും, കര്‍ഷകരുടെ വീടുകളില്‍ നിന്നും വാങ്ങുന്നതാണ് നല്ലത്. എരുമകളാണെങ്കില്‍ മുറ ഇനങ്ങളെ പഞ്ചാബ്, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നും ഒരുമിച്ച് വാങ്ങാം.
സാധാരണയായി ഡയറിഫാം തുടങ്ങുമ്പോള്‍ സംരംഭകര്‍ കന്നുകാലികളെ വാങ്ങാന്‍ ഇടനിലക്കാരെ ഏല്‍പ്പിക്കാറാണ് പതിവ്. ഇത് ഫാം നഷ്ടത്തിനിടവരുത്താറുണ്ട്. സംരംഭകന്‍ മുന്‍കയ്യെടുത്ത് വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പശുക്കളെ വാങ്ങുന്നതാണ് നല്ലത്.
മഹാരാഷ്ട്രയില്‍ സാംഗ്ലി ജില്ലയിലെ ചിറ്റലെ ഡയറിഫാമില്‍ യന്ത്രവല്‍ക്കരണം പ്രാവര്‍ത്തികമാക്കി വരുന്നു. പശുക്കളുടെ കഴുത്തില്‍ ട്രാന്‍സ്‌പോണ്ടര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇവയിലൂടെ അവയുടെ വിവരങ്ങള്‍ ഡാറ്റാറൂമിലെ കംപ്യൂട്ടറില്‍ തെളിയും. അവയുടെ ശരീരത്തൂക്കം, ഉല്പാദനം എന്നിവയ്ക്കനുസൃതമായ Total Milk Ration System ഇവിടെ പ്രാവര്‍ത്തികമാക്കി വരുന്നു. ചാണകം എടുത്തുമാറ്റാന്‍ ഓട്ടോമാറ്റിക്ക് ഡങ്ങ് സ്‌ക്രാപ്പറുണ്ട്. കറവയ്ക്ക് മില്‍ക്കീംഗ് പാര്‍ലര്‍ സിസ്റ്റവുമുണ്ട്. കറന്ന പാല്‍ കൈകൊണ്ട് തൊടാതെ ഡയറി പ്ലാന്റലേക്ക് പമ്പ് ചെയ്ത് വരുന്നു. ചിറ്റലെയിലെ പാല്‍ ഉല്പന്നങ്ങള്‍ പൂനെ, മുംബൈ എന്നിവിടങ്ങളിലുള്ള Chitale Shop ല്‍ നിന്നു ലഭിക്കും. ചിറ്റലെ ബര്‍ഫിക്ക് ഏറെ ആവശ്യക്കാരിന്നുണ്ട്.കേരള കന്നുകാലി വികസന ബോര്‍ഡിന്റെ മാട്ടുപ്പെട്ടി, കോലാഹലമേട് കേന്ദ്രങ്ങളില്‍ ആരംഭിച്ചു വരുന്ന ഹൈടെക് ഫാമുകളില്‍ ആധുനിക രീതിയിലുള്ള തൊഴുത്തും, യന്ത്രവല്‍ക്കരണ സംവിധാനവും നിലവിലുണ്ട്.
ഡയറിഫാമില്‍ സ്ഥല വിസ്തൃതി കുറവാണെങ്കില്‍ TMR (Total Mixed Ration) രീതി അനുവര്‍ത്തിക്കാം. പ്രത്യേകിച്ച് വൈക്കോല്‍, തീറ്റപ്പുല്ല് എന്നിവയൊന്നും നല്‍കാതെ പശുക്കള്‍ക്കാവശ്യമായ എല്ലാ പോഷകങ്ങളുമടങ്ങിയ തീറ്റയാണ് TMR. ഇത് ബ്ലോക്കായി ഇഷ്ടിക രൂപത്തിലും, പെല്ലറ്റുകളായും വിപണിയില്‍ ലഭ്യമാണ്. ഇവ നല്‍കുമ്പോള്‍ യഥേഷ്ടം ശുദ്ധമായ വെള്ളം മാത്രം കുടിക്കാന്‍ നല്‍കിയാല്‍ മതി. ഡയറിഫാമുകളില്‍ 24 മണിക്കൂറും വെള്ളം ലഭിക്കുന്ന ഓട്ടോമാറ്റിക്ക് വാട്ടറിംഗ് സിസ്റ്റം ഉറപ്പു വരുത്തണം.
പാല്‍ ശുദ്ധിയോടെ കറന്നെടുക്കാന്‍ കറവയന്ത്രം ഉപയോഗിക്കാം. 50 ല്‍ കൂടുതല്‍ പശുക്കളുണ്ടെങ്കില്‍ മില്‍ക്കിംഗ് പാര്‍ലര്‍ സിസ്റ്റം പ്രാവര്‍ത്തികമാക്കാം. മില്‍ക്കിംഗ് പാര്‍ലറില്‍ പശുക്കളുടെ അകിട് കഴുകാനും, കറവയ്ക്കും കറന്ന ശേഷം മുലക്കാമ്പുകള്‍ രോഗാണു വിമുക്തമാക്കി അകിടുവീക്കം നിയന്ത്രിക്കുവാനുമുള്ള സംവിധാനമുണ്ട്. ഡീലാവല്‍ ഇന്ത്യ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു.ഡയറിഫാമില്‍ ഡാറ്റാ റിക്കാര്‍ഡിങ്ങ് സംവിധാനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഓരോ പശുവിന്റെയും വിവരങ്ങള്‍ സൂക്ഷിച്ച് കമ്പ്യൂട്ടറില്‍ ലഭ്യമാക്കുന്നത് തീറ്റക്രമം, രോഗ നിയന്ത്രണം എന്നിവ എളുപ്പത്തിലാക്കാന്‍ സഹായിക്കും.
കാലിത്തീറ്റ സ്വന്തമായി നിര്‍മ്മിക്കുന്നതിനെക്കുറിച്ച് നിരവധി സംശയങ്ങളുണ്ട്. തീറ്റക്കാവശ്യമായ എല്ലാ ചേരുവകളും അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നതിനാല്‍ തീറ്റയുടെ വില അനിയന്ത്രിതമായി വര്‍ദ്ധിച്ചു വരുന്നു. തുടക്കത്തില്‍ വിപണിയില്‍ നിന്നും ലഭിക്കുന്ന ഗുണമേന്മയുള്ള പെല്ലറ്റ് രൂപത്തില്‍ ലഭിക്കുന്ന ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ നല്‍കുന്നതാണ് നല്ലത്.കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന തീറ്റ പശുക്കള്‍ക്ക് നല്‍കാമെങ്കിലും ഇവ ദഹനക്കേട്, അസിഡോസിസ്, വയറിളക്കം എന്നിവയ്ക്കിടവരുത്തരുത്. ഇത് പാലുല്പാദനം കുറയ്ക്കാനും, വന്ധ്യതയ്ക്കും വഴിയൊരുക്കും.ഡിസ്റ്റിലറി വേസ്റ്റ് അടുത്ത കാലത്തായി പശുക്കള്‍ക്ക് കൂടുതലായി നല്‍കി വരുന്നുണ്ട്. ഇത് കൂടിയ അളവില്‍ നല്‍കുന്നത് ക്രോണിക്ക് അസിഡോസിസ്സിനും, വന്ധ്യതയ്ക്കും വഴിയൊരുക്കുമെന്ന് സൂചിപ്പിക്കുന്നു.
കാലിത്തീറ്റ സ്വന്തമായി നിര്‍മ്മിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ചേരുവകള്‍ നിശ്ചിത അളവില്‍ ചേര്‍ക്കണം.
മിശ്രിതം - 1
കടലപ്പിണ്ണാക്ക് - 32%
തവിട് - 30%
ഉണക്ക കപ്പ - 30%
എള്ളിന്‍ പിണ്ണാക്ക് - 5%
വിറ്റാമിന്‍ ധാതുലവണ മിശ്രിതം - 2%
ഉപ്പ് - 1%
മിശ്രിതം - 2
തേങ്ങപ്പിണ്ണാക്ക് - 30%
(കടലപ്പിണ്ണാക്ക്)
തവിട് - 30%
ഉണക്ക കപ്പ - 27%
പരുത്തിക്കുരുപ്പിണ്ണാക്ക് - 10%
വിറ്റാമിന്‍ - ധാതുലവണ മിശ്രിതം - 2%
ഉപ്പ് - 1%
തീറ്റ അല്പം വെള്ളത്തില്‍ കുതിര്‍ത്ത് വെള്ളം പ്രത്യേകമായി നല്‍കണം.
(തുടരും)
--------------------------------------------------------------------------------------------------------------------------
പ്രവാസികള്‍ക്ക് പുത്തന്‍ സംരംഭങ്ങള്‍-3
Posted on: 18 Nov 2011
മൃഗസംരക്ഷണം - സാധ്യതയേറുന്നു
ഭക്ഷ്യസുരക്ഷാബില്‍ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയില്‍ ഏറെ സാധ്യതകളുള്ള മേഖലകളിലൊന്നായിരിക്കും മൃഗസംരക്ഷണം. കൃഷി ആണ്ടില്‍ 120 തൊഴില്‍ ദിനങ്ങള്‍ മാത്രം പ്രദാനം ചെയ്യുമ്പോള്‍ മൃഗസംരക്ഷണ മേഖലയില്‍ നിന്നും 365 തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നു എന്നത് ഈ മേഖലയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. കുറഞ്ഞ സ്ഥലത്ത് എളുപ്പത്തില്‍ ലാഭം കൊയ്യാനുതകുന്ന ഘടകങ്ങളാണ് മൃഗസംരക്ഷണമേഖലയിലുള്ളത്.
ജന്തുജന്യ ഉല്പന്നങ്ങളായ പാല്‍, മുട്ട, ഇറച്ചി, ഇവയുടെ ഉത്പന്നങ്ങള്‍, തുകല്‍, തുകലുത്്പന്നങ്ങള്‍, എല്ലുപൊടി, ജലാറ്റിന്‍ തുടങ്ങിയ നിരവധി ഉത്പന്നങ്ങളുടെ ഉറവിടം മൃഗസംരക്ഷണമേഖല തന്നെയാണ്. ആഗോളതലത്തില്‍ പ്രോട്ടീന്‍ ന്യൂനതമൂലമുള്ള രോഗങ്ങള്‍ വികസ്വര, അവികസിത രാജ്യങ്ങളില്‍ കൂടുതലായി കണ്ടു വരുന്നു. സസ്യപ്രോട്ടീനിനെ അപേക്ഷിച്ച് ഇവയ്ക്ക് ഏറ്റവും നല്ല പ്രതിവിധി ജന്തജന്യ പ്രോട്ടീനിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ജന്തുജന്യപ്രോട്ടീന്‍ സ്രോതസ്സുകളായ പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം ആഗോള, ദേശീയ, സംസ്ഥാന തലങ്ങളില്‍ ഏറെ വലുതാണ്. ഉപഭോഗം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (Indian Council of Medical Research -ICMR), ദേശീയ പോഷണ ഇന്‍സ്റ്റിറ്റിയൂട്ട് (National Institute of Nutrition -NIN) എന്നിവയുടെ ശുപാര്‍ശയെക്കാളും തീരെ കുറവാണ് NIN ശുപാര്‍ശകള്‍ ICMR ശുപാര്‍ശ ചെയ്യുന്ന അളവിനേക്കാളും കുറവാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷന്റെ കണക്കനുസരിച്ച് ഒരാള്‍ക്ക് ഒരു ദിവസം 30 ഗ്രാം മുട്ട, 30 ഗ്രാം ഇറച്ചി, 250 ഗ്രാം പാല്‍ എന്നിവ ആവശ്യമാണ്. എന്നാല്‍ പ്രതിശീര്‍ഷ ലഭ്യതയാകട്ടെ തുലോം കുറവും. NIN ശുപാര്‍ശകളനുസരിച്ചെങ്കിലും പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കണമെങ്കില്‍ നാം ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. കാര്‍ഷികോത്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രംഗത്തുള്ള ഉത്പന്നക്കമ്മി 200 ശതമാനത്തിലധികമാണ്. ഇത് മൃഗസംരക്ഷണ മേഖലയിലുള്ള അനന്തസാധ്യതകള്‍ക്കു തെളിവാണ്. കാര്‍ഷിക രാജ്യമായ ഇന്ത്യയിലെ മുഖ്യ ഉപതൊഴില്‍, സ്വയംതൊഴില്‍ മേഖല കൂടിയാണിത്. അടുത്തകാലത്തായി ഈ മേഖല ഉപജീവനമാര്‍ഗമായും മാറിക്കൊണ്ടിരിക്കുകയാണ്.
മൃഗസംരക്ഷണമേഖല എന്നു കേള്‍ക്കുമ്പോള്‍ ഏവരുടെയും മനസ്സില്‍ വരുന്നത് കന്നുകാലിവളര്‍ത്തലും കോഴിവളര്‍ത്തലുമാണ്. വൈവിധ്യമാര്‍ന്ന നിരവധി ഉപവിഭാഗങ്ങളുള്ള ഈ മേഖലയില്‍ 80 ശതമാനത്തിലധികം വനിതാ പങ്കാളിത്തവുമുണ്ട്.ലോകത്തില്‍ ഏറ്റവും കൂടുതല്‍ കന്നുകാലികളുള്ള ഇന്ത്യ പാലുല്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. ഇവിടെ 460 ദശലക്ഷം കന്നുകാലികളും, 360 ദശലക്ഷം കോഴികളുമുണ്ട്. ഈ രംഗത്തെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 4-5% ആണ്. മുട്ടയുത്പാദനം, കോഴിയിറച്ചി ഉത്പാദനം എന്നിവയില്‍ ഇന്ത്യക്ക് യഥാക്രമം രണ്ടും നാലും സ്ഥാനമാണുള്ളത്. പോത്തിറച്ചി കയറ്റുമതിയില്‍ ഇന്ത്യ മുന്നിട്ടു നില്‍ക്കുന്നു.
ഇന്ത്യയിലെ വാര്‍ഷിക പാലുല്പാദനം 104 ദശലക്ഷം ടണ്ണിലധികമാണ്. മൊത്തം വരുമാനത്തിന്റെ 42.5% ഭക്ഷണത്തിനുവേണ്ടി ചെലവഴിക്കുന്നു. ഇതില്‍ 24.5% പാല്‍, മുട്ട, ഇറച്ചി ഉത്പന്നങ്ങള്‍ക്ക് വേണ്ടിയാണ്. (പാല്‍, പാലുല്പന്നങ്ങള്‍ - 18.2%, ഇറച്ചി, മുട്ട, മത്സ്യം -6.3%). പട്ടണങ്ങളിലിത് 28% ത്തിലധികമാണ്. ധാന്യങ്ങള്‍ക്കു വേണ്ടി 23.4% മാത്രമേ ചെലവിടുന്നുള്ളൂ!
ലോകത്തില്‍ ഓരോ മിനുട്ടിലും 251 പേര്‍ ജനിക്കുന്നതായും 106 പേര്‍ മരിക്കുന്നതായും കണക്കാക്കപ്പെടുന്നു. ഓരോ വര്‍ഷവും 76 ദശലക്ഷം കുട്ടികളാണ് ജനിക്കുന്നത്. 2020-ഓടു കൂടി ലോക ജനസംഖ്യ 7.8-9.2 ബില്ല്യന്‍ ആകാനാണ് സാധ്യത. ഈ കാലയളവിലെ വര്‍ധിച്ച പ്രോട്ടീന്‍ ആവശ്യകതയ്ക്ക് ആശ്രയിക്കാവുന്നത് പാല്‍, മുട്ട, ഇറച്ചി ഉത്പന്നങ്ങളെയാണ്. ആയതിനാല്‍ ഈ ലക്ഷ്യമിട്ടുള്ള ഉത്പാദന തന്ത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. Production, Population, Policies എന്നിവയടങ്ങിയ 3P Strategies ഇതിനാവശ്യമാണ്.
ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 1.18% മാത്രമുള്ള കേരളത്തില്‍ മൃഗസംരക്ഷണമേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതായാണ് കേന്ദ്രകാര്‍ഷികോത്പന്ന വില നിര്‍ണ്ണയക്കമ്മയറ്റിയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ശരാശരി ആളോഹരി സ്ഥലലഭ്യത 0.27 ഹെക്ടറാണ്. ദേശീയതലത്തിലിത് 1.41 ഹെക്ടറും. 92% സങ്കരയിനം കറവമാടുകള്‍, പഞ്ചായത്ത് തല മൃഗാശുപത്രികള്‍, ചിട്ടയോടെയുള്ള രോഗനിയന്ത്രണ പദ്ധതികള്‍ എന്നിവ കേരളത്തിന്റെ മാത്രം പ്രത്യേകതകളാണ്.കേരളത്തില്‍ കാര്‍ഷികമേഖലയില്‍ നിന്നുള്ള വാര്‍ഷിക വിറ്റുവരവ് മൃഗസംരംക്ഷണ മേഖലയെക്കാള്‍ കൂടുതലാണ്. എന്നാല്‍ മൃഗസംരംക്ഷണമേഖലയിലിത് 3.6 ശതമാനമാണ്. വാര്‍ഷിക വളര്‍ച്ചാനിരക്ക് മൃഗസംരംക്ഷണമേഖലയില്‍ 3.8%വും കാര്‍ഷികമേഖലയില്‍ 0.9% വുമാണ്. മൃഗസംരംക്ഷണ മേഖലയിലേക്കുള്ള ദിശാവ്യതിയാനത്തിന്റെ സൂചനയാണിത്. 18-മത് കന്നുകാലി സെന്‍സസ്സില്‍ കേരളത്തില്‍ ആടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ ജന്തുജന്യ ഉത്പന്നങ്ങളുടെ വ്യാപാരത്തിന് അനന്ത സാധ്യതകളാണുള്ളത്. എന്നാല്‍ ലോക വ്യാപാരക്കരാറിന്റെ നിബന്ധനകള്‍ പാലിക്കാനുള്ള പരിമിതികളും വികസിത രാജ്യങ്ങള്‍ അനുവര്‍ത്തിച്ചുവരുന്ന സബ്‌സിഡി നിയന്ത്രണവും ഈ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. ഇറക്കുമതി തീരുവ ഉയര്‍ത്തി ഈ മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.ജന്തുജന്യ ഉത്പന്നങ്ങളില്‍ പ്രധാനപ്പെട്ടവയാണ് പാല്‍, ഇറച്ചി, മുട്ട, തുകല്‍ കമ്പിളി ഉത്പന്നങ്ങള്‍ തുടങ്ങിയവ. ആഗോളവ്യാപാരക്കരാറിന്റെ അടിസ്ഥാനത്തില്‍ വികസിത രാജ്യങ്ങളില്‍ നിന്നുള്ള മൃഗോത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ യഥേഷ്ടം വിപണനം നടത്തപ്പെടുന്നു. ഉത്പാദനച്ചെലവ് കുറവായ, സബ്‌സിഡി വെട്ടിക്കുറച്ച വികസ്വര രാജ്യങ്ങളിലെ ഉത്പന്നങ്ങളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വികസിത രാജ്യങ്ങളില്‍ നിന്നും ഇവ അന്താരാഷ്ട്ര വിപണിയിലെത്തുന്നു. വികസിത രാജ്യങ്ങളില്‍ സംരക്ഷണം എന്ന പേരില്‍ കര്‍ഷകര്‍ക്ക് അദൃശ്യ സബ്‌സിഡി നല്‍കിവരുന്നതിനാല്‍ ഉത്പാദനച്ചെലവ് തുലോം കുറവാണ്. പശുവളര്‍ത്തലിന് 200% വരെ സബ്‌സിഡി നല്‍കി വരുന്ന രാജ്യങ്ങളുണ്ട്. അവിടെ നിന്നുള്ള ഉത്പന്നങ്ങളെത്തുന്ന വികസ്വര രാജ്യങ്ങളില്‍ ഇറക്കുമതി തീരുവ തീരെ കുറഞ്ഞ നിരക്കിലുമാണ്.
ക്ഷീരോല്പന്നങ്ങള്‍ 5-6% മാത്രമേ അന്താരാഷ്ട്ര വിപണിയില്‍ വ്യാപാരം നടത്തപ്പെടുന്നുള്ളൂ. യൂറോപ്പ്, ന്യൂസിലാന്‍ഡ്, ആസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് 66% പാല്‍പ്പൊടി (Whole milk powder) 75% വെണ്ണ, ചീസ് എന്നിവ കയറ്റുമതി ചെയ്യുന്നത്. യൂറോപ്പിലും, അമേരിക്കയിലും ചീസിന്റെ ഇറക്കുമതി യഥാക്രമം 2%-വും 5%-വും മാത്രമാണ്.അന്താരാഷ്ട്ര വിപണിയേക്കാളും ഉയര്‍ന്ന താങ്ങുവില നല്‍കിയാണ് യൂറോപ്പ്, അമേരിക്ക, ജപ്പാന്‍, കാനഡ മുതലായ രാജ്യങ്ങളില്‍ ക്ഷീരോല്പാദന, ഇറച്ചി സംസ്‌കരണ മേഖല നിലനിര്‍ത്തുന്നത്. യൂറോപ്പ്, കാനഡ എന്നീ രാജ്യങ്ങളില്‍ വെണ്ണയ്ക്കുള്ള ഇറക്കുമതി തീരുവ യഥാക്രമം 100%-വും 500%-വുമാണ്. എന്നാല്‍ ഇന്ത്യയിലിത് 40-60%-ത്തില്‍ താഴെ മാത്രമാണ് കഴിഞ്ഞ പതിറ്റാണ്ടു കാലയളവില്‍ ഇറച്ചി ഉല്പന്നങ്ങള്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ യഥാക്രമം 253%, 549% വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തുകല്‍, കമ്പിളി എന്നിവയിലിത് 77% വും 33-%വുമാണ്.
ആഗോളവ്യാപാരക്കരാറിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ജൈവസാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും വേണം.ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് പന്നിയിറച്ചിയാണ്. എന്നാല്‍, ഇന്ത്യയില്‍ കോഴിയിറച്ചിയാണ്. ആഗോളതല്ത്തില്‍ തന്നെ പന്നിയിറച്ചിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് കോഴിയിറച്ചിയുടെ ഉപഭോഗം വര്‍ദ്ധിച്ചുവരുന്നു. ഇന്ത്യയില്‍ നിന്നുള്ള പോത്തിറച്ചി കയറ്റുമതിക്ക് ഉയര്‍ന്ന സാധ്യതകളുണ്ട്. കൊഴുപ്പ് കുറവും ഭ്രാന്തിപ്പശുരോഗമില്ലായ്മയും പോത്തിറച്ചിയുടെ കയറ്റുമതി സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ആട്ടിറച്ചിക്ക് ഇന്ന് നല്ല വിപണനസാധ്യതയുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരവില്ലാത്തതും വര്‍ധിച്ച ആവശ്യകതയും ഭാവിയില്‍ കേരളത്തില്‍ ഈ മേഖലയ്ക്കുള്ള അനന്ത സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടുന്നു. കൂടാതെ ആട്ടിറച്ചിക്കും (Chevon) ചെമ്മരിയാടിറച്ചിയ്ക്കും (mutton) അന്താരാഷ്ട്ര വിപണിയിലേക്ക് വന്‍ കയറ്റുമതി സാധ്യതകളിന്നുണ്ട്.ഭക്ഷ്യസുരക്ഷിതത്വം (Food safety) അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്തു വരുന്നു. ജന്തുജന്യ ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഉത്പാദനം മുതല്‍ ഉപഭോഗം വരെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് അന്താരാഷ്ട്ര വിപണി വിരല്‍ ചൂണ്ടുന്നത്.കീടനാശിനികള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുടെ തോത് നിയന്ത്രിത പരിധിയിലും കുറയ്ക്കുന്നതോടൊപ്പം കാലിത്തീറ്റയില്‍ ജന്തുജന്യ പ്രോട്ടീന്‍ ചേര്‍ക്കാത്ത, മൃഗസംരക്ഷണ രീതിയാണാവശ്യം. ഭക്ഷ്യസുരക്ഷാമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ചെറുകിട, നാമ മാത്ര കര്‍ഷകര്‍ക്ക് ഉത്പാദനം മുതല്‍ വിപണനംവരെ അവലംബിക്കാവുന്ന പരിപാലന തന്ത്രങ്ങള്‍ ആവശ്യമാണ്.
ജന്തുജന്യ ഉത്പന്നങ്ങളുടെ സുരക്ഷിതത്വം വിലയിരുത്താന്‍ അന്താരാഷ്ട്ര തലത്തിലുള്ള മൂന്ന് ഏജന്‍സികളാണ് WTO, Codex, OIE എന്നിവ. ഉത്പാദനം മുതല്‍ വിപണനം വരെയുള്ള ആധുനികവത്കരണം ഭക്ഷ്യസുരക്ഷയും ഗുണമേന്മയും ഉറപ്പാക്കും. ഇതിനായി GMP (Good Manufacturing Practices), HACCP (Hazard Analysis and Critical Control Points), SOP, GRP (Good Retail Practices) എന്നിവ അനുവര്‍ത്തിക്കണം. ഉത്പാദനച്ചെലവ് കുറയ്ക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കണം.ഗുണമേന്മ വിലയിരുത്താന്‍ Residue Monotoring, self Monitoring System, Customer Satisfaction Needs എന്നിവ ആവശ്യമാണ്. Agricultural Products Export Development Authority (APEDA) GOI, ISO 9001, ISO 2001, HACCP, BIS, PFA നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.വികസിതരാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് കൂടിയ ഇറക്കുമതി തീരുവ ചുമത്തുന്നതോടൊപ്പം കയറ്റുമതിയ്ക്ക് ഉയര്‍ന്ന സബ്‌സിഡിയും ഇന്ത്യ നല്‍കേണ്ടതുണ്ട്. SPS (Sanitory and physto Sanitary) നിബന്ധനകള്‍ പാലിക്കുന്നതോടൊപ്പം ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്താന്‍ സാധിക്കും. 2020-ഓടുകൂടി ഇന്ത്യക്ക് ലോക ഭക്ഷ്യശൃംഖലയില്‍ ഏറെ മുന്നേറാന്‍ ഇത് സഹായകമാകും.
(തുടരും)
------------------------------------------------------------------------------------------------------------------------------
ഡെയറിഫാം തുടങ്ങുമ്പോള്‍
ഡോ. ടി.പി. സേതുമാധവന്‍
?ഡെയറി ഫാം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളേവ
* ഡെയറി ഫാമിന്റെ ചെലവില്‍ മുക്കാല്‍ ഭാഗവും തീറ്റയ്ക്ക് വേണ്ടി വരുന്നതില്‍ തീറ്റച്ചെലവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. അതിനാല്‍ സ്ഥലവിസ്തൃതിയുള്ളിടത്ത് തീറ്റപ്പുല്‍ കൃഷി ചെയ്ത് ഫാം കൂടുതല്‍ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാം.
ഗതാഗത സൗകര്യം, ചികിത്സാ സൗകര്യം, യഥേഷ്ടം ശുദ്ധമായ വെള്ളം, വൈദ്യുതി എന്നിവ ലഭിക്കാനുള്ള സൗകര്യം വേണം. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലം, ചതുപ്പുപ്രദേശങ്ങള്‍ എന്നിവ ഫാമിന് അനുയോജ്യമല്ല. തൊഴുത്ത് കുറഞ്ഞ ചെലവില്‍ നിര്‍മിക്കണം. മേല്‍ക്കൂരയായി ഓല, ലൈറ്റ് പ്രൂഫിങ് എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാം. തൊഴുത്തിന്റെ നിലം അധികം മിനുസ്സമില്ലാതെ കോണ്‍ക്രീറ്റ് ചെയ്യണം. വളക്കുഴി അടുത്തുതന്നെ വേണം. മൂത്രച്ചാല്‍, തീറ്റത്തൊടി എന്നിവ ശാസ്ത്രീയ രീതിയില്‍ പണിയണം.
തൊഴുത്തിന്റെ മേല്‍ക്കൂര കൂടുതല്‍ ഉയരത്തിലായിരിക്കണം. ആവശ്യത്തിന് വായുസഞ്ചാരത്തിനുള്ള സൗകര്യം വേണം.
മൂന്നില്‍ കൂടുതല്‍ തവണ പ്രസവിച്ച പശുക്കളെ ഫാമില്‍ ഉള്‍പ്പെടുത്തരുത്. പ്രതിദിന പാലുല്പാദനം ഒരു പശുവില്‍ നിന്നും ശരാശരി 10 ലിറ്ററെങ്കിലും വേണം. 80 ശതമാനം കറവപ്പശുക്കളും, ബാക്കി ചെനയുള്ള പശുക്കളുമായിരിക്കണം. രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള 15 -16 മാസങ്ങളാക്കി ചുരുക്കണം. പ്രസവിച്ച് രണ്ട് മാസങ്ങള്‍ക്കുശേഷം കൃത്രിമ ബീജാദാനം ചെയ്യണം. രോഗ പ്രതിരോധ കുത്തിവെപ്പുകള്‍, ശാസ്ത്രീയ കറവ, രോഗ നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവ അവലംബിക്കണം.
നബാര്‍ഡിന്റെ വെഞ്ച്വര്‍ കാപ്പിറ്റല്‍ പദ്ധതിയനുസരിച്ച് ഡയറി ഫാം തുടങ്ങാന്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കും. പലിശയില്‍ ഇളവുലഭിക്കും. മൃഗാസ്പത്രികള്‍, വെറ്ററിനറി സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നും സാങ്കേതിക സഹായങ്ങളും ലഭിക്കുന്നതാണ്.
പശുക്കളിലെ വന്ധ്യതയ്ക്ക് കാരണമെന്ത് ?
= ജനനേന്ദ്രിയ വളര്‍ച്ചക്കുറവും പോഷകന്യൂനതയുമാണ് കിടാരികളിലെ വന്ധ്യതയ്ക്ക് കാരണം. ഗര്‍ഭാശയ അണുബാധ, ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, അണ്ഡോത്പാദനത്തിലുള്ള കാലതാമസം, തുടക്കത്തിലുള്ള ഭ്രൂണങ്ങളുടെ വളര്‍ച്ചക്കുറവ്, പോഷക ന്യൂനത മുതലായവ വന്ധ്യതയ്ക്കിടവരുത്തും. പോഷകമൂല്യമേറിയ തീറ്റ, പച്ചപ്പുല്ല്, വിറ്റാമിന്‍ മിശ്രിതങ്ങള്‍ എന്നിവ പോഷകന്യൂനതമൂലമുള്ള വന്ധ്യത പരിഹരിക്കാന്‍ സഹായിക്കും. രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി ചികിത്സിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പശുക്കളിലെ രോഗപ്രതിരോധകുത്തിവെപ്പുകള്‍
പശുക്കള്‍ക്ക് സാംക്രമികരോഗങ്ങള്‍ക്കെതിരായി പതിവായി പ്രതിരോധകുത്തിവെപ്പ് നല്‍കണം. ശരാശരി വര്‍ഷത്തില്‍ ഒരോ രോഗത്തിനും ഒരു കുത്തിവെപ്പ് എന്ന തോതില്‍ നല്‍കേണ്ടിവരും.
കുളമ്പുരോഗം, കുരലടപ്പന്‍, ആന്ത്രാക്‌സ്, കരിങ്കാല്‍ (ഏഝ)എന്നിവയ്‌ക്കെതിരായി കുത്തിവെപ്പ് നല്‍കണം. കുളമ്പുരോഗത്തിനെതിരായ കുത്തിവെപ്പ് ഗോരക്ഷാപദ്ധതിയിലുള്‍പ്പെടുത്തി ചെയ്തുവരുന്നു. മഴക്കാലത്തിന് മുമ്പായി കുരലടപ്പന്‍ രോഗത്തിനെതിരായി കുത്തിവെപ്പിക്കണം. ആന്ത്രാക്‌സ്, കരിങ്കാല്‍രോഗങ്ങള്‍ക്കെതിരായുള്ള കുത്തിവെപ്പുകള്‍ രോഗബാധ സംശയിക്കുന്ന പ്രദേശങ്ങളില്‍ ചെയ്യേണ്ടതാണ്. രോഗപ്രതിരോധകുത്തിവെപ്പുകള്‍ക്കായി ഏറ്റവുമടുത്തുള്ള മൃഗാസ്പത്രിയുമായി ബന്ധപ്പെട്ടാല്‍ മതി. മഴക്കാലാരംഭത്തില്‍ തഴച്ചുവളരുന്ന പച്ചപ്പുല്ല് തിന്നുന്നതിലൂടെ വായിലുണ്ടാകുന്ന ചെറുപോറലുകളിലൂടെ പശുക്കളില്‍ കുരലടപ്പന്‍ രോഗത്തിന് സാധ്യതയേറും.
-----------------------------------------------------------------------------------------------------------------------
ശാസ്ത്രീയ തൊഴുത്തുനിര്‍മാണം
ഡോ. ടി.പി. സേതുമാധവന്‍
തൊഴുത്ത് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളേവ?
വെള്ളം കെട്ടിനില്‍ക്കാത്തതും ഭൂനിരപ്പില്‍നിന്ന് ഉയര്‍ന്നതുമായ സ്ഥലത്ത് തൊഴുത്ത് നിര്‍മിക്കാം. തൊഴുത്തില്‍ യഥേഷ്ടം വായുസഞ്ചാരത്തിനുള്ള സൗകര്യം വേണം. കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ തൊഴുത്ത് നിര്‍മിക്കാം. തറയ്ക്ക് ഭൂനിരപ്പില്‍നിന്ന് ഒരടിയെങ്കിലും ഉയരം വേണം. തൊഴുത്തില്‍ പശുവൊന്നിന് രണ്ടരമീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയും വേണം. മേല്‍ക്കൂരയ്ക്ക് കുറഞ്ഞത് മോന്തായത്തിന് 2.2 മീറ്ററും വശങ്ങളില്‍ 1.3 മീറ്ററും ഉയരം വേണം. പുതുക്കിയ നിബന്ധനകളനുസരിച്ച് തൊഴുത്തില്‍ പശുക്കള്‍ കിടക്കുമ്പോള്‍ അന്യോന്യം സ്പര്‍ശിക്കാന്‍ പാടില്ല.
ചാണകം എടുത്തുമാറ്റാന്‍ സൗകര്യപ്രദമായ രീതിയില്‍ നിലം കോണ്‍ക്രീറ്റ് ചെയ്യണം. കൂടുതല്‍ ചെരിവോ മിനുസമോ പാടില്ല. വളക്കുഴി തൊഴുത്തിനടുത്ത് സ്ഥാപിക്കാം. തൊഴുത്തില്‍നിന്ന് അകലെ വളക്കുഴി, മൂത്രച്ചാല്‍ എന്നിവ നിര്‍മിക്കുന്നത് കൂലിച്ചെലവ് കൂട്ടാനിടവരുത്തും.
വളക്കുഴിയില്‍ ആഴ്ചതോറും ഇടവിട്ട് കുമ്മായം വിതറുന്നത് രോഗാണുബാധ നിയന്ത്രിക്കാന്‍ സഹായിക്കും. തൊഴുത്തിലെ നിലത്തുണ്ടാകുന്ന കുഴികള്‍ അപ്പപ്പോള്‍ അടയ്ക്കണം. തൊഴുത്തിലുണ്ടാകുന്ന കുഴികളില്‍ മലിനജലം കെട്ടിനിന്നാല്‍ അകിടുവീക്കത്തിനുള്ള സാധ്യതയേറും.
തൊഴുത്തിനകത്തേക്ക് പശുക്കള്‍ക്ക് എളുപ്പത്തില്‍ കയറാവുന്ന രീതിയില്‍ ചവിട്ടുപടികള്‍ നിര്‍മിക്കണം.
തൊഴുത്തിന്റെ മേല്‍ക്കൂരയായി ഓട്, ഓല, ലൈറ്റ്‌റൂഫിങ്, കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിക്കാം. കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്ക്ക് ഉയരം കൂട്ടണം.
...
ReplyDelete