Sunday, March 22, 2015

കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകള്‍

കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകള്‍


നമ്മുടെ നാട്ടില്‍ വ്യാപകമായി വളര്‍ത്തപ്പെടു വിദേശ-സങ്കരയിനം കന്നുകാലികള്‍ക്ക് പുറമേ ഏകദേശം 34 - ഓളം തനതു കന്നുകാലി വര്‍ഗ്ഗങ്ങള്‍ ഇന്ത്യക്ക് സ്വന്തമായിട്ടുണ്ട് (Bos indicus). ഉയര്‍ന്ന പാലുല്‍പാദനം ലഭിക്കുന്നതിനുവേണ്ടി സങ്കര ഇനങ്ങളെ കൂടുതലായി വളര്‍ത്തിയപ്പോള്‍ നാടന്‍ പശുക്കളെയും നമ്മള്‍ ഉപേക്ഷിച്ചു. കൂടിയ അളവിലുള്ള തീറ്റ, മികച്ച സൗകര്യങ്ങളോടുകൂടിയ തൊഴുത്ത്, മികച്ച വൈദ്യ സഹായങ്ങള്‍ ഇവയൊക്കെ സങ്കര ഇനങ്ങള്‍ക്ക് ആവശ്യമാണെങ്കിലും അവയുടെ ഉയര്‍ന്ന പാലുല്‍പാദനം പ്രതീക്ഷിച്ച് അവരെ നമ്മുടെ കര്‍ഷകര്‍ കൂടുതലായി വളര്‍ത്തുന്നുണ്ട്. സങ്കര ഇനം കന്നുകാലികള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ പല തനതു കന്നുകാലികളും വംശനാശഭീഷണി നേരിടുന്നുമുണ്ട്. National Bureau & Animal Genetic Research, Karnal [NBAGR]ന്റെ ലിസ്റ്റില്‍ കേരളത്തിന്റെ തനതു വര്‍ഗ്ഗമായി വെച്ചൂര്‍ പശുക്കളെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 'കാസര്‍കോട് കുള്ളന്‍' ഇനങ്ങളെ ആ ലിസ്റ്റില്‍ പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

വലിപ്പക്കുറവ് കൂടാതെ കേരളത്തിന്റെ സ്വന്തം പശുക്കള്‍ക്ക് ധാരാളം പ്രത്യേകതകളുണ്ട്. ഇവയ്ക്ക് വളരെ കുറഞ്ഞ അളവിലുള്ള, ലളിതമായ തീറ്റ മാത്രം മതി. ആധുനികവും ചെലവേറിയതുമായ തൊഴുത്തുകളുടെ ആവശ്യവുമില്ല. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യരാണിവര്‍. ഇവയുടെ രോഗപ്രതിരോധശേഷിയും മികച്ചതാണ്. കുളമ്പു രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, അകിടു വീക്കം, തുടങ്ങി സങ്കരയിനം പശുക്കളെ വളര്‍ത്തുന്ന കര്‍ഷകരുടെ ഉറക്കം കെടുത്തുന്ന പലരോഗങ്ങളോടും ഇവയ്ക്ക് നല്ല പ്രതിരോധ ശക്തി ഉണ്ട്. താരതമ്യേന കുറഞ്ഞ അളവിലാണ് പാലുല്‍പാദനം എങ്കിലും ഔഷധമൂല്യമുള്ള ഇവയുടെ പാലിന് സാധാരണ പാലിന്റെ മൂന്നിരട്ടിയോളം വില ലഭിക്കുന്നുണ്ട്. ഇവയുടെ ചാണകം, മൂത്രം ഇവയ്ക്കും ജൈവകര്‍ഷകരുടെ ഇടയില്‍ വലിയ ഡിമാന്‍ഡാണ്. 


1. വെച്ചൂര്‍ പശുക്കള്‍ 16 വയസുള്ള വെച്ചൂര്‍ പശുവും ആറു വയസുള്ള സങ്കര ഇനം പശുവും ഇവ ലോകത്തിലെ ഏറ്റവും ചെറിയ കന്നുകാലി ഇനമാണ്. ഇവയുടെ ഉയരം 85-87 cm, നീളം 124 cm ഉം മാത്രമാണ്. വൈക്കത്തിനടിത്ത വെച്ചൂര്‍ ആണു സ്വദേശം. പ്രതിദിന പാലുല്‍പാദനം 2 1/2 - 3 1/2 ലിറ്റര്‍ ആണ്. പുരാതന കാലം മുതല്‍ക്കു തന്നെ ആയുര്‍വേദ വിധിപ്രകാരമുള്ള ഔഷധങ്ങള്‍ തയ്യാറാക്കുതിന് ഇവയുടെ പാല്‍ ഉപയോഗിക്കുന്നുണ്ട്. അടുത്ത കാലത്തായി നടത്തിയ വിവിധ പഠനങ്ങള്‍ വഴി വെച്ചൂര്‍ പശുവിന്റെ പാലിന്റെ ഔഷധ മൂല്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.  കിടാവിനും, ചെറിയ ഒരു കുടുംബത്തിനും ആവശ്യമായ പാല്‍ ഉല്‍പാദിപ്പിക്കാന്‍ ഒരു വെച്ചൂര്‍ പശുവിന് കഴിയും. പാലിലെ കൊഴുപ്പിന്റെയും മൂലകങ്ങളുടെയും അളവ് മറ്റു പശുക്കളുടെ പാലിനേക്കാള്‍ കൂടുതലാണ്. കൊഴുപ്പു കണങ്ങളുടെ വലിപ്പം കുറവായതിനാല്‍ ദഹനത്തിനും ആഗിരണത്തിനും എളുപ്പമാണ്. അതുകൊണ്ട് വൃദ്ധര്‍, ശിശുക്കള്‍, രോഗികള്‍ എന്നിവര്‍ക്കെല്ലാം ഏറ്റവും അനുയോജ്യമാണ് ഈ പാല്‍. ഇവയുടെ പരിപാലനത്തിന് വലിയ ചിലവില്ല. കുറഞ്ഞ അളവിലുള്ള തീറ്റ മതിയാകും. വലിയ സൗകര്യങ്ങളുള്ള തൊഴുത്തിന്റെയും ആവശ്യമില്ല. 130 kg വരെ തൂക്കം മാത്രമുള്ള ഇവയുടെ പാല്‍ പ്രമേഹം, ഓട്ടിസം, ഹൃദ്രോഗം മുതലായവക്കൊക്കെ മരുന്നായി ഉപയോഗിക്കാമെന്നും അഭിപ്രായങ്ങളുണ്ട്. ഇവരെ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണ്.

2. കാസര്‍കോട് കുള്ളന്‍ പശുക്കള്‍(Kasargode dwarf ) കാസര്‍കോട് കുള്ളന്‍ പശുവും സങ്കര ഇനം പശുവും കാസര്‍കോടിന്റെ മലമ്പ്രദേശങ്ങളാണ് ഈ കുള്ളന്‍ പശുക്കളുടെ സ്വദേശം. ഇവയ്ക്ക് 95 cm ഓളം ഉയരമുണ്ടാകും. വെച്ചൂരിനേക്കാള്‍ അല്‍പം ഉയരം കൂടുതലാണ്. അടുക്കളയില്‍ നിന്നുള്ള അവശിഷ്ടങ്ങളും കരിയിലകളുമൊക്കെ തിന്നു ജീവിക്കുവരാണ് ഇവ. നെല്‍കൃഷിയും, മറ്റു വിളകളൊന്നുമില്ലാത്ത മലമ്പപ്രദേശങ്ങളില്‍ ഇവ സുഖമായി ജീവിക്കും. വൈക്കോല്‍, തീറ്റപ്പുല്‍ മുതലായവയൊന്നും ഇവയ്ക്കാവശ്യമില്ല എതു തന്നെയാണ് അതിനു കരണം. പാലുല്‍പാദനം താരതമ്യേന കുറവാണ്. ഏകദേശം 1-11/2 ലിറ്റര്‍ ആണ് പ്രതിദിന പാലുല്‍പാദനം .കിടാവിനുള്ള പാല്‍ മാത്രമേ മിക്കപ്പോഴും ലഭിക്കാറുള്ളു. എന്നാല്‍ ഇവരുടെ പ്രാധാന്യം ജൈവകൃഷിയിലാണ്. കേരളത്തില്‍ 'സീറോ ബഡ്ജറ്റ് ഫാമിംഗും', ജൈവകൃഷിയും പ്രചാരം നേടുമ്പോള്‍, ഗോമൂത്രം, ചാണകം ഇവ ഒഴിച്ചുകൂടാനാവാതെ വന്നിരിക്കുകയാണ്. അത്തരം കൃഷിക്ക് ഏറ്റവും അനുയോജ്യര്‍ ഇവരാണ്.  ഇവ പ്രധാനമായും കറുപ്പ് നിറമാണ്. ചിലപ്പോള്‍ ചുവപ്പിന്റെ വകഭേദങ്ങളിലും കാണാറുണ്ട് മുഴുവന്‍തൊലിയും ഒരേ നിറത്തിലാണ് സാധാരണ. കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഏകദേശം 10-11 kg തൂക്കമുണ്ടാകും. മുതിര്‍ന്ന കാളകള്‍ക്ക് 190-200 kg പശുക്കള്‍ക്ക് 140-150 kg തൂക്കമുണ്ടാകും. ഇവയുടെ തൂക്കവും ത്വരിതഗതിയിലുള്ള വളര്‍ച്ചാ നിരക്കും കാരണം മാംസ ഉല്‍പാദനത്തിനും ഉപയോഗിക്കാവുന്നതാണ്. ഇവ മനുഷ്യരുമായി കൂടുതല്‍ ഇണക്കമുള്ളവരാണ്.

3. വടകര ഡ്വാര്‍ഫ് (Vadakara Dwarf ) വംശനാശത്തിന്റെ വക്കിലുള്ള മറ്റൊരു കുള്ളന്‍ ഇനമാണ് വടകര ഡ്വാര്‍ഫ്. ഏകദേശം 100 ല്‍ താഴെ വടകര ഡ്വാര്‍ഫിനെ മാത്രമേ ഈ അടുത്തകാലത്ത് നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു.  ഇവയ്ക്ക് കാസര്‍കോടന്‍ ഡ്വാര്‍ഫിനേക്കാള്‍ അല്‍പം ഉയരം കൂടുതലാണ്. 3-4 ലിറ്റര്‍ വരെ പ്രതിദിന പാലുല്‍പാദനം ഇവയ്ക്കുണ്ട്. ഇവയുടെ പാലും കൊഴുപ്പുകൂടിയതാണ്. രുചിയിലും വ്യത്യാസമുണ്ട്. ഇത്തരം പശുക്കള്‍ക്ക് പച്ചപ്പുല്ലുംപിണ്ണാക്കുമാണ് പ്രധാന ആഹാരം. കാലിത്തീറ്റ വേണമെന്നില്ല. ചാണകം, മൂത്രം എന്നിവ കൃഷിക്ക് ഏറെ ഗുണകരമാണ്. വടകര പശുക്കളുടെ പ്രത്യേകതയായി കണക്കാക്കുന്നത് ഇതൊക്കെയാണ്. ജൈവ കൃഷികാര്‍ക്ക് ഈ പശുക്കളും പ്രിയപ്പെട്ടത് തന്നെ. കോഴിക്കോട് ജില്ലയാണ് ഇവയുടെ സ്വദേശം.

4. ഹൈറേഞ്ച് ഡ്വാര്‍ഫ് (High Range Dwarf) വംശനാശം സംഭവിച്ചു എന്ന് കരുതിയ ഈ ഇനത്തെ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് 100 cm ഓളം ഉയരവും 90 രാ നീളവും ഉണ്ടാവും. ഇവയ്ക്ക് ചെറിയ ശരീരവും വളരെ ചെറിയ തലയുമായിരിക്കും. മുതുകില്‍ വ്യക്തമായ hump ഉണ്ടായിരിക്കും. ഇവയുടെ ചെവിയും വളരെ ചെറുതാണ്.  ഇവ ചുവപ്പിന്റെ വകഭേദങ്ങളിലോ ചാര നിറത്തിലോ ആണ് സാധാരണ കാണുക. കൊമ്പില്ലാത്ത ഇനമാണ്. ഇവയ്ക്ക് വളരെ ചൂടു കൂടിയ കാലാവസ്ഥയിലും ജീവിക്കാന്‍ സാധിക്കും. പച്ചപുല്ലു മാത്രം തിന്ന് ജീവിക്കുവയാണ് പൊതുവെ. പ്രതിദിനം 21/2 - 3 ലിറ്റര്‍ പാലുല്‍പ്പാദിക്കും. കൊഴുപ്പുകൂടിയതും ഔഷധ ഗുണം നിറഞ്ഞതുമാണ് ഇവയുടെ പാല്‍. ഇവയെ വളര്‍ത്താന്‍ ഒരു കാലിത്തൊഴുത്തിന്റെ പോലും ആവശ്യമില്ല എുള്ളതാണ് രസകരം. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് പ്രദേശമാണ് ഇവയുടെ സ്വദേശം. ഇവ നല്ല മാംസോല്‍പാദകരാണ്. ഇവയുടെ തീറ്റക്കായി വലിയ മുതല്‍ മുടക്ക് ആവശ്യമില്ലതാനും.
5. ചെറുവള്ളി പശു കറുത്ത നിറവും ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയുള്ള മറ്റൊരിനമാണ് ഇവ. ഈ ഇനത്തില്‍ പെട്ട ശുദ്ധമായ പശുക്കളെ കണ്ടുകിട്ടാന്‍ തന്നെ വളരെ പ്രയാസമാണ്. ഇവയുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് പരിസരത്താണ് ഇവയെ കണ്ടെത്തിയത്. വെച്ചൂര്‍ പശുവിന്റെ തലതൊട്ടമ്മയായ ഡോ. ശോശാമ്മ ഐപ്പിന്റെ അന്വേഷണത്തിലാണ് ഇവയെ കണ്ടെത്തിയത്. വിവിധ നിറങ്ങളില്‍ കാണപ്പെടുന്ന ഇവയില്‍ നല്ല വെള്ളനിറമുള്ളവരുണ്ട്. കറുപ്പ് നിറക്കാരുണ്ട്, തവിട്ടുനിറക്കാരുമുണ്ട്. കൊമ്പ് തീരെ ചെറുതാണ്. സൂചിക്കൊമ്പ്. കൊമ്പില്ലാത്ത മോഴകളുമുണ്ട്. വെച്ചൂര്‍പ്പശുക്കളേക്കാള്‍ അല്പംകൂടി പൊക്കമുള്ള ഇവയുടെ വാല് നിലത്തുമുട്ടും. പ്രത്യേകിച്ച് പശുക്കളില്‍. ദേഹത്ത് വന്നിരിക്കുന്ന കൊതുകിനെയും ഈച്ചയെയുമൊക്കെ അടിച്ചുകൊല്ലാന്‍ പറ്റിയ വാല്. മലമ്പ്രദേശങ്ങളില്‍ ഓടിച്ചാടി നടക്കാന്‍ പാകത്തില്‍ തീരെ ചെറിയ കുളമ്പ്. വിദേശിപ്പശുക്കളില്‍ കണ്ടുവരുന്ന കുളമ്പുദീനമോ അകിടുവീക്കമോ ഇവയില്‍ കാണാറില്ല. രോഗപ്രതിരോധശേഷി വളരെ കൂടുതലാണ്. വെച്ചൂര്‍ പശുക്കളെപ്പോലെ ഇവയ്ക്കും തീറ്റയും കുറച്ചുമതി. അടുക്കളയില്‍ ബാക്കിവരുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍, അല്പം പുല്ല്, കഞ്ഞിവെള്ളം, കാടിവെള്ളം. തീര്‍ന്നു അവയുടെ മെനു. ശാന്തസ്വഭാവക്കാരാണ് ചെറുവള്ളിക്കാലികള്‍. മറ്റു പശുക്കളില്‍നിന്നും ഇവരെ വ്യത്യസ്തരാക്കുന്നതും ഇവരുടെ കഴുത്തും കഴുത്തിനടിയിലെ താടയുമാണ്. സൗന്ദര്യം തുളുമ്പുന്ന ഇറക്കമുള്ള താടി ആകര്‍ഷകമാണ്.

തയ്യാറാക്കിയത് : - ഡോ. അനുമോള്‍ ജോസഫ് & ഡോ. പി.വി. ട്രീസാമോള്‍.വെറ്ററിനറി കോളേജ്, മണ്ണുത്തി
,...

1 comment:

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)