Wednesday, May 16, 2012

മുയല്‍ കൃഷി : പ്രവാസികള്‍ക്കായി ഒരു മാതൃക

മലപ്പുറം : മുയല്‍കൃഷിയില്‍ മാതൃകയും വഴികാട്ടിയുമാവുകയാണ് മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള താഴെപ്പാലത്തെ ആഷിയാന മുയല്‍ഫാം. വെറും മൂന്നു വര്‍ഷംകൊണ്ട് അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ന്ന ആഷിയാനയില്‍ മുയല്‍ വളര്‍ത്തല്‍ കൃഷിയല്ല; കലയാണ്. 25 വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞ് തിരിച്ചുവന്ന മിഗ്ദാദിന് ഭാര്യ ജാന്‍സി നേരംപോക്കിനായി നടത്തിയിരുന്ന മുയല്‍വളര്‍ത്തല്‍ വിപുലപ്പെടുത്തുമ്പോള്‍ വ്യക്തമായ കണക്കുകൂട്ടലുകളൂണ്ടായിരുന്നു. ചെറുപ്പം മുതല്‍ കൃഷിയോടുണ്ടായിരുന്ന പ്രിയം അതിനു കരുത്തേകി. ഒരു സ്വകാര്യ മൊബൈല്‍ കമ്പനി നടത്തിയ ക്വിസ് മത്സരത്തിന് സമ്മാനം കിട്ടിയ 50,000 രൂപ മുതല്‍മുടക്കി ആഷിയാന തുടങ്ങുമ്പോള്‍ മിഗ്ദാദിനും ജാന്‍സിക്കും മുയല്‍കൃഷിയെക്കുറിച്ച് ഏറെയൊന്നും അറിയില്ലായിരുന്നു.

പൂര്‍ണ്ണ ആരോഗ്യത്തോടുകൂടി ഗുണനിലവാരമുള്ള മുയലുകളെ ഉല്‍പ്പാദിപ്പിക്കുന്നതിന് ഇന്ന് മിഗ്ദാദിന് പരീക്ഷിച്ചു വിജയിച്ച തന്റേതായ കൃഷിരീതിയുണ്ട്. ഇതാണ് കേരളമൃഗസംരക്ഷണ വകുപ്പിന്റെ 2008 ലെ മികച്ച മുയല്‍ കര്‍ഷകനുള്ള ജീവനം അവാര്‍ഡ് നേടാന്‍ ഇദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഓമനിച്ചുവളര്‍ത്തുന്നതിനും കൃഷിചെയ്യുന്നതിനും മുയലുകളെ തേടി ആഷിയാനയിലെത്തുന്നവര്‍ക്ക് തങ്ങളുടെ വിജയഫോര്‍മുല പകര്‍ന്നു നല്‍കി മിഗ്ദാദും ജാന്‍സിയും അവരോടൊപ്പം കൂടുന്നു; എപ്പോഴും തുണയായി. 2005ല്‍ 50 മുയലുകളുമായി ആരംഭിച്ച ആഷിയാനയില്‍ ഇന്ന് 2000ല്‍ അധികം മുയലുകളുണ്ട്.

ഇറച്ചിക്കും അലങ്കാരത്തിനുമായി വളര്‍ത്തുന്ന വിദേശ ഇനങ്ങളായ ഗ്രേ ജെയിന്റ്, സോവിയറ്റ് ജിഞ്ചില, വൈറ്റ്‌ജെയിന്റ്, ന്യൂസിലാന്റ് വൈറ്റ്, അംഗോറ, ഇവയുടെ സങ്കരയിനങ്ങള്‍ എന്നിവയെല്ലാം ആഷിയാനയിലുണ്ട്. നീണ്ട രോമങ്ങളുള്ള അംഗോറയെ അലങ്കാരത്തിനാണ് പ്രധാനമായും വളര്‍ത്തുന്നത്. മറ്റു ഇറച്ചി മുയലുകള്‍ക്ക് പൂര്‍ണ്ണവളര്‍ച്ചയെത്തിയാല്‍ 4-5.5 കിലോ തൂക്കം വരും. മറ്റു ഇറച്ചികളെ അപേക്ഷിച്ച് കൊളസ്‌ട്രോള്‍ കുറവാണെന്നതാണ് മുയലിറച്ചിയുടെ പ്രത്യേകത.ഒമേഗ3 ഫാറ്റി ആസിഡുകളുടെ കലവറയുമാണ്. രാസമാലിന്യമില്ലാത്ത ഔഷധഗുണമുള്ള വെളുത്തമാംസം. അതുകൊണ്ടുതന്നെ മുയലിറച്ചിക്കുള്ള സാധ്യത വര്‍ദ്ധിച്ചുവരികയാണ്.

മലപ്പുറത്തുമാത്രം പ്രതിദിനം 1500 കിലോയിലേറെ ഇറച്ചിക്ക് ആവശ്യക്കാരുണ്ട്. ഉത്സവാവസരങ്ങളിലും വിശേഷദിവസങ്ങളിലും ആവശ്യക്കാര്‍ ഇരട്ടിയാവും. മിഗ്ദാദ് ചൂണ്ടിക്കാട്ടുന്നു. ഉത്പാദനത്തിനും വിപണനത്തിലുമെല്ലാം മിഗ്ദാദിന് കൃത്യമായ നിഷ്ഠയുണ്ട്. ചുറ്റും വേലികെട്ടി സുരക്ഷിതമാക്കിയ ഷെഡ്ഡിനകത്ത് വിവിധ നിറങ്ങളുള്ള ചായംതേച്ച കമ്പിക്കൂടിനകത്താണ് മുയലുകളെ വളര്‍ത്തുന്നത്. നല്ല ആരോഗ്യവും ചുറുചുറുക്കുമുള്ള പ്രത്യുത്പാദനശേഷിയെത്തിയ മുയലുകളെയാണ് ആവശ്യക്കാര്‍ക്ക് നല്‍കുക. തിരച്ചെടുക്കുമ്പോഴും ആരോഗ്യമുള്ളവയും രോഗമില്ലാത്തവയുമാണെന്ന് ഉറപ്പുവരുത്തും. എട്ട് പെണ്‍മുയലുകളും രണ്ട് ആണ്‍മുയലുകളുമടങ്ങുന്ന യൂണിറ്റുകളാണ് ആഷിയാനയില്‍ വില്‍ക്കുന്നത്. ഒരു യൂണിറ്റിന് 8750 രൂപയാണ് വില. വളര്‍ച്ചയെത്തിയാല്‍ കിലോക്ക് 100 നല്‍കി കര്‍ഷകരില്‍നിന്ന് മുയലുകളെ തിരിച്ചെടുക്കും. യാത്രക്കിടയിലോ മറ്റോ ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മുയലുകള്‍ ചാകാനിടയായാല്‍ പുതിയ മുയലുകളെ നല്‍കും. ചെന പിടിക്കാത്തവയേയും മാറ്റിനല്‍കും. ഇതിനകം 1500ഓളം യൂണിറ്റുകള്‍ കേരളത്തിലങ്ങോളമിങ്ങോളം വിറ്റിട്ടുണ്ട്. വാങ്ങുന്നവര്‍ക്ക് മുയല്‍വളര്‍ത്തല്‍ സംബന്ധിച്ച സി.ഡി.യും പുസ്തകവും നല്‍കുന്നത് ശാസ്ത്രീയമായ കൃഷിരീതിയെക്കുറിച്ച് മനസ്സിലാക്കാന്‍ കര്‍ഷകരെ സഹായിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു പരീക്ഷയും മുയലുകളെ നല്‍കുന്നതിനുമുമ്പ് ആഷിയാനയില്‍ നടത്താറുണ്ട്. മുയലുകള്‍ക്ക് സംഗീതം കേള്‍പ്പിക്കുന്നതാണ് ആഷിയാനയിലെ മറ്റൊരു കൗതുകം. മുയലുകള്‍ തിന്നുന്ന സമയത്താണ് ഷെഡ്ഡിലെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സംവിധാനത്തിലൂടെ സംഗീതം കേള്‍പ്പിക്കുന്നത്. ഇത് മുയലുകള്‍ക്ക് രോഗമകറ്റി ആരോഗ്യം നല്‍കുമെന്ന് മിഗ്ദാദ് സാക്ഷ്യപ്പെടുത്തുന്നു. വളര്‍ത്തലും പരിചരണവും പരിസരശുചിത്വമാണ് മുയല്‍കൃഷിയില്‍ പ്രധാനം. പൊതുവെ രോഗങ്ങള്‍ കുറവായ മുയലുകള്‍ക്ക് പിടിപെടുന്ന മിക്ക അസുഖങ്ങളുടേയും പ്രധാനകാരണം ശുചിത്വമല്ലായ്മയാണ്. അതുകൊണ്ടുതന്നെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുമ്പോള്‍ ഷെഡ്ഡ് തയ്യാറാക്കുന്നതു മുതല്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു യൂണിറ്റ് മുയല്‍ വളര്‍ത്തുന്നതിന് 35 അടി നീളവും 12 അടി വീതിയുമുള്ള ഷെഡ്ഡ് വേണം. ഷെഡ്ഡ് ശുചിയുള്ളതും ചൂടില്ലാത്തതും നല്ല വായു സഞ്ചാരമുള്ളതും ഈര്‍പ്പമില്ലാത്ത രീതിയിലുമായിരിക്കണം. കൂടും ഷെഡ്ഡും കഴുകുമ്പോള്‍ ഉണ്ടാകുന്ന മലിനജലം ഒഴുകിപ്പോകുന്നതിനും സംവിധാനം വേണം.

ഒരു കൂട്ടില്‍ ഒരു മുയലിനെ വളര്‍ത്തുന്ന രീതിയില്‍ കൂടുകള്‍ തയ്യാറാക്കുന്നതാണ് നല്ലത്. ഒരുമിച്ചിട്ടാല്‍ കടികൂടാനും ദേഹം മുറിയാനും സാധ്യതയുണ്ട്. വിസര്‍ജ്ജ്യം തങ്ങിനില്‍ക്കാത്ത കൂടുകളാവണം. ദിവസവും മുയലുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രങ്ങളും തറയും അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. മുയലുകള്‍ക്ക് രണ്ടുനേരവും ഭക്ഷണം കൊടുക്കണം. പച്ചില, പച്ചക്കറി വര്‍ഗങ്ങളും ഖരആഹാരവും നല്‍കണം. മാവ്, പ്‌ളാവ്, ഇത്തിള്‍ക്കണ്ണി, തൊട്ടാവാടി, കുറുന്തോട്ടി, കുളവാഴ, കൈത, ഓല, പയറുവര്‍ഗ്ഗങ്ങള്‍, ചെമ്പരത്തി തുടങ്ങി എല്ലാ പച്ചിലകളും പുല്ലുകളും നല്‍കാം. എന്നാല്‍ റബ്ബര്‍, കാട്ടുറബ്ബര്‍, മീന്‍കൊല്ലി കുരു ഇല, വയലറ്റ് നിറത്തിലുള്ള പന്നല്‍ച്ചെടിയുടെ ഇല, പപ്പായ, ആനത്തൊട്ടാവാടി, വിഷച്ചെടികള്‍ എന്നിവയുടെ ഇല നല്‍കരുത്. ശീമക്കൊന്ന നല്‍കുമ്പോള്‍ തലേദിവസം വെട്ടി വാടിയശേഷം നല്‍കേണ്ടതാണ്. ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും നാര് അടങ്ങിയ ഭക്ഷണമായും വൈക്കോല്‍ നല്‍കാം. തവിട്, എള്ളിന്‍പിണ്ണാക്ക്, ഗോതമ്പ്, ധാതുലവണമിശ്രിതം, തേങ്ങപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കടല, കറിയുപ്പ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതമോ അല്ലെങ്കില്‍ പായ്ക്കറ്റില്‍ വാങ്ങുന്ന മുയല്‍തീറ്റയോ ഖര ആഹാരമായി നല്‍കണം. മിശ്രിതത്തില്‍ അല്പം വെള്ളം ചേര്‍ത്തു കുഴച്ചുവേണം നല്‍കാന്‍. ഒരു മുയലിന് 100150ഗ്രാം കൊടുക്കണം.

കൂട്ടില്‍ 24 മണിക്കൂറും വെള്ളം വേണം. ഇണചേര്‍ക്കല്‍ ഉയര്‍ന്ന പ്രത്യുത്പാദനക്ഷമതയാണ് മുയലുകള്‍ക്ക്. 6-8 മാസം പ്രായമാകുമ്പോള്‍ ഇണചേര്‍ക്കാം. പെണ്‍മുയലിനെ ആണ്‍മുയലിന്റെ കൂട്ടില്‍ ഇട്ടാണ് ഇണചേര്‍ക്കേണ്ടത്. ആണ്‍മുയലിനെ പെണ്‍മുയലിന്റെ കൂട്ടിലിട്ടാല്‍,കൂട് പങ്കുവെയ്ക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍മുയല്‍ ആണ്‍മുയലിനെ ആക്രമിക്കാനും അവ ചത്തുപോകാനും സാധ്യതയുണ്ട്. ആണ്‍മുയലുകളെ ഓരോ ആഴ്ചയിലും 3-4 പ്രാവശ്യം ഇണചേര്‍ക്കാന്‍ ഉപയോഗിക്കാം. എന്നാല്‍ അവയുടെ കുഞ്ഞുങ്ങളുമായി ഇണചേര്‍ക്കരുത്. ഇണചേര്‍ത്തതിനുശേഷം സ്വന്തം കൂട്ടിലേക്കു മാറ്റണം. മുയലുകളുടെ ഗര്‍ഭകാലം ഇണചേര്‍ത്ത് 28 മുതല്‍ 32 വരെ ദിവസങ്ങളാണ്. ഗര്‍ഭിണിയാണെങ്കില്‍ 23~ാം ദിവസം മുതല്‍ സ്വന്തംരോമവും പുല്ലും ഉപയോഗിച്ച് പ്രസവഅറ ഒരുക്കിത്തുടങ്ങും. 28-ാം ദിവസം പ്രസവിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ പെട്ടി കൂട്ടില്‍ വെച്ചുകൊടുക്കേണ്ടതാണ്. കൂട്ടില്‍ ഉള്‍ക്കൊള്ളിക്കാവുന്ന വിധത്തില്‍ അടിയില്‍ അരിപ്പയും വശങ്ങളില്‍ ഒരിഞ്ച് ഉയരത്തില്‍ മരവുമുപയോഗിച്ചാണ് കൂട് തയ്യാറാക്കേണ്ടത്. മുയലുകള്‍ അവയുടെ രോമം പറിച്ചെടുത്ത് പെട്ടിക്കകത്ത് ബെഡ് ഉണ്ടാക്കി അതിലാണ് പ്രസവിക്കുക. പ്രസവം അധികവും രാത്രിയിലാണ് നടക്കുക. അരമണിക്കൂറിനുള്ളില്‍ പ്രസവം നടക്കും. ഒരു പ്രസവത്തില്‍ ഏഴുമുതല്‍ പത്തുവരെ കുഞ്ഞുങ്ങള്‍ ഉണ്ടാകും. അമ്മ മുയല്‍ കുഞ്ഞുങ്ങളെ നക്കിത്തുടച്ച് വൃത്തിയാക്കി പെട്ടെന്ന് മുലയൂട്ടുന്നു. കുഞ്ഞുങ്ങള്‍ക്ക് രോമം ഉണ്ടാവാറില്ല. ഈ സമയത്ത് ഒരു പിടി ആര്യവേപ്പില പെട്ടിയില്‍ ഇട്ടു കൊടുക്കണം. നല്ല ആരോഗ്യവും ഭംഗിയുമുള്ള കുഞ്ഞുങ്ങളുണ്ടാവാന്‍ ആഹാരത്തില്‍ വിറ്റാമിനുകളും മിനറലുകളും ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 25 ദിവസം വരെ തള്ളമുയലുകള്‍ മുലയൂട്ടും. രാത്രിസമയത്തും സന്ദര്‍ശകര്‍ ഇല്ലാത്തപ്പോഴുമാണ് മുലയൂട്ടുക. ആവശ്യത്തിന് പാല്‍ ലഭിക്കുന്ന കുഞ്ഞുങ്ങള്‍ സദാസമയവും ഉറക്കമായിരിക്കും. പ്രസവം കഴിഞ്ഞ മുയലുകള്‍ക്ക് പോഷകാഹാരം നല്‍കണം. 16 മുതല്‍ 20 ശതമാനം വരെ അസംസ്‌കൃതമാംസ്യം ഭക്ഷണത്തിലുള്‍പ്പെടുത്തണം.

പ്രസവം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ ഗ്‌ളൂക്കോസ് വെള്ളവും കൊടുക്കണം. കുഞ്ഞുങ്ങള്‍ 15 ദിവസം പ്രായമാകുമ്പോള്‍ തള്ളമുയലിന്റെ ഭക്ഷണം ചെറിയ അളവില്‍ കഴിച്ചു തുടങ്ങും. ഒന്ന് രണ്ട് ആഴ്ചക്കുള്ളില്‍ പൂര്‍ണ്ണമായും ഭക്ഷണം കഴിക്കാന്‍ തുടങ്ങും. ഈ സമയത്ത് ഇവ ബോക്‌സില്‍നിന്ന് പുറത്തുകടക്കാന്‍ ആരംഭിക്കും. അപ്പോള്‍ ബോക്‌സ് എടുത്ത് കുഞ്ഞുങ്ങളെ വേറെ കൂടുകളിലേക്കു മാറ്റണം. പെണ്‍മുയലുകള്‍ ഒരു വര്‍ഷത്തില്‍ ശരാശരി 9 തവണ പ്രസവിക്കുന്നു. പ്രസവിച്ച് 10ാം ദിവസം പെണ്‍മുയലിനെ വീണ്ടും ഇണചേര്‍ക്കാം. മൂന്നു മാസം പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് 2.5-3 കിലോ തൂക്കം വരും. ഈ സമയത്താണ് വില്‍ക്കുക.
കടപ്പാട് : http://keralagraph.com/news.php?cat=agriculture&story=1242


കൂടുതല്‍ വിവരങ്ങള്‍ക്ക് :

15 comments:

  1. വളരെ നല്ല ലേഖനം. മുയലിനെ കുറിച്ചും മുയല്‍ കൃഷിയെ കുറിച്ചും ഒരുപാട് മനസ്സിലാക്കാനായി.. നന്ദി.

    ReplyDelete
  2. നല്ല അവതരണം മുയല്‍ കൃഷി തുടങ്ങാന്‍ തോന്നുന്നു ഇവിടുത്തെ ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ ഉപകാരമായിരുന്നു ആരെങ്കിലും ഹെല്പ് ചെയ്യുമെന്ന പ്രതീക്ഷയോടെ ഖത്തര്‍ രില്‍ നിനും അഷ്‌റഫ്‌ 0097433010439

    ReplyDelete
  3. 8750rs nu koodu sahitham ano? ithu kollam karunagappalliyil ethichu tharumo?

    ReplyDelete
  4. യൂണിറ്റായി വില്‍ക്കുന്നതിലാണ് ലാഭം , മാംസത്തിനായി വില്‍ക്കുമ്പോള്‍ ചെറിയ ലാഭം പോലും കിട്ടാന്‍ ബുദ്ധിമുട്ടാണ്.

    ReplyDelete
  5. ഇതു വളരെ നല്ല അവതരനമാന്.........

    ReplyDelete
  6. മാംസം കിലോ എന്താ വില വരുന്ന ?

    ReplyDelete
  7. മാംസം കിലോ എന്താ വില വരുന്ന ?

    ReplyDelete
  8. നാട്ടില്‍ വന്നിട്ട് ഇനിയിപ്പോള്‍ ഉപജീവനമാര്‍ഗ്ഗമായിട്ട് മുയല്‍ കൃഷി തുടങ്ങാന്‍ ആഗ്രഹിക്കുന്നു.

    ReplyDelete
  9. നാട്ടില്‍ എത്തിയിട്ട് ഇനി ഉപജീവന മാര്‍ഗ്ഗമായിട്ട് മുയല്‍ കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നു.

    ReplyDelete
  10. Thank you a bunch for sharing this with all folks you really realize what you're talking
    approximately! Bookmarked. Kindly additionally seek advice
    from my web site =). We may have a hyperlink change contract between us

    ReplyDelete
  11. ഈ ലേഖനം വായിക്കാൻ ഓക്കേ
    ഇത് വായിച്ചു എടുത്തു ചാടി മുയൽ വളർത്തേണ്ട. ആദ്യം ഒർജിനൽ breed തിരിഞ്ഞു എടുക്കു.
    ചൂട് നല്ല പ്രോബ്ലം ആണ് 30 ഡിഗ്രി കൂടിയാൽ നല്ലോണം ശ്രെദ്ധിക്കുക
    മിക്കവാറും farmukarum തട്ടിപ്പാണ്
    അവർ തിരിച്ചെടുക്കുന്ന മുയലിനെ നമ്മുക്ക് വിത്ത് മുയൽ പറഞ്ഞു തരുന്നത്
    ഫീഡ് കൊടുക്കുക എന്നല്ലാതെ തൂക്കം കൂടില്ല
    നമ്മൾ ഡയറക്റ്റ് വിൽപ്പന നടത്തിയില്ലെങ്കിൽ ഫുഡിന്റെ ക്യാഷ് തന്നെ കിട്ടില്ല
    അനുഭവം സക്ഷി
    ഒരിക്കലും യൂട്യൂബിൽ വീഡിയോ കണ്ടു farmine വിലയിരുത്തേണ്ട



    ReplyDelete
    Replies
    1. മുയൽ ലാഭകരമല്ല.... Calicut
      അനുഭവം സാക്ഷി

      Delete
  12. Incredible! This blog looks just like mmy old
    one! It's onn a completely differentt topoic but it has pretty much the same page
    layout and design. Wonderful choicxe of colors!

    ReplyDelete
  13. എനിക്ക് മുഴൽ വളർത്താൻ
    താൽപര്യം മുണ്ട്

    ReplyDelete

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)